ലണ്ടൻ: കഴിഞ്ഞ മൂന്നു ദിവസമായി യുകെയിൽ നിന്നും കേൾക്കുന്ന നടുക്കുന്ന വാർത്തകൾ കേട്ട് ഞെട്ടലോടെ കാത്തിരിക്കുന്ന ലോക മലയാളി സമൂഹത്തിലേക്ക് കൂടുതൽ വെളിപ്പെടുത്തലുകൾ. വെള്ളിയാഴ്ച പുലർച്ചെ ലണ്ടനിലെ പെക്കമിൽ കുത്തേറ്റു മരിച്ച അരവിന്ദ് ശശിധരന്റെ മരണ കാരണമായത് നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് മാധ്യമ റിപ്പോർട്ടുകൾ. പൊലീസ് നൽകിയ സൂചനകൾ അടിസ്ഥാനമാക്കിയാണ് ലണ്ടനിലെ പ്രാദേശിക മാധ്യമങ്ങൾ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

തുടർച്ചയായി കത്തിക്കുത്തു മരണങ്ങൾക്ക് ബ്രിട്ടൻ സാക്ഷിയായ ദിവസങ്ങൾ ആയതിനാൽ പ്രത്യേക കമാൻഡോ ഡിക്ടറ്റീവ് സംഘത്തെ കേസ് ഏൽപ്പിച്ച മെട്രോപൊളിറ്റൻ പൊലീസ് മണിക്കൂറുകൾക്കകം അരവിന്ദിന്റെ പോസ്റ്റ് മോർട്ടം നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ നിന്നും നെഞ്ചിൽ ആഴത്തിൽ ഏറ്റ മുറിവാണ് മരണകാരണം ആയതെന്നു വ്യക്തമായിട്ടുണ്ട്.

എന്നാൽ ഒന്നിലേറെ കുത്തേറ്റ അരവിന്ദിന്റെ ശരീരത്തിൽ നിന്നും ധാരാളം രക്തം വാർന്നിരിക്കാൻ ഉള്ള സാധ്യതയും അതിവേഗ സഹായവുമായി എത്തിയ പാരാമെഡിക്‌സ് സംഘത്തിന് ജീവൻ രക്ഷിക്കാൻ കഴിയാതെ പോയതിനു കാരണമായിട്ടുണ്ടാകാം എന്ന് അനുമാനിക്കപ്പെടുന്നു. ജീവന്റെ കണിക എങ്കിലും ബാക്കി ഉണ്ടെങ്കിൽ കുത്തേറ്റ വ്യക്തിയെ രക്ഷിക്കാനായി ഹെലികോപ്റ്റർ എയർ ആംബുലൻസും സ്ഥലത്ത് എത്തിയിരുന്നെങ്കിലും സംഭവ സ്ഥലത്തു തന്നെ മരണം സ്ഥിരീകരിക്കപ്പെട്ടതിനാൽ കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കും സാധ്യത ഇല്ലാതായി. ഇതോടെ കൊലപാതകം നേരിൽ കണ്ട മറ്റു രണ്ടു മലയാളികളുടെ സാക്ഷി മൊഴികൾ നിർണായകമാകുകയാണ്.

സാധാരണ ഇത്തരം സംഭവങ്ങൾ നടന്നാൽ ദിവസങ്ങൾ എടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്ന പൊലീസ് ഈ കേസിൽ സത്വര നടപടികളാണ് സ്വീകരിക്കുന്നത്. സാക്ഷി മൊഴി എടുത്താൽ സാധാരണ വേഗത്തിൽ പറഞ്ഞു വിടുന്ന ദൃക്‌സാക്ഷികൾ നിരീക്ഷണത്തിൽ തുടരുന്നതും കേസിനു പൊലീസ് നൽകുന്ന ഗൗരവം തന്നെയാണ് വെളിപ്പെടുത്തുന്നത്. വിവിധ കാരണങ്ങളാൽ ആണെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായ കത്തിക്കുത്തു മരണങ്ങൾ നടക്കുന്നതിൽ പൊലീസ് നേരിടുന്ന സമ്മർദ്ദം നടപടികളിൽ വ്യക്തമാണ്.

വെംബ്ലിയിൽ ഹൈദരാബാദ് സ്വദേശിയായ യുവതി ബ്രസീലിയൻ വംശജനെ കുത്തേറ്റു മരിച്ചതും നോട്ടിങാമിൽ മൂന്നു പേർ ഒരു സംഭവത്തിൽ തന്നെ കുത്തേറ്റു മരിച്ചതും പൊലീസ് നടപടികൾ ശക്തമാക്കാൻ പരോക്ഷ കാരണമാണ്. പൊലീസ് കസ്റ്റഡിയിൽ ഉള്ള സൽമാനെ ഇന്ന് ക്രോയ്ഡോൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യലിനോട് സൽമാൻ കൃത്യമായി സഹകരിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ന് ലണ്ടനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്ന നോർത്താംപ്ടണിൽ താമസിക്കുന്ന അരവിന്ദിന്റെ സഹോദരനോട് പൊലീസ് കൂടുതൽ വെളിപ്പെടുത്തൽ നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. അരവിന്ദും സഹോദരനും വർഷങ്ങൾക്ക് മുൻപ് സ്റ്റുഡന്റ് വിസയിൽ എത്തിയവരാണ്. ജോലി കണ്ടെത്താൻ സാധിക്കാതിരുന്ന അരവിന്ദ് നീണ്ട കാലം യുകെയിൽ കഴിഞ്ഞാൽ സ്ഥിര താമസത്തിനുള്ള വിസ ലഭിക്കും എന്ന കാരണത്താൽ നാട്ടിൽ പോകാതെ കഴിയുക ആയിരുന്നു ഇത്രകാലവും. വിസ കാര്യത്തിൽ അധികം വൈകാതെ തീരുമാനം ആകും എന്നതിനാൽ നാട്ടിൽ പോകാനുള്ള ആഗ്രഹവും സുഹൃത്തുക്കളുമായി പങ്കിട്ടിരുന്നു. അച്ഛനും അമ്മയും ഒക്കെ കാത്തിരിക്കുന്ന കാര്യവും ഇത്തരത്തിൽ സൗഹൃദ സംഭാഷണത്തിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.

നേരത്തെ ലൂട്ടനിൽ താമസിച്ചിരുന്ന സമയത്ത് ഏതാവശ്യത്തിനും വിളിച്ചാൽ ഓടിയെത്തുന്ന സൗഹൃദമായിരുന്നു അരവിന്ദിന്റേതെന്ന് ഇപ്പോൾ നാട്ടിൽ ഉള്ള കൊല്ലം സ്വദേശിയായ ഹെക്ടർ ബ്രിട്ടീഷ് മലയാളിയോട് വെളിപ്പെടുത്തി. അന്ന് നൂറിലധികം വരുന്ന വിദ്യാർത്ഥി കൂട്ടായ്മയിൽ അരവിന്ദായിരുന്നു ഏവർക്കും ആശ്രയം. ഇത്തരം സൗഹൃദങ്ങൾ വഴിയാണ് അരവിന്ദ് മലയാളി ക്രിക്കറ്റ് ക്ലബിലും ഏവർക്കും പ്രിയപ്പെട്ടവനായത്.

പരസഹായം നൽകുന്ന ശീലം തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ജീവൻ എടുത്ത സൽമാൻ സലീമിന് അഭയം നൽകുന്ന കാര്യത്തിലും അരവിന്ദ് പിന്തുടർന്നത്. എന്നാൽ നിർഭാഗ്യവശാൽ ആ നല്ല മനസ് കൊലയാളിയായ യുവാവിന് നൈമിഷിക വികാര പ്രകടനത്തിൽ കാണാനാകാതെ പോകുക ആയിരുന്നു. എത്ര വലിയ പ്രായശ്ചിത്തവും ഈ പാതകത്തിനു മുന്നിൽ പരിഹാരം ആകില്ലെന്നാണ് അരവിന്ദിന്റെ പഴയകാല സുഹൃത്തുക്കൾ പറയുന്നതും. അരവിന്ദിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനായി സഹോദരന്റെ അഭ്യർത്ഥനയെ തുടർന്ന് യുകെ മലയാളി സമൂഹം ധനശേഖരണം നടത്തുകയാണ്.