ലണ്ടൻ: വർഷങ്ങൾക്ക് മുൻപ് യുകെയിൽ കൂട്ടമായി എത്തിയ പഞ്ചാബികളായ വിദ്യാർത്ഥി വിസക്കാർ യൂണിവേഴ്‌സിറ്റികളിൽ പോകാതെ നേരെ പോയത് കെട്ടിടം പണിക്കാണ്. ഇന്ന് യുകെയിൽ നന്നായി കാശുണ്ടാക്കുന്ന കെട്ടിടം പണി ചെയ്യുന്ന പഞ്ചാബികളിൽ പലരും ഇങ്ങനെ വന്നവരാണ്. പക്ഷെ ഇവരുടെ വരവ് പഠിക്കാനല്ല, പണിയാനാണ് എന്ന് മനസിലാക്കിയ യൂണിവേഴ്‌സിറ്റികൾ പിന്നീട് കുറേക്കാലം ഇവരുടെ സ്റ്റുഡന്റ് വിസ അപേക്ഷകൾ പ്രത്യേക കാരണം കൂടാതെ നിരസിക്കുക ആയിരുന്നു. ഇപ്പോഴും ഒരു തരം അപ്രഖ്യാപിത വിലക്കാണ് പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികൾ നേരിടുന്നത്. ഇത് ഒഴിവാക്കാൻ ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ ബന്ധുക്കൾക്ക് ഒപ്പം താമസിച്ചും വാടകയ്ക്ക് കഴിഞ്ഞുമാണ് പഞ്ചാബിലെ മിടുക്കരായ വിദ്യാർത്ഥികൾ യുകെ സ്റ്റുഡന്റ് വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കുന്നത്.

വഴിയടക്കാൻ മുന്നിൽ നടക്കുന്നത് മലയാളികൾ തന്നെ

ഏറെക്കുറെ ഇതിനു സമാനമായി മലയാളി വിദ്യാർത്ഥികൾക്കും ഭാവിയിൽ ദുരിതം നേരിടേണ്ടി വന്നേക്കാം എന്ന് മനസ്സിലായത് കഴിഞ്ഞ വർഷം യൂണിവേഴ്‌സിറ്റി ഇൻ ടെയ്ക്ക് സമയത്ത് റിപ്പോർട്ട് ചെയ്തത് എട്ടു വിദ്യാർത്ഥികളെ വ്യാജ സർട്ടിഫിക്കറ്റുകളുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തപ്പോളാണ്.

കഴിഞ്ഞ സീസണിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മംഗലാപുരം ലോബിയുടെ സഹായത്തോടെ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി യുകെയിലേക്ക് കടക്കാൻ ശ്രമിച്ചതിന് രണ്ടു ഡസൻ വിദ്യാർത്ഥികൾ എങ്കിലും അറസ്റ്റിൽ ആകുകയും ഈ കേസുകളുടെ മേൽനോട്ട ചുമതല സിറ്റി പൊലീസ് കമ്മീഷണർമാർ തന്നെ ഏറ്റെടുക്കുകയും ചെയ്തതാണ്. എന്നാൽ പതിവ് പോലെ മറ്റു കേസുകളുടെ തന്നെ വഴിയേ ഈ കേസുകളും അന്യ സംസ്ഥാനങ്ങളിൽ പോയി അന്വേഷിക്കാനുള്ള ഫണ്ടിന്റെ ''അപര്യാപ്തത'' മൂലം കേരള പൊലീസ് മടക്കി വച്ചിരിക്കുന്നുവെന്നാണ് അന്വേഷണ സംഘങ്ങളിൽ നിന്നും അറിയാനാകുന്നത്.

ഇതിൽ നിന്നും വത്യസ്തമായി അത്ര മികച്ചതല്ലാത്ത കോഴ്‌സുകളിൽ പ്രവേശനം തേടി കെയർ വിസയിലേക്ക് മാറിയവർ നൂറുകണക്കിനാണ്. വിസ സ്വിച്ചിങ് അനുവദനീയം ആണെങ്കിലും മലയാളി വിദ്യാർത്ഥികൾ കൂട്ടത്തോടെ ഈ വഴി തിരഞ്ഞെടുത്തതോടെ ഇവർ വരുന്നത് പഠിക്കാനല്ല, കെയർ വിസയിലേക്ക് മാറാനുള്ള കുറുക്ക് വഴിയാണ് എന്ന് ഹോം ഓഫിസ് നൽകിയ റിപ്പോർട്ട് ആണ് അടുത്ത ജനുവരി മുതൽ പ്രാബല്യത്തിൽ ആകും എന്ന് കരുതപ്പെടുന്ന നിയമ മാറ്റത്തിൽ സ്വിച്ചിങ് അനുവദിക്കില്ല എന്ന സൂചന പുറത്തു വരുന്നത്. ഈ നിയമ മാറ്റത്തിനും പ്രധാന കാരണമായത് മലയാളി സ്റ്റുഡന്റ് വിസക്കാർ തന്നെ ആണെന്ന് വ്യക്തം.

കേരളത്തിലെ രാഷ്ട്രീയം യുകെയിൽ പറിച്ചു നടാൻ ഉള്ള ശ്രമം കഴിഞ്ഞ വർഷം മുതൽ

ഇത്തരത്തിൽ സ്റ്റുഡന്റ് വിസക്കാരെ തേടി പല എതിർ ഘടകങ്ങൾ നില നിൽക്കെയാണ് കഴിഞ്ഞ വർഷത്തെ സെപ്റ്റംബർ ഇൻ ടെയ്ക്ക് മുതൽ കേരളത്തിലെ രാഷ്ട്രീയ അതി പ്രസരമുള്ള ഏതാനും ചെറുപ്പക്കാർ യുകെയിൽ എത്തുന്നത്. ഇവർ മുൻകൈ എടുത്തു എസ്എഫ്ഐ യൂണിറ്റുകൾ ആരംഭിച്ചത് പ്രോത്സാഹിപ്പിക്കാൻ കൈരളി യുകെ എന്ന ഇടതു കൂട്ടായ്മയുടെ സ്റ്റുഡന്റ് വിസയിൽ എത്തി ജോലി കണ്ടെത്തിയ ബിർമിങാമിൽ ഉള്ള ലോക് കേരള സഭ മുന്നിൽ നിന്നതോടെ ലോക കേരള സഭയുടെ ലണ്ടൻ മേഖല സമ്മേളനത്തിൽ നടത്തിപ്പുകാരുടെ വരെ റോളിലേക്ക് വിദ്യാർത്ഥികൾ എത്തപ്പെട്ടു.

സമ്മേളനത്തിൽ സംസാരിക്കാൻ പ്രൊഫഷനലുകളക്ക് പോലും കഴിയാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ പ്രശനം അവതരിപ്പിക്കാൻ എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ടത് എസ് എഫ് ഐ ബാനറുകാരാണ്. ഇക്കാര്യം വലിയ അഭിമാനത്തോടെ മന്ത്രി ശിവൻകുട്ടി അന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകയും ചിത്രങ്ങൾ പങ്കു വയ്ക്കുകയും ചെയ്തിരുന്നു.

വിദ്യാർത്ഥികൾ പൊതുവിൽ നേരിടുന്ന പ്രശനങ്ങൾക്ക് ആ ലോക സഭയ്ക്ക് ശേഷം എന്ത് പരിഹാരം കണ്ടെത്താൻ ആയെന്നു പൊതുജനത്തിന് വ്യക്തത ഇല്ലെങ്കിലും രണ്ടു വിദ്യാർത്ഥികൾ യുകെയിൽ ആത്മഹത്യ ചെയ്തത് ലണ്ടൻ ലോക കേരള സഭയ്ക്കു ശേഷമാണ്. ആ വിദ്യാർത്ഥികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന കാര്യത്തിൽ പോലും ഈ വിദ്യാർത്ഥി പ്രസ്ഥാനക്കാർ എവിടെയും ഉണ്ടായില്ല എന്നതാണ് പൊതു സമൂഹം സാക്ഷികൾ ആയത്.

പക്ഷെ ഇപ്പോൾ യുകെയിലെ എസ് എഫ് ഐ ക്കാർ എവിടെയാണ് എന്ന് പൊതു സമൂഹം നന്നായി അറിയുന്നുണ്ട്. അവർ ഡൽഹിയിലെ ഗുസ്തിക്കാർ നടത്തുന്ന സമരത്തിന് അനുകൂലമായി യുകെ യൂണിവേഴ്‌സിറ്റികളിൽ പൊരുതുകയാണ്. ഈ കാഴ്ചകൾ ഇതുവരെ ബ്രിട്ടനിലെ മാധ്യമങ്ങളിൽ എത്തിയിട്ടില്ല എന്നതാണ് ഇനിയും യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന മലയാളി ചെറുപ്പക്കാരെ സംബന്ധിച്ച് ആശ്വാസമാകുന്നത്.

അതേസമയം സോഷ്യൽ മീഡിയ ആയുധമാക്കി എസ് എഫ് ഐ യുകെ യൂണിവേഴ്‌സിറ്റികളിൽ പ്രവർത്തനം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പോർടസ്മൗത്, ഹേർട്ഫോർഡ്ഷയർ, എഡിൻബറ യൂണിവേഴ്‌സിറ്റി കാമ്പസുകളിൽ മെമ്പർഷിപ്പ് വാരം ആഘോഷിക്കാൻ പോസ്റ്റർ കാമ്പയിൻ ആണ് സംഘടിപ്പിച്ചത്.

കേരളത്തിൽ നിന്നുള്ള നേതാക്കളുടെ വരവ് യുകെയിൽ എത്തുന്ന ചെറുപ്പക്കാരെ രാഷ്ട്രീയവും മതവും പറഞ്ഞു തമ്മിലടിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ എത്തിയത്. ലണ്ടനിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇത്തരം ഒരു നിരീക്ഷണം സോഷ്യൽ മീഡിയയിൽ എത്തിയത് എന്നതും ശ്രദ്ധ നേടുകയാണ്.

ഡൽഹിയിലെ ഗുസ്തിക്കാരുടെ സമരം ഏറ്റെടുത്തു യുകെയിലെ മലയാളികളായ എസ് എഫ് ഐ ക്കാർ

ലക്ഷക്കണക്കിന് രൂപ മുടക്കി പഠിക്കാൻ എത്തുന്നവർ യുകെ യൂണിവേഴ്‌സിറ്റികളിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്നു ആരെങ്കിലും പരാതിപ്പെട്ടാൽ അതോടെ കേരളത്തിൽ നിന്നും ലഭിക്കുന്ന സ്റ്റുഡന്റ് വിസ അപേക്ഷകൾക്ക് പണ്ട് പഞ്ചാബിൽ നിന്നും എത്തിയ അപേക്ഷകൾക്ക് സംഭവിച്ചതു പോലെ ആയിക്കൂടെന്നില്ല. കാമ്പസുകൾ കലാപ കലുഷിതം ആക്കണം എന്ന ആഗ്രഹം എസ് എഫ് ഐ ചിന്താധാരയിൽ വളർന്ന കേരളത്തിൽ നിന്നുള്ള ചെറുപ്പക്കാർക്ക് ഉണ്ടാകാമെങ്കിലും ലോകത്തിന്റെ പല ഭാഗത്തു നിന്നും എത്തുന്ന യുകെയിലെ വിദ്യർത്ഥികൾക്ക് ഇവർ ചെയ്യുന്നത് എന്ത് എന്ന് പോലും മനസിലാകാത്ത സാഹചര്യമാണ്.

നിലവിൽ ഷെഫീൽഡ്, എഡിൻബറോ യൂണിവേഴ്സിറ്റികളിലാണ് സമര ഭാഗമായി പ്ലക്കാർഡും ഏന്തി എസ് എഫ് ഐ ലേബലിൽ മലയാളി വിദ്യാർത്ഥികൾ ധർണക്ക് സമാനമായ കാഴ്ചയുമായി രംഗപ്രവേശം ചെയ്തത്. ഷെഫീൽഡിൽ ധർണ്ണ നടത്തിയ വിദ്യാർത്ഥികളിൽ ഒരാൾ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാൻ ഇടയുണ്ടെന്നു മനസിലാക്കി പ്ലക്കാർഡ് കൊണ്ട് മുഖം മൂടി നിന്നതും കൗതുകമായി. ലക്ഷങ്ങൾ മുടക്കി പഠിക്കാൻ വന്നത് ഡൽഹിയിലെ ഗുസ്തിക്കാരുടെ സമരം ഏറ്റെടുക്കാനാണോ എന്ന വീട്ടുകാരുടെ ചോദ്യം നേരിടേണ്ടി വന്നേക്കും എന്ന ഭയം കൊണ്ടാകും ഇതെന്ന് വ്യക്തം.

ഷെഫീൽഡിൽ ഇതാദ്യമായല്ല യുകെ മലയാളി വിദ്യാർത്ഥികൾ പൊതു മലയാളി സമൂഹത്തിന്റെ നോട്ടപ്പുള്ളികൾ ആയി മാറുന്നത്. കഴിഞ്ഞ വർഷം കാമ്പസിൽ രൂപം കൊണ്ട ആശയവുമായി ആഘോഷവുമായി ഹാൾ വാടകക്ക് എടുത്ത വിദ്യാർത്ഥികൾ ഉന്തും തള്ളും കയ്യേറ്റവും ആയി പരിപാടി കൊഴുപ്പിച്ചപ്പോൾ പിന്നീട് ഒരു വർഷമായി മലയാളി ചടങ്ങുകൾക്ക് അവിടെ ഹാൾ ലഭിക്കാൻ പ്രയാസം ആയെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നു വെളിപ്പെടുത്തുന്നത് മലയാളി അസോസിയേഷൻ ഭാരവാഹികൾ തന്നെയാണ്.

സമാനമായ കാഴ്ചകളാണ് കഴിഞ്ഞ വർഷം ഓണാഘോഷ സമയത്തു വാറ്റ്ഫോഡിൽ സംഭവിച്ചതും. കൈരളി യുകെയുടെ കൂടി പ്രവർത്തകർ ആണെന്ന് അവകാശപ്പെടുന്ന വിദ്യാർത്ഥി വിസക്കാർ അടക്കമുള്ളവർ കാർ പാർക്കിൽ സൃഷ്ടിച്ച കൈയാങ്കളി പൊലീസ് കേസ് ആയെങ്കിലും ഒടുവിൽ കാലുപിടിച്ചുള്ള മാപ്പ് അപേക്ഷയിൽ പരാതിക്കാർ പിൻവാങ്ങുക ആയിരുന്നു. അന്നത്തെ കൈയാങ്കളിയുടെ ഭാഗമായി ആശുപത്രിയിൽ പോകേണ്ടി വന്ന മലയാളിയുടെ ചിത്രങ്ങൾ ലഭിച്ചെങ്കിലും പരാതിക്കാർ തന്നെ അത് പ്രസിദ്ധീകരിക്കണ്ട എന്നറിയിക്കുക ആയിരുന്നു.

ഷെഫീൽഡിൽ നടന്ന മലയാളി വിദ്യാർത്ഥികളുടെ സമരത്തെ കുറിച്ചു ഷെഫീൽഡ് മലയാളിയായ അജിത് പാലിയത്ത് നടത്തിയ സാമൂഹ്യ നിരീക്ഷണം

(ഇടതു ചിന്തകളോട് ആഭിമുഖ്യം കാട്ടിയ യൗവന കാലത്തിനു ശേഷം യുകെയിൽ എത്തിയപ്പോഴും പത്തു വർഷത്തിൽ അധികം ലേബർ പാർട്ടിക്ക് ഫീസ് നൽകി മെമ്പർഷിപ്പ് നിലനിർത്തിയ വ്യക്തിയാണ് അജിത്. ലേബർ പാർട്ടി ഇന്ത്യയോടുള്ള സമീപനത്തിൽ വിവേചനം കാട്ടുന്നു എന്ന പരാതിയുമായാണ് കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പ് സമയത്ത് അജിത് പാർട്ടി ബന്ധം ഉപേക്ഷിച്ചത്)

ഗുസ്തി താരങ്ങളോടുള്ള ഐക്യദാർഢ്യം നല്ലത് തന്നെയാണ്. എന്നാൽ യുകെയിലെ യൂണിവേഴ്സിറ്റി കാമ്പസുകളിൽ ഇന്ത്യയിലെ വിദ്യാർത്ഥി രാഷ്ട്രീയ സംഘടന വളർത്തുന്നത് നല്ലതിനാണോ എന്ന് വിദ്യാർത്ഥികൾ ചിന്തിക്കണം. കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിൽ വന്നശേഷം യുകെയിലെ നിയമവ്യവസ്ഥയുടെ ചട്ടക്കൂടുകളിൽ ചലിക്കുന്ന ഇവിടെയുള്ള വിദ്യാർത്ഥി സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കാൻ അവസരമുള്ളപ്പോൾ എന്തിനാണ് ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയം കാമ്പസുകളിൽ ഉണ്ടാക്കുന്നത്?

വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന നിലപാടുമായി കേരളത്തിലെ ഹൈക്കോടതി കുറച്ചുനാൾ മുൻപ് രംഗത്തെത്തിയിരുന്നു. മാതാപിതാക്കൾ മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്നത് പഠിക്കാനാണെന്നും രാഷ്ട്രീയത്തൊഴിലിനല്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. കലാലയ രാഷ്ട്രീയം വിദ്യാഭ്യാസ അന്തരീക്ഷത്തെ തകർക്കുമെന്ന് നിരീക്ഷിച്ച കോടതി കാമ്പസിൽ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് അന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. അങ്ങനെയുള്ള സംസ്ഥാനങ്ങളിൽ നിന്നും യുകെയിൽ ഉപരിപഠനത്തിന് വന്നിരിക്കുന്നവർ ഇന്ത്യയിലെ കലാലയ രാഷ്ട്രീയത്തിന്റെ പ്രതിബിംബങ്ങൾ ഇവിടെ തുടങ്ങേണ്ടതുണ്ടോ എന്ന് ചിന്തിക്കണം! ജനാധിപത്യത്തിന്റെയും സാമൂഹ്യ നന്മകളുടെയും അടിസ്ഥാന പരിശീലന കളരിയാകേണ്ട കാമ്പസുകൾ അക്രമരാഷ്ട്രീയത്തിന്റെ റിഹേഴ്‌സൽ ക്യാമ്പുകളായി മാറുന്നത് നമ്മൾ എത്ര കണ്ടിരിക്കുന്നു.

യൗവന കാലത്തു യുവാക്കളിൽ ഉണരുന്ന വിപ്ലവ ചിന്തയാണ് പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ ചൂഷണം ചെയ്യുന്നത്. ധൈഷണികമായ ചിന്താധാരകളാൽ സമ്പുഷ്ടമായി സാമൂഹ്യ നന്മ കാംക്ഷിക്കുന്ന യുവതയെ പ്രതീക്ഷിക്കുന്ന സമൂഹത്തിനു ആരാലോ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയചട്ടുകമായി അല്ലെങ്കിൽ ബാഹ്യശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന പാവകളായി മാറുന്ന യുവതലമുറയെ യുക്കെയിലും കാണുമ്പോൾ അറിയാതെ ചോദിച്ചുപോവുകയാണ്. ഏതു പ്രത്യേയശാസ്ത്രത്തിന്റെ പേരിലായാലും യുകെയിലെ കാമ്പസുകളിൽ ഇതുപോലെ ഇന്ത്യൻ രാഷ്ട്രീയം കൊണ്ടുവരുന്നത് നല്ലതിനാണോ എന്ന് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.