- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലയാളി വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ വാർത്ത പുറത്തു വന്നപ്പോൾ തന്നെ കമ്മ്യുണിസത്തിന്റെ പേരിൽ സംഭാവന നൽകിയ ചൈനീസ് ദമ്പതികൾക്ക് യുകെയിലേക്ക് വിലക്ക്; മലയാളികളും ഇരന്നു വാങ്ങുമോ? സോഷ്യൽ മീഡിയയിൽ വ്യാപകമായ എതിർപ്പ്
ലണ്ടൻ: അഭിപ്രായ സ്വാതന്ത്ര്യത്തിനു വലിയ മഹത്വം കൽപ്പിക്കുന്ന രാജ്യത്തു പഠിക്കാൻ വന്ന വിദ്യാർത്ഥികൾ അൽപം രാഷ്ട്രീയം പറയുന്നത് അത്ര വലിയ കുഴപ്പമാണോ? ഇന്നലെ നൽകിയ വാർത്തയെ തുടർന്ന് അൽപം കാര്യമായും സംശയ നിവാരണത്തിനുമായി സോഷ്യൽ മീഡിയയിൽ ഉയർന്ന ചില ചോദ്യങ്ങളിൽ ഒന്നാണിത്. സ്വാതന്ത്ര്യത്തോടെ സംസാരിക്കാനും ആശയ പ്രചാരണം നടത്താനും ഒന്നും യുകെ പോലെ ഒരു രാജ്യത്തു ഒരു തടസവും ഇല്ലെങ്കിലും ഓരോ വിദ്യാർത്ഥിയും യുകെ യൂണിവേഴ്സിറ്റികളുമായി ഒരു കരാറിൽ ഉൾപ്പെട്ട ശേഷമാണ് വിസ അംഗീകരിക്കപ്പെടുന്നത് എന്നതാണ് ഈ ചോദ്യത്തിന് പൊതുവായ ഉത്തരം.
അതായത് ഇന്ത്യൻ പൗരനായ വിദ്യാർത്ഥി യുകെയിൽ എത്തുമ്പോൾ മാതൃ രാജ്യത്തിനോ ബ്രിട്ടനോ അഹിതമായ കാര്യങ്ങളിൽ ഏർപ്പെട്ടാൽ ബ്രിട്ടീഷ് പൗരന് ലഭിക്കും വിധം ഉള്ള അവകാശം ലഭ്യമാകണമെന്നില്ല. അതുകൊണ്ടാണ് ഒരു വർഷം നീളുന്ന ജയിൽവാസം ലഭിച്ചാൽ മറ്റു രാജ്യത്തെ പൗരത്വം ഉള്ളവരെ ബ്രിട്ടൻ നാട് കടത്തുന്നത്.
സർക്കാരിനെ ചൊറിഞ്ഞാൽ നടപടിക്ക് സാധ്യത
കേരളത്തിൽ നിന്നെത്തിയ മലയാളി വിദ്യാത്ഥികൾ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് ഒന്നും ഇപ്പോഴും കാര്യമായി ഇന്ത്യയിലോ ബ്രിട്ടനിലോ മാധ്യമ ശ്രദ്ധയിൽ എത്തിയിട്ടില്ല എന്നതിനാൽ നിലവിൽ നടപടികൾക്കൊന്നും സാധ്യതയില്ല. എന്നാൽ അടിക്കടി സർക്കാറിനെ പ്രകോപിപ്പിക്കും ഉള്ള സമര പരമ്പരകൾ അരങ്ങേറിയാൽ യുകെ യൂണിവേഴ്‌സിറ്റികളിൽ കടുത്ത നിലപാടുകൾ ഉള്ള ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ അത് പൊതു ശ്രദ്ധയിൽ എത്തിക്കാൻ ഉള്ള സാധ്യത ഏറെയാണ്. ഇങ്ങനെ സംഭവിച്ചാൽ ഹോം ഓഫിസ് വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് എടുക്കും എന്നാണ് മിനിഞ്ഞാന്ന് ഗാർഡിയൻ പത്രം നൽകിയ വാർത്ത തെളിയിക്കുന്നത്.
ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിക്ക് വേണ്ടി യുകെയിൽ രാഷ്ട്രീയ നേതാക്കൾക്ക് പണം കൈമാറി എന്ന ഗൗരവകരമായ ആരോപണമാണ് പത്രം പുറത്തു വിട്ടിരിക്കുന്നത്. ഇതോടെ ദീർഘനാളായി യുകെയിൽ കഴിയുന്ന ചൈനീസ് ദമ്പതികളെ വീണ്ടും യുകെയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ഹോം ഓഫിസ്. ദേശീയ സുരക്ഷയെ മുൻനിർത്തിയാണ് ഈ നടപടി എന്ന് വിശദീകരിച്ചിട്ടുണ്ട്. യുകെയിൽ ഇഷ്ടമുള്ള കാലത്തോളം ജീവിക്കാൻ നിയമപരമായി അനുവാദം ഉണ്ടായിരുന്ന ദമ്പതികളെയാണ് കഴിഞ്ഞ വർഷം നാട് കടത്തിയതും വീണ്ടും യുകെയിൽ എത്താതിരിക്കാൻ ഉള്ള മുൻകരുതൽ നടപടികൾ എടുത്തതും.
വളരെ രഹസ്യമായി കാത്തു സൂക്ഷിച്ചിരുന്ന ഈ വിവരം മറ്റൊരു കേസിൽ വാദം നടക്കവെയാണ് സർക്കാരിന് വെളിപ്പെടുത്തേണ്ടി വന്നത്.
ചൈനീസ് ദമ്പതികൾക്ക് എതിരെ ബ്രിട്ടൻ നടപടി സ്വീകരിച്ചത് അതീവ രഹസ്യമായി
കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന സംഭവത്തിൽ അന്നത്തെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് നാട് കടത്താൻ ഉത്തരവിട്ടത്. സാധാരണ ഇത്തരം കാര്യങ്ങൾ വലിയ മാധ്യമ ശ്രദ്ധ നേടേണ്ടത് ആണെങ്കിലും വളരെ രഹസ്യമായി ദമ്പതികളെ നാട് കടത്താൻ ബ്രിട്ടന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ഇത്ര കാലം ആയിട്ടും ചൈനീസ് സർക്കാർ പരസ്യമായി ഈ നടപടിയോട് പ്രതികരിച്ചിട്ടില്ല എന്നതും കൗതുകമാണ്. ഇതോടെ ബ്രിട്ടൻ ഉയർത്തുന്ന ആരോപണം ഗൗരവം ഉള്ളതാണെന്ന് വ്യക്തമാകുകയാണ്. എന്നാൽ ചൈനീസ് ദമ്പതികൾ ഏതൊക്കെ രാഷ്ട്രീയ നേതാക്കൾക്കാണ് പണം കൈമാറിയത്, എന്തൊക്കെ കാര്യങ്ങളാണ് ചോർന്നത് എന്നത് ഇപ്പോഴും സർക്കാർ പുറത്തു വിടുന്നില്ല.
ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടനിൽ നിന്നും എന്തൊക്കെ കാര്യങ്ങൾ ചോർത്താൻ ഉണ്ടായിരുന്നു എന്ന് ഈ കേസോടെ മാധ്യമ ലോകം ശ്രദ്ധിക്കുകയാണ്. ടയർ വൺ വിസയിൽ 2012 ൽ നിക്ഷേപകരായി എത്തിയ ചൈനീസ് ദമ്പതികൾ പിന്നീട് യുകെയിൽ സ്ഥിരതാമസം ആക്കുക ആയിരുന്നു. യുകെയിൽ വീട് വാങ്ങിയിരുന്ന ദമ്പതികളെ അവർ വിദേശത്തായിരുന്ന സമയത്താണ് ബ്രിട്ടൻ നാട് കടത്താൻ തീരുമാനിച്ചത്. ഇതോടെ ഇവർക്ക് യുകെയിൽ മടങ്ങി എത്താൻ കഴിയാതെ പോകുക ആയിരുന്നു.
പിന്നീട് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗവും ചൈനീസ് ദമ്പതികളുടെ ബ്രിട്ടീഷ് സാന്നിധ്യം പൊതു ജീവിതത്തിന് അപകടം ആണെന്ന് സർക്കാരിനെ അറിയിക്കുക ആയിരുന്നു.
വിദ്യാർത്ഥികൾ രാഷ്ട്രീയമെന്ന പേരിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രശ്നം സൃഷ്ടിച്ചാൽ നടപടിക്ക് സാധ്യതയേറെ
വീണ്ടും വിദ്യാർത്ഥി വിഷയത്തിൽ തന്നെ ഉത്തരം തേടിയാൽ, വിദ്യാർത്ഥികൾ സ്വന്തം പ്രശ്നങ്ങളോ സർവകലാശാലയിലെ അനീതിയോ മറ്റോ ഉയർത്തി സമാധാനപരമായി മറ്റുള്ളവരെ പ്രകോപിപ്പിക്കാതെ സമരം ചെയ്യുന്നതിൽ തെറ്റില്ല, വിദ്യാർത്ഥികൾ അങ്ങനെ ചെയ്യാറുമുണ്ട്. എന്നാൽ രാഷ്ട്രീയ പ്രേരിതമായ വിഷയങ്ങൾ കടന്നു വരുമ്പോൾ അതിൽ സർവ്വകലാശാലക്ക് കൃത്യമായ മറുപടി നൽകാൻ സാധിക്കാതെ വരുന്ന ഘട്ടത്തിൽ വിദ്യാർത്ഥികൾ നടപടി നേരിടേണ്ടി വന്നേക്കാം എന്നാണ് ലഭ്യമാകുന്ന നിയമ ഉപദേശം. ബ്രിട്ടനിൽ ഇന്ത്യക്ക് എതിരെ ഖാലിസ്ഥാൻ വാദികളും പാക്കിസ്ഥാൻ പിന്തുണ അവകാശപ്പെടുന്നവരും അടക്കമുള്ള വിഭാഗങ്ങൾ അടിക്കടി പ്രക്ഷോഭം നടത്തുകയും ഇന്ത്യൻ ഹൈ കമ്മീഷൻ ആക്രമിക്കുകയും ചെയുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്ക് എതിരെ ബ്രിട്ടനിൽ ഉയരുന്ന ഓരോ ശബ്ദവും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സഗൗരവം നിരീക്ഷിക്കുകയാണ്.
ഇന്ത്യൻ ഹൈ കമ്മീഷന് നേർക്ക് നടന്ന അക്രമം അന്വേഷിക്കാൻ എൻ ഐ എ സംഘം ലണ്ടനിൽ എത്തിയത് കഴിഞ്ഞ ദിവസമാണ് എന്നതും ശ്രദ്ധേയം. ഇത്തരം വിഷയങ്ങളിൽ ഇന്ത്യൻ ഹൈ കമ്മീഷൻ കയ്യോടെ ഹോം ഓഫിസിനെ വിവരം ധരിപ്പിക്കുന്നു എന്നത് ഇന്ത്യൻ അഖണ്ഡത തകർക്കാൻ വിദേശ ഫണ്ടിങ്ങോടെ ശ്രമങ്ങൾ നടക്കുന്നു എന്ന ആക്ഷേപം ഉണ്ടായതോടെയാണ്. മാസങ്ങൾ നീണ്ടു നിന്ന കർഷക സമരത്തോടെയാണ് ഇന്ത്യൻ സർക്കാർ ഇത്തരം ആശങ്കകൾ ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് പങ്കുവച്ചു തുടങ്ങിയത്. കർഷക സമരത്തോട് അനുകൂലം പ്രകടിപ്പിച്ചു ലണ്ടനിൽ ഹൈ കമ്മീഷൻ ഉപരോധത്തിന് എത്തിയ ഏതാനും ഇന്ത്യക്കാരെ കരിമ്പട്ടികയിൽ പെടുത്തി എന്ന വാർത്തയും കാനഡയിലും മറ്റും ഓ സി ഐ കാർഡ് റദ്ദാക്കി എന്ന വിവരവും ഒക്കെ സൂഷിപ്പിക്കുന്നത് ഒരു തരത്തിലും വിട്ടു വീഴ്ചയ്ക്ക് ഇന്ത്യൻ സർക്കാർ ഒരുക്കമല്ല എന്നതാണ്.
പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾ എസ് എഫ് ഐ രൂപീകരിച്ചു സമര രംഗത്ത് ഇറങ്ങുകയും ഭാവിയിൽ കേസോ മറ്റോ ഉണ്ടായാൽ സ്റ്റുഡന്റ് വിസ കാലാവധി കഴിഞ്ഞ് മറ്റു വിസ തേടുമ്പോഴും ജോലിക്ക് ശ്രമിക്കുമ്പോഴോ ഒക്കെ പ്രശ്നങ്ങൾ നേരിട്ടേക്കാമെന്നാണ് സ്റ്റുഡന്റ് വിസ പുതുക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ നിർവഹിക്കുന്ന നിയമകാര്യ രംഗത്തെ പ്രമുഖർ നൽകുന്ന മുന്നറിയിപ്പ്. കേസോ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഉള്ള പ്രവർത്തനമോ വിദേശ രാജ്യത്തു നടത്തിയാൽ സാധാരണ നിലയിൽ ഒരു രാജ്യവും അത് വച്ച് പൊറുപ്പിക്കില്ല എന്നാണ് ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കപ്പെടുന്ന നിലപാടും.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.