- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡെലിവറി ജോലിക്കാരായ മലയാളി വിദ്യാർത്ഥി വിസക്കാർ ലണ്ടൻ തെരുവിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ; അനധികൃത കുടിയേറ്റക്കാരുടെ പ്രധാന വരുമാന മാർഗം ഡെലിവറി ജോലികൾ ആണെന്ന് കണ്ടെത്തി കൂട്ടത്തോടെ പൊക്കാൻ എൻഫോഴ്‌സ്‌മെന്റ് ടീം; യുകെയിൽ മറ്റൊരു തൊഴിൽ മേഖല കൂടി കുടിയേറ്റക്കാർക്ക് നഷ്ടമാകുന്ന സാഹചര്യം
ലണ്ടൻ: ''ചേട്ടാ, തിരികെ നാട്ടിൽ ചെല്ലാൻ പറ്റാത്ത സാഹചര്യം ആയതു കൊണ്ടാണ്, ഇഷ്ടം ഉണ്ടായതു കൊണ്ടല്ല, വേറെ വഴിയില്ലല്ലോ, പിടിക്കുമ്പോൾ പിടിക്കപ്പെടട്ടെ. ഇതുൾപ്പെടെ മൂന്ന് ജോലികൾ ചെയ്തു രണ്ടായിരം പൗണ്ടോളം ഉണ്ടാക്കുന്നുണ്ട്. തിരിച്ചു നാട്ടിൽ ചെന്നാൽ 30,000 രൂപ പോലും കിട്ടും എന്ന ഓഫറുള്ള ജോലി കണ്ടെത്താനാകില്ല. വിമർശിക്കുന്നവർക്കും കളിയാക്കുന്നവർക്കും എന്തും പറയാമല്ലോ'', അങ്കമാലി ഡി പോൾ കോളേജിൽ നിന്നും സൈബർ സെക്യൂരിറ്റി കോഴ്സ് കഴിഞ്ഞു യോർക്ക് യൂണിവേഴ്‌സിറ്റിയിൽ മാസ്റ്റേഴ്സ് പഠിക്കാൻ എത്തിയ എറണാകുളം ജില്ലക്കാരനായ ഡിക്‌സൺ ജോർജ് (യഥാർത്ഥ പേരല്ല) പറയുന്നത് യുകെ മോഹം തലയിൽ പേറി മികച്ച ജീവിതം സ്വപ്നം കണ്ടു വന്ന ശരാശരി മലയാളി വിദ്യാർത്ഥികളുടെ ജീവിതം കൂടിയാണ്. യുകെയിൽ എവിടെ വരുന്നു, ഏതു യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നു എന്നതൊക്കെ വലിയ പ്രാധാന്യം ഉള്ള കാര്യം ആണെന്ന് നല്ല പങ്കു വിദ്യാർത്ഥികളും തിരിച്ചറിയുന്നത് യുകെയിൽ എത്തിയ ശേഷമാണ്. ഡിക്സണും ആ കൂട്ടത്തിൽ തന്നെ പെട്ട ആളാണ്.
ഒരു ജോലിയും കിട്ടാൻ സാധ്യത ഇല്ലാത്ത യോർക്കിൽ വന്നത് യുകെയിൽ എത്തി ജോലി ചെയ്തു പഠിക്കാനുള്ള പണം കണ്ടെത്താം എന്ന സ്വപ്ന വാഗ്ദാനം വിശ്വസിച്ചാണ്. ഒടുവിൽ പണി തേടി നടക്കുന്നതിനിടയിൽ കോഴ്സ് നല്ല നിലയിൽ പാസാകാനായില്ല. ഒരുവിധം പാസായി എടുത്തപ്പോഴേക്കും മികച്ച ട്രാക്ക് റെക്കോർഡ് സിവിയിൽ കാണിക്കാനായില്ല. ഒടുവിൽ കടവും നിരാശാബോധവും ഒക്കെയായി നാട്ടിലേക്കു മടങ്ങാനാകാത്ത നിലയിലായി. തന്നെപ്പോലെ ഉള്ള ആയിരങ്ങൾ അനധികൃതമായി യുകെയിൽ ''ഓവർ സ്റ്റേ'' എന്ന ഓമനപ്പേരിൽ കഴിയുന്നത് നിയമം ലംഘിക്കണം എന്ന ആഗ്രഹം കൊണ്ടല്ല, മറിച്ചു മറ്റു മാർഗം ഇല്ലാത്തതിനാലാണ്. ഇപ്പോൾ ലണ്ടൻ നഗരത്തിൽ ഫുഡ് ഡെലിവറി, മൊത്ത വിതരണക്കടയിൽ സഹായി, ഒരു കടയിൽ അസിസ്റ്റന്റ് എന്ന നിലയിൽ ജോലിയോട് ജോലി.
ചിലവെല്ലാം കഴിഞ്ഞു 2000 പൗണ്ട് കയ്യിലെത്തും, റിസ്‌ക് എടുക്കാതെ വയ്യ
എല്ലാ ചിലവും കഴിഞ്ഞു രണ്ടായിരം പൗണ്ടോളം കയ്യിൽ കിട്ടും. പക്ഷെ ഡിക്സന്റെ കൈകൾ കണ്ടാൽ അറിയാം ആ യുവാവ് ചെയ്യുന്ന അമിത അധ്വാനത്തിന്റെ ശാരീരിക അടയാളങ്ങൾ. കുഷ്ഠരോഗികളെ അനുസ്മരിക്കും വിധം തൊലിയെല്ലാം ചുക്കി ചുളിഞ്ഞു മുറിപ്പാടുകളും ഒക്കെയായി വൃദ്ധനെ പോലെ തോന്നിപ്പിക്കുന്ന അവസ്ഥ. കട്ടി തുണിയുടെ ഗ്ലൗസ് ഇട്ടാലും ഇത് സംഭവിക്കും എന്ന് വലിയ ചാക്കിൽ എത്തുന്ന സാധനങ്ങൾ അട്ടിയിടുകയും ചെറിയ വാഹനങ്ങളിലേക്ക് മാറ്റുകയും ഒക്കെ ചെയ്യുന്ന ഫുഡ് ഗോഡൗൺ ജോലിയുടെ ഭാരം വിശദീകരിച്ചു ഡിക്‌സൺ പറയുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും ആയാസരഹിതം ആയ ജോലി ഡെലിവറി ബോയിയുടേത് ആണ്. പക്ഷെ ഇപ്പോൾ ആയിരക്കണക്കിന് പേർ ആ ജോലി ചെയ്യുന്നതിനാൽ വേണ്ടത്ര വരുമാനം കിട്ടുന്നില്ല. അതിനാൽ മറ്റു ജോലികളിലാണ് കൂടുതൽ ശ്രദ്ധ.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ മലയാളികളിൽ പലരും ഷെയർ ചെയ്ത വൈറൽ ഫോട്ടോയുടെ സത്യം തേടി എത്തിയപ്പോഴാണ് ലണ്ടനിലെ മലയാളി വായനക്കാരുടെ സഹായത്തോടെ ബ്രിട്ടീഷ് മലയാളിക്ക് ഡിക്‌സണിലേക്ക് എത്താനായത്. പേരും പടവും ഒന്നും പ്രസിദ്ധപ്പെടുത്തില്ല എന്ന ഉറപ്പോടെയാണ് ഡിക്‌സൺ സംസാരിച്ചത്. ലണ്ടൻ തെരുവിൽ തന്നെ നൂറുകണക്കിന് പോസ്റ്റ് സ്റ്റഡി വിസ വിദ്യാർത്ഥികളും ഓവർ സ്റ്റേക്കാരും ഒക്കെ ഈ ജോലി ചെയ്യുന്നുണ്ട് എന്നാണ് ഡിക്‌സൺ പറയുന്നത്. സോഷ്യൽ മീഡിയയിൽ കണ്ട ചിത്രവും സത്യമാകാനാണ് സാധ്യത. കാരണം ഭക്ഷണം ഇരുന്നു കഴിക്കാനും മറ്റും വേറെ എവിടെ പോകാനാണ്. എന്തെങ്കിലും തമാശ പറഞ്ഞു ഇരിക്കാനുള്ള മാനസികാവസ്ഥയിൽ ഉള്ളവരല്ല ഈ പണിക്ക് വരുന്നതെന്നും ഡിക്‌സൺ പറയുമ്പോൾ ആ വാക്കുകളിലെ പൊള്ളൽ വ്യക്തമാണ്.
രേഖകൾ വേണ്ടാതെ തന്നെ ജോലി ലഭിക്കും, സർക്കാരിന്റെ നോട്ടപ്പുള്ളികൾ ആയതു വഴി അടച്ചേക്കും
എന്നാൽ ഡിക്‌സൺ ഉൾപ്പെടെയുള്ള മലയാളി വിദ്യാർത്ഥികളെയും അനധികൃത കുടിയേറ്റക്കാരായി എത്തി ഡെലിവറി ജോലിക്ക് ''കുടിയേറുന്ന'' ആയിരങ്ങളെയും പൊക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഹോം ഓഫിസ് എൻഫോഴ്‌സ്‌മെന്റ് ടീം. നൂറു കണക്കിന് ഹോം ഓഫിസ് ജീവനക്കാർ ലണ്ടൻ തെരുവിൽ ഇത്തരക്കാരെ തേടി ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഈ ജോലി ചെയ്തിരുന്ന അനേകരെയാണ് അറസ്റ്റ് ചെയ്തു ഡിറ്റൻഷൻ സെന്ററിൽ എത്തിച്ചിരിക്കുന്നത്.
അതിനാൽ സൂക്ഷിച്ചും കണ്ടുമാണ് ഡിക്സനെ പോലെ ഉള്ളവർ ഡെലിവറി ജോലി ഏറ്റെടുക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ടീം തന്നെ വ്യാജ ഉപയോക്താക്കളായി ഭക്ഷണം ഓർഡർ ചെയ്തും അനേകം അനധികൃത ഡെലിവറി ജോലിക്കാരെ കുടുക്കുന്നുണ്ട്. കാര്യമായ ഔദ്യോഗിക ഫോർമാറ്റുകൾ ഒന്നും ഇല്ലാതെ ലഭിക്കുന്ന ജോലി എന്നതാണ് പോസ്റ്റ് കോവിഡ് കാലത്തെ ലോകത്തിന്റെ മാറ്റമായ ജിഗ് ജോലി എന്നറിയപ്പെടുന്ന ഡെലിവറി രംഗത്തേക്ക് അനധികൃത കുടിയേറ്റക്കാരും താമസക്കാരും കൂട്ടത്തോടെ എത്താൻ കാരണം.
അനധികൃത കുടിയേറ്റക്കാർ സർക്കാരിന്റെ തലവേദന ആയി മാറുകയും എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടും ഇപ്പോഴും കടൽ കടന്ന് എത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല എന്നതുമാണ് എൻഫോഴ്‌സ്‌മെന്റ് ടീം അനധികൃത കുടിയേറ്റക്കാർ വരുമാനം കണ്ടെത്തുന്ന മാർഗം അടയ്ക്കുകയാണ് ഇവരുടെ ഒഴുക്ക് തടയാൻ ഒരു പ്രധാന വഴി എന്ന് തിരിച്ചറിയുന്നത്. കൊള്ളക്കാരെയും അനധികൃത മാർഗത്തിൽ വരുമാനം കണ്ടെത്തുന്നവരെയും ഒക്കെ തടയാൻ സർക്കാരുകൾ ആദ്യം ചെയ്യുക അവരുടെ ധനാഗമ മാർഗം അടയ്ക്കുക എന്നത് ആയതിനാൽ അതേ മാർഗം തന്നെയാണ് ഹോം ഓഫിസും അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിൽ സ്വീകരിക്കുന്ന നിയമ നടപടി.
എൻഫോഴ്‌സ്‌മെന്റ് ടീമിന് നിയമ ലംഘകരെ കണ്ടെത്താൻ എളുപ്പവഴി
ഒളിഞ്ഞിരിക്കുന്നവർ കണ്ടെത്തുക എന്നതിനേക്കാൾ പുറം ലോകത്തു ജീവിതം കരുപ്പിടിക്കാൻ നെട്ടോട്ടം ഓടുന്ന ഡെലിവറി ജോലിക്കാരെ കണ്ടെത്താൻ കൂടുതൽ എളുപ്പം ആണെന്നതും എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ ജോലി എളുപ്പമാക്കുന്നുണ്ട്. ഇവരുടെ പിടിയിൽ ഇന്ത്യൻ വിദ്യാർത്ഥി വിസക്കാർ ആയി എത്തിയവർ പിടിയിൽ ആയാൽ സർക്കാർ തലത്തിൽ ഇത് പുതിയൊരു തർക്ക വിഷയമായി മാറുകയും ചെയ്യും. കൂടുതൽ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്ന കാര്യത്തിൽ വീണ്ടു വിചാരം നടത്താനും ബ്രിട്ടീഷ് സർക്കാർ തയ്യാറാകും എന്ന സൂചനയിലേക്കു ഡെലിവറി ജോലിക്കാരെ തേടിയുള്ള എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ ഇടപെടൽ വെളിപ്പെടുത്തുന്നത്.
ഫുഡ് ഡെലിവറി ജോലികൾ രജിസ്റ്റർ ചെയ്തു സ്വന്താമാക്കുന്നവർ ഇത് ചെയ്യാനായി അനധികൃതമായി കുടിയേറ്റക്കാരെ ഉപയോഗപ്പെടുത്തുന്നു എന്നാണ് പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ ഫോട്ടോ ഐഡന്റിറ്റി അടക്കമുള്ള തിരിച്ചറിയൽ സംവിധാനത്തോടെ ഈ ജോലി രംഗത്ത് കാതലായ മാറ്റങ്ങൾ തന്നെ നടപ്പാക്കപ്പെട്ടേക്കാം. ഇരുചക്ര വാഹനങ്ങൾ ഡെലിവറിക്കായി ഉപയോഗിക്കുന്നതിനാൽ ഹെൽമെറ്റ് ധരിച്ചു എത്തുന്ന ആളുകളെ തിരിച്ചറിയാനും സാധിക്കില്ല.
പൊലീസിന് മാത്രമേ ഇവരെ ഹെൽമെറ്റ് ഊരി പരിശോധിക്കാൻ നിയമപരമായി കഴിയൂ. അതിനാൽ ഓരോ ഡെലിവറി ജീവനക്കാരെയും വ്യക്തിപരമായി പരിശോധിക്കുക എന്നതും പ്രായോഗികമല്ല എന്ന തിരിച്ചറിവും പൊലീസിനുണ്ട്. അതിനാൽ ഫുഡ് ഡെലിവറിക്ക് ജീവനക്കാരെ ഉപയോഗിക്കുന്ന കമ്പനികളുമായി ചർച്ച ചെയ്തു മുഖാവരണം മാറ്റി ഐഡന്റിറ്റി കാർഡ് ധരിച്ചു ജോലിക്കെത്തണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഈ രംഗത്ത് ജോലിചെയ്യുന്നവരുടെ പെരുമാറ്റ ചട്ടമായി അവതരിപ്പിക്കാനാകുമോ എന്ന ആലോചനയിലാണ് പൊലീസ്.
കഴിഞ്ഞ ദിവസങ്ങളിൽ സസെക്‌സ്, ബ്രൈറ്റൻ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് ടീം അനേകം ഡെലിവറി ജോലിക്കാരെയാണ് ഡിറ്റൻഷൻ സെന്ററിൽ എത്തിച്ചിരിക്കുന്നത്. തങ്ങൾക്ക് ലഭിക്കുന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇപ്പോൾ ഇത്തരം റെയ്ഡുകൾ നടക്കുന്നത് എന്നും സൗത്ത് ഈസ്റ്റ് ഇൻഫ്‌ളോഴ്‌സ്മെന്റ് ടീം അസിസ്റ്റന്റ് ഡയറക്ടർ ടാനോ ഗ്രിമ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഊർജിതമായ നിലയിൽ റെയ്ഡ് നടക്കും എന്നാണ് എൻഫോഴ്‌സ്‌മെന്റ് ടീം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിൽ ആയവരിൽ മിക്കവരും ബ്രസീലിയൻ, ഇൻഡോനേഷ്യൻ വംശജരാണ്. ഇപ്പോൾ ഡെലിവെറോ, ജസ്റ്റ് ഈറ്റ് തുടങ്ങിയ കമ്പനികൾ പരാതികളെ തുടർന്ന് ഡെലിവറി ജോലിക്ക് ആളെ നിയമിക്കുന്നത് കർശന ഉപാധികളോടെയാണ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.