ലണ്ടൻ: അടക്കി ഭരിച്ചവരെ കൊണ്ട് തന്നെ ഒടുവിൽ ഇന്ത്യൻ പതാകയെ നോക്കി സല്യൂട്ട് ചെയ്യിക്കുക. ചരിത്രപരമായ ആ സംഭവമാണ് ഇക്കഴിഞ്ഞ സ്വതന്ത്ര ദിനത്തിൽ വെയ്ൽസിലെ കാർഡിഫിലും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ പ്ലിമൗത്തിലും നടന്നത്. ആ അസുലഭ മുഹൂർത്തത്തിന് സാക്ഷികളാകാൻ നൂറുകണക്കിന് ഇന്ത്യക്കാരിൽ അനേകം മലയാളികളും എത്തിയിരുന്നു. യുകെ മലയാളികൾക്കായി നൂറു കണക്കിന് സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും താരതമ്യേനേ ചെറു കൂട്ടായ്മയായ പ്ലിമൗത്ത് മലയാളി കൾച്ചറൽ കമ്യുണിറ്റിയുടെ ശ്രമഫലമായി നഗര മധ്യത്തിൽ ഔദ്യോഗിക ഫ്ലാഗ് പോസ്റ്റിൽ ഇന്ത്യൻ പതാക പാറിക്കളിച്ചതു വലിയ നേട്ടമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

കാർഡിഫിൽ നടന്ന ചടങ്ങ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ മുൻകൈ എടുത്തത് ആയതിനാൽ ആണ് പ്ലിമൗത്തിൽ മലയാളികൾ മാത്രം ചേർന്ന് നടത്തിയ സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ മേയർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം വിലമതിക്കപ്പെട്ടതായി മാറുന്നതും. മുൻപ് പലവട്ടം സ്വാതന്ത്ര്യ ദിന ചടങ്ങുകളിൽ കാശ്മീർ വിഘടന വാദികൾ അടക്കമുള്ളവർ പ്രതിഷേധവുമായി എത്തി എംബസിക്ക് മുൻപിൽ സംഘർഷ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ അത്തരം വിഘടന ശബ്ദങ്ങൾ യുകെയിൽ ഉണ്ടായില്ല എന്നതും പ്രത്യേകതയായി.

കാർഡിഫിൽ വിപുലമായ സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് വേദി ഒരുങ്ങിയത് കോൺസുലേറ്റ് തലവൻ രാജ് അഗർവാൾ മുൻകൈ എടുത്തതോടെയാണ്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിൽ നടത്തിയ ആഘോഷത്തിന് പ്രൗഢിയും പകിട്ടും ആവശ്യത്തിലേറെ തന്നെ ആയിരുന്നു. കാർഡിഫ് ഡെപ്യുട്ടി മേയർ ജെയ്ൻ ഹെൻഷ്വ പൂർണ പങ്കാളിത്തം ഉറപ്പു നൽകിയതോടെ കാർഡിഫിലെ പ്രധാന ആകർഷകമായ കോട്ടയുടെ മുകളിൽ തന്നെ ഇന്ത്യ പതാക പറക്കുക ആയിരുന്നു. വെയ്ൽസിൽ വർഷങ്ങളായി സാന്നിധ്യമായ, സമൂഹത്തിൽ അറിയപ്പെടുന്ന ഇന്ത്യക്കാരുടെ സാന്നിധ്യവും നൂറുകണക്കിന് ഇന്ത്യൻ വംശജരുടെ ആവേശ ഭരിതമായ പങ്കാളിത്തം ചേർന്നതായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ.

സൈനിക, പൊലീസ് മേധാവികളുടെ സാന്നിധ്യവും വയോധികരായ സൈനികർ പോലും യൂണിഫോമിൽ ഇന്ത്യൻ പതാകയെ വന്ദിക്കാൻ എത്തിയതും അപൂർവ കാഴ്ചയായി. ഒരിക്കൽ അടിച്ചമർത്തപ്പെട്ട രാജ്യത്തിന്റെ അവകാശികളെ കൺമുന്നിൽ വച്ച് തന്നെ ആദരിക്കാൻ സാധിച്ച സന്ദർഭം അതിന്റെ പൂർണ അർത്ഥത്തിൽ ഏറ്റെടുക്കുക ആയിരുന്നു കാർഡിഫിൽ എത്തിയ ബ്രിട്ടീഷ് വംശജർ. ബ്രിട്ടീഷ് സൈനിക നിരയിലെ ആർമി ബാൻഡ് ടിഡ്വർത്ത നടത്തിയ ഗാനാലാപനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കേക്ക് മുറിച്ചും മധുരം പങ്കിട്ടും ചടങ്ങിൽ എത്തിയവർ പരസ്പരം സ്നേഹം പങ്കു വയ്ക്കുക ആയിരുന്നു. ലോക് കേരള സഭ അംഗം സുനിൽ മലയിലിന്റെ അടക്കമുള്ള നേതൃത്വത്തിലാണ് മലയാളികൾ പതാക വന്ദനത്തിന് എത്തിച്ചേർന്നത്.

എന്നാൽ തികച്ചും വത്യസ്തമായ അനുഭവമാണ് പ്ലിമൗത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇരുപതാണ്ട് എത്തിയ യുകെ കുടിയേറ്റ ചരിത്രം കയ്യിൽ ഉള്ളപ്പോഴും മലയാളികൾ മാത്രം ഇപ്പോഴും ചോദിക്കുന്ന സംശയമാണ് ബ്രിട്ടീഷ് പാസ്‌പോർട്ടുമായി ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പാടുണ്ടോ എന്നത്. എന്നാൽ ബ്രിട്ടീഷുകാരായ അധികാരികൾ ഇത്തരം വേദികളിൽ ആവേശത്തോടെ എത്തി ഇന്ത്യൻ പതാകയെ വന്ദിക്കുന്ന കാഴ്ച എന്തുകൊണ്ടോ മലയാളികൾ കാണുന്നില്ല. അഥവാ അവർ കണ്ടിരുന്നെങ്കിൽ ബ്രിട്ടീഷ് പാസ്പോർട്ട് കയ്യിൽ വച്ച് ഇന്ത്യൻ പതാകയെ വന്ദിക്കാമോ എന്ന ചോദ്യം ഒരിക്കലും ഉയരുക ഇല്ലായിരുന്നു. ഇതുകൊണ്ടാണ് പ്ലിമൗത്ത് മലയാളികൾ നടത്തിയ സ്വാതന്ത്ര്യ ദിനം കൂടുതൽ വർണാഭമായി മാറുന്നതും.

പ്ലിമൗത്ത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി (പിഎംസിസി) യുടെ നേതൃത്വത്തിലാണ് ഇവിടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. പ്ലിമൗത്ത് സിറ്റി കൗൺസിൽ ലോഡ് മേയർ കൗൺസിലർ മാർക്ക് ഷെയർ സ്വതന്ത്ര്യദിന ആഘോഷങ്ങളിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കൗൺസിലർ വില്യം നോബിൾ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ ഇരുവരും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി. പിഎംസിസി പ്രസിഡന്റ് സിബി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്യ വിജയൻ, പിഎംസിസി ഭാരവാഹികളായ നെബു കുരുവിള, അനൂപ് കുമാർ, അലീന മാത്യു, കെസിയ മേരി അലക്സ്, സജി വർഗീസ്, ജിനോയി ചെറിയാൻ, ജിജോ ജി.വി എന്നിവർ പ്രസംഗിച്ചു.

ചടങ്ങുകളുടെ അവസാനം മധുരം നൽകി സന്തോഷം പങ്കുവെച്ചു .നിരവധി കുട്ടികളും മുതിർന്നവരും പങ്കെടുത്ത ആഘോഷ ചടങ്ങുകൾ ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒന്ന് തന്നെയായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു.