ലണ്ടൻ: ഒന്നര വർഷം മുൻപ് കെയർ വിസ അപേക്ഷകളിൽ മാനദണ്ഡം ലളിതമാക്കിയത് കിട്ടിയ അവസരമാക്കാൻ പണത്തോടുള്ള ആർത്തി പിടിച്ച റിക്രൂട്ടിങ് ഏജൻസികൾ പേ പിടിച്ച നായയെ പോലെ പാഞ്ഞു നടന്നത് മൂലം അനേകായിരങ്ങൾ ചതിക്കപെട്ട സാഹചര്യം ബ്രിട്ടിഷ് സർക്കാരിന്റെ മുന്നിലേക്ക്. ഒരു പൈസ പോലും നൽകേണ്ട കെയറർ ജോലിക്കായി തുടക്കത്തിൽ 2000- 3000 പൗണ്ട് വാങ്ങിയ ഒറ്റയാൾ പട്ടാളമായ ഏജൻസികൾ ഈ രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള മുൻ നിര സ്ഥാപനങ്ങൾ 6000 പൗണ്ട് എന്ന ബെഞ്ച് മാർക്ക് തുക നിശ്ചയിച്ചതോടെയാണ് തുക വലിയ സംഖ്യയിലേക്ക് മാറിത്തുടങ്ങിയത്.

ഇതോടെ വീട് തന്നെ ഏജൻസിയുടെ അഡ്രസ് ആക്കി മാറ്റി വെറും 13 പൗണ്ട് മുടക്കി കമ്പനി ഹൗസിൽ രെജിസ്റ്റർ ചെയ്യുന്ന തട്ടിക്കൂട്ട് കമ്പനിയുടെ പേരിലാണ് പത്തും പന്ത്രണ്ടും ലക്ഷവും വാങ്ങാൻ തുടങ്ങിയത്. എന്നിട്ടും ആവശ്യക്കാർ ഏറെയെന്നു വന്നതോടെയാണ് ഇപ്പോൾ വാങ്ങുന്ന 20 ലക്ഷം രൂപയ്ക്ക് മുകളിലേക്ക് ഉള്ള തുക വാങ്ങി കെയറർ വിസയുടെ വ്യാപക കച്ചവടവും അതിനൊപ്പം തട്ടിപ്പും അരങ്ങേറി തുടങ്ങിയത്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടവരായി ചുരുങ്ങിയത് 2000 മലയാളി യുവതീ യുവാക്കൾ ഇപ്പോൾ യുകെയിൽ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ചെറുകിടക്കാരും വമ്പന്മാരും ഒരു പോലെ പരാതികൾക്ക് കാരണമാക്കി എത്തിച്ചത് അനേകം പേരെ

ഏറ്റവും ചുരുങ്ങിയത് 70 മുതൽ 100 ലേറെ ആളുകളെ കൊണ്ട് വന്നവരാണ് ചെറുകിടക്കാരായ പല മലയാളി ഏജൻസികളും. വൻകിടക്കാരുടെ കണക്കെടുത്താൽ നൂറു കണക്കിന് വിസ കച്ചവടം നടത്തിയതിന്റെ കണക്കാക്കും ലഭ്യമാകുക. വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു മുൻ നിര ഏജൻസിക്ക് കെയർ ഹോമിലേക്ക് കെയറർമാരെ നൽകാൻ മാത്രമായി അര ഡസൻ കമ്പനികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഈ രംഗത്ത് ദശ കോടികൾ കൊയ്തെടുത്ത സ്ഥാപനം ഇപ്പോൾ സഹോദരങ്ങളുടെയും ബന്ധുക്കളുടെയും നേതൃത്വത്തിലാണ് ഇപ്പോൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രവർത്തിക്കുന്നത്. ഇവർ തുടക്കത്തിൽ എത്തിച്ച ഉദ്യോഗാർത്ഥികൾ പരാതിയും പരിഭവവും ഇല്ലാതെ ജോലി കണ്ടെത്തിയെങ്കിലും അടുത്തിടെയായി ഇവർ എത്തിച്ച അനേകം മലയാളികളുടെ തൊഴിൽ നഷ്ടമായതിലൂടെ ഒട്ടേറെ പരാതികളാണ് ഹോം ഓഫിസിൽ എത്തിയിരിക്കുന്നത്.

വിസത്തുക റോക്കറ്റ് പോലെ കുതിച്ചു പോയത് പലർക്കായി വീതം വയ്‌ക്കേണ്ടതിനാൽ, സബ് ബ്രോക്കർമാരായി നോക്ക് കൂലി വാങ്ങിയെടുത്തവരും അനേകം 

ഈ പരാതികൾ എല്ലാം ഇപ്പോൾ സി ക്യൂ സിക്ക് കൈമാറിയിരിക്കുകയാണ്. പരാതി സംബന്ധിച്ച് റിക്രൂട്ടിങ് ഉടമകളെ അറിയിച്ചപ്പോൾ മറ്റു ജോലി വേഗത്തിൽ കണ്ടെത്തി നൽകാമെന്ന സ്ഥിരം മറുപടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും. ആറു ലക്ഷം രൂപ വീതം വാങ്ങിയാണ് ഇവർ തുടക്ക കാലം മുതൽ വിസ നൽകിയിരുന്നത്. ഇത്തരത്തിൽ അനേകായിരങ്ങൾ വന്നെത്തിയത് മൂലം ജോലി കണ്ടെത്താനാകാത്ത പരാതികളുടെ കണക്കെടുക്കുമ്പോൾ പുറത്തു വരുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് എന്നാണ് വെളിപ്പെടുന്നത്.

എന്തിനാണ് കണ്ണിൽ ചോര ഇല്ലാത്ത വിധം 20 ലക്ഷം രൂപയൊക്കെ കാര്യമായ വേതനം പോലും ഇല്ലാത്ത ഈ ജോലിക്കായി പിഴിഞ്ഞെടുക്കുന്നത് എന്ന് ഏജൻസി നടത്തിപ്പുകാരോട് ചോദിച്ചാൽ പലർക്കായി വീതം വയ്‌ക്കേണ്ടി വരുന്നതുകൊണ്ടാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്. വെറുതെ ഒരാളെ പരിചയപ്പെടുത്തി കൊടുത്താൽ പോലും കുപ്രസിദ്ധമായ നോക്കുകൂലി പോലെ രണ്ടായിരം പൗണ്ട് സ്വന്തമാക്കിയവരും യുകെ മലയാളികൾക്കിടയിൽ ഏറെയാണ്.

കെയർ വിസ നിർത്തലാക്കാൻ ദേശീയ മാധ്യമങ്ങളുടെ ഇടപെടൽ കാരണമാകും

എന്നാൽ വീതം വയ്ക്കേണ്ടാത്ത, നേരിട്ട് നടത്തുന്ന വിസ കച്ചവടത്തിലും ഇപ്പോൾ പത്തു ലക്ഷത്തിന് മുകളിൽ തന്നെയാണ് ഭൂരിഭാഗം ഏജൻസികളും ഈടാക്കി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യം ആഫ്രിക്കൻ വംശജരായവർ അധികൃതരിൽ എത്തിച്ചതോടെയാണ് ഇപ്പോൾ ''സ്‌കൈ ന്യൂസ്'' അടക്കമുള്ള മാധ്യമങ്ങൾ പ്രധാന വാർത്തയായി ഈ വിഷയം കൈകാര്യം ചെയ്യുന്നത്. വരും ദിവസങ്ങളിൽ മറ്റു മാധ്യമങ്ങളിലും ഈ വിഷയം പ്രധാന വാർത്ത ആയി മാറുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇതോടെ വിഷയം ഗൗരവത്തോടെ സർക്കാരിന് സമീപിക്കാതിരിക്കാനാകില്ല. ഇത് എംപിമാർക്കിടയിലും ചർച്ച ആകുന്നതോടെ കെയർ വിസയുടെ കാര്യത്തിൽ കടുത്ത നിയന്ത്രണം ഉണ്ടാകാനുള്ള സാധ്യത വളരുകയാണ്.

തട്ടിപ്പുകാർക്ക് വളമൊരുക്കിയത് മലയാളി സംഘടനകളുടെ മൗനം

കഴിഞ്ഞ രണ്ടു വർഷമായി നൂറുകണക്കിന് മലയാളികൾ തട്ടിപ്പിനിരയാകുന്ന വിവരം പുറത്തു വന്നിട്ടും ഇതുവരെ ഒരു സംഘടനാ പോലും ഈ വിഷയത്തിന് എതിരെ ചെറു വിരൽ ചലിപ്പിച്ചില്ല എന്നതാണ് തട്ടിപ്പുകാർക്ക് വളമായി മാറിയത്. ഒടുവിൽ വിസ കച്ചവടത്തിന് അന്ത്യമാകുന്ന ഘട്ടം എത്തിയപ്പോഴാണ് കഴിഞ്ഞ ആഴ്ച ഇടതു അനുകൂല സംഘടനാ കൈരളി യുകെ പേരിനൊരു ഓൺലൈൻ ചർച്ച സംഘടിപ്പിച്ചത്. എന്നിട്ടും തട്ടിപ്പുകാരായ ഏജൻസി നടത്തിപ്പുകാർ ആരെന്നു പരസ്യമായി പ്രഖ്യാപിക്കാൻ പോലും അത്തരം ചർച്ച വേളയിൽ സാധിച്ചില്ല എന്നതാണ് ശ്രദ്ധേയം. ഇക്കാര്യം പരാതിക്കാരായവർ സംഘാടകരോട് തന്നെ ചോദിച്ചതായും സൂചനയുണ്ട്.

ഏജൻസികൾ നൽകിയ നക്കാപ്പിച്ച സ്പോൺസറിൽ വീണു പോയതും ഏജൻസിക്കാർ തന്നെ സംഘടനാ തലപ്പത്തു നുഴഞ്ഞു കയറിയതുമാണ് കുറ്റകരമായ മൗനം യുകെ മലയാളികളുടെ സാമൂഹ്യ കൂട്ടായ്മകളിൽ നിന്നും ഉണ്ടാകാൻ പ്രധാന കാരണമായത്. ഒടുവിൽ പൂർണമായും തെറ്റായ വഴികളിലൂടെ നീങ്ങിയ ഒരു ബിസിനസിന് സ്വാഭാവിക അന്ത്യമാകുമ്പോൾ അതിന്റെ നേട്ടം അവകാശപെടാനും ഒരു സംഘടനക്കും കഴിയില്ല എന്നതും ബാക്കിപത്രമായി മാറുന്നു. ഏതാനും മാസം മുൻപ് ഇക്കാര്യം ലോക കേരള സഭയുടെ ചർച്ചയിൽ വന്നെങ്കിലും അവർക്കും ഇക്കാര്യത്തിൽ ഒരു പ്രസ്താവനക്ക് അപ്പുറം ഒന്നും ചെയ്യാനില്ലാത്ത കാഴ്ചക്കാരായി നിൽക്കേണ്ടി വരുക ആയിരുന്നു.

ജോലി നൽകിയും നൽകാതെയും ഇരട്ട തന്ത്രമൊരുക്കി ഏജൻസികൾ

വമ്പൻ തുക വാങ്ങിച്ചെടുക്കുന്ന ഇരകളെ നിഷ്‌കരുണം ഇല്ലാതാക്കുന്ന ഏജൻസികളുടെ ഏറ്റവും പുതിയ തന്ത്രം വേട്ടപ്പട്ടികളെ പോലും നാണിപ്പിക്കുന്നതാണ്. ജോലി നൽകിയ ശേഷം ഒന്നോ രണ്ടോ മാസത്തിനകം കാരണം പോലും പറയാതെ ജോലി മനഃപൂർവം നഷ്ടപ്പെടുത്തുന്നതാണ് പുതിയ ട്രെന്റ്. ആ ഒഴിവിൽ അടുത്ത ആളെ എത്തിക്കുക എന്നതിലൂടെ വീണ്ടും പണക്കൊയ്ത്തു നടത്തുകയാണ് പണത്തോടുള്ള അടങ്ങാത്ത ആർത്തി പെരുത്ത ഏജൻസികൾ. ഇപ്പോൾ ആ തന്ത്രവും മറികടന്നു യുകെയിൽ എത്തിച്ച ശേഷം ആറ് മാസമായിട്ടും ഓരോ മുട്ടാപ്പോക്ക് ന്യായം പറഞ്ഞു ജോലിയിൽ പ്രവേശിപ്പിക്കാതിരിക്കാൻ നോക്കുകയാണ് പുതിയ രീതി. ഇപ്പോൾ എത്തുന്ന അധികപ്പറ്റുകാരായവർക്കു നൽകാൻ ജോലി ഇല്ല എന്നതാണ് വാസ്തവം.

ഇതിനു മറയിടാൻ ആദ്യം ഡ്രൈവിങ് പഠിച്ചു യുകെ ലൈസൻസ് എടുക്ക് എന്ന കാരണം പറഞ്ഞു സമയം നീട്ടുകയാണ് തട്ടിപ്പിൽ പിഎച്ച്ഡി എടുത്ത റിക്രൂട്ടുകാരുടെ അടവ്. യുകെയുടെ ഒരറ്റത്ത് നിന്നും മറ്റേയറ്റത്തേക്കു അടിക്കടി താമസം മാറ്റി അതിന്റെ പേരിൽ മാസങ്ങൾ തള്ളിനീക്കുന്നതും മറ്റൊരു തന്ത്രമാണ്. ഈ സമയമത്രയും നാട്ടിൽ നിന്നും യുകെയിൽ പിടിച്ചു നിൽക്കാൻ ഉള്ള പണം എത്തിക്കുകയാണ് ഇരകളായവർ.

തങ്ങൾ മനോഹരമായി ചതിക്കപ്പെടുകയാണ് എന്ന് ഇപ്പോഴും ഇവർക്ക് മനസിലാക്കാൻ കഴിയുന്നുമില്ല. ഒരു സംഘമായി എത്തിയവരിൽ ഒന്നോ രണ്ടോ പേര് തട്ടിപ്പ് തിരിച്ചറിഞ്ഞാലും കൂടെയുള്ളവർ ഒന്നിച്ചു നിൽക്കാനും തയ്യാറല്ല. ഇതും ആയുധമാക്കി മാറ്റുകയാണ് തട്ടിപ്പ് എജൻസികൾ. പരമാവധി ഇപ്പോൾ എത്തുന്നവർ യുകെയിൽ പൊതു സമൂഹവുമായി അടുത്തിടപഴകാൻ ഉള്ള സാഹചര്യം ഒഴിവാക്കി എടുക്കുന്നതും ഏജൻസികളുടെ പ്രവർത്തന രീതിയാണ്.