- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രീട്ടീഷ് യൂണിവേഴ്സിറ്റികളുടെ താക്കീത് മറികടന്നു മലയാളി വിദ്യാർത്ഥികൾ യുകെയിൽ ഹമാസിനും ഫലസ്തീനും ജയ് വിളിക്കുമോ? പ്രതിഷേധത്തിൽ പങ്കെടുക്കാൻ എസ് എഫ് ഐക്കാരുടെ ആഹ്വാനം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
ലണ്ടൻ: എന്തിനും ഏതിനും ചാടിക്കേറി ആവേശത്തോടെ പ്രതികരിക്കുന്നതാണ് യുവത്വത്തിന്റെ പൊതു സ്വഭാവം. എസ്എഫ്ഐ പോലെ ഒരു സംഘടന ആകുമ്പോൾ ആ ആവേശം അൽപം കൂടുതലാകുകയും സ്വാഭാവികം. യുകെയിൽ ആയിരക്കണക്കിന് എന്നതിൽ നിന്നും പതിനായിരക്കണക്കിന് എന്ന നിലയിൽ മലയാളി വിദ്യാർത്ഥികൾ എത്തി തുടങ്ങിയതോടെയാണ് എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടനയും രൂപം കൊണ്ടതും ഇന്ത്യയിലെ പൊതു വിഷയങ്ങൾ പഠനകാലത്തിനൊപ്പം യുകെയിലും ചർച്ചയാക്കാൻ ശ്രമം നടന്നതും. ഇത്തരത്തിൽ എസ്എഫ്ഐ യുകെ പേരിനെങ്കിലും ഉയർത്തിയ സമരമാണ് കർഷക സമരത്തിലും പൗരത്വ ബിൽ രൂപീകരണത്തിലും ഡൽഹി കായികതാര സമരത്തിലും മണിപ്പൂർ കലാപ വിഷയത്തിലും നടത്തിയത്.
എന്നാൽ ഇതൊന്നും അധികാര കേന്ദ്രങ്ങളിലേക്ക് ആരും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ശനിയാഴ്ച എഡിൻബറോയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രകടനത്തിൽ പങ്കെടുക്കണം എന്ന ആഹ്വാനം ചെയ്ത എസ്എഫ്ഐയുടെ സമൂഹ മാധ്യമ പോസ്റ്റുകൾ ഇപ്പോൾ പുലിവാൽ പിടിച്ചേക്കാമെന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളായ എക്സ്, ഫേസ്ബുക്ക് എന്നിവ വഴി എസ്എഫ്ഐ നടത്തിയ ആഹ്വനം ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനം ആണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാൽ ആയിരങ്ങൾ പങ്കെടുത്ത എഡിൻബറോ ഫലസ്തീൻ അനുകൂലികളുടെ മാർച്ചിൽ ഏതെങ്കലിലും മലയാളി വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ടോ എന്ന് എസ്എഫ്ഐ യുകെ ഘടകം വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല 2400 പേർ കാഴ്ചക്കാരായിട്ടുള്ള എസ്എഫ്ഐ യുകെ ഫേസ്ബുക് പേജിലെ പോസ്റ്റ് ആരും ഷെയർ ചെയ്യാനും തയ്യാറായില്ല എന്നതും ബ്രിട്ടീഷ് സർക്കാരിന്റെ താക്കീതിന് വിലയുണ്ട് എന്നതിന് തെളിവായി. അതിനിടെ എസ്എഫ്ഐ യുടെ പോസ്റ്റിനു ചുവടെ തന്നെ ഷിജു നായർ എന്ന വ്യക്തി പോസ്റ്റിനെതിരെ വന്നു കമന്റ് ചെയ്തിട്ടും ഫേസ്ബുക് കൈകാര്യം ചെയ്യുന്നവർ മറുപടി നൽകിയിട്ടില്ല എന്നതും പ്രത്യേകതയായി. ഇത്തരം പ്രവർത്തനത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് എതിരെ നിയമ നടപടി സ്വീകരിച്ചു നാട് കടത്തണം എന്നാണ് ഷിജു നായർ പരസ്യമായി പ്രതികരിച്ചത്.
എക്സ് പോസ്റ്റ് പരാതിയായി എംബസിക്കും കേന്ദ്ര സർക്കാരിനും
അതേസമയം എസ്എഫ്ഐ യുകെ സമൂഹമാധ്യമമായ എക്സിൽ (പഴയ ട്വിറ്റർ) പോസ്റ്റ് ചെയ്ത പോസ്റ്റ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ലണ്ടൻ ഹൈ കമ്മീഷൻ ഓഫിസ് എന്നിവിടങ്ങളിലേക്ക് റീ പോസ്റ്റ് ചെയ്തത് വിനയാകുമോ എന്ന് കണ്ടറിയണം. പരാതി എന്ന നിലയിലാണ് എസ്എഫ്ഐയുടെ ഫലസ്തീൻ സപ്പോർട്ട് ആഹ്വാനം അധികാര കേന്ദ്രങ്ങളിലേക്ക് കൈമാറിയിരിക്കുന്നത്. ഈ പോസ്റ്റുകൾ എഡിൻബറോ യൂണിവേഴ്സിറ്റി അധികൃതരുടെ കണ്ണിൽ എത്തിയിട്ടുണ്ടോ എന്നും വ്യക്തമല്ല. ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടായാൽ ശക്തമായ നടപടികൾ ഉണ്ടാകണം എന്ന് വിദ്യാഭ്യാസ സെക്രട്ടറി യൂണിവേഴ്സിറ്റികൾക്ക് ഔദ്യോഗികമായി കത്തെഴുതിയ സാഹചര്യത്തിൽ തുടർ നടപടികൾ പ്രതീക്ഷിക്കാവുന്നതുമാണ്.
അതിനിടെ പഠിക്കാൻ എത്തിയവർ അക്കാര്യത്തിൽ ശ്രദ്ധ നൽകിയില്ലെങ്കിൽ ഭാവിയിൽ കൂടുതൽ ദോഷം ചെയ്യുക വരാനിരിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് ആയിരിക്കും എന്ന് പൊതു പ്രവർത്തകനും അഥീനിയം ലൈബ്രറി സ്ഥാപകനുമായ അജിത് പാലിയത് വാട്സാപ്പ് കൂട്ടായ്മയിൽ മുന്നറിയിപ്പുമായി എത്തിയതും ശ്രദ്ധേയമായി. കേരളത്തിലെ നേതാക്കളുടെ വാക്ക് കേട്ട് യുകെയിൽ എത്തി ആവേശഭരിതരാകരുത് എന്നാണ് അജിത് നൽകുന്ന മുന്നറിയിപ്പ്.
ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ അടക്കം മലയാളി വിദ്യാർത്ഥികൾ വംശീയ അക്രമം നേരിട്ടപ്പോൾ സഹായവുമായി എത്തിയ വ്യക്തിയാണ് അജിത്. രണ്ടു വർഷം മുൻപ് എത്തിയ വിദ്യാർത്ഥികളിൽ ഒട്ടേറെ പേർക്ക് ഷെഫീൽഡിൽ വംശീയ അധിക്ഷേപം ക്ലാസ് മുറികളിൽ പോലും നേരിടേണ്ടി വന്നിരുന്നു. ഈ യൂണിവേഴ്സിറ്റിയിൽ മൂന്നു വർഷം മുൻപ് മലബാർ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത ചെയ്ത സംഭവവും കൂടി ഓർമ്മിച്ചാണ് അജിത് മുന്നറിയിപ്പ് നൽകുന്നത്.
മലയാളി വിദ്യാർത്ഥികൾ വംശീയ അധിക്ഷേപം വിളിച്ചു വരുത്തിയേക്കും
കാമ്പസ് രാഷ്ട്രീയവും മറ്റും അത്ര തീവ്രം അല്ലാത്തതും ബഹുഭൂരിഭാഗം വിദ്യാർത്ഥികൾക്ക് താൽപര്യം ഇല്ലാത്തതും ആയതിനാൽ കേരള മാതൃകയിൽ യുകെയിൽ ഏതു വിഷയത്തിനും രാഷ്ട്രീയ നിറം നൽകിയാൽ മലയാളി വിദ്യാർത്ഥികൾ തിരഞ്ഞു പിടിച്ചു വംശീയ ആക്രമണത്തിന് ഇരയാകാനുള്ള സാധ്യതയാണ് ഇതിലൂടെ ഓർമ്മിപ്പിക്കപ്പെടുന്നത്.
ഇസ്രേയേൽ വംശജരായ വിദ്യാർത്ഥികൾ ഇപ്പോൾ യൂണിവേഴ്സിറ്റിയിൽ എത്താൻ പോലും ഭയപ്പെടുന്ന സാഹചര്യം ബ്രിട്ടീഷ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അവർക്കെതിരായ പ്രക്ഷോഭങ്ങളിൽ മലയാളി വിദ്യാർത്ഥികൾ സാന്നിധ്യം അറിയിച്ചാൽ ഫലസ്തീൻ സപ്പോർട്ടേഴ്സ് എന്നതിനപ്പുറം ജൂത വിരോധികൾ എന്ന നിലയിൽ മുദ്രകുത്തപ്പെടാനും ആക്രമിക്കപ്പെടാനും വരെ ഉള്ള സാധ്യതയാണ് നിലവിൽ ഉള്ളത്. വംശീയത നിറഞ്ഞവരുടെ മുന്നിൽ ചെന്ന് പെട്ടാൽ എസ്എഫ്ഐ വിലാസമൊന്നും രക്ഷക്കെത്തുന്ന നാടല്ല ബ്രിട്ടൻ എന്നും ഓർമ്മിക്കേണ്ടതുണ്ട്.
രാജ്യത്തെ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ഒക്കെ കാര്യത്തിൽ സ്വന്തം പൗരന്മാർക്കുള്ള പരിഗണന ബ്രിട്ടൻ നൽകാറില്ല എന്നതാണ് പലപ്പോഴും യാഥാർഥ്യം. ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കിയവർ പോലും ക്രിമിനൽ കേസുകൾ നേരിട്ട് കോടതിയിൽ എത്തിയാൽ പലപ്പോഴും വാദത്തിനിടയിൽ കേൾക്കേണ്ടി വരിക ബ്രിട്ടീഷ് പൗരത്വം നിങ്ങളുടെ ജന്മാവകാശമല്ല മറിച്ചു ഈ രാജ്യം നൽകുന്ന ഔദാര്യം ആണെന്നാണ്. ഇതൊന്നും മനസിലാകാതെ യുകെ സന്ദർശനത്തിന് എത്തുന്ന കേരള സിപിഎം നേതാക്കളുടെ ഒപ്പം നിന്നും ഒരു സെൽഫി എടുക്കാനായി എന്ന ചാരിതാർഥ്യത്തിലാണ് യൂണിവേഴ്സിറ്റിയുമായുള്ള കരാർ മറന്നു മലയാളി വിദ്യാർത്ഥികളിൽ ഒരു ചെറു ന്യൂനപക്ഷം എസ്എഫ്ഐ എന്ന പേരിൽ രാഷ്ട്രീയ വിവാദങ്ങളിലും എടുത്തു ചാടുന്നത്.
ഇതിനെതിരെ പരാതി ഉണ്ടായാൽ കോഴ്സ് തുടരാനാകാതെ വരുന്ന സാഹചര്യം തിരിച്ചറിയാതെയാണ് ആവേശത്തിൽ ഇത്തരം കാര്യങ്ങളിൽ മലയാളി വിദ്യാർത്ഥികൾ ചെന്ന് ചാടുന്നത്. ഖാലിസ്ഥാൻ വിഷയം മൂർച്ഛിച്ചതോടെ വിദേശ രാജ്യങ്ങളിൽ ഇന്ത്യക്ക് എതിരെ നടക്കുന്ന സമരങ്ങൾ അപ്പപ്പോൾ വിദേശ രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്ന രീതി കേന്ദ്ര സർക്കാർ സ്വീകരിച്ചു തുടങ്ങിയതോടെ മുൻപിൻ നോക്കാതെ എസ്എഫ്ഐ സമരത്തിനിറങ്ങിയാൽ കൈ പൊള്ളാനുള്ള സാധ്യത വർധിക്കുകയാണ്.
ബ്രൈറ്റണിൽ അറസ്റ്റിലായത് സസെക്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി
ഫലസ്തീൻ വിഷയത്തിൽ ഇടപെട്ട് സമരത്തിന് ഇറങ്ങിയ 22കാരിയായ യുവതി ഭീകര നിയമ പ്രകാരം അറസ്റ്റിലായി. ഇവർ ഇപ്പോൾ ഒരു മാസത്തേക്ക് ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട് എന്ന് സസെക്സ് പൊലീസ് വ്യക്തമാക്കുന്നു. തങ്ങളുടെ വിദ്യാർത്ഥിനിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത് എന്ന് സസെക്സ് യൂണിവേഴ്സിറ്റി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രൈറ്റണിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പ്രസംഗിച്ച വിദ്യാർത്ഥിനിയാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
ഇവരുടെ പ്രസംഗത്തിന്റെ വീഡിയോ അടക്കം തെളിവുകൾ ശേഖരിച്ചാണ് പൊലീസ് നടപടി. ഇതോടെ യുവതിയുടെ ഭാവി സംബന്ധിച്ചും ചോദ്യം ഉയരുകയാണ്. വിദ്യാർത്ഥിനി കുടിയേറ്റ വംശജയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. 2001 മുതൽ ഹമാസിനെ ബ്രിട്ടൻ ഭീകര സംഘടനാ ലിസ്റ്റിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.