- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാങ്ക് ജീവനക്കാരി ആയിരുന്ന കോട്ടയം സ്വദേശിനി കൊച്ചിയിലേക്ക് മടങ്ങിയത് കണ്ണീരുമായി; വിസാ ചതിക്ക് ഇരയായത് കെയർ വിസയിൽ എത്തിയ ചെങ്ങന്നൂർക്കാരി പ്രദിതയും ഗോകുൽനാഥും വഴി; ആകെ മുടക്കിയത് 17 ലക്ഷം; യുകെ മോഹത്തിൽ പരസ്പരം ചതിയൊരുക്കി നവമലയാളികൾ
ലണ്ടൻ: ജീവിതത്തിൽ സമ്പാദിച്ചു മിച്ചം പിടിച്ചതും കടം വാങ്ങിയതുമായ വലിയൊരു തുക മൊത്തം കൺ മുന്നിൽ നിന്നും ആവിയായിപ്പോകുന്ന നിസ്സഹായ കാഴ്ച കണ്ടാണ് കണ്ണീരും കയ്പ്പേറിയ യുകെ അനുഭവങ്ങളുമായി കോട്ടയം സ്വദേശിനി ദീപ ചന്ദ്രൻ ഇന്നലെ രാത്രി എട്ടരയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്രയായത്. വെറും മൂന്നു മാസം മാത്രം മുൻപാണ് മനസ് നിറയെ മോഹങ്ങളും യുകെ ജീവിതത്തിന്റെ നിറമുള്ള കാഴ്ചകൾ തേടുന്ന കണ്ണുകളുമായി ദീപയും ഭർത്താവും കുട്ടികളും ഇതേ വിമാനത്തിൽ യുകെയിൽ എത്തിയത്. എന്നാൽ യുകെ ജോലിക്കായി തങ്ങൾ പറഞ്ഞു കേട്ട കാര്യങ്ങൾ ഒന്നുമല്ല അവരെ കാത്തു സൗത്താംപ്ടണിൽ ഉണ്ടായിരുന്നത്. ഡൊമൈസിലറി കെയർ വിസയിൽ ജോലിക്ക് എത്തിയ ദീപയ്ക്ക് കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ വെറും അഞ്ചു ദിവസമാണ് ജോലി ചെയ്യാനായത്. അതിനിടയിൽ ഒന്നോ രണ്ടോ മണിക്കൂർ വീതമുള്ള ഏതാനും ഷിഫ്റ്റുകളും ലഭിച്ചു. പ്രതിമാസം 2500 പൗണ്ട്(രണ്ടരലക്ഷത്തിന് മുകളിൽ രൂപ) ലഭിക്കും എന്ന് വിശ്വസിപ്പിച്ചു നാട്ടിൽ നിന്നും എത്തിച്ച ദീപയ്ക്ക് മൂന്നു മാസത്തിനിടയിൽ ജോലി ചെയ്ത വകയിൽ ആകെ കിട്ടിയത് 650(അറുപത്തിയ്യായിരത്തിന് മുകളിൽ രൂപ) പൗണ്ട്.
ഇതിനിടയിലാണ് താനടക്കം പത്തു മലയാളികളെ പെരുവഴിയിലാക്കിയ ന്യു പാത്തവേ ഹെൽത് കെയർ എന്ന കമ്പനിക്ക് ഹോം ഓഫിസ് ലൈസൻസ് നഷ്ടമായതായി അറിയുന്നത്. ഇതോടെ ജീവനക്കാർക്ക് കമ്പനിയുടെ കീഴിൽ ജോലി ചെയ്യാനാകാത്ത സാഹചര്യമായി. ഫലത്തിൽ പത്തോളം മലയാളികൾ പെരുവഴിയിലായി. എന്നാൽ മറ്റുള്ളവർ ചെറുപ്പക്കാരും കുട്ടികളും കുടുംബവും ഇല്ലാത്തതിനാൽ തല്ക്കാലം മറ്റെവിടെയെങ്കിലും ജോലി ലഭിക്കുമോ എന്ന അന്വേഷണത്തിൽ കഴിയുകയാണ്. കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെടുന്ന ആരോഗ്യ സ്ഥിതി കൂടി ആയതോടെ മക്കളെക്കുറിച്ചുള്ള ആധിയോർത്തു നഷ്ടമായ പണത്തെക്കുറിച്ചു ആവലാതിപ്പെടുന്നതിനേക്കാൾ മക്കളെ കുറിച്ചുള്ള ചിന്ത മനസ്സിൽ എത്തിയതോടെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുക ആയിരുന്നു ദീപയും ഭർത്താവും. അനധികൃതമായി യുകെയിൽ തങ്ങി ജയിലിൽ കയറുക എന്നത് ആലോചിക്കാൻ പോലും കഴിയാത്ത കാര്യം ആണെന്നാണ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഗാറ്റ്വികിൽ എത്തും മുൻപേ ദീപ വെളിപ്പെടുത്തിയത്.
ഇത്ര പൊളിയാണോ നവമലയാളികൾ?
എന്തിലും ഇതിലും ഇപ്പോൾ ചെറുപ്പക്കാരായ ന്യുജെൻ മലയാളികളെ മാതൃകയാക്കണം എന്നാണ് മൊത്തത്തിൽ ഉള്ള അഭിപ്രയം. ഫേസ്ബുക്കിൽ നിറയെ അമ്മാവന്മാരും അമ്മായിമാരും ആണെന്നതിനാൽ ഇൻസ്റ്റയിലും ട്വിറ്ററിലും ടെലിഗ്രാമിലും ഒക്കെയുള്ള പുതു മലയാളികളെ കണ്ടു പഠിക്ക്, എത്ര പോസിറ്റീവാണ്, എത്ര എനർ്ജിയാണ് എന്നൊക്കെ പറയുന്ന മോട്ടിവേഷൻ ചിന്തകർക്ക് യുകെയിൽ എത്തിയ നവ മലയാളികളെ അടുത്തറിഞ്ഞാൽ വേറെ ചിലതു കൂടി പറയാൻ ഉണ്ടാകും. കാരണം ഇപ്പോൾ യുകെ മലയാളി സമൂഹത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളിൽ ഒരു നെഗറ്റീവ് കഥാപാത്രമായി ഏതെങ്കിലും ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ ആയ മലയാളി ഉണ്ടെന്നു പറയുമ്പോൾ അതിനെ അമ്മാവൻ സിൻഡ്രോം ആക്കി പുച്ഛിക്കുന്ന ന്യൂ ജെൻ സമൂഹം തന്നെയാണ് പുറത്തു വരുന്ന ഓരോ തട്ടിപ്പിലും ഇരകൾ ആകുന്നതും. ന്യൂജെൻ തട്ടിപ്പിലോ ചതിയിലോ ഒരു അമ്മാവനോ അമ്മായിയോ ഇരകൾ ആകുന്നില്ല എന്നതാണ് സത്യം. യൂണിവേഴ്സിറ്റി കോഴ്സ് വർക്കിലും ഫീസിലും തുടങ്ങിയ തട്ടിപ്പുകൾ വാടക വീടുകളിൽ എത്തിയ ശേഷം ഇപ്പോൾ സജീവമായിരിക്കുന്നത് വിസ കച്ചവടത്തിലാണ്.
ദീപയ്ക്കൊപ്പം ഭാവിയും സമ്പാദ്യവും നഷ്ടമായ പത്തു മലയാളികളും ന്യൂ ജെൻ പ്രതിനിധികളാണ്. ഇവരെ ചതിച്ച ചെങ്ങന്നൂർക്കാരി പ്രഥിതയും ഗോകുൽനാഥും സ്വന്തം പ്രായത്തിൽ ഉള്ള മലയാളി ചെറുപ്പക്കാരെ തന്നെയാണ് ചതിക്ക് ഇരയാക്കിയത്. ഓരോരുത്തരിലും നിന്നും 15 ലക്ഷം വീതം വിദഗ്ധമായി വഞ്ചിച്ചതിലൂടെ ഒന്നരക്കോടി രൂപയുടെ തട്ടിപ്പിനാണ് ഇവർ നിയമത്തിനു മുന്നിൽ സമാധാനം പറയേണ്ടത്. ദീപ ഫയൽ ചെയുന്ന കേസിൽ മനുഷ്യക്കടത്തിന് കൂടി പ്രോസിക്യൂഷൻ വകുപ്പ് എഴുതി ചേർക്കുമ്പോൾ ഏതാനും വർഷം ജയിൽ സുഖം അനുഭവിക്കാനുള്ള യോഗവും ഇരു ന്യൂ ജെൻ തട്ടിപ്പുകാർക്കും ഉണ്ടാകാനുള്ള സാധ്യതയും എഴുതി തള്ളാനാകില്ല.
ഞങ്ങൾ പണം കൊടുത്തു വന്നവരാണ്, അപ്പോൾ ഞങ്ങൾക്കും വാങ്ങിക്കൂടെ ?
പണം നൽകി കെയർ വിസയിൽ യുകെയിൽ വന്നത് പണം ഉണ്ടാക്കാൻ തന്നെയാണ്, അതിനു ഏതു വഴിയും തേടും എന്ന ഭാവത്തിലാണ് പ്രതിതയും ഗോകുൽനാഥും സംസാരിക്കുന്നത്. യുകെയിൽ നിന്നും മടങ്ങാനുള്ള തീരുമാനമെടുത്ത ശേഷമാണു ദീപയും ഭർത്താവും അഭിഭാഷകരെയും ഒക്കെ ബന്ധപ്പെടുന്നത്. ദീപയുടെ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുന്നത് തന്നെയാണ് ഉചിതം എന്ന മറുപടിയാണ് നിയമ രംഗത്തുള്ളവരും നൽകിയത്. ദീപയും സഹപ്രവർത്തകരും ജോലിയില്ലാതെ പെരുവഴിയിൽ ആയെന്നു മനസിലാക്കി ഇതിനകം സോമർസെറ്റിലെ ഒരു മലയാളി ഏജൻസി ഉടമകളും ഇവരെ ബന്ധപ്പെട്ടെങ്കിലും വീണ്ടും ചതിക്കുഴിയിലെക്ക് നീങ്ങേണ്ട എന്നായിരുന്നു ദീപയുടെ തീരുമാനം. അതുതന്നെയാണ് ശരിയെന്നു ദീപയ്ക്ക് ലഭിച്ച നിയമ ഉപദേശവും. ഇതിനകം ദീപയെയും ഇവർക്ക് കെണി ഒരുക്കിയ പ്രതിദയെയും ഗോകുൽനാഥിനെയും ഒന്നിച്ചിരുത്തി അഭിഭാഷകൻ കോൺഫ്രൻസ് കോൾ നടത്തിയപ്പോൾ താൻ പണമൊന്നും വഞ്ചിച്ചിട്ടില്ല എന്നാണ് പ്രതിദ എടുത്ത നിലപാട്.
എന്നാൽ തന്റെ അമ്മാവന്റെ പേരിൽ ഉള്ള കുരിശിങ്കൽ ഫിലിംസ് എന്ന ഫെഡറൽ ബാങ്കിന്റെ അക്കൗണ്ടിലേക്ക് ആണ് ദീപ പത്തുലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തത്. ഇതോടെ കേരളത്തിൽ സിനിമ രംഗത്തുള്ളവരും വിസ കച്ചവടത്തിലേക്ക് തിരിഞ്ഞോ എന്ന അന്വേഷണം നടക്കുകയാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് ഇതേക്കുറിച്ചു വിവരങ്ങൾ നൽകിയിട്ടുണ്ട്. ഗോകുൽനാഥ് വഴിയാണ് അഞ്ചു ലക്ഷം രൂപ ദീപ ദുബായിൽ ഉള്ള ഒരു വനിതയുടെ അകൗണ്ടിലേക്ക് കൈമാറിയത്. എന്നാൽ ദീപയ്ക്ക് ജോലി നഷ്ടമായി എന്നറിഞ്ഞു ഈ പണം ഒരു മാസത്തിനകം തിരിച്ചു നൽകാം എന്നാണ് ഈ വനിതാ അറിയിച്ചിരിക്കുന്നത്. ദീപയടക്കം പത്തു മലയാളികളെ കുടുക്കിയ പ്രതിദയും ഗോകുൽനാഥും സിംബാബ്വെ സ്വദേശികളായ ദമ്പതികൾക്കൊപ്പം ചേർന്നാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തത്.
എലിസബത്ത് എന്ന സിംബാബ്വെ യുവതിയും ഭർത്താവും ചേർന്ന് ആരംഭിച്ച കെയർ ഏജൻസി വഴിയാണ് മലയാളികൾ തട്ടിപ്പിന് ഇരകളായത്. ഓരോരുത്തർക്കും 15 ലക്ഷം രൂപ വീതം നഷ്ടമായി എന്നാണ് വ്യക്തമാകുന്നത് .എന്നാൽ തങ്ങളും പണം നൽകിയാണ് യുകെയിൽ വന്നതെന്നും അതിനാൽ പണം വാങ്ങി മറ്റുള്ളവർക്ക് ജോലി നൽകിയതിൽ തെറ്റില്ല എന്ന നിലപാടാണ് ഗ്രൂപ് കോൺഫ്രൻസ് കോളിൽ പ്രതിദയും ഗോകുൽനാഥും നിലപാട് എടുത്തത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള വിവരങ്ങൾ ഹോം ഓഫിസിനു കൈമാറാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ കൂടി പൂർത്തിയാക്കിയാണ് ദീപയും ഭർത്താവും നാട്ടിലേക്ക് വിമാനം കയറിയത്. പണം സംബന്ധിച്ച കാര്യങ്ങൾ ഒന്നും തങ്ങൾക്ക് അറിയില്ല എന്നാണ് സിംബാബ്വെ ദമ്പതികൾ ജീവനക്കാരെ അറിയിച്ചിരിക്കുന്നത് .
പ്രതിദയ്ക്കും ഗോകുൽനാഥിനും എത്ര കിട്ടി?
തന്റെ വിഹിതമായി ഒന്നും കിട്ടിയില്ലെന്നാണ് പ്രതിദ അഭിഭാഷകർ അടക്കം ഉള്ളവരോട് വെളിപ്പെടുത്തിയത്. ജോലിക്കായി ദീപ കൈമാറിയ 15 ലക്ഷത്തിൽ പത്തും കുരിശിങ്കൽ ഫിലിംസ് എന്ന അക്കൗണ്ടിലേക്കാണ് പോയത്. ഇതാകട്ടെ തന്റെ അമ്മാവന്റേതു ആണെന്നാണ് പ്രതിദ പറയുന്നത്. അമ്മാവന് റിക്രൂട്മെന്റുമായി ബന്ധം ഇല്ലെന്നു ഇരിക്കെ ആ പണം പ്രതിദക്ക് ഉള്ളതാണെന്ന് വ്യക്തം. എന്നാൽ ദുബായ് വനിതാ വാങ്ങിയ പണം ഗോകുൽനാഥിന് കൂടി വേണ്ടിയായിരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. ഇരുവരും ചേർന്നാകും സിംബാബ്വെ ദമ്പതികൾക്ക് ഉള്ള വിഹിതം നല്കിയിരിക്കുക. കുട്ടികൾക്കടക്കം ടിക്കറ്റും ചേർത്ത് ആകെ 17 ലക്ഷം രൂപയാണ് ദീപ മുടക്കിയത്.
യുകെയിൽ എത്തിയ ശേഷം കാര്യങ്ങൾ ഏറെക്കുറെ പിടികിട്ടിയപ്പോൾ ഭർത്താവും കുട്ടികളും നാട്ടിലേക്ക് മടങ്ങിയിരുന്നു. വീണ്ടും മടങ്ങി എത്തിയ ഭർത്താവ് ആമസോണിൽ താൽക്കാലിക ജോലി കണ്ടെത്തിയാണ് ഭക്ഷണത്തിനു ഉള്ള വരുമാനം കണ്ടെത്തിയിരുന്നത്. നാട്ടിൽ സ്വകാര്യ ബാങ്കിൽ 45000 രൂപ ശമ്പളവും ആനുകൂല്യമടക്കം ഒരു ലക്ഷം രൂപയോളം വരുമാനവും ഉണ്ടായിരുന്ന ദീപയെ അയൽവസിയായ യുവാവാണ് തട്ടിപ്പുകാർക്ക് പരിചയപ്പെടുത്തുന്നത്. പിന്നീട് പ്രഥിത നാട്ടിൽ നേരിട്ടെത്തിയാണ് ഇന്റർവ്യൂ നടത്തിയത്. മാസം 2500 പൗണ്ട് ശമ്പളം, കമ്പനി കാർ എന്നൊക്കെ പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല എന്നും ദീപ പറയുന്നു. ഭർത്താവ് കൂടി ജോലി ചെയ്താൽ കയ്യിൽ കിട്ടുന്ന ശമ്പളം 5000 പൗണ്ട് ആയില്ലേ എന്ന പ്രതിദയുടെ സമർഥമായ ചോദ്യത്തിൽ വീണു പോകുക ആയിരുന്നു ദീപയും കുടുംബവും.
എന്നാൽ യുകെയിൽ എത്തി മൂന്നു മാസം കഴിഞ്ഞിട്ടും ആയിരം പൗണ്ട് പോലും തികച്ചു കാണാൻ ദീപയ്ക്ക് കഴിഞില്ല. ഇതിനിടയിൽ കമ്പനി തയാറാക്കി കൊടുത്ത വാടക വീടിന്റെ ഉടമ ശല്യം ചെയ്തു തുടങ്ങി. ഈ ഘട്ടത്തിൽ രാജി വച്ചാൽ ജോലി ചെയ്ത വകയിൽ നൽകാനുള്ള പണമെല്ലാം മടക്കി നൽകാം എന്ന തന്ത്രത്തിൽ ദീപ വീഴുക ആയിരുന്നു. ഏജൻസിക്കാരുടെ വാക്ക് കേട്ട് രാജിവച്ച ദീപയ്ക്ക് പത്തു പൈസ നല്കാൻ കമ്പനി തയ്യാറായില്ല. കെയറർ ആയി എത്തിയ പ്രഥിത സിംബാബ്വെ ദമ്പതികളുടെ വലംകൈ ആയതോടെ ഇപ്പോൾ കമ്പനിയുടെ എച്ആർ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ഗോകുൽനാഥിനും കമ്പനിക്കും തമ്മിൽ നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്താതെ വരേണ്ടതുണ്ട്.
ജീവിതത്തിലെ ഏറ്റവും മോശവും ദുർഘടവുമായ സമയം പിന്നിട്ടാണ് ഇന്ന് ദീപ നാട്ടിൽ എത്തുന്നത്. ഇന്നലെ അർദ്ധ രാത്രി നാലു മണിക്കൂറോളം വൈകി എയർ ഇന്ത്യ വിമാനം പുറപ്പെടും വരെ ദീപ കാര്യങ്ങൾ ബ്രിട്ടീഷ് മലയാളിയെ ധരിപ്പിക്കയും ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്തു അടക്കമുള്ള വകുപ്പുകൾ ചേർത്ത് കോടതിയെ നേരിട്ട് സമീപിക്കാനുള്ള സാധ്യതയും തേടുന്നുണ്ട്. പ്രതി സ്ഥാനത്തുള്ളവർ രണ്ടു വ്യത്യസ്ത രാജ്യങ്ങളിൽ കഴിയുന്നതിനാൽ ഇവരെ നാട്ടിലെത്തിക്കാൻ പാസ്പോർട് കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോടതി സഹായം തേടാനായേക്കും.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.