- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമം കടുപ്പിച്ചപ്പോൾ ആർക്കും ബ്രിട്ടൻ വേണ്ടാതായി
ലണ്ടൻ: വിദേശ വിദ്യാർത്ഥികളിൽ ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും യുകെയിൽ എത്തിയവർ പഠിക്കാനല്ല, കുടിയേറാനാണ് വിദ്യാർത്ഥി വിസ ഉപയോഗിച്ചത് എന്ന ആരോപണം ശരിവച്ച് ഈ വർഷത്തെ ആദ്യ പ്രവേശനം പൂർത്തിയായപ്പോൾ പുറത്തു വന്ന കണക്കുകളിൽ വമ്പൻ ഇടിവിന്റെ സൂചനകൾ. ഏകദേശം മൂന്നിൽ ഒന്ന് വിദ്യാർത്ഥികൾ ബ്രിട്ടൻ നിയമം കടുപ്പിച്ചപ്പോൾ പിൻവാങ്ങി എന്ന സൂചനയാണ് 60 യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നത്. ഇനിയും ഇതിൽ അധികം യൂണിവേഴ്‌സിറ്റികളുടെ കണക്ക് പുറത്തു വരാനിരിക്കെ വിദേശ വിദ്യാർത്ഥികൾ ഏറെക്കുറെ ബ്രിട്ടനോട് വിട പറഞ്ഞ വർഷമായി 2024 വിലയിരുത്തപ്പെട്ടേക്കും.
വിദ്യാർത്ഥികൾ മാറി നിൽക്കുന്നത് ഗുണവും ദോഷവും ഉണ്ടെങ്കിലും ബ്രിട്ടീഷ് സർക്കാർ ഇപ്പോൾ ഗുണ വശങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പ് വർഷത്തിൽ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത്. എന്നാൽ വരുമാനത്തിൽ ഇടിവ് വന്ന സ്വകാര്യ പങ്കാളിത്തമുള്ള യൂണിവേഴ്‌സിറ്റികൾ ആകട്ടെ ദോഷ വശം ഉയർത്തിക്കാട്ടാൻ ഇപ്പോൾ തന്നെ മാധ്യമ സഹായം തേടി തുടങ്ങിയിരിക്കുകയാണ്. എന്നാൽ ഇതുകൊണ്ടൊന്നും സർക്കാർ ഉടനെയൊന്നും എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ട് വലിയും എന്ന പ്രതീക്ഷയുമില്ല.
വിസ ചാർജുകൾ വർധിപ്പിച്ച നടപടി പോലും വിദ്യാർത്ഥികളെ പിന്നോക്കം വലിക്കുന്നു എന്നാണ് യൂണിവേഴ്‌സിറ്റികൾ ചൂണ്ടിക്കാട്ടുന്നത്. ആശ്രിത വിസയുടെ കാര്യത്തിൽ ഉണ്ടായ തിരിച്ചടിക്കൊപ്പം അപേക്ഷ ഫീസും യുകെയിലെ ജീവിത ചിലവും ഒക്കെ ഇപ്പോൾ വിദ്യാർത്ഥികളെ പലവട്ടം ചിന്തിപ്പിക്കുന്ന കാര്യങ്ങളാണ്. മുൻ വർഷങ്ങളിൽ വന്നവർ വെറും കയ്യോടെ തിരിച്ചെത്തിയതും യുകെയിൽ പഠിക്കാൻ എത്തി എന്ന ഒറ്റക്കാരണം കൊണ്ട് ആത്മഹത്യ ചെയേണ്ടി വന്ന അപൂർവ്വം വിദ്യാർത്ഥികളുടെ അനുഭവങ്ങളും ഒക്കെ നേരിട്ടും അല്ലാതെയും വിദ്യാർത്ഥികളുടെ ഒഴുക്കിനെ തടയുന്ന കാരണങ്ങൾ തന്നെയാണ്.
നിലവിൽ ഉള്ള കർശന നടപടികൾ തന്നെ വിദ്യാർത്ഥികളുടെ എണ്ണം ഭീതിതമായ തരത്തിൽ കുറയ്ക്കും എന്ന വസ്തുത നിലനിൽക്കെ കൂടുതൽ നിയന്ത്രണം വന്നാൽ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികൾ നിലനിൽക്കാൻ പ്രയാസപ്പെടും എന്ന മുന്നറിയിപ്പും യൂണിവേഴ്‌സിറ്റികൾ സർക്കാരിന് നൽകുകയാണ്. അടുത്ത ബുധനാഴ്ച അവതരിപ്പിക്കുന്ന ബജറ്റിൽ കുടിയേറ്റ കാര്യത്തിൽ കൂടുതൽ കർക്കശ നിലപാടുകൾ ഉണ്ടാകും എന്ന് ബ്രിട്ടീഷ് മലയാളി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നതും ഇതിനോട് കൂട്ടിവായിക്കണം. ഈ വിഷയം തിരഞ്ഞെടുപ്പിൽ പാർട്ടികൾ മുഖ്യ ചർച്ചക്ക് എടുക്കണം എന്നാണ് ഇപ്പോൾ യൂണിവേഴ്‌സിറ്റികൾ ആവശ്യപ്പെടുന്നത്. രാജ്യത്തിന് കിട്ടുന്ന വരുമാനം ഇല്ലാതാക്കുന്ന ഏർപ്പാടാണ് സർക്കാർ ചെയ്തിരിക്കുന്നതെന്നും യൂണിവേഴ്‌സിറ്റികൾ ആരോപിക്കുന്നു.
ജനുവരി ഇൻ ടേക്കിൽ തന്നെ മൂന്നിൽ ഒന്നു വിദ്യാർത്ഥികൾ ഇല്ലാതായി എന്നാണ് ഇപ്പോൾ യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത്. എന്നാൽ കനത്ത തോതിൽ വരുമാന നഷ്ടം ഉണ്ടായവരുടെ നിരാശയാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. ഈ കണക്കുകൾ പെരുപ്പിച്ചു കാണിക്കുന്നതാണോ എന്ന സംശയവും ഇതിനകം ഉയർന്നിട്ടുണ്ട്. ബ്രിട്ടനിലെ വിദ്യാർത്ഥികൾ നൽകുന്നതിന്റെ മൂന്നിരട്ടി വരെ വിദേശ വിദ്യാർത്ഥികളിൽ നിന്നും വാങ്ങാൻ ശ്രമിച്ചിരുന്ന യൂണിവേഴ്സിറ്റികൾക്ക് ഈ വിദ്യാർത്ഥികൾ വെറും കറവപ്പശുക്കൾ മാത്രം ആയിരുന്നു. യൂണിവേഴ്സിറ്റികൾക്ക് ഇത്തരത്തിൽ വിദ്യാർത്ഥികളെ സപ്ലൈ ചെയ്യാൻ കേരളത്തിൽ അടക്കം സജീവമായി രംഗത്ത് ഉണ്ടായിരുന്നത് നൂറു കണക്കിന് സ്വകാര്യ ഏജൻസികളാണ്. ഒരു വിദ്യാർത്ഥിയെ നൽകുമ്പോൾ ആദ്യ വർഷത്തെ ഫീസിൽ നിന്നും തന്നെ ഏഴു ലക്ഷം രൂപയോളം ഏജൻസികൾക്ക് നൽകിയ യൂണിവേഴ്സിറ്റികളുമുണ്ട്.
ആർക്കും വേണ്ടാത്ത, ഗുണ നിലവാരം ഇല്ലാത്ത കോഴ്‌സിലേക്ക് വിദ്യാർത്ഥികളെ സപ്ലൈ ചെയ്ത എജൻസികൾക്കാണ് ഈ കൊയ്ത്ത് കിട്ടിയത്. മികച്ച യൂണിവേഴ്‌സിറ്റികൾ ഏജൻസികൾക്ക് നൽകുന്ന കമ്മീഷൻ വലുത് അല്ലാത്തതിനാൽ മലയാളി വിദ്യാർത്ഥികൾക്ക് ഏജൻസികൾ ശുപാർശ ചെയ്തതും ഗ്രേഡിൽ പിന്നോക്കം നിൽക്കുന്ന യൂണിവേഴ്സിറ്റികളെയാണ്. അതിനാൽ ലൂട്ടൻ, ബെഡ്ഫോർഡ്, ലെസ്റ്റർ, ഹേർട്ഫോർഡ്ഷയർ, കിങ്സ്റ്റൻ, ഗ്രീൻവിച്ച് തുടങ്ങിയ യൂണിവേഴ്‌സിറ്റികൾ മലയാളി വിദ്യാർത്ഥികളുടെ ചേരികൾ ആയി പരിണമിക്കുക ആയിരുന്നു.
ഒരു പ്രയോജനവും ഇല്ലാത്ത നൂറുകണക്കിന് കോഴ്‌സുകളാണ് ഇങ്ങനെ മലയാളി വിദ്യാർത്ഥികൾ തിക്കി തിരക്കി എത്തിയത്. പഠിക്കാൻ ഉള്ള കോഴ്‌സിന്റെ മേന്മ നോക്കുന്നതിനേക്കാൾ എവിടെയാണ് വാടക കുറവ്, എവിടെയാണ് ജീവിത ചെലവ് കുറവ്, എവിടെയാണ് പാർട്ട് ടൈം ജോലി കിട്ടാൻ സാധ്യത എന്ന കാര്യങ്ങൾക്ക് ആണ് ഏജൻസികളും വിദ്യാർത്ഥികളും മുൻഗണന നൽകിയത്.
ലക്ഷക്കണക്കിന് രൂപ യൂണിവേഴ്സിറ്റികൾക്ക് നൽകിയപ്പോൾ ആ പണം ജീവിതത്തിൽ ഒരു പ്രയോജനവും തിരിച്ചു നൽകില്ല എന്ന് മിക്ക വിദ്യാർത്ഥികളും കരുതിയതുമില്ല. ഇക്കാര്യം മനപ്പൂർവം ഒരു വിദ്യാർത്ഥിയും സെമിനാറുകളിൽ ഉയർത്താതിരിക്കാനുള്ള ജാഗ്രതയും ലാഭം മാത്രം കൊയ്യാൻ ഇറങ്ങിയ സ്വകാര്യ ഉപദേശകരായി നടിച്ച ഏജൻസികളും കാട്ടിയതോടെ അനേകായിരങ്ങളാണ് ഇപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ബ്രിട്ടനിൽ നരക യാതന അനുഭവിക്കുന്നത്. വിദ്യാർത്ഥി വിസയിലൂടെ ഇത്തരം ദുരുപയോഗമാണ് നടന്നത് എന്നറിഞ്ഞ ബ്രിട്ടീഷ് സർക്കാർ വേഗത്തിൽ നടപടികളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതോടെ ഏതാനും വർഷമായി കോടികളുടെ കൊയ്ത്തു നടത്തിയ കേരളത്തിലെ സ്വകാര്യ ഏജൻസികൾക്ക് ഇപ്പോൾ നിരാശാകാലമാണ് മുന്നിൽ ഉള്ളത്.
മലയാളികളെ പിന്നോക്കം വലിക്കുന്നത് പോസ്റ്റ് സ്റ്റഡി വിസയിലെ ഉറപ്പില്ലായ്മ
പ്രധാനമായും വിദേശ വിദ്യാർത്ഥികൾക്ക് ആശ്രിത വിസ അനുവദിക്കേണ്ട എന്ന തീരുമാനമാണ് ഗ്രാജുവേറ്റ് റൂട്ടിൽ എത്തിയ വിദ്യാർത്ഥികളെ പിന്നോക്കം പിടിച്ചു വലിച്ചത്. എങ്ങനെയും യുകെയിൽ എത്തി കെയർ ജോലിക്കുള്ള വിസ സംഘടിപ്പിച്ചു യുകെയിൽ സ്ഥിരമായി തങ്ങാം എന്ന വഴി ആയിരങ്ങൾ തിരഞ്ഞെടുത്തപ്പോൾ അപകടം മണത്ത സർക്കാർ കുടുംബവുമായി എത്തുന്നവരെ തടയാൻ തന്നെ ആയിരുന്നു ആദ്യമായി തീരുമാനിച്ചത്.
എന്നാൽ കടുത്ത തീരുമാനമാവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അർഹതയുള്ള വിദ്യാർത്ഥികളെയും ഈ തീരുമാനങ്ങൾ നിരാശപ്പെടുത്തുകയാണ്. അനേകായിരങ്ങൾ ഒറ്റയടിക്ക് വന്നതോടെ പാർട്ട് ടൈം ജോലി ചെയ്തു പഠന ആവശ്യത്തിനുള്ള പണം കണ്ടെത്താം എന്ന പ്രതീക്ഷയും പൊലിഞ്ഞതോടെ സാധാരണ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മുൻപിൽ ബ്രിട്ടൻ ഒരു മരീചിക ആയി മാറുകയാണ്.
ഇതോടൊപ്പം പഠനം കഴിഞ്ഞു രണ്ടു വർഷം ജോലി കണ്ടുപിടിക്കാൻ ഉള്ള സാവകാശം നൽകുന്ന പോസ്റ്റ് സ്റ്റഡി വിസയുടെ കാര്യത്തിലും സർക്കാർ കടും വെട്ടിനു തയ്യാറെടുക്കുകയാണ് എന്ന വിവരവും പുറത്തു വരുന്നുണ്ട്. രണ്ടു വർഷം എന്നത് ആറുമാസമായി മാറ്റണം എന്നാണ് സർക്കാരിന് മുന്നിൽ എത്തിയ ശുപാർശ. എന്നാൽ ഈ വിഷയം ഇപ്പോൾ സർക്കാർ കുടിയേറ്റ നിരീക്ഷക സമിതിക്ക് വിട്ടിരിക്കുകയാണ്. സമിതിയാകട്ടെ ഡിസംബർ വരെ കാലാവധിയും ചോദിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ എന്താകും തീരുമാനം എന്നറിയാതെ വന്നാൽ ആറു മാസത്തിനുള്ളിൽ ജോലി കണ്ടെത്തുക എന്ന ഭീകര ശ്രമത്തിൽ കാലിടറി വീഴുമോ എന്ന ഭയമാണ് ഇപ്പോൾ മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളെ പിന്നോക്കം വലിക്കുന്നത്.