തിരുവനന്തപുരം: കേരളത്തിലെ വ്യവസായ മേഖലയെ വളര്‍ത്താന്‍ വിദേശനിക്ഷേപം തേടി മന്ത്രിമാരുടെ സംഘം വിദേശയാത്രകള്‍ തരപ്പെടുത്തുമ്പോള്‍ സാധാരണക്കാരുടെ ചെറുകിട സംരഭങ്ങള്‍ പോലും പൂട്ടിക്കെട്ടിക്കാന്‍ തുനിഞ്ഞിറങ്ങുകയാണ് പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കള്‍. സ്വകാര്യ ബസ് സംരഭങ്ങളടക്കം നേരിടുന്ന പ്രതിസന്ധികള്‍ തന്നെ ഉദാഹരണം. അതിനിടെ കോന്നിക്ക് സമീപമുള്ള തണ്ണിത്തോടിലെ ഒരു പെട്രോള്‍ പമ്പ് പൂട്ടിക്കാന്‍ ലക്ഷ്യമിട്ട് സിപിഎമ്മിലെ ഏതാനും നേതാക്കള്‍ നടത്തിയ ഗൂഢനീക്കങ്ങള്‍ക്ക് എതിരെ പരസ്യമായി പ്രതികരിച്ച് പമ്പ് ഉടമ രംഗത്ത് വന്നത് സാമൂഹ്യ മാധ്യമങ്ങളിലടക്കം ശ്രദ്ധനേടിയിരുന്നു. തന്റെ സംരഭത്തിനെതിരെ കഴിഞ്ഞ മൂന്നര വര്‍ഷമായി പാര്‍ട്ടിയിലെ ഏതാനും നേതാക്കള്‍ നടത്തുന്ന അപവാദ പ്രചരണവും സ്ഥാപനം പൂട്ടിക്കാനുള്ള നീക്കങ്ങളുമാണ് പമ്പ് ഉടമയായ വിവേക് തുറന്നു പറഞ്ഞത്. ഇത്തരക്കാര്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്നും നിയമ പോരാട്ടത്തിന് താന്‍ ഒരുങ്ങുകയാണെന്നും നാട്ടിലെ ഒരു വ്യക്തിക്കും തന്റെ അനുഭവം ഉണ്ടാകാതിരിക്കാനാണ് നിയമ പോരാട്ടത്തിന് ഇറങ്ങുന്നതെന്നും വിവേക് തുറന്നു പറയുന്നു.


വ്യവസായം വളര്‍ത്താന്‍ മന്ത്രി വിദേശത്ത്

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിലേക്ക് കോട്ടും സ്യൂട്ടുമിട്ട് പോയിരിക്കുകയാണ് വ്യവസായ മന്ത്രി പി രാജീവ്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകും കെഎസ്‌ഐഡിസിയുടെ ചെയര്‍മാന്‍ മുതല്‍ ക്ലര്‍ക്ക് വരെയുള്ളവര്‍ ഒപ്പമുണ്ട്. പത്ത് കോടി രൂപയാണ് ഇതിനായി ഖജനാവില്‍ നിന്നും ചെലവിടുന്നത്. പത്ത് കോടി മുടക്കി ദാവോസിലെ യോഗത്തില്‍ പങ്കെടുത്താല്‍ കേരളത്തില്‍ വ്യവസായം വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒട്ടേറെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിദേശ നിക്ഷേപത്തിനായി ശ്രമം നടത്തിയിരുന്നു. ഏതെങ്കിലും വ്യവസായ സംരഭം അതിലൂടെ വന്നിട്ടുണ്ടോ? അതിന് വേണ്ടി നടത്തിയ യാത്രയ്ക്ക് മുടക്കിയ മുതലെങ്കിലും തിരിച്ചുകിട്ടിയിട്ടുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

വ്യവസായവും ലാഭവും മുതലാളത്തിന്റെ ഭാഗമെന്ന് വിശ്വസിക്കുന്ന മന്ത്രി എന്തിനാണ് വ്യവസായം കൊണ്ടുവരാന്‍ വിദേശത്ത് പോകുന്നതെന്ന ചോദ്യവുമുണ്ട്. വാസ്തവത്തില്‍ ഈ മന്ത്രി വ്യവസായത്തിനും ലാഭത്തിനും എതിരാണ്. സാര്‍വത്രിക വിദ്യാഭ്യാസത്തിന് എതിരാണ്. മുതലാളിമാര്‍ ബൂര്‍ഷ്വകളാണ്. തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പ്രസംഗിക്കുന്ന ആളാണ്. മന്ത്രി ദാവോസിലേക്ക് ദൂര്‍ത്തടിക്കാന്‍ പോകുമ്പോള്‍ ഇവിടെ ഈ നാട്ടില്‍ ഒരു വ്യവസായവും കച്ചവടവും നടക്കരുത് എന്നാണ് സഖാക്കള്‍ക്ക് നിര്‍ബന്ധമുള്ളത്. പത്ത് പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുന്ന വ്യവസായ സംരഭങ്ങള്‍ എങ്ങനെ പൂട്ടിക്കാം എന്നാണ് ഇവര്‍ ഗവേഷണം നടത്തുന്നത്. ഇവിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്വകാര്യ ബസുകളാണ്. സ്വകാര്യ ബസ് സര്‍വീസുകള്‍ പൂട്ടിച്ച് കെഎസ്ആര്‍ടിസിയിലെ താപ്പാനകള്‍ക്ക് ചിലവിനുള്ളത് ഉണ്ടാക്കാനാണ് ശ്രമം. അമ്പത് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പച്ചക്കറികടകളും ബാര്‍ബര്‍ ഷോപ്പുകളും വരെ ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സംരഭങ്ങളാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടക്കുന്നു.


പൂട്ടിക്കാന്‍ കുട്ടിസഖാക്കള്‍

കഴിഞ്ഞ ഏതാനും നാളുകളായി പത്തനംതിട്ടയിലെ ഒരു പാര്‍ട്ടി ഗ്രാമത്തില്‍ നടന്നുവരുന്നതും ഇതുപോലെയൊരു പൂട്ടിക്കല്‍ നാടകമാണ്. തണ്ണിത്തോട് എന്ന് പറയുന്ന സിപിഎമ്മിന് ഏറ്റവും സ്വാധീനമുള്ള കോന്നി നിയോജക മണ്ഡലത്തില്‍പെടുന്ന സ്ഥലമാണ്. ഒറ്റപ്പെട്ട ഒരു സ്ഥലമാണിത്. തണ്ണിത്തോട് ചെന്നിട്ടുവേണം കാട്ടിലൂടെ ചിറ്റാറിലേക്ക് പോകാന്‍. ശബരിമലയ്ക്ക് സമീപമുള്ള സ്ഥലമാണിത്. സിപിഎമ്മിന് വലിയസ്വാധീനമുള്ള സ്ഥലമാണിത്.

തണ്ണിത്തോട്ടിലെ അഭിമാനമെന്ന പറയാവുന്ന, മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ സ്ഥാപനമാണ് പെട്രോള്‍ പമ്പ്. വിവേക് എന്ന് പേരുള്ള ചെറുപ്പക്കാരന്റെ സംരഭമാണിത്. പെട്രോള്‍ പമ്പ് തുടങ്ങാന്‍ ഒരു പാട് അനുമതികള്‍ ഒക്കെ വേണ്ടതാണ്. ഒട്ടേറെ കടമ്പകള്‍ മറികടന്ന്, പണം ചെലവിട്ടാണ് ഈ പെട്രോള്‍ പമ്പ് തുടങ്ങിയത്. ഈ പമ്പ് സമീപ പ്രദേശത്തെ ഒട്ടേറെ പേര്‍ക്ക് സഹായമാണ്. ബൈക്കുകളും ഓട്ടോകളുമടക്കമുള്ള സമീപ വാസികള്‍ കൂടുതലും ആശ്രയിക്കുന്നത് ഈ പമ്പിനെയാണ്.

ഒരു പറ്റം സിപിഎം നേതാക്കള്‍ക്ക് ഈ പമ്പ് നടന്നുപോകുന്നതില്‍ കടുത്ത പ്രതിഷേധമാണ് ഉള്ളത്. ചോദിക്കുമ്പോഴൊക്കെ പിരിവ് കൊടുക്കുന്നില്ല, ഇവരുടെ ചില സാമ്പത്തിക ഇടപാടുകള്‍ക്ക് കൂട്ടുപിടിക്കുന്നില്ല, അതുകൊണ്ട് ഇത് പൂട്ടിക്കാന്‍ തീരുമാനിക്കുന്നു. കഴിഞ്ഞ കുറെ കാലമായി ഉപദ്രവമാണ്.

ദേശാഭിമാനിയില്‍ വാര്‍ത്ത കൊടുപ്പിക്കും, കൊടിപിടിക്കും, വ്യാജ ഇന്ധനമാണെന്ന് പ്രചരിപ്പിക്കും, ഉപദ്രവിക്കാവുന്നതെല്ലാം ചെയ്തു. അതിനിടെ ഓട നിര്‍മ്മാണത്തിന്റെ മറവില്‍ പമ്പ് പൂട്ടിക്കാനുള്ള ശ്രമവും നടന്നു. ഓട നിര്‍മ്മാണത്തിന് പിന്നിലെ ലക്ഷ്യം പോലും പമ്പിന്റെ ബോര്‍ഡ് അഴിച്ചു മാറ്റിക്കാന്‍ വേണ്ടിയായിരുന്നു. ബോര്‍ഡ് വച്ചിരിക്കുന്നത് റോഡിലാണെന്നാണ് ആ സഖാക്കള്‍ പറയുന്നത്.

ഓട നിര്‍മ്മിക്കാനെന്ന മറവില്‍ റോഡരുകില്‍ കുഴിയെടുക്കുന്നതിലൂടെ പമ്പിലേക്ക് വാഹനങ്ങള്‍ക്ക് കയറാന്‍ കഴിയാതെ വരുന്ന സാഹചര്യമാണ്. ഈ സംഭവത്തോടെ പമ്പ് ഉടമയായ ദീപക് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരു ശബ്ദ സന്ദേശം പങ്കുവച്ചു.

''പ്രിയപ്പെട്ട ഈ ഗ്രൂപ്പിലെ അംഗങ്ങളെ, ഞാന്‍ ദീപകാണ്. ദക്ഷിണ ഫ്യുവല്‍സിന്റെ ഓണര്‍, ഞാന്‍ ഈ ഗ്രൂപ്പില്‍ എന്തെങ്കിലും ഷെയര്‍ ചെയ്യാന്‍ ഇതുവരെ വന്നിട്ടില്ല. കഴിഞ്ഞ മൂന്നര വര്‍ഷമായി ആ സ്ഥാപനം കൊണ്ട് ഇരിക്കുകയാണ്. ഈ നാട്ടിലെ എല്ലാവരും എന്നെ പിന്തുണച്ചിട്ടുണ്ട്. ഡീസല്‍ ഇല്ലാതെ വന്ന സാഹചര്യങ്ങളുണ്ട്.അത് മനപൂര്‍വമല്ല, കൊച്ചിയില്‍ നിന്നാണ് ഇന്ധനം എത്തേണ്ടത്. ചില സമയത്ത് ലോഡ് ബുക്ക് ചെയ്താലും കിട്ടാന്‍ വൈകാറുണ്ട്. അതുകൊണ്ടാണ്.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്ന് മനപൂര്‍വം ആക്രമിക്കുന്ന രണ്ട് മൂന്ന് വ്യക്തികള്‍. ഒരു പാര്‍ട്ടിയുടെ ലേബലിലാണ്. ഇവരുടെ പ്രധാന അജണ്ട ഈ സ്ഥാപനം പൂട്ടിക്കെട്ടണം എന്നതാണ്. നിങ്ങള്‍ക്ക് തന്നെയറിയാം ആ വ്യക്തികള്‍ ആരൊക്കെയാണ് എന്നത്. കഴിഞ്ഞ മൂന്നര വര്‍ഷമായി സാമൂഹ്യ മാധ്യമങ്ങളിലൂടെയും പാര്‍ട്ടി പത്രത്തില്‍ വരെ സ്ഥാപനത്തിന്റെ പേര് പറഞ്ഞ് വാര്‍ത്ത കൊടുത്തിട്ടും മിണ്ടാതിരുന്നത്, ഇവനെയൊന്നും ഒരു കാര്യത്തിലും വകവയ്ക്കാതെ ഇരുന്നതുകൊണ്ടാണ്. ഞാന്‍ ആരെയും ദ്രോഹിക്കാത്ത ആളാണ്. പക്ഷെ ഈ ദ്രോഹം പരിധി വിട്ടിരിക്കുകയാണ്. അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് പറയില്ലെ, ഇപ്പോള്‍ നടക്കുന്ന ഈ ഓട നിര്‍മ്മാണം എന്തിന്റെ പേരിലാണ് വന്നതെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ഈ ഓട നിര്‍മ്മാണം ആരംഭിച്ചത് തന്നെ ഞങ്ങളുടെ സൈന്‍ ബോര്‍ഡ് ഇളക്കാന്‍ വേണ്ടിയാണ്. പാര്‍ട്ടിയിലുള്ള എല്ലാവരുമല്ല, രണ്ട് മൂന്ന് വ്യക്തികളാണ് ഈ നീക്കത്തിന് പിന്നില്‍. ബാക്കി എല്ലാവരും ഞങ്ങളെ സഹായിക്കുന്നവരാണ്. പിഡബ്ലുഡി ഡിപ്പാര്‍ട്ട്‌മെന്റിനെ കുറ്റപ്പെടുത്തുന്നില്ല. പെട്രോള്‍ പമ്പിന്റെ സൈന്‍ ബോര്‍ഡ് ഇരിക്കുന്നത് റോഡിലാണ്. അത് ഇളക്കണം എന്നാണ് ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഒട്ടേറെ അനുമതികളും കടമ്പകളുമുണ്ട് ഒരു പമ്പ് പ്രവര്‍ത്തനം തുടങ്ങാന്‍, റോഡില്‍ സൈന്‍ ബോര്‍ഡ് വച്ചാല്‍ പമ്പിന് അനുമതി കിട്ടുമോ? തണ്ണിത്തോട് പഞ്ചായത്തില്‍ നിന്നാണ് ഫൈനല്‍ അപ്രൂവല്‍ തരുന്നത്. റോഡില്‍ സൈന്‍ ബോര്‍ഡ് വച്ചാല്‍ അവര്‍ അനുമതി തരുമോ? ഇവരുടെ രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സൈന്‍ ബോര്‍ഡ് ഇളക്കാന്‍ ഞാന്‍ അനുവദിച്ച് കൊടുത്തില്ല. അതിന്റെ പേരിലാണ് ഇപ്പോഴത്തെ ഇഷ്യു നടക്കുന്നത്.

പെട്രോള്‍ പമ്പില്‍ വലിയ വാഹനങ്ങള്‍ വരുന്നതാണ്. ഓടയുടെ സ്ലാബ് ഇടുന്നത് അടക്കം ഞാന്‍ ഏറ്റെടുത്തിരുന്നു. മൂന്ന് ലക്ഷം രൂപയോളം അതിന് വേണ്ടി ചിലവായി. ഇപ്പോള്‍ ഈ പറയുന്ന മൂന്ന് നാല് വ്യക്തികള്‍ ഓടയുടെ പേരില്‍ ബുദ്ധിമുട്ടിച്ച്, പിഡബ്ലുഡി ഡിപ്പാര്‍ട്ട്‌മെന്റിനെ ഭീഷണിപ്പെടുത്തി സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. നിങ്ങള്‍ക്ക് അറിയാമല്ലോ, ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതിനുള്ള ബുദ്ധിമുട്ട്. ഇത്തരക്കാര്‍ക്ക് എതിരെ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. ഒറ്റപ്പെടുത്തണം.

ഈ നീക്കത്തിനെതിരെ നിയമ പോരാട്ടത്തിന് പോകുകയാണ്. നിങ്ങളുടെ പിന്തുണയുണ്ടാകണം. എനിക്ക് ഉണ്ടായതുപോലൊരു ബുദ്ധിമുട്ട് എന്റെ നാട്ടുകാര്‍ക്ക് ഉണ്ടാകരുത്. ഏതറ്റം വരെയും നിയമ പോരാട്ടവുമായി ഞാന്‍ പോകും. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് എതിരായല്ല, മറിച്ച് ഒരു വ്യവസായ സംരംഭത്തെ പൂട്ടിക്കാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്ക് എതിരെയാണ് പോരാട്ടം. പാര്‍ട്ടിയുടെ ലേബലില്‍ കളിക്കുന്ന രണ്ട് മൂന്ന് വ്യക്തികളാണ് ഈ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പിന്നില്‍. ആ സ്ഥാപനം വളര്‍ത്തിയെടുക്കാന്‍ എത്ര ലക്ഷം രൂപ ചിലവിടേണ്ടി വന്നെന്ന് എനിക്കും എന്റെ ഭാര്യക്കും അറിയാം. അത്രയ്ക്ക് ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. വളരെ വിഷമത്തോട് കൂടിയാണ് പറയുന്നത്. ഞാന്‍ ആരുടെ മുന്നിലും കാല് പിടിക്കാന്‍ പോകില്ല. നിയമത്തിന്റെ വഴിക്ക് പോരാട്ടത്തിന് ഇറങ്ങുകയാണ്. നിങ്ങള്‍ ജനങ്ങള്‍ ഇത്തരക്കാര്‍ക്ക് എതിരെ പ്രതികരിക്കണമെന്ന് പറയാന്‍ വേണ്ടിയാണ് ഞാന്‍ ഈ ലൈവില്‍ വന്നത്''.

വളരെ വികാരഭരിതനായാണ് അദ്ദേഹം പറയുന്നത്. പക്ഷെ അവിടെ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നില്ല. മറിച്ച് പാര്‍ട്ടിയുടെ മറവില്‍ ഒരു വിഭാഗം ആളുകള്‍ ഉപദ്രവിക്കുന്നുവെന്ന് തുറന്നു പറയുന്നു. നാട്ടുകാരെ വിളിച്ചുകൂട്ടിയും ഈ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം തുറന്നു പറയുകയുണ്ടായി.

''സിപിഎം എന്ന പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ല, ഈ നാട്ടിലെ സിഐടിയു ഓട്ടോ തൊഴിലാളി യൂണിയന്‍ അടക്കം ഞങ്ങളോട് സഹകരിക്കുന്നുണ്ട്. ഈ മൂന്ന് വ്യക്തികളാണ് കഴിഞ്ഞ മൂന്നര വര്‍ഷമായിട്ട് മനപൂര്‍വം ദ്രോഹിക്കുന്നത്''. പഴയ എല്‍ സി സെക്രട്ടറി പ്രവീണ്‍ പ്രസാദ്, അജേഷ്, ഇപ്പോഴത്തെ എല്‍ സി സെക്രട്ടറിയായ ബേബി സുഭാഷ് എന്നിവരാണ് തന്നെ ദ്രോഹിക്കുന്നതെന്നും പേരെടുത്ത് തുറന്നു പറയുന്നു.

''അവരുടെ ലക്ഷ്യം ഈ ബോര്‍ഡ് മാറ്റണം. ഈ സ്ഥാപനം പൂട്ടിക്കെട്ടണം. അവരുടെ ആഗ്രഹങ്ങള്‍ നടക്കാത്തതിന്റെ പേരിലാണ് ബുദ്ധിമുട്ടിക്കുന്നത്. ഞാന്‍ ആര്‍ക്കും വഴങ്ങി കൊടുക്കത്തില്ല, ഇത്രയും ഒരു സ്ഥാപനം ഉണ്ടാക്കാന്‍ എത്ര ലക്ഷം രൂപയാകും. ഇവന്മാരെ പോലെയുള്ള തെമ്മാടികളെ ഒറ്റപ്പെടുത്തണം ജനങ്ങള്‍. കൈ നനയാതെ മീന്‍ പിടിക്കുന്ന ഇവന്മാരെ നാട്ടിലിറങ്ങി നടക്കാന്‍ ജനങ്ങള്‍ സമ്മതിക്കരുത്. ഞാന്‍ പ്രതികരിക്കും. നാട്ടുകാരുടെ പിന്തുണ മതി എനിക്ക്. സിപിഎം എന്ന പാര്‍ട്ടി എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഈ മൂന്ന് വ്യക്തികളാണ് ദ്രോഹിക്കുന്നത്''

ഇപ്പോളും സ്‌റ്റോപ് മെമ്മോ തുടരുന്നു. പെട്രോള്‍ പമ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം. കൈക്കൂലി കിട്ടാത്തതുകൊണ്ട്. ഇതാണ് നമ്മുടെ നാട്ടിലെ വ്യാവസായിക അന്തരീക്ഷം. ഒരു പെട്രോള്‍ പമ്പ് പോലും നടത്താന്‍ സഖാക്കള്‍ അനുവദിക്കില്ല. അവര്‍ക്ക് കപ്പം കൊടുക്കണം. അല്ലെങ്കില്‍ നിങ്ങളെ പൂട്ടിക്കെട്ടും. മുതലാളിത്ത വിരുദ്ധ മനോഭാവത്തിന്റെ പ്രശ്‌നമാണിത്. ഈ നാട്ടിലെ സാധാരണ മനുഷ്യര്‍ സ്വന്തം കയ്യിലെ പണം മുടക്കി നടത്തുന്ന സംരഭങ്ങള്‍ മുന്നോട്ട് പോകാനുള്ള അന്തരീക്ഷമാണ് ഒരുക്കേണ്ടത്.