എടത്വ: ഭിന്നശേഷിക്കാരിയായ യുവതിയുടെ ചെറുകിട വ്യവസായത്തിന് ഷെഡ് നിര്‍മ്മിച്ചതില്‍ അപാകതകള്‍ ചൂണ്ടികാട്ടി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍. അപാകതകള്‍ പരിഹരിച്ച്് ഷെഡ് നിര്‍മ്മിച്ചിട്ടും അനാവശ്യമായ അപാകതകള്‍ ചൂണ്ടികാട്ടി അനുമതി വൈകിപ്പിക്കുന്നുവെന്ന് പരാതി. പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി മടുത്ത് മനംനൊന്ത് സംരഭകയും പിതാവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഷെഡ് പൊളിച്ചു മാറ്റാനുള്ള നീക്കത്തില്‍.

ആലപ്പുഴ ജില്ലയിലെ എടുത്വ മരിയാപുരം വടക്കേമുറി ജോണ്‍ ചാക്കോയുടെ മകളാണ് സംരംഭക. അന്‍പത് ശതമാനം ഡിസേബിലിറ്റിയുള്ള മകള്‍ വൈകല്യങ്ങളില്‍ തളരാതെ പിടിച്ചു നില്‍ക്കുന്നതിനായാണ് സ്വന്തമായി സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനായി വ്യവസായ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണ ലഭിച്ചു. പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയിലോ, ബ്ലോക്ക് പഞ്ചായത്ത് വഴിയോ സബ്സിഡി ലഭിക്കും. എന്നാല്‍ എടത്വ ഗ്രാമപഞ്ചായത്തിലെ ഓവര്‍സീയറുടെ പിടിവാശി മൂലം ആദ്യം മുതല്‍ തടസ്സം നേരിടുകയാണ്. ആറ് മാസം മുന്‍പ് 'എലിസബത്ത് ഫ്ളവര്‍ ആന്റ് ഓയില്‍ മില്‍ ആരംഭിക്കുന്നതിനായി കെട്ടിടം നിര്‍മ്മിച്ചു. ലൈസന്‍സും പെര്‍മിറ്റും അനുവദിക്കുന്നതിനായി ഓവര്‍സീയര്‍ പരിശോധനയ്ക്ക് വന്നപ്പോള്‍ പ്രശ്നങ്ങള്‍ തുടങ്ങി.

ഇവരുടെ വീടിന്റെ മതിലില്‍ നിന്നും കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നിടത്തേയ്ക്ക് 30 സെന്റിമീറ്റര്‍ ദൂരപരിധി ലംഘിച്ചിരിക്കുന്നതായി ആദ്യം ചൂണ്ടികാട്ടി. തുടര്‍ന്ന് ഉദ്യോഗസ്ഥയുടെ നിര്‍ദേശപ്രകാരം കെട്ടിടം പിന്നോട്ട് മാറ്റി പൊളിച്ചു പണിതു. രണ്ടാമത് വീടിനോട് ചേര്‍ന്ന് ദൂര പരിധി 20 സെന്റിമീറ്റര്‍ കുറവാണെന്ന് ചൂണ്ടികാട്ടിയതോടെ ഷെഡിന്റെ മറ്റൊരു വശവും പൊളിച്ച് നീക്കി പണിയേണ്ടി വന്നു. അതിനിടയില്‍ ഉയരം 10 അടിയില്‍ നിന്നും 12 അടി ഉയരത്തിലും നിര്‍മ്മിച്ച ശേഷം അനുമതിയ്ക്കായി ഓഫീസിലെത്തി. എന്നാല്‍ അടുത്ത പ്രശ്നം സംരംഭകയെ വീണ്ടും തളര്‍ത്തി.

പ്രളയത്തെ നേരിടുന്നതിനായി വീടിന് മുകളിലേയ്ക്ക് ഉയര്‍ത്തിയത് വിനയായി. ഇത്് അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞ ഉദ്യോഗസ്ഥ വീണ്ടും അനുമതി നിഷേധിച്ചു. വീടിന്റെ ഫിറ്റ്നസ് ഉള്‍പ്പെടെ ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥ കനിഞ്ഞില്ല. കുട്ടനാട്ടില്‍ ഒട്ടുമിക്ക വീടുകളിലും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഇത്തരത്തില്‍ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതായും പ്രളയത്തില്‍ നിന്നും കരകയറിയ ജനതയുടെ അതിജീവനത്തിന്റെ ഭാഗമായാണിതെന്നുമൊക്കെ ജനപ്രതിനിധികളും ഉദ്യോഗസ്ഥയെ ധരിപ്പിച്ചു. ഒടുവില്‍ അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് മാസങ്ങളോളം ദീര്‍ഘിപ്പിച്ച് സാമ്പത്തിക വര്‍ഷം അവസാനിച്ചെന്ന് പറഞ്ഞു.

മാര്‍ച്ച് മാസം പൂര്‍ത്തിയാകും മുന്‍പ് കെട്ടിടാനുമതി സംബന്ധിച്ച രേഖകള്‍ നല്‍കിയെങ്കിലെ സര്‍ക്കാര്‍ സബ്സിഡി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയുള്ളുവെന്ന് ജോണ്‍ ചാക്കോ പറഞ്ഞു.ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും 35 ശതമാനം സബ്സിഡി പ്രകാരം വനിതാ സംരംഭകര്‍ക്ക് തുക ലഭ്യമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ അപേക്ഷക ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് തുക അനുവദിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അധികൃതരും താല്‍പ്പര്യത്തിലാണ്. എന്നാല്‍ പഞ്ചായത്ത് ഓവര്‍സീയറിന്റെ അനുമതി ലഭിക്കാതെ വന്നതോടെ ആനുകൂല്യം നഷ്ടമാകുമെന്ന അവസ്ഥയിലായി. ഇതോടെയാണ് പദ്ധതി ഉപേക്ഷിച്ച് കെട്ടിടം പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്. ജോണ്‍ ചാക്കോയും എലിസബത്തും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമാണ്.

അന്‍പത് ശതമാനം ഡിസേബിലിറ്റിയാണ് എലിസബത്തിന്. മൂന്നാം വയസ്സില്‍ തലയില്‍ സര്‍ജറി കഴിഞ്ഞതാണ്. അതോടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. ഒരു കൈയ്ക്കും കാലിനും സ്വാധീനകുറവാണ്. സര്‍ജറിയോടെ സംസാരശേഷി നഷ്ടമായെങ്കിലും പിന്നീട ചികിത്സയിലൂടെ വീണ്ടെടുത്തു. ഇപ്പോള്‍ 26 വയസ്സായി. ചെറുപ്പത്തില്‍ തന്നെ ജീവന്‍ നഷ്ടമാകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും പ്രാര്‍ത്ഥനയുടെയും ചികിത്സയുടെയും ഫലമായി ഇതുവരെയെത്തി.

രോഗം തളര്‍ത്തിയെങ്കിലും മനസ്സ് തളരാതെ മുന്നേറുകയാണ് എലിസബത്ത്. അതിനിടയില്‍ ബികോം പഠനം പൂര്‍ത്തിയായി. കോവിഡ് കാലത്ത് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പി.എസ്.സി പരീക്ഷയും എഴുതിയിരുന്നു. സ്വന്തമായി ഒരു സംരംഭം തുടങ്ങി മാതൃകയാകാനാണ് എലിസബത്തിന്റെ ആഗ്രഹം. എന്നാല്‍ എല്ലാത്തിനും വിലങ്ങുതടിയായി മാറുകയാണ് നിയമങ്ങള്‍. എനിക്ക് ഇത് തുടങ്ങനാവുമോയെന്ന് അറിയില്ല. അച്ഛന്‍ ഇതിനായി ഒരുപാട് ഓടിയതാണ്. എന്നാല്‍ അവര്‍ അനുമതി നല്‍കിയില്ല. അച്ഛന്റെ വിഷമമാണ് എന്നെ ഇപ്പോള്‍ തളര്‍ത്തുന്നതെന്ന് എലിസബത്ത് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

സ്ഥലം വിറ്റും കടം വാങ്ങിയുമാണ് മകളുടെ ചികിത്സ നടത്തിയത്. മൂന്ന് മക്കളില്‍ ഇളയതാണ് എലിസബത്ത്. മറ്റ് രണ്ട് പേരെയും പഠിപ്പിച്ചു. അവര്‍ നല്‍കുന്ന പണമാണ് ഇപ്പോള്‍ കുടുംബത്തിന്റെ വരുമാനമെന്ന് ജോണ്‍ പറഞ്ഞു. കൂടാതെ കടബാധ്യതയുമുണ്ട്. 65 വയസ്സുള്ള തനിക്ക് എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാല്‍ ഭാര്യയും മകളും സുരക്ഷിതരാകാന്‍ വേണ്ടിയാണ് മകളുടെ പേരില്‍ തന്നെ ഫ്ളവര്‍ ആന്റ് ഓയില്‍ മില്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചത്.

കുടുംബത്തിന് ചെറിയൊരു വരുമാനവും ആകും. കൂടാതെ നാട്ടുകാര്‍ക്കും മില്‍ ഏറെ പ്രയോജനം ചെയ്യും. ഇവര്‍ താസിക്കുന്ന മരിയാപുരം മേഖല 2018 ല്‍ പ്രളയത്തില്‍ വെള്ളം കയറി എല്ലാം നശിച്ചിരുന്നു. ഞങ്ങളുടെ വീടും വെള്ളം കയറി നഷ്ടങ്ങള്‍ സംഭവിച്ചു. ഇനിയൊരു പ്രളയം ഉണ്ടായാല്‍ നേരിടുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം നിലയില്‍ സൗകര്യം ഒരുക്കിയത്. അത് ഇപ്പോള്‍ ഞങ്ങളുടെ ഉപജീവനമാര്‍ഗത്തിനായി ആരംഭിച്ച സംരംഭത്തിന് തടസ്സമായി മാറിയെന്ന് ജോണ്‍ വേദനയോടെ പറഞ്ഞു. ഏറെ ദുഖത്തിലായ ജോണിനെയും കുടുംബത്തെയും സഹായിക്കാന്‍ നാട്ടുകാരും കൂടെയുണ്ട്.