ലണ്ടന്‍: മാര്‍ച്ച് മൂന്നിന് ബ്രിട്ടന്‍ നല്‍കിയ പഹല്‍ഗാമിലെക്കുള്ള യാത്ര വിലക്ക് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗം അറിഞ്ഞില്ലെന്നത് ഞെട്ടിക്കുന്ന വിവരമായി മാറുകയാണ്. പുതുവെ പ്രശ്ന ബാധിത പ്രദേശങ്ങളിലേക്ക് അതാതിടത്തെ പ്രാദേശിക സംഭവങ്ങള്‍ വിലയിരുത്തിയാണ് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് സഞ്ചാരികളായ തങ്ങളുടെ പൗരന്മാര്‍ക്ക് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഇന്ത്യയില്‍ മണിപ്പൂരില്‍ 2023 മെയ് മുതല്‍ പ്രശ്നബാധിതം ആയതോടെ തുടര്‍ച്ചയായി ബ്രിട്ടന്‍ സഞ്ചാരികള്‍ക്ക് യാത്ര നിര്‍ദേശം നല്‍കുന്നതാണ്. ശബരിമല വിവാദ സമയത്തും കേരളം സന്ദര്‍ശിക്കുന്നതും സുരക്ഷിതം അല്ലെന്നു ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയതാണ് .ഇത്തരത്തില്‍ ഉള്ള വിലക്കുകള്‍ ബ്രിട്ടന്‍ സാധാരണമായി നല്‍കുന്നതിനാല്‍ ആയിരിക്കാം ഇത്തവണ മാര്‍ച്ച് മൂന്നിന് പഹല്‍ഗാമിനെ കുറിച്ച് ബ്രിട്ടന്‍ ആശങ്ക പങ്കുവച്ചപ്പോള്‍ ഇന്ത്യന്‍ നിരീക്ഷണ സേനയും ഇന്റലിജന്‍സ് വിഭാഗവും ഒക്കെ അതിനു വേണ്ടത്ര ശ്രദ്ധ നല്‍കാതെ പോയത്. മാത്രമല്ല അന്ന് തന്നെ മണിപ്പൂരിനെ കുറിച്ചും ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒരു പക്ഷെ തുടര്‍ച്ചയായി നല്‍കുന്ന മുന്നറിയിപ്പ് കൊണ്ടായിരിക്കണം പഹല്‍ഗാം സന്ദര്‍ശനം ഒഴിവാക്കണം എന്ന മട്ടില്‍ മാര്‍ച്ച് മൂന്നിന് ബ്രിട്ടന്‍ നല്‍കിയ മുന്നറിയിപ്പിന് ഇന്ത്യന്‍ സേന വിഭാഗങ്ങളും സുരക്ഷാ ഏജന്‍സികളും വേണ്ടത്ര ശ്രദ്ധ നല്‍കാതെ പോയത്. എന്നാല്‍ കൃത്യം ആറാഴ്ച പിന്നിട്ടപ്പോള്‍ ഏപ്രില്‍ 22 നു 26 മുസ്ലിം ഇതര പുരുഷന്മാരെ തെരഞ്ഞുപിടിച്ചു വെടിവച്ചു കൊന്ന പൈശാചിക തീവ്രവാദി ആക്രണമത്തിനു ശേഷം ലോകമെങ്ങും ചര്‍ച്ചയായത് ഇന്ത്യയുടെ സുരക്ഷാ പാളിച്ചകള്‍ തന്നെയാണ്. അതിര്‍ത്തി ഗ്രാമങ്ങള്‍ വേണ്ടത്ര സുരക്ഷാ കൂടാതെ പ്രാദേശിക സര്‍ക്കാര്‍ തുറന്നു കൊടുത്തതാണ് തീവ്രവാദികള്‍ക്ക് സഹായകം ആയതെന്നു കേന്ദ്ര സര്‍ക്കാര്‍ തടിതപ്പാന്‍ വാദിക്കുന്നുണ്ടെങ്കിലും ഇന്ത്യയ്ക്ക് വെളിയില്‍ എങ്കിലും കാശ്മീര്‍ ഏതു പാര്‍ട്ടിയാണ് ഭരിക്കുന്നത് എന്ന് നോക്കാതെ ഇന്ത്യയുടെ സുരക്ഷാ പാളിച്ചയായാണ് പഹല്‍ഗാം ആക്രമണം വിലയിരുത്തപ്പെടുന്നത്.

ഇപ്പോള്‍ പഹല്‍ഗാം ആക്രമണ ശേഷവും മുന്‍പ് നല്‍കിയ മുന്നറിയിപ്പ് ബ്രിട്ടന്‍ അതേവിധം തുടരുകയാണ്. കാശ്മീര്‍ താഴ്വര ഏറെനാളായി ശാന്തമായി തുടരുക ആണെങ്കിലും ഇന്ത്യയെയും ലോകത്തെയും ഞെട്ടിച്ച ആക്രമണത്തിന് ആറു ആഴ്ച മുന്‍പേ പഹല്‍ഗാമിന്റെ പേരെടുത്തു പറഞ്ഞു മുന്നറിയിപ് നല്കാന്‍ ബ്രിട്ടന് സാധിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സൈനിക രഹസ്യ കൈമാറ്റത്തില്‍ മാത്രമേ എന്തെങ്കിലും സൂചന ലഭിക്കാന്‍ ഇടയുള്ളൂ. സാധാരണ ഇത്തരം രഹസ്യങ്ങള്‍ പുറത്തു വരാറുമില്ല. അതല്ലെങ്കില്‍ ഏതെങ്കിലും സൈനിക മേധാവി ജോലിയില്‍ നിന്നും വിരമിച്ച ശേഷം പുസ്തകമോ മറ്റോ എഴുതുമ്പോള്‍ മാത്രമാണ് ഇത്തരം വിവരങ്ങളുടെ സൂചനകള്‍ പോലും പുറത്തു വരാറുള്ളൂ.

അതിനിടെ കാശ്മീരില്‍ നടന്ന ഞെട്ടിക്കുന്ന ആക്രമണ ശേഷവും എങ്ങനെയെങ്കിലും ഇന്ത്യയെ താറടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് അല്‍ ജസീറ പോലെയുള്ള ഇസ്ലാമിക പിന്തുണയുള്ള മാധ്യമങ്ങള്‍. കാശ്മീര്‍ താഴ്വര ശാന്തമാക്കി എന്ന മോദിയുടെ പ്രചാരണം ബലൂണ്‍ പൊട്ടും പോലെയായി എന്നാണ് കളിയാക്കലിന്റെ സ്വരത്തില്‍ ഇപ്പോള്‍ ഖത്തറില്‍ നിന്നും പുറത്തു വരുന്ന അല്‍ ജസീറ പറയുന്നത്. ഭീകര ആക്രമണത്തെ തള്ളിപ്പറയുന്നതിനു പകരം മോദി സര്‍ക്കാര്‍ പരാജയം ആണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയുടെ സ്വരത്തിലാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയുന്നത്. ഇന്ത്യയില്‍ ഭീകര വാദം മടങ്ങി എത്തി എന്ന് ലോകത്തെ അറിയിക്കുന്നതില്‍ അസാധാരണ ആവേശമാണ് അല്‍ ജസീറ പ്രകടിപിക്കുന്നത്. ഒരു പക്ഷെ യുദ്ധം ഉണ്ടായാല്‍ കടുത്ത ഇന്ത്യ വിരുദ്ധത റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായാല്‍ അതിനുള്ള സാധൂകരണം ഒരുക്കുക കൂടിയാണ് അല്‍ ജസീറയുടെ ഉന്നം എന്ന് വ്യക്തം.

അല്‍ ജസീറയ്ക്ക് പിന്നാലെ ബിബിസി നടത്തിയ മാധ്യമ കവറേജും വിവാദത്തിലേക്ക് നീങ്ങുകയാണ്. പല ഘട്ടങ്ങളിലും ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സഹകരണത്തില്‍ പ്രയാസം സൃഷ്ടിക്കാന്‍ ബിബിസി റിപ്പോര്‍ട്ടിങ് കാരണമായത് പോലെ ഒരിക്കല്‍ കൂടി ബിബിസി ഇന്ത്യയുടെ കണ്ണിലെ കരടാവുകയാണ്. ലോകം അപലപിച്ച കാശ്മീര്‍ താഴ്വര ആക്രമണത്തെ ബിബിസി നിസാരവല്‍ക്കരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് ഇന്ത്യയുടെ പരാതി. തീവ്രവാദികള്‍ എന്ന് ഉപയോഗിക്കുന്നതിനു പകരം കലാപകാരികള്‍ എന്നര്‍ത്ഥം വരുന്ന മിലിറ്റന്റ് എന്ന വാക്ക് ഉപയോഗിച്ചതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ഇക്കാര്യത്തില്‍ ബിബിസി ഇന്ത്യയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന നിലപാടിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ എപ്പോഴൊക്കെ ഉരസലുകള്‍ നടന്നിട്ടുണ്ടോ അപ്പോഴൊക്കെ പാകിസ്താന് വേണ്ടി ബിബിസി നടത്തുന്ന മൃദു സ്വരത്തിലുള്ള റിപ്പോര്‍ട്ടിങ് ഇന്ത്യ പലവട്ടം ബ്രിട്ടന്റെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ സംഭവിക്കുന്നത്.

ബ്രിട്ടന്‍ ഇക്കാര്യത്തില്‍ ബിബിസിക്ക് മേല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാറില്ല എന്നതും വാസ്തവമാണ്. അടുത്തിടെ ഗുജറാത്ത് കലാപം ചിത്രീകരിച്ച ഡോക്യൂമെന്ററി ബിബിസി സംപ്രേക്ഷണം ചെയ്തപ്പോഴും ഇത്തരത്തില്‍ ഇന്ത്യ കടുത്ത നിലപടിലേക്ക് നീങ്ങിയിരുന്നു. തുടര്‍ന്ന് ബിബിസി ഓഫിസില്‍ എത്തി ഇ ഡി നടത്തിയ റെയ്ഡ് വലിയ ഒച്ചപ്പാടിലാണ് അവസാനിച്ചത്. നികുതി വെട്ടിപ്പിനു ബിബിസിക്ക് പിഴ നല്‍കിയാണ് ഇന്ത്യ അന്ന് കണക്കു തീര്‍ത്തത്. ഇപ്പോള്‍ മാത്രമല്ല പലപ്പോഴും റിപ്പോര്‍ട്ടിങ്ങില്‍ ഇന്ത്യയുടെ ഭൂപടം നല്‍കുമ്പോള്‍ കാശ്മീര്‍ ഇന്ത്യന്‍ ഭാഗത്തു നിന്നും മാറ്റി നല്‍കുന്നതിലും ബിബിസി കുപ്രസിദ്ധി നേടിയിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്ത് വയ്ക്കുമ്പോള്‍ ബിബിസിക്ക് ഇന്ത്യ വിരുദ്ധ സ്വഭാവം തന്നെയാണെന്ന് ഏറെ നാളുകളായുള്ള ഇന്ത്യയുടെ പരാതിയാണ് .