കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കായിക വിഭാഗം ഡയറക്ടര്‍ പത്തുവര്‍ഷത്തിനു മുന്‍പ് നിയമിതനായപ്പോള്‍ മാനദണ്ഡപ്രകാരമുള്ള യോഗ്യത ഇല്ലായിരുന്നെന്ന് ആരോപണം. പി.എച്ച്.ഡി കഴിഞ്ഞശേഷം നിശ്ചിത പ്രവൃത്തി പരിചയം വേണമെന്ന യു.ജി.സി മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണമുയരുന്നത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കായിക വിഭാഗം ഡയറക്ടര്‍ ഡോ.വി.പി സക്കീര്‍ ഹുസൈന്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ 704 കരാര്‍, താല്‍ക്കാലിക നിയമനങ്ങള്‍ ചട്ടവിരുദ്ധമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

2015 ജൂണ്‍ 19 നാണ് ഡോ. വി.പി സക്കീര്‍ ഹുസൈന്‍ കാലിക്കറ്റ് സര്‍വകലാശാല കായിക വിഭാഗം ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഡോ. എം. അബ്ദുള്‍ സലാമായിരുന്നു അപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍. ഡയറക്ടര്‍ തസ്തികയില്‍ അപേക്ഷിക്കണമെങ്കില്‍ യു.ജി.സി മാനദണ്ഡപ്രകാരം മിനിമം യോഗ്യതയായ പി.എച്ച്.ഡി ബിരുദത്തോട് കൂടിയ 15 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണെന്നും അത് ഡോ. വി.പി സക്കീര്‍ ഹുസൈന് ഉണ്ടായിരുന്നില്ലെന്നുമാണ് ആരോപണം. ഇത്തരത്തില്‍ പ്രവൃത്തി പരിചയം ഡോ.വി.പി സക്കീര്‍ ഹുസൈന് ഇല്ലായിരുന്നെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി ലഭിച്ചു. അദ്ദേഹത്തിന് 2007 ലാണ് ഡോക്ടറേറ്റ് ലഭിക്കുന്നത്. ഇതിനോടകം, രണ്ടു കോടിയോളം രൂപ ഡയറക്ടര്‍ തസ്തികക്കു വേണ്ടി സര്‍വകലാശാല ചെലവഴിച്ചിട്ടുണ്ട്.

പി.എച്ച്.ഡി കഴിഞ്ഞശേഷം 15 വര്‍ഷ പ്രവൃത്തി പരിചയമെന്ന മാനദണ്ഡം യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഡോ.വി.പി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. നാല് വൈസ് ചാന്‍സലര്‍മാര്‍ അടങ്ങിയ സമിതി പരിശോധിച്ചശേഷമാണ് തന്നെ തെരഞ്ഞെടുത്തത്്. ഒപ്പമുണ്ടായിരുന്ന മറ്റൊരു അപേക്ഷകന്‍ തഴയപ്പെട്ടു. അദ്ദേഹം തന്‍െ്റ നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് കഴിഞ്ഞ പത്തുവര്‍ഷമായി തുടരുകയാണ്്. പി.എച്ച്.ഡി കഴിഞ്ഞശേഷം പ്രവൃത്തി പരിചയം ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് 'ഉണ്ടായിരുന്നില്ല' എന്ന മറുപടി വിവരാവകാശ നിയമപ്രകാരം ലഭിച്ചു. അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും ഡോ.വി.പി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

വേണ്ടത്ര യോഗ്യതകളില്ലാതെ നിയമിതരായ അസി. പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരെ 2014 ല്‍ പിരിച്ചുവിട്ടിരുന്നു. സര്‍വകലാശാലയിലെ ഇന്റര്‍ നാഷണല്‍ സ്പോര്‍ട്സ് ഹോസ്റ്റലില്‍ താമസിക്കുന്നത് മലപ്പുറം ഫുട്ബോള്‍ ക്ലബ്ബിന്റെ കുട്ടികളാണെന്നു പരാതിയുണ്ട്. നിര്‍മ്മാണം കഴിഞ്ഞു മൂന്നുവര്‍ഷം കൊണ്ട് പൊളിഞ്ഞു തുടങ്ങിയ സിന്തറ്റിക് ട്രാക്കിന്റെ വാറന്റി കാലാവധി അവസാനിച്ചു. വീണ്ടും പുതിയ ട്രാക്കിനു വേണ്ടി സര്‍വകലാശാല പണം മാറ്റിവയ്ക്കേണ്ടിവരും. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ടീമുകളെ അയക്കുന്നത് ട്രെയിന്‍ ടിക്കറ്റ് പോലും നല്‍കാതെയാണെന്ന പരാതിയും ഉയരുന്നുണ്ട്.

കാലിക്കറ്റ് സര്‍വകലാശാലയിലെ 704 കരാര്‍, താല്‍ക്കാലിക നിയമനങ്ങള്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റംഗമായ ഡോ. റഷീദാണ് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് പരാതി നല്‍കിയിരുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ കരാര്‍ നിയമനങ്ങളില്‍ ചട്ടലംഘനമുണ്ടെന്ന വ്യാപക പരാതി മുന്‍പു തന്നെയുള്ളതാണ്. കഴിഞ്ഞ പത്തുവര്‍ഷമായി ബി.എഡ് സെന്‍്ററിലെ അധ്യാപക തസ്തിക മുതല്‍ ഡ്രൈവര്‍ തസ്തിക വരെ സര്‍വകലാശാല നേരിട്ടാണ് നടത്തുന്നത്. എന്നാല്‍, പി.എസ്.സി വഴിയല്ലാത്ത നിയമനങ്ങള്‍ എംപ്ലോയ്മെന്‍്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്നാണ് ചട്ടം. ഇതാണ് ലംഘിക്കപ്പെടുന്നത്.