- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രസീല്‍ ദമ്പതികളില്‍ നിന്നും പിടികൂടിയ കൊക്കെയ്ന്‍ കേരളത്തിലേക്കു വന്ന 'പാഴ്സല്‍' അല്ലെന്ന് നിഗമനം; കൊച്ചിയില്‍ എത്തിച്ച് രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ അതുമല്ലെങ്കില്‍ രാജ്യത്തിനു പുറത്തേക്കോ കടത്താന്‍ ഉദ്ദേശിച്ച പദ്ധതി; 17 കോടിയുടെ 'സാധനം' വാങ്ങേണ്ടിയിരുന്നവര്‍ മലയാളികളോ? തിരുവനന്തപുരത്തും ഡാര്‍ക്നെറ്റ് സജീവം; ലാറ്റിനമേരിക്കന്‍ സംഘത്തെ തേടി കേന്ദ്ര ഏജന്‍സികള്‍
തിരുവനന്തപുരം: രണ്ടുമാസത്തിനു മുന്‍പ് നെടുമ്പാശേരിയില്‍ പിടിയിലായ ബ്രസീല്‍ ദമ്പതികളില്‍ നിന്നും 17 കോടിരൂപയുടെ കൊക്കെയ്ന്‍ വാങ്ങാന്‍ തിരുവനന്തപുരത്ത് കാത്തുനിന്ന ലാറ്റിന്‍ അമേരിക്കന്‍ ബന്ധങ്ങളുള്ള മയക്കുമരുന്നു മാഫിയ സംഘത്തെ അന്വേഷിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഡാര്‍ക്നെറ്റ് ലഹരി ശൃംഖല കേസില്‍ അറസ്റ്റിലായ എഡിസണ്‍ ബാബുവിന് പകരക്കാരായി അന്താരാഷ്ട്ര ബന്ധങ്ങളുള്ള മറ്റൊരു മയക്കുമരുന്നു മാഫിയ സംഘം തലസ്ഥാന ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഡയറക്ടറേറ്റ്് ഓഫ് റവന്യൂ ഇന്‍്റലിജന്‍സും (ഡി.ആര്‍.ഐ) കരുതുന്നത്. നെടുമ്പാശേരിയില്‍ പിടിയിലായ ബ്രസീല്‍ ദമ്പതികള്‍ 17 കോടിരൂപയുടെ കൊക്കൈന്‍ തിരുവന്തപുരത്തേക്കാണ് കൊണ്ടുവരാനിരുന്നത്. 1.67 കിലോഗ്രാം കൊക്കെയ്ന്‍ അവരില്‍ നിന്നും വാങ്ങാന്‍ കാത്തുനിന്നതാരാണെന്ന് കണ്ടെത്താന്‍ ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ കൊക്കെയ്നുമായി കാത്തിരിക്കാനായിരുന്നു വിദേശികള്‍ക്കു ലഭിച്ചിരുന്ന നിര്‍ദ്ദേശം.
കഴിഞ്ഞ നാലുമാസത്തിനിടയില്‍ മുപ്പതു കോടിയോളം രൂപയുടെ ലഹരി മരുന്നാണ് ഡി.ആര്‍.ഐയുടെ കൊച്ചി യൂണിറ്റ് മാത്രം പിടികൂടിയത്. അതില്‍ ഏറ്റവും വലുതായിരുന്നു രണ്ടുമാസത്തിന് മുന്‍പ് ബ്രസീല്‍ സ്വദേശികളായ ലൂക്കാസ് ബാറ്റിസ്റ്റ, ബ്രൂണ ഗബ്രിയേല്‍ എന്നിവരില്‍ നിന്ന് 17 കോടിയുടെ കൊക്കെയ്ന്‍ പിടിച്ച സംഭവം. ബ്രൂണ ഗര്‍ഭിണിയുമായിരുന്നു. 163 കാപ്സൂളുകളാണ് ഇരുവരും വിഴുങ്ങിയിരുന്നത്. മൂന്നുദിവസമെടുത്താണ് ഇതെല്ലാം പുറത്തെടുത്തത്. വെറും മൂന്നുലക്ഷം രൂപ പ്രതിഫലം പറ്റിയായിരുന്നു ഇവരുടെ ലഹരി കടത്ത്. ബ്രസീലിലെ സാവോപോളയില്‍ നിന്നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. അവിടെ നിന്ന് തിരുവനന്തപുരത്ത് എത്തി ഹോട്ടലില്‍ വിശ്രമിക്കാനായിരുന്നു അവര്‍ക്ക് ലഭിച്ചിരുന്ന നിര്‍ദേശം. ആര്‍ക്ക്, എവിടെ കൈമാറണമെന്നൊക്കെ പിന്നീട് അറിയിക്കുമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനായി തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയും ഇവര്‍ക്കു വേണ്ടി ബുക്ക് ചെയ്തിരുന്നു.
തിരുവനന്തപുരത്ത് ആരാണ് ഇത് കൈപ്പറ്റാന്‍ വരാനിരുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 17 കോടിരൂപ മുടക്കി ഇതു വാങ്ങാന്‍ ചെറുകിട സംഘങ്ങള്‍ക്ക് കഴിയില്ലെന്നതിനാല്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ള മാഫിയ തലസ്ഥാന ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് കേന്ദ ഏജന്‍സികള്‍. മയക്കുമരുന്നു വില്‍പ്പന സംഘങ്ങളുമായി ബന്ധമുള്ളവരും മുന്‍പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമെല്ലാം നീരീക്ഷണത്തിലാണ്. രാജ്യാന്തര ലഹരി മാഫിയയുടെ പ്രധാന കടത്തുകേന്ദ്രങ്ങളിലൊന്നായി കേരളത്തിലെ വിമാനത്താവളങ്ങള്‍ മാറുകയാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്. ബ്രസീല്‍ ദമ്പതികളില്‍ നിന്നും പിടികൂടിയ കൊക്കെയ്ന്‍ കേരളത്തിലേക്കു വന്ന 'പാഴ്സല്‍' അല്ലെന്നാണ് ഡിആര്‍ഐ വിശ്വസിക്കുന്നത്.
കൊച്ചിയില്‍ എത്തിച്ച് രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ അതുമല്ലെങ്കില്‍ രാജ്യത്തിനു പുറത്തേക്കോ കടത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഇതെന്നാണ് അവരുടെ കണക്കുകൂട്ടല്‍. കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള രാസലഹരികള്‍ കൂടുതലായി എത്തുന്നത് ബെംഗളുരുവില്‍നിന്നും ഡല്‍ഹിയില്‍ നിന്നുമാണെന്നാണ് കണക്കാക്കപ്പെടുന്നത്. അവിടെ നിന്നാണ് മറ്റു പ്രദേശങ്ങളിലേക്കുള്ള കൈമാറ്റം നടക്കുന്നത്. ആഭ്യന്തരമായി ഇത്തരത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഇടപാടുകള്‍ക്കു പുറമെയാണ് രാജ്യത്തിനു പുറത്തു നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കുന്ന ലഹരി മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും കടത്തുന്നത്. മുംബൈ, ബെംഗളുരു, ഡല്‍ഹി തുടങ്ങിയ വിമാനത്താവളങ്ങളില്‍ പരിശോധന കൂടുതലായതിനാലും ഭൂമിശാസ്ത്രപരമായി പ്രധാനപ്പെട്ട പ്രദേശങ്ങള്‍ എന്ന നിലയിലും കൊച്ചിയും തിരുവനന്തപുരവും ലഹരി കടത്തു സംഘങ്ങള്‍ മുഖ്യമായി തെരഞ്ഞെടുക്കുകയാണ്.
കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ലാറ്റിനമേരിക്കന്‍ ലഹരി കാര്‍ട്ടലുകള്‍ കൊച്ചി പ്രധാന കടത്തു കേന്ദ്രമായി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. മറ്റു സംസ്ഥാനങ്ങള്‍ക്കു പുറമെ തായ്ലന്‍ഡ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന കൊക്കെയ്ന്‍ കൊച്ചി വഴി കടന്നു പോകുന്നുണ്ട്. ലഹരിയുമായി കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം ആഭ്യന്തര സര്‍വീസ് വഴി ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് പറക്കുന്നതും ഏറി വരുന്നു. ഇടയ്ക്കിടെ പിടികൂടുന്നുണ്ടെങ്കിലും അതില്‍ എത്രയോ ഇരട്ടിയാണ് വിമാനത്താവളം വഴി കടന്നുപോകുന്നത് എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. മൂവാറ്റുപുഴ എന്ന താരതമ്യേന ചെറിയ പ്രദേശത്തിരുന്ന് ഡാര്‍ക്ക്നെറ്റ് വഴി രാജ്യത്തെ എല്‍എസ്ഡി കച്ചവടത്തിന് നേതൃത്വം നല്‍കിയ എഡിസണ്‍ ബാബു നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത് അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായിരുന്നു.