- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുത ബോര്‍ഡിന് അനുവദിച്ച 494 കോടിയുടെ ധനസഹായം പിണറായി സര്‍ക്കാര്‍ തിരിച്ചെടുത്തു; മാര്‍ച്ച് 30നുള്ള ഈ തിരിച്ചെടുക്കല്‍ കെ എസ് ഇ ബിയുടെ കണക്കൂ കൂട്ടലുകള്‍ തെറ്റിച്ചു; 2023-24 വര്‍ഷത്തെ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ വൈദ്യുതി നിരക്ക് വീണ്ടും കൂട്ടിയേക്കും; കേരളത്തിന്റെ ധനപ്രതിസന്ധിയ്ക്ക് ഈ തിരിച്ചെടുക്കലും തെളിവ്
തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് (കെഎസ്ഇബി) ധനസഹായമായി അനുവദിച്ച 494.29 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അപ്രതീക്ഷിതമായി തിരിച്ചെടുത്തു. സാമ്പത്തിക വര്‍ഷാവസാനത്തിന് തൊട്ടുമുമ്പായി 2025 മാര്‍ച്ച് 30-നാണ് ഈ തുക സര്‍ക്കാര്‍ പിന്‍വലിച്ചത്. ഈ നീക്കം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണെന്നാണ് സൂചന. ഇത് വൈദ്യുതി വിലക്കൂടുതലിനും കാരണമാകും.
വൈദ്യുതി മേഖലയിലെ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കെഎസ്ഇബിക്കുണ്ടായ നഷ്ടം നികത്തുന്നതിനാണ് ഈ തുക അനുവദിച്ചത്. 2024 ഡിസംബര്‍ 26-ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ധനസഹായം അനുവദിച്ചത്. കെഎസ്ഇബിയുടെ ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ പേരില്‍ ട്രഷറി അക്കൗണ്ടിലേക്ക് തുക മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍, വെറും മൂന്ന് മാസത്തിനുള്ളില്‍, 2025 മാര്‍ച്ച് 30-ന് സര്‍ക്കാര്‍ ഈ തുക പൂര്‍ണ്ണമായും തിരിച്ചെടുത്തു. ഇത് തീര്‍ത്തും അസാധാരണമാണ്.
ഈ അസാധാരണമായ നടപടി സാമ്പത്തിക വിദഗ്ധരെ അമ്പരപ്പിച്ചു. തുക പിന്‍വലിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ എന്തിനാണ് ആദ്യം അനുവദിച്ചതെന്ന ചോദ്യമുയരുന്നു. കെഎസ്ഇബിയുടെ കണക്കുകളില്‍ ഈ തുക വരുമാനമായി രേഖപ്പെടുത്തിയിരുന്നു. ഓഡിറ്റര്‍മാര്‍ ലാഭക്കണക്കില്‍ 494 കോടിയുടെ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു. ഈ തുക തിരിച്ചെടുത്തതോടെ കെഎസ്ഇബിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതികൂലമായി മാറുകയും ചെയ്തു.
സര്‍ക്കാര്‍ ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍, സംസ്ഥാനത്തിന്റെ മോശം സാമ്പത്തിക സ്ഥിതിയുടെ വ്യക്തമായ സൂചനയായാണ് ഇത്. വര്‍ധിച്ചുവരുന്ന റവന്യൂ കമ്മിറ്റിയും വിപണിയില്‍ നിന്ന് കടമെടുക്കാന്‍ പരിമിതമായ സാധ്യതകളും സര്‍ക്കാരിന് കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. സാമ്പത്തിക ബാധ്യതകള്‍ നിയന്ത്രിക്കുന്നതിനും കടമെടുപ്പ് പരിധി ലംഘിക്കാതിരിക്കാനുമുള്ള ഒരു തന്ത്രപരമായ നീക്കമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്.
ഇങ്ങനെയൊരു തിരിച്ചെടുക്കല്‍ വെറും സാങ്കേതികപരമായ കാര്യമല്ല ഒരു തുക അക്കൗണ്ടില്‍ വരവ് വെച്ച ശേഷം പിന്‍വലിക്കുന്നത് സര്‍ക്കാരിന് പണത്തിന് ദൗര്‍ലഭ്യം നേരിടുന്നതിന്റെ സൂചനയാണ്. സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കണക്കുകള്‍ ക്രമീകരിക്കേണ്ടി വന്നു എന്നും വിലയിരുത്തുണ്ട്. ഈ നടപടി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില സംബന്ധിച്ചുള്ള കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കാണിക്കുന്നതും സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കുന്നതുമാണ്. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ കൂടി സഹായവും സഹകരണവും അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടിലെ കണക്കുകളില്‍ നിന്നു വ്യക്തമാവുന്നുണ്ട്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വര്‍ഷം കേന്ദ്രത്തില്‍ നിന്നുള്ള ധന സഹായം പകുതിയിലധികം കുറഞ്ഞെന്നാണു സിഎജി ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര നികുതികളിലെയും തീരുവകളിലെയും സംസ്ഥാനത്തിന്റെ വിഹിതം 19.07 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്ര ധനസഹായം 2022-23ലെ 27,377.86 കോടിയില്‍ നിന്ന് 2023-24ല്‍ 12,068.26 കോടിയായി എന്നാണു റിപ്പോര്‍ട്ടിലുള്ളത്. അതായത് മുന്‍വര്‍ഷത്തേതിന്റെ പകുതി പോലുമില്ല. ഈ തരത്തില്‍ കേന്ദ്ര സഹായം കുറയുന്നത് സംസ്ഥാനത്തിനു ബുദ്ധിമുട്ടുണ്ടാക്കുക തന്നെ ചെയ്യും.
കേന്ദ്ര സര്‍ക്കാര്‍ സഹായം വര്‍ധിപ്പിക്കണമെന്നതു മാത്രമല്ല ഈ പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായിട്ടുള്ളത്. കടമെടുക്കുന്ന പണം കടം വീട്ടാന്‍ ഉപയോഗിക്കുന്നു എന്നാണു സിഎജി ചൂണ്ടിക്കാണിക്കുന്നത്. ബജറ്റിനു പുറത്തുള്ള കടമെടുപ്പു കൂടി കൂട്ടുമ്പോള്‍ കേരളത്തിന്റെ കടം സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) 37.84 ശതമാനമെന്നാണ് സിഎജി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത് അത്ര മെച്ചപ്പെട്ട അവസ്ഥയല്ല.