തിരുവനന്തപുരം: വെറുമൊരു ഐഎഎസുകാരന്‍ മാത്രമല്ല കെ ജയകുമാര്‍. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരിയെ ഗുണദായീനീയായും സര്‍വ്വ ഭുകാരിണിയുമായി മലയാളിക്ക് മുന്നില്‍ അവതരിപ്പിച്ച ഗാനരചയിതാവാണ്. ചന്ദന ലേപന സുഗന്ധമെന്ന വരികളിലൂടെ വിസ്മയിപ്പിച്ച ചലച്ചിത്രകാരന്‍. ഐഎഎസുകാരിലെ സൗമ്യമുഖമാണ്. ഇതില്‍ എല്ലാം ഉപരി ചീഫ് സെക്രട്ടറി പദത്തില്‍ വരെയെത്തിയ സര്‍വ്വീസ് അനുഭവവും. മലയാള സര്‍വ്വകലാശാലയേയും നയിച്ചു. ഇതിനൊപ്പം ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചെയര്‍മാന്‍, ശബരിമല സ്പെഷ്യല്‍ ഓഫിസര്‍, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേല്‍നോട്ടക്കാരന്‍ എന്നീ സുപ്രധാന ദൗത്യങ്ങളും നിര്‍വ്വഹിച്ചു. ജി സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ശബരിമലയിലേക്ക് പ്രത്യേക ദൗത്യവുമായി കെ ജയകുമാര്‍ എത്തുന്നത്. ശബരിമലയിലെ ഉത്സവസീണില്‍ പ്രതിസന്ധികളുണ്ടാകില്ലെന്ന് ഉറപ്പിക്കാന്‍ മന്ത്രിയായിരുന്ന ജി സുധാകരന്‍ കണ്ടെത്തിയ ഒറ്റമൂലിയായിരുന്നു ജയകുമാര്‍. ഡല്‍ഹിയില്‍ നിന്നും ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ ഉടനെ ശബരിമലയിലെ പ്രത്യേക ദൗത്യം കൂടി സുധാകരന്‍ ജയകുമാറിനെ ഏല്‍പ്പിച്ചു. പ്രതിസന്ധികളൊന്നുമില്ലാതെ ശബരിമലയിലെ ഉത്സവം നടത്തി ജയകുമാര്‍. അത് അന്നത്തെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന് തുണയായി. വിഎസിനെ മല ചവിട്ടാനും ശബരിമലയില്‍ എത്താനും പ്രേരിപ്പിച്ചതും ജയകുമാറിന്റെ സാന്നിധ്യമായിരുന്നു. ജി സുധാകരന്‍ മന്ത്രിയായിരുന്നപ്പോഴും യാദൃശ്ചികമായാണ് ശബരിമലയിലേക്ക് ജയകുമാര്‍ എത്തിയത്. സ്പെഷ്യല്‍ കമ്മീഷണറെന്ന നിലയില്‍ അന്ന് ശബരിമലയില്‍ എല്ലാം നേര്‍വഴിക്ക് ആക്കി. ഇതിനൊപ്പമാണ് മാസ്റ്റര്‍ പ്ലാന്‍ ചുമതലയും നല്‍കിയത്.

ഇഎംഎസിന്റെ മരുമകനായ സികെ ഗുപ്തന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുമ്പോഴാണ് സ്പെഷ്യല്‍ കമ്മീഷണറായി ജയകുമാറിനെ നിയോഗിച്ചത്. അന്ന് ഗുപ്തന് വലിയ കോട്ടമുണ്ടാകാത്തതും ജയകുമാറിന്റെ ഇടപെടല്‍ കാരണമാണ്. ഇതെല്ലാം നടക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയന്‍. അന്ന് പിണറായിയുടെ കൂടെ സമ്മതത്തോടെയാണ് സുധാകരന്‍ ഈ ഇടപെടല്‍ നടത്തുന്നത്. അതുകൊണ്ടാണ് സ്വര്‍ണ്ണകൊള്ളയെന്ന പ്രതിസന്ധി കാലത്ത് ജയകുമാറിലേക്ക് പിണറായി വീണ്ടും തിരിയുന്നത്. ജി സുധാകരന്‍ മുമ്പ് അവതരിപ്പിച്ച മോഡല്‍ പിണറായിയും ഉള്‍ക്കൊള്ളുന്നു. ഐഎംജിയുടെ ഡയറക്ടറാണ് നിലവില്‍ ജയകുമാര്‍. ശബരിമലയിലേക്ക് വീണ്ടും പോകാന്‍ ജയകുമാറിനും പൂര്‍ണ്ണ താല്‍പ്പര്യം. ശബരിമല വിശ്വാസങ്ങളുമായി എന്നും ചേര്‍ന്ന് നടന്ന ജയകുമാറിന് ദേവസ്വം ഭരണം വെല്ലുവിളികളുടേതാകാനും ഇടയില്ല. ശബരിമല വികസനത്തില്‍ വ്യക്തമായ കാഴ്ച്ചപാടുള്ള ജയകുമാറിനെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരും അനുവദിക്കും. ദേവസ്വം മന്ത്രി വിഎന്‍ വാസവിന്റെ ഇടപെടലുകള്‍ക്കും പരിധി വരും. അഗോള അയ്യപ്പ സംഗമത്തില്‍ അടക്കം പറ്റിയ തെറ്റുകള്‍ തിരുത്താന്‍ വേണ്ടികൂടിയാണ് ജനകീയ മുഖമുള്ള ജയകുമാറിനെ ദേവസ്വം ബോര്‍ഡിലേക്ക് നിയോഗിക്കുന്നത്. പ്രതിപക്ഷത്തിന് പോലും ഈ തീരുമാനത്തെ അംഗീകരിക്കേണ്ടി വരും.

കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന മലയാളിയായ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കെ. ജയകുമാര്‍ചീഫ് സെക്രട്ടറിയായിയിരുന്ന ഇദ്ദേഹം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രസംവിധായകനായ എം. കൃഷ്ണന്‍ നായരുടെയും സുലോചനയുടെയും മൂത്ത മകനായി 1952 ഒക്ടോബര്‍ 6-ന് തിരുവനന്തപുരത്ത് ജനിച്ചു. കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാര്‍ 1978-ല്‍ ഐ.എ.എസ്. നേടി. അസിസ്റ്റന്റ് കലക്റ്ററായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടര്‍, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്റ്റര്‍, മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 2002 മുതല്‍ 2007 വരെയുള്ള കാലത്ത് ഇദ്ദേഹം കേന്ദ്ര സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

2012 മാര്‍ച്ച് 31-ന് ചീഫ് സെക്രട്ടറിയായി. അതിന് മുന്‍പ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. വിജിലന്‍സ്, ദേവസ്വം, അന്തര്‍ സംസ്ഥാന നദീജലം, എന്നീ വകുപ്പുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു പ്രവര്‍ത്തിച്ചുവന്നത്. അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചെയര്‍മാന്‍, ശബരിമല സ്പെഷ്യല്‍ ഓഫിസര്‍, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേല്‍നോട്ടക്കാരന്‍,സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ചുള്ള ഉന്നതാധികാര സമിതി ചെയര്‍മാന്‍ എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിരുന്നു. 2012 ഒക്ടോബര്‍ 31 ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ചു. 2012 നവംബര്‍ 1-നു തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റു. കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ദ്ധവൃത്തങ്ങള്‍, രാത്രിയുടെ സാദ്ധ്യതകള്‍ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങള്‍ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകള്‍ ഇദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളില്‍ പെടുന്നു.

വര്‍ണച്ചിറകുകള്‍ എന്ന കുട്ടികളുടെ സിനിമ രചിച്ചു സംവിധാനം ചെയ്തിട്ടുണ്ട്. 80 തില്‍ പരം മലയാള സിനിമകള്‍ക്കു ഗാനരചന നിര്‍വഹിച്ചു. ഒരു ചിത്രകാരന്‍ കൂടിയാണ്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഓള്‍റൗണ്ടര്‍.