കൊല്ലം: ജോലിക്ക് പോകാതെ വീട്ടില്‍ സഹോദരനുമായി തല്ലുണ്ടാക്കിയ യുവാവിന് നല്ല എട്ടിന്റെ പണി കൊടുത്ത് പോലീസ്. എല്ലാദിവസവും ജോലിക്ക് പോകണമെന്നും വൈകുന്നേരം കിട്ടിയ ശമ്പളം എത്രയാണെന്ന് പോലീസ് സ്റ്റേഷനിലെ റൈറ്ററെ കണ്ട് ബോധ്യപ്പെടുത്തുകയും ആ പണം അമ്മയുടെ പക്കല്‍ ഏല്‍പ്പിക്കണമെന്നുമാണ് പോലീസ് യുവാവിനോട് നിര്‍ദ്ദേശിച്ചത്.

കൊല്ലം സിറ്റി പോലീസിന്റെ കീഴിലുള്ള ഒരു പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന യുവാവ് കഴിഞ്ഞ ഏറെക്കാലമായി ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ തുടരുകയായിരുന്നു. സഹോദരനുമായി എന്നും വഴക്ക് കൂടുകയും വീട്ടില്‍ സമാധാനം തരുന്നില്ല എന്നുമായിരുന്നു അമ്മയുടെ പരാതി.

പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ യുവാവിനെ വിളിച്ചു വരുത്തി പോലീസ് താക്കീത് നല്‍കി. എല്ലാ ദിവസവും ജോലിക്ക് പോകണമെന്നും ജോലി കഴിഞ്ഞ് കിട്ടുന്ന തുക കൃത്യമായി പോലീസ് സ്റ്റേഷനില്‍ കൊണ്ട് വന്ന് റൈറ്ററെ ബോധ്യപ്പെടുത്തി രജിസ്റ്ററില്‍ ഒപ്പ് വയ്ക്കണം. പിന്നീട് തുക അമ്മയെ ഏല്‍പ്പിക്കണമെന്നുമാണ് പോലീസ് യുവാവിന് നല്‍കിയ നിര്‍ദ്ദേശം.

പോലീസിന്റെ താക്കീതില്‍ ഭയന്ന് യുവാവ് ഇപ്പോള്‍ ജോലിക്ക് പോകുന്നുണ്ട്. കിട്ടുന്ന ശമ്പളം അമ്മയെ കൃത്യമായി ഏല്‍പ്പിക്കുന്നുമുണ്ടെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. പോലീസിന്റെ മാതൃകാപരമായ നടപടി നാട്ടുകാര്‍ക്കും ഏറെ മതിപ്പുണ്ടാക്കി.