- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നോർക്ക നടത്തിയ യുകെ റിക്രൂട്മെന്റിൽ പങ്കെടുത്ത മലയാളി നഴ്സുമാരെ തേടി യുകെയിൽ നിന്നും വ്യാജ ഓഫർ ലെറ്റർ; കാര്യം തിരക്കാതെ പണം അയച്ചവർ ചതിക്കപ്പെട്ടെന്നു സൂചന; ബ്രിട്ടണിലെ എൻഎച്ച്എസ് വിസയുടെ പേരിലും തട്ടിപ്പുകാർ സജീവമാകുമ്പോൾ
ലണ്ടൻ: യുകെയിലെ എൻഎച്ച്എസ് ആശുപത്രിയിലേക്ക് നോർക്ക കേരളത്തിൽ നടത്തിയ റിക്രൂട്മെന്റിൽ അവസരം തേടിയെത്തിയവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി സംശയം. ബ്രിട്ടനിൽ നിന്നെത്തിയ എൻഎച്ച്എസ് പ്രതിനിധികൾ അടക്കം ഉള്ളവരാണ് പങ്കെടുത്തത് എങ്കിലും ഇപ്പോൾ എൻഎച്ച്എസിലെ വിവിധ ട്രസ്റ്റുകളുടെ വ്യാജ ലെറ്റർ ഹെഡിൽ കേരളത്തിലെ നോർക്ക റിക്രൂട്മെന്റിൽ പങ്കെടുത്ത നഴ്സുമാരെ തേടി ഉദ്യോഗ നിയമന കത്തുകൾ എത്തിത്തുടങ്ങിയിരിക്കുകയാണ
ഇത് സംബന്ധിച്ച് ആറു പേർ ഇതിനകം ചതിക്കപ്പെട്ടുവെന്നാണ് സൂചന. ഇതിൽ നിലമ്പൂർ സ്വദേശിയായ നഴ്സും ഓക്സ്ഫോർഡിൽ ഉള്ള ബന്ധു മുഖനേ മറ്റൊരു യുവതിയുമാണ് വിവരങ്ങൾ പൂർണമായും കൈമാറാൻ തയ്യാറായത്. ഒറ്റ നോട്ടത്തിൽ ഔദ്യോഗിക രേഖ എന്ന് തോന്നിപ്പിക്കും വിധമുള്ള കത്തുകളാണ് മലയാളി നഴ്സുമാരെ തേടി എത്തുന്നത്. എന്നാൽ ശമ്പളത്തിൽ മാത്രം കണ്ടെത്തിയ പൊരുത്തക്കേടാണ് വ്യാജനെ കയ്യോടെ പിടികൂടുവാൻ സഹായകമായത്.
യുകെയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്തതിനാൽ സംശയം തോന്നിയതേയില്ല
യുകെയിലേക്കുള്ള കേരള സർക്കാരും എൻഎച്ച്എസും ചേർന്ന് നടത്തിയ റിക്രൂട്മെന്റിൽ പങ്കെടുത്തതിനാൽ ഓഫർ ലെറ്റർ ലഭിച്ചപ്പോൾ സംശയം തോന്നിയതേ ഇല്ലെന്നാണ് നിലമ്പൂരിൽ നിന്നും ഞങ്ങളെ ബന്ധപ്പെട്ട ഷിജി ജോസ് (ശരിയായ പേരല്ല) പറയുന്നത്. ഇന്റർവ്യൂവിൽ നന്നായി പങ്കെടുത്തതിനാൽ നിയമനം ലഭിക്കും എന്ന് കരുതി ഇരിക്കുമ്പോഴാണ് വ്യാജന്റെ രംഗപ്രവേശം. അതിനാൽ സംശയിക്കേണ്ട കാര്യം തോന്നിയതേയില്ല.
എങ്കിലും രണ്ടാമതൊന്ന് ഉറപ്പിക്കാൻ നോർക്കയിൽ വിളിച്ചന്വേഷിക്കാൻ പറഞ്ഞതോടെ ഷിജി ആ വഴി നടത്തിയ ശ്രമത്തിൽ ലഭിച്ച ഉത്തരം ഏത് എൻഎച്ച്എസ് ട്രസ്റ്റിലേക്കാണ് നിയമനം എന്ന് തങ്ങൾക്കറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഷിജിക്ക് നിയമന ഉത്തരവ് വന്നത് ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റൽ ട്രസ്റ്റിൽ നിന്നുമാണ്. ഓക്സ്ഫോർഡിലെ ബന്ധുവിനെ തേടി എത്തിയതും ഇതേ ഹോസ്പിറ്റൽ ട്രസ്റ്റിന്റെ തന്നെ വ്യാജ നിയമന ഉത്തരവാണ്. ഇതോടെ ഈ ഹോസ്പിറ്റൽ ട്രസ്റ്റിന്റെ പേരിൽ വ്യാപകമായി നിയമന തട്ടിപ്പ് നടക്കുകയാണ് എന്ന സൂചനയാണ് രണ്ടു പരാതികളും സൂചിപ്പിക്കുന്നത്. കത്തുകൾ ലഭിച്ചവർ തുടർ അന്വേഷണം നടത്തിയില്ലെങ്കിൽ വലിയ തുക നഷ്ടമാകാനുള്ള സാധ്യതയും ഏറെയാണ്.
ഡൊമൈനിൽ കുടുക്കാം, എൻഎച്ച്എസ് ഡൊമൈനുകൾ സുരക്ഷിതം
സാധാരണ ഏതൊരു തട്ടിപ്പുകാരും പ്രയോഗിക്കുന്ന വിദ്യ തന്നെയാണ് ഇത്തവണ എൻഎച്ച്എസിന്റെ പേരിൽ രംഗത്ത് വന്നവരും പ്രയോഗിച്ചിരിക്കുന്നത്. സാധാരണ ആയി സുരക്ഷിതവും രജിസ്റ്റർ ചെയ്തിരിക്കുന്ന ഡൊമൈൻ വഴി ആയിരിക്കും എൻഎച്ച്എസിൽ ജോലി തേടുന്ന ഉദ്യോഗാർത്ഥികളെ ബന്ധപ്പെടുക. എന്നാൽ സംശയം തോന്നാതിരിക്കാനായി തട്ടിപ്പുകാർ സബ്ജെക്ട് ഹെഡിൽ ഒർജിനൽ എൻഎച്ച്എസ് ഇമെയിൽ ഐഡിയും യൂസർ ഐഡിയിൽ വ്യാജ ജിമെയിൽ ഡൊമൈനുമാണ് ഉപയോഗിച്ചിരിക്കുന്നത്.
തട്ടിപ്പുകാരുടെ കത്ത് കിട്ടിയ എല്ലാ നഴ്സുമാർക്കും ഈ ഒരേ ഡൊമൈനിൽ നിന്നാണ് വ്യാജ ഓഫർ ലെറ്ററുകളും വന്നിരിക്കുന്നത്. എന്നാൽ സാധാരണക്കാരായ മലയാളി നഴ്സുമാർ ഇത്തരം സാങ്കേതിക കാര്യങ്ങൾ പരിശോധിക്കാൻ തയ്യാറാവില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് തട്ടിപ്പുകാർ ഈ വഴി തുടരുന്നതും. ഇനിയും കത്തുകൾ ലഭിക്കുന്നവർ ഡൊമൈൻ ആദ്യ പരിശോധനയിൽ വ്യാജമെന്ന് കണ്ടെത്തിയാൽ തുടർന്നുള്ള തട്ടിപ്പുകാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുക എന്നതാണ്.
നോർക്ക അടിയന്തിരമായി അന്വേഷിക്കേണ്ട സാഹചര്യം, പക്ഷെ സാധ്യത കുറവ്
എന്നാൽ ഇപ്പോഴും അവ്യക്തമാകുന്നത് നോർക്കയുടെ കയ്യിൽ മാത്രം ഉള്ള പാസ്പോർട്ട്, ഫോൺ നമ്പറുകൾ, അഡ്രസ് എന്നിവയെല്ലാം കൃത്യമായി എങ്ങനെ തട്ടിപ്പുകാരുടെ കൈകളിൽ എത്തി എന്നത് തന്നെയാണ്. കാരണം പാസ്പോർട്ട് നമ്പർ അടക്കമുള്ള ഉദ്യോഗാർത്ഥിയുടെ മുഴുവൻ വിവരങ്ങളും അഡ്രസ് ഫോർമാറ്റിൽ ഉൾപ്പെടുത്തിയ ശേഷമാണു കത്തിലെ വിവരങ്ങൾ ആരംഭിക്കുന്നത്. ഇതോടെ ഒരാൾക്കും സംശയത്തിന്റെ കണിക പോലും ഉണ്ടാകാൻ സാധ്യതയില്ല എന്നും വ്യക്തമാണ്. തങ്ങളുടെ കൈവശമുള്ള ഔദ്യോഗിക സ്വഭാവമുള്ള രഹസ്യ വിവരങ്ങൾ ചോർന്നോ എന്ന് അന്വേഷിക്കേണ്ടത് ഇനി നോർക്കയുടെ ജോലിയാണ്.
എന്നാൽ കേരളത്തിൽ ഇത്തരം കാര്യങ്ങൾ എത്രത്തോളം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നു എന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ റിക്രൂട്മെന്റ് ചടങ്ങിൽ പങ്കെടുത്തവരെ തിരഞ്ഞു പിടിച്ചു എത്തിയ തട്ടിപ്പ് കത്തുകൾ ഉയർത്തുന്ന സംശയം. പക്ഷെ നോർക്ക ഇക്കാര്യത്തിന് കാര്യമായ പരിഗണന നൽകുമോ എന്ന് പോലും സംശയിക്കേണ്ടി വരും.
തട്ടിപ്പുകാർ ലക്ഷ്യം വയ്ക്കുന്നത് ഒരു ലക്ഷം രൂപയിലേറെ
നോർക്ക അഭിമുഖത്തിൽ പങ്കെടുത്ത ധൈര്യത്തിൽ കത്ത് ലഭിച്ചവർ നിയമന ഉത്തരവ് ആണെന്ന തെറ്റിദ്ധാരണയിൽ തട്ടിപ്പുകാരുമായി നടത്തുന്ന തുടർ കാത്തിടപാടിൽ ഒരു ലക്ഷം രൂപയിലേറെ ഓരോ ഉദ്യോഗാർത്ഥിക്കും നഷ്ടപ്പെടാനുള്ള സാധ്യതയാണ് വ്യക്തമാകുന്നത്. കത്ത് ലഭിക്കുന്നവരോട് എൻഎംസി രജിസ്ട്രേഷൻ 140 പൗണ്ട്, സിബിടി പരീക്ഷ 84 പൗണ്ട്, ഓസ്കി പരീക്ഷ 794 പൗണ്ട് എന്നിവ ഉടൻ അടയ്ക്കണം എന്ന് തട്ടിപ്പുകാർ പറയുന്നു. ഇതിനൊപ്പം യുകെ വിസ രജിസ്ട്രേഷനും തങ്ങൾ ആരംഭിക്കുകയാണ് എന്ന് പറയുമ്പോൾ ഉടൻ അയക്കേണ്ട പണം ഒന്നര ലക്ഷത്തിനു മുകളിലേക്ക് ഉയരും.
ചുരുക്കത്തിൽ വളരെ വിശ്വസനീയമായ വിധത്തിൽ മലയാളി നഴ്സുമാരുടെ കയ്യിലെ പണം അടിച്ചെടുക്കാനായുള്ള വിദ്യയാണ് വിദഗ്ധമായി എൻഎച്ച്എസിന്റെ റിക്രൂട്മെന്റ് അടിസ്ഥാനമാക്കി തട്ടിപ്പുകാർ അവതരിപ്പിക്കുന്നത്.
സംശയം ഉയർന്നത് കൂറ്റൻ ശമ്പള സ്കെയിലിൽ
മലയാളി നഴ്സുമാർക്ക് ആദ്യ സംശയം ഉയർന്നത് കൂറ്റൻ ശമ്പള നിരക്ക് ശ്രദ്ധിച്ചപ്പോഴാണ്. പ്രതിമാസം 6500 പൗണ്ട് കയ്യിൽ ലഭിക്കും എന്നാണ് തട്ടിപ്പുകാർ കത്തിൽ പറയുന്നത്. എന്നാൽ തുടക്കക്കാരായ ഒരു നഴ്സിന് യുകെയിൽ ഇതിന്റെ മൂന്നിൽ ഒന്ന് തുക പോലും ആദ്യ വർഷങ്ങളിൽ ലഭിക്കില്ല എന്നതാണ് സത്യം.
കൂടാതെ വീക്കിലി അലവൻസ്, യാത്ര ബാറ്റാ, ഫുഡ് വൗച്ചർ, സൗജന്യ താമസം എന്നൊക്കെ കത്തിൽ വിശദമാക്കുന്നത് ജോലി ചെയ്യുന്ന കാലത്തോളം ലഭിക്കും എന്ന മട്ടിലാണ്. എന്നാൽ തുടക്കകാരായി കേരളത്തിൽ നിന്നും എത്തുന്ന നഴ്സുമാർക്ക് ചുറ്റുപാട് പരിചയമാകുന്ന ഏതാനും ആഴ്ചത്തേക്ക് മാത്രമാണ് ഇതിൽ ഏതാനും സൗജന്യം ലഭിക്കുന്നത്. അതുകഴിഞ്ഞാൽ ഏതു കാര്യത്തിനും കയ്യിലെ ശമ്പളം ഉപയോഗിക്കേണ്ടവരാണ് യുകെയിൽ എത്തുന്ന നഴ്സുമാർ.
കെയർ വിസ നിലയ്ക്കുന്നു എന്ന സൂചനയിൽ പുതിയ ലാവണം തേടിയതെന്നു സംശയം
അടുത്തിടെ ഹോം ഓഫിസ് പുറത്തു വിട്ട കണക്കുകളിൽ സ്കിൽഡ് യുകെ വിസ ഏറ്റവും അധികം നേടിയത് ഇന്ത്യക്കാർ ആണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിൽ ഏറ്റവും അധികമായി എത്തിയത് അമ്പതിനായിരത്തോളം കെയർ വിസക്കാരാണ്. ഇതിൽ നല്ലപങ്കും മലയാളികളും. ഈ വിവരങ്ങൾ ചോർന്നതോടെയാണ് ഇത്തരം തട്ടിപ്പുകളിൽ വിദഗ്ധരായവർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മലയാളി നഴ്സുമാരെ ലക്ഷ്യം വച്ചതെന്ന് സംശയിക്കപ്പെടുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നും 15 ലക്ഷം മുതൽ 35 ലക്ഷം വരെ വിസയ്ക്കായി കൊയ്തിരുന്ന വ്യാജന്മാർ ആ കച്ചവടത്തിന് വലിയ സ്കോപ് ഇല്ലെന്നു മനസിലാക്കിയാണ് ഇപ്പോൾ മലയാളി നഴ്സുമാരിലേക്ക് ഉന്നം വയ്ക്കാൻ നോർക്ക റിക്രൂട്മെന്റ് മറയാക്കി രംഗത്ത് വന്നതെന്ന് സംശയിക്കേണ്ടിയിരിക്കുകയാണ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.