തിരുവനന്തപുരം: മന്ത്രി ശിവൻകുട്ടിയും കെ.ടി.ജലീൽ എംഎ‍ൽഎയും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും അടക്കമുള്ള പ്രതികൾ നിയമസഭ തല്ലിത്തകർത്ത ദിവസത്തെ ദൃശ്യങ്ങൾ പകർത്താൻ 125 സി.ഡികൾ വാങ്ങണമെന്ന് കോടതിയിൽ നിലപാടെടുത്ത് ഏതുവിധേനയും വിചാരണ നീട്ടാനുള്ള തന്ത്രം പയറ്റുകയാണ് സർക്കാർ. വിചാരണ നേരിടണമെന്ന് സർക്കാർ വാദിയും സർക്കാരിന്റെ ഭാഗമായ മന്ത്രി വി.ശിവൻകുട്ടി പ്രതിയുമായ നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ പരമാവധി നീട്ടുകയെന്ന തന്ത്രമാവും സർക്കാർ പയറ്റുക.

കേസിൽ അതിവേഗ വിചാരണ നടന്നാൽ രണ്ട് തിരിച്ചടികൾക്ക് സാദ്ധ്യതയുണ്ട്. ക്രിമിനൽ കേസിൽ രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാൽ സർക്കാരിന്റെ ഭാഗമായ മന്ത്രിക്കും കെ.ടി.ജലീൽ എംഎ‍ൽഎയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടപ്പെടാം. പുറമെ, ജനപ്രാതിനിധ്യ നിയമപ്രകാരം ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടാവാം. ഉടനടി ഇത്തരം തിരിച്ചടികളൊഴിവാക്കാൻ പ്രതികളും സാക്ഷികളും ഹാജരാകാതെ വിചാരണ വൈകിപ്പിക്കുകയാവും തന്ത്രം. 2004മുതലുള്ള കേസുകൾ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ വിചാരണ കാത്തുകിടക്കുന്നുണ്ട്. ഈ കാരണം പറഞ്ഞ് വിചാരണ പരമാവധി നീട്ടുകയാണ് തന്ത്രം.

സ്വർണക്കടത്ത് പ്രതികളുടെ ഉന്നതബന്ധം കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പകർത്താനുള്ള ഹാർഡ് ഡിസ്‌ക് വാങ്ങാതെ സർക്കാർ ഇതേ തന്ത്രം പയറ്റിയിരുന്നു. സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിൽ നിർണായകമാവുമായിരുന്ന, സെക്രട്ടേറിയറ്റിലെ ആറുമാസത്തെ ക്യാമറാദൃശ്യങ്ങളാണ് ഇതിലൂടെ നഷ്ടമായത്. 2019ജൂലൈ ഒന്നുമുതൽ 2020ലൈയ് 12വരെയുള്ള സെക്രട്ടേറിയറ്റിലും രണ്ട് അനക്‌സുകളിലും ഗേറ്റുകളിലുമായുള്ള 83കാമറകളിലെ ദൃശ്യങ്ങളാണ് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നത്. എല്ലായിടത്തെയും ദൃശ്യങ്ങൾ ഒരു വർഷം വരെയേ സൂക്ഷിക്കാറുള്ളൂ.

ഒരുവർഷം കഴിയുമ്പോൾ ദൃശ്യങ്ങൾ തനിയേ മാഞ്ഞുപോവും. ദൃശ്യങ്ങൾ കൈമാറുന്നതിലെ തർക്കവും ആശയക്കുഴപ്പവും സങ്കീർണമായ നടപടികളും നീണ്ടതോടെ ആറുമാസത്തെ ദൃശ്യങ്ങൾ മാഞ്ഞുപോയി. 2019ഡിസംബർ മുതലുള്ള ദൃശ്യങ്ങൾ എൻ.ഐ.എ സ്വന്തംനിലയിൽ പകർത്തുകയായിരുന്നു. 400 ടെറാബൈറ്റ് ശേഷിയുള്ള ഹാർഡ് ഡിസ്‌കാണ് ദൃശ്യങ്ങൾ പകർത്താൻ വേണ്ടിയിരുന്നത്. ഇതിന് 68ലക്ഷം രൂപ അനുവദിച്ചെങ്കിലും ടെൻഡർ വൈകിപ്പിച്ചു. സർക്കാർ കാര്യമായതിനാൽ മുറപോലെയേ നടക്കൂ എന്ന് സർക്കാർ നിലപാടെടുത്തു. ഹാർഡ് ഡിസ്‌ക് വാങ്ങാൻ ആഗോളടെൻഡർ വിളിക്കണമെന്നായി സർക്കാർ. ഇതിന് കാലതാമസമുണ്ടാവുമെന്നതിനാലാണ് ഇങ്ങനെയൊരു നീക്കം.

ഒരുവർഷത്തെ ദൃശ്യങ്ങൾ പകർത്താൻ 400 ടിബി ശേഷിയുള്ള ഹാർഡ് ഡിസ്‌ക് ആവശ്യമാണെന്നും ഇത് സംസ്ഥാനത്ത് ലഭ്യമല്ലെന്നും വിദേശത്തുനിന്ന് വരുത്താൻ ചെലവേറുമെന്നും പൊതുഭരണവകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ആഗോള ടെൻഡർ വിളിക്കുന്നത്. സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങൾ ഒരു വർഷം വരെ ശേഖരിച്ചു വയ്ക്കുന്നുണ്ടെന്നും ഈ കാലയളവിനുള്ളിലെ ഏത് ദൃശ്യവും കൈമാറാനാമെന്നും സർക്കാർ നേരത്തേ എൻ.ഐ.എയെ അറിയിച്ചിരുന്നതാണ്. എന്നാൽ ദൃശ്യങ്ങൾ എന്ന് കൈമാറണമെന്ന് എൻ.ഐ.എ അറിയിച്ചിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് ദൃശ്യങ്ങൾ എൻ.ഐ.എയ്ക്ക് കിട്ടുന്നത് തടയാൻ സർക്കാർ തന്ത്രം പയറ്റിയത്.

സമാനമായ തന്ത്രമാണ് നിയമസഭാ കൈയാങ്കളി കേസിലും പയറ്റുന്നത്. ഫോറൻസിക് ലാബ് അധികൃതർ ആവശ്യപ്പെട്ടെന്നും സി.ഡി വാങ്ങാൻ ശ്രമിക്കുകയാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. തുച്ഛമായ വിലയുള്ള സി.ഡി വാങ്ങാൻ ഇനി ആഗോള ടെൻഡർ വിളിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.