- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഎസുകാര്‍ക്ക് നല്‍കും; സാധാരണ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആ ആനുകൂല്യമില്ല; ക്ഷാമബത്താ കുടിശിക 22 ശതമാനമായിട്ടും നല്‍കാതെ പിണറായി സര്‍ക്കാര്‍; ഓണത്തിനും ആനുകൂല്യം അനുവദിക്കാതെ ഫയലില്‍ അടയിരുന്ന് ധനമന്ത്രി; ജീവനക്കാര്‍ വേദനയില്‍; ഒരു ഭരണകൂട ഇരട്ടത്താപ്പിന്റെ കഥ
തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത സമയബന്ധിതമായി അനുവദിച്ച ധനമന്ത്രി സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്താ ഫയലില്‍ അടയിരുപ്പ് തുടരുന്നു. കഴിഞ്ഞ ജൂലൈ 25ന് ധന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ സമര്‍പ്പിച്ച, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്നുശതമാനം ക്ഷാമബത്തയും ക്ഷാമആശ്വാസവും അനുവദിക്കുന്ന ഫയലാണ് ഒരുമാസമായി ധനമന്ത്രിയുടെ മേശപ്പുറത്തുള്ളത്. 2021 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരേണ്ട ക്ഷാമബത്തയും ക്ഷാമആശ്വാസവുമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വൈകുന്നത്.
അതേസമയം, ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥര്‍, പി.എസ്.സി. ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍ക്കുള്ള ക്ഷാമബത്ത അനുവദിക്കുന്ന ഫയലില്‍ ധനമന്ത്രി അതിവേഗം തീരുമാനമെടുത്തു. ഈ വിഭാഗങ്ങള്‍ക്ക് ഒന്‍പത് ഗഡു ക്ഷാമബത്ത നല്‍കിയപ്പോള്‍ സാധാരണ ജീവനക്കാര്‍ക്ക് ലഭിച്ചത് വെറും മൂന്നുഗഡുക്കള്‍ മാത്രമാണ്. കൂടാതെ, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിശ്ശിക പണമായി നല്‍കിയപ്പോള്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശിക അനുവദിക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല.
നിലവില്‍ 18 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കാനുള്ളത്. കേന്ദ്ര സര്‍ക്കാര്‍ 2025 ജൂലൈ പ്രാബല്യത്തിലെ ക്ഷാമബത്ത സെപ്റ്റംബറില്‍ പ്രഖ്യാപിക്കും. മൂന്നുശതമാനം ക്ഷാമബത്ത ആയിരിക്കും പ്രഖ്യാപിക്കുക. ഇതോടെ കേരളത്തിലെ ക്ഷാമബത്ത കുടിശിക 22 ശതമാനമായി ഉയരും. രാജ്യത്ത് വിലക്കയറ്റത്തിലും ക്ഷാമബത്ത കുടിശികയിലും ഒന്നാം സ്ഥാനത്ത് തുടരുകയാണ് കേരളം.
ഓണസമ്മാനമായി ക്ഷാമബത്ത ലഭിക്കുമെന്ന പ്രതീക്ഷ സര്‍ക്കാര്‍ ജീവനക്കാര്‍ക്കില്ല. ഈ ആഴ്ച ക്ഷാമബത്ത ഫയലില്‍ അനുകൂലമായ തീരുമാനമെടുത്താല്‍ മാത്രമേ സെപ്റ്റംബര്‍ ആദ്യ വിതരണം ചെയ്യുന്ന ശമ്പളത്തോടൊപ്പം ലഭിക്കുകയുള്ളൂ. അവസാന ആഴ്ച ബില്ലുകള്‍ സമര്‍പ്പിക്കുന്നത് കൊണ്ട് വൈകി തീരുമാനമായാല്‍ സെപ്റ്റംബറില്‍ വിതരണം ചെയ്യുന്ന ശമ്പളത്തോടൊപ്പം പ്രഖ്യാപിക്കുന്ന ക്ഷാമബത്തയുടെ ഗുണം ലഭിക്കില്ല.
സര്‍വീസ് സംഘടനകളുടേതടക്കം ഒന്‍പത് ഹര്‍ജികളാണ് ക്ഷാമബത്ത കുടിശികയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിലുമായുള്ളത്. പെന്‍ഷന്‍കാര്‍ക്കുള്ള പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ മൂന്നു ഗഡുക്കള്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളപരിഷ്‌കരണ കുടിശികയില്‍ ഒരു ഗഡു പോലും ഇതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ മേയില്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം ഇനിയും പൂര്‍ണമായി കൊടുത്തുതീര്‍ത്തിട്ടില്ല. ഇതിനായി 4000 കോടി രൂപയാണു സര്‍ക്കാര്‍ കണക്കുകൂട്ടുന്ന ചെലവ്.
ക്ഷാമബത്ത കുടിശികയില്‍ രാജ്യത്ത് നമ്പര്‍ വണ്‍ സ്ഥാനം കേരളത്തിനാണ്. ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനം ഗുജറാത്താണ്. 2025 ജനുവരി പ്രാബല്യത്തിലെ രണ്ടുശതമാനം ക്ഷാമബത്ത അനുവദിച്ചതോടെയാണ് ഗുജറാത്ത് ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി മാറിയത്. ഏപ്രില്‍ 16 നാണ് ഗുജറാത്ത് സര്‍ക്കാര്‍ രണ്ടുശതമാനം ക്ഷാമബത്ത അനുവദിച്ചത്. ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം പത്താണ്്. ഗുജറാത്തിനെ കൂടാതെ ഗോവ, ആസാം, ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, തമിഴ്നാട്, അരുണാചല്‍പ്രദേശ്, കാശ്മീര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ക്ഷാമബത്ത പൂര്‍ണമായും നല്‍കിയത്. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒഴികെ എല്ലായിടത്തും ഒന്നും രണ്ടും ഗഡുക്കളാണ് ക്ഷാമബത്ത കുടിശിക.
സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ കുരുക്കഴിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച 'ഫയല്‍ അദാലത്ത്' യജ്ഞവും വിവിധ വകുപ്പുകളില്‍ ഇഴഞ്ഞു നീങ്ങുകയാണ്. പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ ബന്ധമുള്ള റവന്യു വകുപ്പാണ് ഫയല്‍ നോട്ടത്തില്‍ ബഹുദൂരം പിന്നില്‍. ഓഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ പ്രകാരം സെക്രട്ടേറിയറ്റ് തലത്തില്‍ വെറും 17 ശതമാനം ഫയലുകള്‍ മാത്രമാണ് റവന്യു വകുപ്പ് തീര്‍പ്പാക്കിയത്. 31 ന് ഫയല്‍ അദാലത്ത് അവസാനിക്കും.