ചങ്ങനാശേരി: എൻഎസ്എസ് രജിസ്ട്രാർ പി.എൻ.സുരേഷ് രാജി വച്ചു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിന് ശേഷം രാജി എഴുതി വാങ്ങുകയായിരുന്നു. അടിന്തിര കൗൺസിൽ യോഗം ചേർന്നാണ് സുരേഷിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. ജനറൽ സെക്രട്ടറിക്ക് മുകളിൽ വളരാനുള്ള ശ്രമവും സാമ്പത്തിക അഴിമതിയാരോപണവും ബന്ധു നിയമനം സംബന്ധിച്ച പരാതികളുമാണ് സുരേഷിന് തിരിച്ചടിയായിരിക്കുന്നത്.

എൻഎസ്എസിന്റെ വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത് കൗൺസിൽ യോഗമാണ്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, കലഞ്ഞൂർ മധു, ഹരികുമാർ കോയിക്കൽ, അഡ്വ. സംഗീത് കുമാർ തുടങ്ങിയവരാണ് കൗൺസിൽ അംഗങ്ങൾ. നിരവധി ആരോപണങ്ങൾ നേരത്തേ തന്നെ സുരേഷിനെതിരേ ഉയർന്നിരുന്നു. ബന്ധുനിയമനം ആയിരുന്നു അതിലൊന്ന്. സാമ്പത്തിക ക്രമക്കേടായിരുന്നു മറ്റൊന്ന്. തൃശൂർ മുതൽ വടക്കോട്ട് തനിക്ക് അനുകൂലമായി ഒരു ബെൽറ്റ് സൃഷ്ടിക്കാൻ സുരേഷ് ശ്രമിക്കുന്നതായി ജനറൽ സെക്രട്ടറിക്ക് സൂചന ലഭിച്ചിരുന്നു. ഇദ്ദേഹം ഇവിടെ യോഗങ്ങളിൽ നടത്തിയ പ്രസംഗങ്ങളും തിരിച്ചടിയായി. മന്നത്തിന് ശേഷം എൻഎസിഎസിന്റെ തലപ്പത്ത് വരാൻ യോഗ്യതയുള്ള വ്യക്തി താനാണെന്ന് സൂചിപ്പിക്കുന്ന വിധത്തിലായിരുന്നുവത്രേ സുരേഷിന്റെ പല പ്രസംഗങ്ങളും.

കഴിഞ്ഞ ദിവസം പെരുന്നയിലെത്തിയ ശശി തരൂരിനെക്കൊണ്ട് ഈ രീതിയിൽ ജനറൽ സെക്രട്ടറിയോട് സംസാരിക്കാനും ചുമതലപ്പെടുത്തിയിരുന്നുവത്രേ. എന്നാൽ, അദ്ദേഹം പറഞ്ഞില്ല. തരൂരും കൗൺസിൽ അംഗങ്ങളുമായി സംസാരിക്കുന്നിടത്ത് കടന്നു കയറി തല കാണിച്ച് ചിത്രമെടുക്കുകയും പിറ്റേന്ന് മനോരമ പത്രത്തിൽ അത് അച്ചടിപ്പിക്കുകയും ചെയ്തതാണ് ഇത്ര പെട്ടെന്ന് കസേര തെറിക്കാൻ കാരണമായത്. ഇന്നലെ വൈകിട്ട് ആറിന് ചേർന്ന കൗൺസിൽ യോഗം രണ്ടു ഓപ്ഷനുകളാണ് സുരേഷിന് മുന്നിൽ വച്ചത്. ഒന്നുകിൽ രാജി വച്ച് പുറത്തു പോകാം. അല്ലാത്ത പക്ഷം എടുത്ത് പുറത്തു കളയും. ഇതിന്റെ ഭാഗമായി സുരേഷ് രാജി വയ്ക്കുകയായിരുന്നു.

ആറന്മുള വാസ്തു വിദ്യാഗുരുകുലം ചെയർമാൻ, കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസിലർ എന്നീ നിലകളിലാണ് സുരേഷ് പ്രശസ്തനായത്. യുഡിഎഫ് മന്ത്രിസഭയിൽ ജി. കാർത്തിയേകൻ സാംസ്‌കാരിക മന്ത്രിയായിരിക്കുമ്പോൾ ഡോ. ഡി. ബാബുപോളിന്റെ ശിപാർശയിലാണ് സുരേഷ് വാസ്തുവിദ്യാഗുരുകുലം ചെയർമാനായത്. പിന്നീട് പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായരുടെ ശിപാർശയിലാണ് കലാമണ്ഡലം കൽപിത സർവകലശാല വൈസ് ചാൻസിലർ ആയത്.

എൻഎസ്എസ് പ്രസിഡന്റായിരുന്ന നരേന്ദ്രനാഥൻ നായർ മരിച്ചപ്പോൾ ആ സ്ഥാനത്തേക്ക് നോട്ടമിട്ടിരുന്നത് കലഞ്ഞൂർ മധു, ഹരികുമാർ കോയിക്കൽ എന്നിവരായിരുന്നു. രണ്ടു പേരെയും വെട്ടി മുൻ ട്രഷറർ ഡോ. ശശികുമാറിനെ പ്രസിഡന്റാക്കിയതിന് പിന്നിൽ സുരേഷ് ആയിരുന്നു. ജനറൽ സെക്രട്ടറിയുടെ അടുത്ത് ഇത്രയധികം സ്വാധീനം ഉണ്ടെന്ന് കരുതിയിരുന്ന സുരേഷ് ആണിപ്പോൾ തെറിച്ചിരിക്കുന്നത്.