അടൂർ: എമൻജൻസി വിൻഡോയ്ക്ക് സമീപമായിരുന്നു ഞാനിരുന്നത്. ട്രെയിൻ ഭുവനേശ്വറിലേക്കുള്ള യാത്രയിലായിരുന്നു. പെട്ടെന്ന് സഡൻബ്രേക്കിട്ടതു പോലെ വണ്ടിയൊന്ന് ഉലഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിന് മുൻപ് എമർജൻസി വിൻഡോ തകർന്ന് ഞാൻ പുറത്തേക്ക് തെറിച്ചു വീണു. അവിടെ കിടന്ന് നോക്കുമ്പോൾ ഞാൻ വന്ന എസ് 5 ബോഗി കരണം മറിയുന്നു. ഞെട്ടിപ്പോയി. പിന്നെ ഓടി മറിഞ്ഞു കിടക്കുന്ന ബോഗിക്ക മുകളിൽ കയറി. ലഗേജ് എടുക്കാൻ കയറിയ ഞാൻ പിന്നെ അതൊക്കെ മറന്നു. ഒരു മണിക്കൂർ നീളുന്ന രക്ഷാപ്രവർത്തനം. ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മലയാളി സൈനികൻ അടൂർ വെള്ളക്കുളങ്ങര കിണറുവിളയിൽ വിജയഭവനിൽ കെ.വി. അനീഷ് കുമാർ ഫോണിലൂടെ മറുനാടനോട് പറഞ്ഞു.

ആസാം റെജിമെന്റിലെ കൽക്കട്ട ബാരക്ക്പൂരിൽ ജോലി ചെയ്യുന്ന അനീഷ്
ഭാര്യയെയും രണ്ടു മക്കളെയും ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ നാട്ടിലേക്ക് വരുമ്പോഴാണ് അപകടം. അനീഷിന്റെ മൂത്ത സഹോദരനും സൈനികനാണ്. അദ്ദേഹം ലേയിലാണ് ജോലി ചെയ്യുന്നത്. ആറു മാസം മുൻപ് നാട്ടിൽ വന്ന് മടങ്ങിയ അനീഷ് ജോലി സ്ഥലത്തേക്ക് കുടുംബത്തെ കൂട്ടാനാണ് വന്നത്. കോറമാണ്ടൽ എക്സ്പ്രസിൽ ചെന്നൈയിൽ വന്ന് അവിടെ നിന്ന് നാട്ടിലേക്ക് എത്താനായിരുന്നു പദ്ധതി.

വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപകടം നടക്കുന്നത്. ബോഗി പാളം തെറ്റി മറിഞ്ഞതിന് പിന്നാലെ ലഗേജും ആൾക്കാരും വന്ന് ശരീരത്ത് ഇടിക്കുകയും എമൻജൻസി വിൻഡോ തകർന്ന് താൻ പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നുവെന്ന് അനീഷ് പറഞ്ഞു. വീണ് കിടന്നിടത്ത് നിന്ന് എണീറ്റു നോക്കുമ്പോൾ എസ് അഞ്ചിന് പുറമേ മറ്റ് ബോഗികളും കരണം മറിയുന്നു. ചലനം നിലച്ച ബോഗിയിലേക്ക് ചാടിക്കയറിയത് നഷ്ടപ്പെട്ട ഫോണും ലഗേജും എടുക്കാൻ വേണ്ടിയായിരുന്നു. അപ്പോഴാണ് പരുക്കേറ്റവരെ കണ്ടത്.

പിന്നെ ഒന്നും ചിന്തിച്ചില്ല. കാലിന് ചെറിയ പരുക്ക് പറ്റിയെങ്കിലും വകവയ്ക്കാതെ രക്ഷാപ്രവർത്തനം തുടങ്ങി. അപകടം തുടങ്ങി ആദ്യ അരമണിക്കൂറിൽ അവിടേക്ക് ആരും എത്തപ്പെട്ടില്ല. ബോഗിയിലുണ്ടായിരുന്ന പരുക്കേറ്റവരെ നിസാര പരുക്കുകൾ ഉള്ളവർ പുറത്തെത്തിക്കുകയായിരുന്നു. അതിനിടെ രണ്ടു വയസുള്ള ഒരു കുട്ടിയുടെ മൃതദേഹവും കണ്ടു. ഒരു മണിക്കൂർ കൊണ്ട് മുഴുവൻ പേരെയും പുറത്തെടുത്തു. അപ്പോഴേക്കും ആംബുലൻസുകൾ സ്ഥലത്ത് വന്നു.

പരുക്കു പറ്റിയ തിരുവല്ല സ്വദേശിയെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. അദ്ദേഹത്തെ അവിടെ വിട്ട് തിരികെ അതേ ആംബുലൻസിൽ സ്ഥലത്ത് വന്നു. ലഗേജും മൊബൈലും തപ്പി എടുക്കുകയായിരുന്നു ലക്ഷ്യം. മടങ്ങിയെത്തിയപ്പോഴേക്കും അവിടെ ആൾക്കാരെ കൊണ്ട് നിറഞ്ഞു. ബോഗികൾക്ക് അടുത്തേക്ക് ചെല്ലാൻ പറ്റാത്ത അവസ്ഥ. ഒടുവിൽ ലഗേജും ഫോണും സ്വർണമാലയുമൊക്കെ ഉപേക്ഷിച്ച് സ്പെഷൽ ബസിൽ രാത്രി 11.45 ന് ഭുവനേശ്വറിലേക്ക് പോയി. ശനിയാഴ്ച രാവിലെ അവിടെ നിന്നുള്ള സ്പെഷൽ ട്രെയിനിൽ ചെന്നൈയിലേക്ക് വരികയാണ്. ഈ ഇന്റർവ്യൂ നൽകുമ്പോൾ വിജയവാഡയിലെത്തി.

അപകടത്തിന്റെ ദൃശ്യങ്ങൾ അടൂരിലെ വീട്ടിൽ കാണുമ്പോൾ അവർ അറിഞ്ഞിരുന്നില്ല ഞാൻ വന്ന ട്രെയിനാണത് എന്ന്. എന്നാൽ ദൃശ്യങ്ങൾക്കിടയിൽ മിന്നായം പോലെ അവർ എന്നെ കണ്ടു. തുടർന്ന് എന്റെ ഫോണിലേക്ക് വിളിച്ചു. ഈ സമയം ലേയുള്ള മൂത്ത ചേട്ടൻ എന്നെ അന്വേഷിക്കാൻ തുടങ്ങിയിരുന്നു. അവിടെയുണ്ടായിരുന്ന ആളുടെ ഫോൺ വാങ്ങി അദ്ദേഹത്തെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹം അക്കാര്യം വീട്ടിൽ അറിയിച്ചതോടെ അവർക്ക് സമാധാനമായി. പിന്നീട് ഞാൻ അവരെയും വിളിച്ചു. നാട്ടിലേക്ക് വരാനായി ഷാലിമാറിൽ നിന്നാണ് അനീഷ് കുമാർ ട്രെയിൻ കയറിയത്.