- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓൺലൈനായി പണം അടച്ചപ്പോൾ കിട്ടിയോ ആവോ? നേരിട്ട് ആർ ടി ഒ ഓഫീസിൽ എത്തിയാലും ഇവിടൊന്നും കിട്ടിയില്ലെന്ന മറുപടി; പുതിയ വാഹന രജിസ്‌ട്രേഷൻ എടുക്കാൻ ആയാലും, പഴയ ലൈസൻസ് മാറ്റിയെടുക്കാനുള്ള അപേക്ഷകൾ ആയാലും തഥൈവ; മോട്ടോർ വാഹന വകുപ്പിന്റെ സാരഥി പരിവാഹൻ വെബ്‌സൈറ്റ് തകറാറിലായിട്ട് ഒരാഴ്ച
കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ ഓൺലൈൻ സേവന സംവിധാനമായ സാരഥി പരിവാഹൻ വെബ്സൈറ്റ് തകരാറിലായി ഒരാഴ്ച പിന്നിട്ടിട്ടും തകരാർ പരിഹരിക്കാതെ സർക്കാർ. ഇതോടെ ആർ.ടി.ഓഫീസിലെ സേവനങ്ങൾ എല്ലാം തന്നെ നിലച്ചിരിക്കുകയാണ്. ഓൺലൈനായി സേവനങ്ങളുടെ ഫീസ് അടച്ചവർക്ക് സ്ലിപ്പ് കിട്ടാതിരുന്നതാണ് ആദ്യമായി സൈറ്റിൽ നേരിട്ട തകരാർ.
പിന്നീട് പെയ്മെന്റ് അടച്ചതിന് ശേഷം പണം സ്വീകരിച്ചതായുള്ള ഒരു അറിയിപ്പും ലഭിക്കാതായി. ഇതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷകർ ആർ.ടി.ഓഫീസിലെത്തിയെങ്കിലും അവിടെയും പണം അടച്ചതിന്റെ രേഖകൾ ലഭ്യമായിട്ടില്ല എന്ന അറിയിപ്പാണ് ലഭിച്ചത്. ഇതോടെ സർവ്വീസ് പ്രൊവൈഡറായ നാഷണൽ ഇൻഫർമേഷൻ സെന്ററിൽ അധികൃതർ ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
സംസ്ഥാനത്തെ എല്ലാ ആർ.ടി. ഓഫീസുകളിലും സാരഥിയുടെ തകരാർ മൂലം അപേക്ഷകരുടെ ഫയലുകൾ എത്തുന്നില്ല. സാരഥി പരിവാഹനിൽ അപേക്ഷ സമർപ്പിച്ച ശേഷം ഫീസ് ഒടുക്കി കഴിയുമ്പോൾ അവ അതാത് ആർ.ടി.ഓഫീസുകളിലേക്ക് എത്തുന്നതാണ് രീതി. കഴിഞ്ഞ ഒരാഴ്ചയായി ഇതു മൂലം അപേക്ഷകൾ ഒന്നും തന്നെ ആർ.ടി.ഓഫീസുകളിൽ എത്തുന്നില്ല. അത്യാവശ്യക്കാരൊക്കെ ഇതു മൂലം വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കൂടാതെ പണം അടച്ചതിന്റെ സ്ഥിരീകരണം വെബ്സൈറ്റിൽ നിന്നും ലഭിക്കാത്തതിനാൽ തുക എങ്ങനെ കിട്ടുമെന്നുമുള്ള ആശങ്കയിലുമാണ് അപേക്ഷകർ.
പഴയ ലൈസൻസ് മാറ്റിയെടുക്കാനുള്ള അപേക്ഷകളും പുതിയ വാഹന രജിസ്ട്രേഷൻ ഉൾപ്പെടെ എല്ലാ സേവനങ്ങളും ഇതോടെ നിലച്ചിരിക്കുകയാണ്. അപേക്ഷകർ ആർ.ടി.ഓഫീസുകളിലെ ജീവനക്കാരുമായി വാക്കുതർക്കമുണ്ടാകുന്നതും പതിവായിരിക്കുകയാണ്. ട്രാൻസ്പോർട്ട് കമ്മീഷ്ണർ ഓഫീസിൽ വിളിക്കുമ്പോൾ വെബ്സൈറ്റ് തകരാറിലാണെന്നും ഉടൻ പരിഹരിക്കുമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് അപേക്ഷകർ പറയുന്നു. അതേ സമയം സോഫ്റ്റ് വെയർ മാറ്റിയപ്പോഴുണ്ടായ തകരാറാണെന്നും അത് പരിഹരിക്കേണ്ടത് നാഷണൽ ഇൻഫർമേഷൻ സെന്ററാണെന്നുമാണ് ട്രാൻപോർട്ട് കമ്മീഷ്ണർ ഓഫീസ് പറയുന്നത്. ഓൺലൈനിൽ പണം അടച്ചവർ പേടിക്കേണ്ടതില്ലെന്നും വെബ്സൈറ്റ് പൂർവ്വ സ്ഥിതിയിലാകുമ്പോൾ പണം തിരികെ ലഭിക്കുമെന്നും ടി.സി ഓഫീസ് അറിയിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.