കൊച്ചി: കേരളത്തിലേക്ക് വൻതോതിൽ സിആർപിഎഫുകാർ എത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പോലും അറിഞ്ഞിരുന്നു. കേരളത്തിൽ സിആർപിഎഫിന് യൂണിറ്റുള്ളപ്പോൾ എന്തിനാണ് പുറത്തു നിന്നുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയുധങ്ങളുമായി കേന്ദ്ര സേന എത്തുന്നതെന്ന സംശയവും സജീവമായി. എന്നാൽ എന്താണ് ഓപ്പറേഷൻ എന്ന് ആർക്കും പിടികിട്ടിയില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സഹായത്തിന് കേരളാ പൊലീസിന്റെ സേവനവും അനൗദ്യോഗികമായി തേടിയിരുന്നു. അവിടേയും കാരണം പറഞ്ഞില്ല. എന്നാൽ കേരളാ പൊലീസിലെ ഇന്റലിജൻസ് ഇക്കാര്യം അന്വേഷിക്കുമെന്ന് കേന്ദ്രത്തിന് അറിയാമായിരുന്നു. അവിടേയും കരുതൽ എടുത്തു. അങ്ങനെയാണ് ഓപ്പറേഷൻ ഒക്ടോപ്പസ് വിജയത്തിലെത്തിയത്. 'വിഴിഞ്ഞത്തെ' മറയാക്കിയായിരുന്നു കേന്ദ്ര നീക്കം.

എന്തിനാണ് കേരളത്തിലേക്ക് എത്രയും സിആർപിഎഫുകാർ ആവശ്യമില്ലാത്ത സമയത്ത് എത്തുന്നതെന്നതായിരുന്നു ഉയർന്ന ചോദ്യം. ഇതിന് ആരും വ്യക്തമായ മറുപടി നൽകിയില്ല. കേരളത്തിലെ കേന്ദ്ര ഏജൻസി ജീവനക്കാരോടും അവധി എടുക്കരുതെന്നും ജോലി സ്ഥലത്തുണ്ടാകണമെന്നും നിർദ്ദേശം പോയി. എല്ലാ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർക്കും അവധിയില്ലെന്ന അറിയിപ്പ് എത്തിയിരുന്നു. എന്നാൽ ഐബിക്കാരോട് പോലും കാര്യങ്ങൾ പറഞ്ഞില്ല. പകരം പുക മറ ഡൽഹിയിൽ നിന്നും സൃഷ്ടിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അടുത്ത സുഹൃത്തായ അദാനിയുടെ വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം പ്രതിസന്ധിയിലാണെന്നും ഏത് സമയത്തും ഓപ്പറേഷൻ വേണ്ടി വരുമെന്നുമായിരുന്നു നൽകിയ സൂചനകൾ. അത് എല്ലാവരും വിശ്വസിക്കുകയും ചെയ്തു. കേരളാ സർക്കാരും ആ കഥ വിശ്വസിച്ചു.

വിഴിഞ്ഞം സമരത്തിനെതിരെ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് അദാനി കോടതിയെ സമീപിച്ചത്. ഇതിൽ കോടതി ചില നിരീക്ഷണം നൽകി. എന്നാൽ കേരളാ പൊലീസിനെ സംരക്ഷണ ചുമലത ഏൽപ്പിച്ചു. പക്ഷേ പൊലീസിന് ഒന്നും ചെയ്യാനായില്ല. സമരസമിതിയുടെ പന്തൽ പൊളിച്ചു നീക്കാനുള്ള നീക്കവും തുടങ്ങി. കേരളാ പൊലീസിന് കഴിയാത്ത പക്ഷം എല്ലാം കേന്ദ്ര സേനയെ ഏൽപ്പിക്കേണ്ടി വരുമെന്ന സൂചനകളും കോടതി നൽകിയിരുന്നു. അങ്ങനെ വിഴിഞ്ഞത്തെ ഇടപെടൽ മുൻകൂട്ടി കണ്ടുള്ള സി ആർ പി എഫ് സേനാ നീക്കമാണെന്ന തരത്തിൽ പ്രചരണം നടത്തിയാണ് ഓപ്പറേഷൻ ഒക്ടോപ്പസിന്റെ രഹസ്യാത്മകത ഉറപ്പാക്കിയത്. ഇതാണ് ഓപ്പറേഷൻ വിജയത്തിലാക്കിയതും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് വിഴിഞ്ഞത്തെ മറയാക്കിയുള്ള ഈ പദ്ധതികൾ ആസൂത്രണം ചെയ്തത്. വളരെ കുറച്ച് പേരിൽ എല്ലാ രഹസ്യവും സൂക്ഷിക്കുകയും ചെയ്തു.

കേരളത്തിലെ ഒരു പ്രധാന മാധ്യമവും ഓപ്പറേഷനെ കുറിച്ച് മനസ്സിലാക്കിയിരുന്നു. കേന്ദ്ര സേനയുടെ വരവിൽ അവർ അന്വേഷണവും നടത്തി. അവരോടും വിഴിഞ്ഞത്തെ ഓപ്പറേഷന്റെ സാധ്യതകളാണ് പങ്കുവച്ചത്. ഇത് വിശ്വസനീയവുമായിരുന്നു. ഹൈക്കോടതിയുടെ ഇടപെടലുണ്ടായാൽ വിഴിഞ്ഞം കേന്ദ്ര സേന ഏറ്റെടുക്കുമെന്നായിരുന്നു സൂചനകൾ നൽകിയത്. അതുകൊണ്ട് തന്നെ ഓപ്പറേഷൻ ഒക്ടാപ്പസിന്റെ വസ്തുത പുറത്തു പോയതുമില്ല. വാർത്ത മുൻകൂട്ടി ആരെങ്കിലും നൽകിയിരുന്നുവെങ്കിൽ പോലും ഈ ഓപ്പറേഷൻ കേന്ദ്ര ഏജൻസികൾ മരവിപ്പിക്കുമായിരുന്നു. സംഘർഷ സാധ്യത കൂടുമെന്നതിനാലായിരുന്നു അത്. എന്നാൽ വിവരം എല്ലാം രഹസ്യമായപ്പോൾ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ നടന്നു.

പരമാവധി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റാണ് കേന്ദ്ര ഏജൻസി ലക്ഷ്യമിട്ടത്. കൃത്യമായി തന്നെ ഐബിയുടെ സഹായത്തോടെ നേതാക്കളുടെ വാസം കണ്ടെത്തി. അങ്ങനെ കൃത്യമായ സ്‌കെച്ച് തയ്യാറാക്കിയാണ് ഓപ്പറേഷന് എത്തിയത്. എൻ ഐ എ ഉദ്യോഗസ്ഥർ വിമാനത്തിലും മറ്റും എത്തിയപ്പോൾ സി ആർ പി എഫുകാരുടെ വരവ് കൂടുതലും തീവണ്ടിയിലായി. കേരളത്തിലെ ഓപ്പറേഷനെ കുറിച്ച് സി ആർ പി എഫുകാർക്കും അറിവുണ്ടായിരുന്നില്ല. സർവ്വായുധ സജ്ജരായാണ് അവർ എത്തിയതെന്നതും വസ്തുതയാണ്. ഇതെല്ലാം കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും തിരിച്ചറിഞ്ഞിരുന്നു. എന്നാൽ വിഴിഞ്ഞത്തേക്കുള്ള നീക്കമാണെന്ന സൂചനകൾ അവരും വിശ്വസിച്ചു. കേരളാ പൊലീസിന് പോലും പോപ്പുലർ ഫ്രണ്ടിനെതിരായ നീക്കങ്ങളാണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു.

പോപ്പുലർ ഫ്രണ്ടിനെതിരായ നീക്കത്തെ കുറിച്ച് വാർത്ത ചോർന്നാൽ നേതാക്കൾ രക്ഷപ്പെടുമെന്ന് എൻഐഎ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് മാത്രമാണ് എൻഐഎ പട്ടികയിലുണ്ടായിരുന്നവരെ അവരുടെ വാസ സ്ഥലത്ത് ഉണ്ടെന്ന് ഉറപ്പാക്കുന്ന തരത്തിലെ രഹസ്യാത്മകത സൂക്ഷിച്ചത്. അത് എല്ലാ അർത്ഥത്തിലും വിജയമാകുകയും ചെയ്തു. കേരളത്തിൽ ഇത്തരം നീക്കമുണ്ടാകുമ്പോൾ സംഘർഷമുണ്ടാകരുതെന്നും കേന്ദ്രം ആഗ്രഹിച്ചിരുന്നു. അത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലായിരുന്നു. ഇതും രഹസ്യാത്മകതയിലൂടെ നേടിയെടുക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കഴിഞ്ഞു. അമിത് ഷായുടെ കേരള സന്ദർശനത്തിലും ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അതും പുറത്താരും അറിഞ്ഞില്ല. ഓപ്പറേഷൻ ഓക്ടോപ്പസിൽ എല്ലാ അർത്ഥത്തിലും കേന്ദ്ര ഏജൻസികൾ വിജയിച്ചു. നീരാളിയെ പോലെ പോപ്പുലർ ഫ്രണ്ടിനെ അവർ വരിഞ്ഞു കെട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം നടത്തിയിരുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് പറയുന്നു. ജൂലൈ 12ന് ബിഹാറിലെ പട്നയിൽ നടന്ന റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതിയെന്നും കേരളത്തിൽ നിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഭീകരൻ കണ്ണൂർ സ്വദേശി ഷെഫീക്ക് പായത്തിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയെ വധിക്കാൻ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഈ വിവരം കേന്ദ്ര ഏജൻസികൾക്ക് കിട്ടിയിരുന്നു. ഇതിന് ശേഷമാണ് പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികൾ നിരീക്ഷണവും നീക്കവും സജീവമാക്കിയത്.

പ്രധാനമന്ത്രിക്ക് പുറമെ ഉത്തർപ്രദേശിലെ ചില പ്രമുഖർക്ക് നേരെയും തന്ത്രപ്രധാന സ്ഥലങ്ങളിലും ഒരേസമയം ആക്രമണം നടത്താൻ പദ്ധതിയുണ്ടായിരുന്നു.. ഇതിനായി ആയുധങ്ങളും, സ്ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. വിദേശ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഷെഫീക്ക് ഈ ബന്ധങ്ങൾ വഴി ഭീകരപ്രവർത്തനങ്ങൾക്ക് പണം സമാഹരിച്ചെന്നും റിപ്പോർട്ടിൽ ഇഡി പറയുന്നുണ്ട്. 120 കോടി രൂപ വിദേശത്ത് നിന്നും സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഭീകരപ്രവർത്തനങ്ങൾ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, കലാപമുണ്ടാക്കൽ എന്നിവയ്ക്ക് വേണ്ടിയാണ് പണം സമാഹരിച്ചതെന്നും റിപ്പോർട്ടിലുണ്ട്. പണം നിക്ഷേപിച്ച പലരും അജ്ഞാതരും സംശയിക്കപ്പെടുന്നവരുമാണ്. ഷെഫീക്ക് പായത്ത് എൻആർഐ അക്കൗണ്ട് വഴി നാട്ടിലെത്തിച്ച പണം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ റൗഫ് ഷെരീഫിനും റിഹാബ് ഇന്ത്യ ഫൗണ്ടേഷനും നൽയിട്ടുണ്ടെന്നും ഇഡി പറയുന്നു.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിളും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് ഹിറ്റ് ലിസ്റ്റ് അടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ ആണെന്ന് എൻഐഎയും പറയുന്നു. എൻഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പിഎഫ്ഐ നേതാക്കളേയും കസ്റ്റഡിയിൽ വേണമെന്നും നാട് രക്തത്തിൽ മുങ്ങാതിരിക്കാൻ തുടരന്വേഷണം അനിവാര്യമെന്നും കോടതിയിൽ എൻഐഎ അറിയിച്ചു. ഏതൊക്കെ നേതാക്കളാണ് ഹിറ്റ് ലിസ്റ്റിലുള്ളതെന്ന് എൻ.ഐ.എ വെളിപ്പെടുത്തുന്നില്ലെങ്കിലും പ്രമുഖരുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മുമ്പ് ആലപ്പുഴയിലും പാലക്കാടും നടന്ന കൊലപാതകത്തിന് ശേഷം കേരള പൊലീസിനും പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എൻ.ഐ.എ വ്യക്തമാക്കുന്നത്. പിടിച്ചെടുത്ത രേഖകളെല്ലാം എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയതോടെ അറസ്റ്റുകൾ തുടരുമെന്നാണ് സൂചന. അതേസമയം, രാജ്യത്ത് ഇസ്ലാമിക ഭരണത്തിനാണ് പിഎഫ്ഐ ലക്ഷ്യമിട്ടതെന്ന് തെളിയിക്കുന്ന രേഖകളും കണ്ടെത്തിയിട്ടുണ്ട്.

ഇതിനായി അറസ്റ്റിലായവർ പലതവണ ഗൂഢാലചോന നടത്തി. സോഷ്യൽ മീഡിയിയൽ അടക്കം ഇവർ ഇതിനായി പ്രചാരണം നടത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും എൻഐഎ കോടതിയിൽ ഹാജരാക്കി.