- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രേഖാചിത്രം തെറ്റാൻ കാരണം തന്റെ സമയദോഷം! കടയിൽ എത്തുന്ന കൂട്ടുകാർക്ക് ഇപ്പോൾ ചായ വേണ്ട; ചോദിക്കുന്നത് ഫോൺ....! വന്നത് പത്മകുമാറെന്ന് കിഴക്കനേലയിലെ കടയുടമ ഉറപ്പിച്ചു പറയുന്നു; പഠിച്ചത് അറിയാത്തവർക്ക് ഫോൺ കൊടുക്കരുതെന്ന പാഠം; ഗിരിജാ കുമാരിയും കുടുംബവും മറുനാടനോട് മനസ്സ് തുറക്കുമ്പോൾ
കൊല്ലം: പൂയപ്പള്ളിയിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ അന്വേഷണത്തിൽ വഴിത്തിരിവായത് ആ ചായക്കടക്കാരിക്ക് ഇപ്പോൾ സുഹൃത്തുക്കളിൽ നിന്നുണ്ടാകുന്നത് ട്രോൾ ചോദ്യങ്ങൾ! കടയിലെത്തുന്ന കൂട്ടുകാർക്ക് വേണ്ടത് ചായ അല്ല. ഫോൺ...... അറിയാവുന്നവരുടെ ഈ കളിയാക്കൽ വേദനയല്ല. മറിച്ച് ചെയ്തു പോയ മണ്ടത്തരത്തിലേക്കുള്ള ഓർമ്മപ്പെടുത്തൽ. എന്നാൽ ആ മണ്ടത്തരം പ്രതികളെ പിടിക്കാൻ സഹായകമായി എന്നതിൽ ആശ്വാസവുമുണ്ട്.
ഓയൂരിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വന്നത് പാരിപ്പള്ളിക്കടുത്ത് കുളമടയിൽനിന്നായിരുന്നു. കടയിൽ ഓട്ടോറിക്ഷയിൽ വന്ന പുരുഷനും സ്ത്രീയും ബിസ്കറ്റ് ആവശ്യപ്പെട്ടു. സ്ത്രീ കറുത്ത ഷാൾകൊണ്ട് മുഖം മറച്ചിരുന്നു. രണ്ടു കവർ ബിസ്കറ്റും റസ്കും കേക്കും തേങ്ങയും വാങ്ങി. ഫോൺ എടുക്കാൻ മറന്നെന്നുപറഞ്ഞ് ഫോൺ വാങ്ങി അല്പം മാറിനിന്നു ഓയൂരിലെ കുട്ടിയുടെ വീട്ടിലേയ്ക്ക് അനിതകുമാരിയുടെ തന്ത്രപരമായ ഫോൺകോളും. ഉടൻ അന്വേഷിച്ച് പൊലീസ് എത്തി. അപ്പോഴാണ് ഫോൺവിളിയുടെ വിവരം മനസ്സിലായത്. ഈ അന്വേഷണമാണ് അതിനിർണ്ണായകമായത്.
കിഴക്കനേലയിലെ കടയുടമയായ ഗിരിജാകുമാരി ആ സംഭവത്തെ ആശങ്കയോടെയാണ് ഇന്നും കാണുന്നത്. രേഖാ ചിത്രം ചെറുതായി തെറ്റി. കഷണ്ടിയുള്ള ആളിനെയാണ് വരച്ചത്. എന്നാൽ കടയിലെത്തിയത് പത്മകുമാർ തന്നെയാണെന്ന് ഗിരിജാ കുമാരി പറയുന്നു. ഇതിനൊപ്പമാണ് കടയിൽ എത്തുന്നവർ ചായയ്ക്ക് പകരം ഫോൺ ചോദിക്കുന്നതും വിശദീകരിക്കുന്നത്. ഏതായാലും കുടുംബത്തിന്റെ പിന്തുണയിൽ പ്രതിസന്ധിയെ മറികടക്കാനായതിന്റെ ആത്മവിശ്വാസം അവർക്കുണ്ട്. താൻ കുട്ടികൾക്ക് അടക്കം അത്യാവശ്യ സമയത്ത് കടയിൽ എത്തുന്നവർക്ക് മൊബൈൽ ഫോൺ നൽകാറുണ്ട്. എന്തെങ്കിലും അത്യാവശ്യത്തിന് ആകുമെന്ന് കരുതി കൊടുത്തു-ഇതാണ് ആ സംഭവത്തിൽ ഗിരിജാ കുമാരി പറയുന്നത്.
ഫോൺ കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ തിരിച്ചറിയൽ രേഖ വല്ലതും നോക്കി കൊടുക്കേണ്ട കാലമാണ് ഇത്. അതോടൊപ്പം നമ്മുടെ ഫോൺ വാങ്ങി വിളിക്കുന്നത് നമ്മുടെ മുന്നിൽ വച്ചാകാണം. ഇവിടെ ഫോൺ വാങ്ങി അവർ ദൂരേക്ക് പോയി. അത് അനുവദിക്കരുത്-സംഭവത്തെ കുറിച്ച് ഗിരിജാ കുമാരിയുടെ ഭർത്താവ് മറുനാടനോട് പറഞ്ഞത് ഇങ്ങനെയാണ്. ആ ഫോൺ കൊടുത്തതു കൊണ്ട് മാത്രം പ്രതികളെ കണ്ടെത്താനായി എന്ന് എല്ലാവരും പറയുന്നു. അത് ആശ്വാസമായെന്ന് ആ കുടുംബം പറയുന്നു. കട ഉടമ ഗിരിജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ രേഖാചിത്രം പുറത്തുവരുന്നത്. അത് അറസ്റ്റിലായ പത്മകുമാറുമായി സാമ്യമുള്ളതല്ല. അത് പക്ഷേ പിഴച്ചു. തന്റെ സമയദോഷം കാരണമാണ് അത് സംഭവിച്ചതെന്നാണ് ഗിരിജയുടെ പ്രതികരണം.
ഫോൺ ചെയ്തവർ പള്ളിക്കൽ ഭാഗത്തേക്ക് പോയതെന്നായിരുന്നു കടയുടമയുടെ ഭാര്യ പൊലീസിനോടു പറഞ്ഞത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആദ്യ രേഖാ ചിത്രം തയ്യാറാക്കി. എന്നാൽ ചിത്രത്തിൽ പ്രതിക്ക് മുടിയുണ്ടായിരുന്നു. പത്മകുമാർ പിടിക്കപ്പെട്ടപ്പോൾ പൂർണ്ണമായും തലയിൽ മുടിയില്ലതാനും. ഇതിൽ നിന്നെല്ലാം ഉയർന്നു വരുന്ന പ്രധാന ചോദ്യം തട്ടിക്കൊണ്ടു പോയ സംഘത്തിൽ നാലാമതൊരാൾ ഉണ്ടോ? അല്ലെങ്കിൽ രേഖാ ചിത്രം വരച്ചപ്പോൾ മുടി കൂടിപ്പോയതോ? എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളാണ് ഉയർന്നു വരുന്നത്. ഇതിനിടെയാണ് പത്മകുമാർ തന്നെയാണ് വന്നതെന്ന് ഗിരിജ മറുനാടനോട് ആവർത്തിക്കുന്നത്.
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആദ്യദിവസം കിട്ടിയ സൂചനയിൽനിന്നാണ് കേസ് തെളിഞ്ഞതെന്ന് എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എത്രയും വേഗം കുട്ടിയെ കണ്ടെത്തുക എന്നതായിരുന്നു ആദ്യത്തെ ശ്രമം. ആദ്യദിവസം കിട്ടിയ സൂചനയിൽ നിന്നാണ് കേസ് തെളിഞ്ഞത്. ആ സൂചനയിൽനിന്ന് തന്നെ പ്രതികൾ കൊല്ലം ജില്ലയിലുള്ളവരാണെന്ന് തിരിച്ചറിഞ്ഞു. ആ സൂചനയിൽനിന്നാണ് വിശദമായ അന്വേഷണം നടത്തിയത്. ഒപ്പം സൈബർ അനാലിസിസും സാധാരണക്കാരിൽനിന്ന് ലഭിച്ച വിവരങ്ങളുമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചതെന്നും എ.ഡി.ജി.പി. പറഞ്ഞിരുന്നു.
ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ മൂന്നു പ്രതികളെയും റിമാൻഡ് ചെയ്തിരുന്നു. മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരെ 14 ദിവസത്തേയ്ക്കാണു റിമാൻഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും അനിതകുമാരി, അനുപമ എന്നിവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി. പ്രതികളെ ഇനി കസ്റ്റഡിയിൽ വാങ്ങും.
തട്ടിക്കൊണ്ടുപോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിയിരിക്കുന്നത്. അറസ്റ്റു രേഖപ്പെടുത്തിയതിനു പിന്നാലെ പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചിരുന്നു. പ്രതികളെ മുഖം മറച്ചാണ് സ്റ്റേഷനിൽ കൊണ്ടുവന്നത്. പൊലീസ് സ്റ്റേഷനു പുറത്ത് ഇവർക്കുനേരെ നാട്ടുകാരുടെ രോഷപ്രകടനമുണ്ടായി. ആറു വയസുകാരിയും സഹോദരനും പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളെ 10 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഞ്ചു കോടി രൂപ കടമുള്ളതിനാൽ പ്രതിസന്ധി മറികടക്കുന്നതിനായി പണം കണ്ടെത്തുന്നതു ലക്ഷ്യമിട്ടായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. ഒരു വർഷമെടുത്താണ് ഇതിനായി തയ്യാറെടുത്തത്. മോചനദ്രവ്യമായി 10 ലക്ഷം രൂപ വാങ്ങിയെടുക്കാനായിരുന്നു ശ്രമം. ഭാര്യയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത്. കുട്ടിയെ കാറിലേക്ക് പിടിച്ചുകയറ്റിയതും ഭാര്യയാണെന്നും മറ്റാരും തട്ടിക്കൊണ്ടുപോകലിനു സഹായിച്ചിട്ടില്ലെന്നും ഇയാൾ നൽകിയ മൊഴിയിലുണ്ട്. ഇതോടെ നഴ്സിങ് നിയമനവുമായി തട്ടിക്കൊണ്ടുപോകലിനു ബന്ധമുണ്ടെന്നും പ്രതികളെ കുട്ടിയുടെ പിതാവിന് അറിയാമെന്നുമുള്ള അഭ്യൂഹങ്ങൾ അവസാനിച്ചു.
കുട്ടിയെ ഉപേക്ഷിക്കാനെത്തിയ നീല കാറിന്റെ ദൃശ്യമാണ് കേസിൽ നിർണായക വഴിത്തിരിവായത്. പ്രതികൾ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കാൻ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം എത്തിയത് നീല കാറിലാണ്. ഇതിൽ പത്മകുമാറും ഉണ്ടായിരുന്നു. കാറിന്റെ നമ്പർ മാറ്റാതെയാണ് ഉപയോഗിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതാണ് നിർണായകമായത്. നവംബർ 27നു വൈകിട്ടാണ് വെള്ള കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.പിറ്റേന്ന് ഉച്ചയോടെയാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.