- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗൾഫിലെ പരീക്ഷ മൂന്ന് മണിക്കൂർ കഴിയുമ്പോൾ അതേ രൂപത്തിൽ കേരളത്തിൽ; ചോർത്തുന്ന ചോദ്യ പേപ്പറിന് ഒരു കുട്ടി നൽകേണ്ടത് നാലു ലക്ഷം; രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക കിഡ്നാപ്പിങായി! ഒഇടി പരീക്ഷാ ലോബിയിൽ സംശയം; ഓയൂരിൽ നിറയുന്നത് വിദേശ റിക്രൂട്ട്മെന്റ് തട്ടിപ്പോ?
ലണ്ടൻ: കൊല്ലത്തെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ വമ്പൻ ട്വിസ്റ്റ് എന്നാണ് റിപ്പോർട്ട്. ബ്രിട്ടൻ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിനുള്ള യോഗ്യത പരീക്ഷ ആയ ഒക്ക്യൂപ്പേഷൻ ഇംഗ്ലീഷ് ടെസ്റ്റ് എന്ന ഒഇടി പരീക്ഷയ്ക്ക് ഏറെക്കാലമായി ചോദ്യ പേപ്പർ ചോർത്തി കോടികൾ കൈക്കലാക്കുന്ന രണ്ടു ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഉള്ള കുടിപ്പകയാണ് കുട്ടിയെ തട്ടിയെടുക്കൽ സംഭവത്തിലേക്ക് നയിച്ചതെന്ന് കേരള പൊലീസും ഒടുവിൽ അർദ്ധ സമ്മതത്തോടെ രഹസ്യമായി എങ്കിലും സമ്മതിക്കുകയാണ്.
കുട്ടിയുടെ അച്ഛൻ നഴ്സുമാരുടെ സംഘടനയുടെ നേതാവ് ആണെങ്കിലും ഏതെങ്കിലും വിധത്തിൽ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിരീകരണമില്ല. എന്നാൽ തട്ടിപ്പുകാർ മുൻപും സമാനമായ തരത്തിൽ കിഡ്നാപ്പിങ് വിജയകരമായി നടത്തിയിട്ടുണ്ടെന്നും ഇത്തവണ സംഘടനയുടെ ജില്ലാ നേതാവിന്റെ കുഞ്ഞാകുമ്പോൾ കൂടുതൽ വിലപേശാൻ അവസരം ഉണ്ടെന്നുള്ള ധാരണയിലുമാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പറയപ്പെടുന്നു.
കേരള പൊലീസിന്റെ പൊട്ടൻകളി !
എന്നാൽ ഇത്തരം കാര്യങ്ങൾ തങ്ങൾ ആദ്യമായി കേൾക്കുകയാണ് എന്ന മട്ടിലാണ് ഇപ്പോൾ കേരള പൊലീസിന്റെ വെളിപ്പെടുത്തൽ. അതിനിടെ മറുനാടൻ മലയാളി അടക്കമുള്ള മാധ്യമങ്ങൾ കേരളത്തിൽ നിന്നും വിദേശ റിക്രൂട്മെന്റുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ നൂറു കണക്കിന് വാർത്തകൾ നൽകിയിട്ടും അതൊന്നും ശ്രദ്ധയിൽ പെട്ടില്ല എന്ന് സംശയിക്കേണ്ടി വരുന്ന നിലപാടാണ് ഇപ്പോൾ പൊലീസിന്റേത്. വിദേശ റിക്രൂട്മെന്റിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറായിരുന്നു എങ്കിൽ ഇപ്പോൾ ആരോപണം നേരിടുന്ന ഒഇടി പരീക്ഷ തട്ടിപ്പിനും മാഫിയകൾക്ക് ധൈര്യം ലഭിക്കുമായിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ഇത്തരം തട്ടിപ്പുകളെ വളരെ ലാഘവ ബുദ്ധിയോടെ കാണുന്ന സർക്കാകർ സമീപനം തന്നെയാണ് കൂടുതൽ തട്ടിപ്പു സംഘങ്ങൾക്ക് പ്രചോദനമായി മാറുന്നതും.
ഒഇടി പരീക്ഷാ തട്ടിപ്പിൽ ഓരോ വിദ്യാർത്ഥിയിൽ നിന്നും നാലു ലക്ഷം രൂപ വീതമാണ് മാഫിയ സംഘം കൈക്കലാക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതാൻ ഉണ്ടാകുമ്പോൾ കോടികളാണ് കൈമറിയുക എന്നും സൂചനകൾ പുറത്തു വന്നിട്ടുണ്ട്. ഇതോടെ കുട്ടിയെ തട്ടിയെടുക്കൽ വെറും നാടകം ആല്ലായിരുന്നു എന്നും വിലപേശി പരമാവധി തുക കൈക്കലാക്കുക ആയിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസിന് ബോധ്യമായിട്ടുണ്ട്. എന്നാൽ ഇതിന്റെ വിശദംശങ്ങൾ പുറത്തു വരാൻ യഥാർത്ഥ പ്രതികളെ കണ്ടെത്തിയാൽ മാത്രമേ സാധിക്കൂ. ഇപ്പോൾ അഞ്ചു ദിവസം പിന്നിടുമ്പോഴും പൊലീസിന് അക്കാര്യത്തിൽ ഒരു വ്യക്തതയും ഇല്ലെന്നാണ് സൂചന.
ഗൾഫിൽ നടക്കുന്ന പരീക്ഷ വെറും മൂന്നു മണിക്കൂർ കഴിയുമ്പോൾ അതേ രൂപത്തിൽ കേരളത്തിലും നടത്തപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ഗൾഫിൽ നിന്നും ചോർത്തുന്ന ചോദ്യങ്ങൾ കേരളത്തിൽ ഉദ്യോഗാർത്ഥികൾക്ക് കൈമാറിയാണ് മാഫിയ സംഘങ്ങൾ കോടികൾ കൊയ്യുന്നത്. പലപ്പോഴും രണ്ടു സംഘങ്ങൾക്കും ചോദ്യങ്ങൾ ചോർന്നു കിട്ടാറുണ്ടെങ്കിലും ചില ഘട്ടങ്ങളിൽ ഒരു സംഘത്തിന് മാത്രമാണ് ചോദ്യങ്ങൾ ചോരുക. ഈ സാഹചര്യത്തിൽ മറുവിഭാഗം പാരപണിയാൻ ഇറങ്ങും. കോടികൾ കൈക്കലാക്കിയ സംഘത്തിൽ ആരുടേയെങ്കിലും പ്രിയപ്പെട്ടവരെ തട്ടിയെടുക്കലാണ് പ്രധാന പണി. ഇങ്ങനെ മുൻപ് പലവട്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തൽ. അത്തരത്തിൽ ഇത്തവണയും ശ്രമിച്ചപ്പോൾ വിലപേശൽ കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് നഴ്സിങ് സംഘടനയുടെ പ്രതിനിധിയുടെ കുഞ്ഞിനെ തന്നെ തട്ടിയെടുക്കാൻ മാഫിയ സംഘത്തിന്റെ കുടിപ്പക തീരുമാനിച്ചതും വിജയകരമായി നടപ്പാക്കിയതും.
എന്നാൽ പൊലീസ് തന്നെ ലക്ഷ്യം വച്ച് അന്വേഷണം മറ്റൊരു വഴിയേ തിരിക്കുക ആണോ എന്ന് കുഞ്ഞിന്റെ പിതാവ് രംഗത്ത് വന്നതും ശ്രദ്ധേയമായി. താൻ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പ്രവർത്തനമൊക്കെയാണ് ഇപ്പോൾ പൊലീസ് നോക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
പാളിയത് ഒരു കുട്ടി ദൃക്സാക്ഷി ആയതും മാധ്യമ ജാഗ്രതയും
രണ്ടു കുട്ടികളെയും തട്ടിയെടുക്കാൻ വേണ്ടിയാണു സംഘം എത്തിയതെന്ന് സൂചന പുറത്തു വരുന്നുണ്ട്. എന്നാൽ ഒരു കുട്ടി സംഭവത്തിൽ സാക്ഷിയായതും തട്ടിയെടുക്കൽ സംഘത്തിൽ നിന്നും രക്ഷപ്പെട്ടതും മാഫിയ സംഘത്തിന് ആദ്യ തിരിച്ചടിയായി. തൊട്ടു പിന്നാലെ മാധ്യമ ലോകം നിതാന്ത ജാഗ്രതയോടെ നിമിഷം പ്രതിയുള്ള വാർത്ത ബുള്ളറ്റിനുകൾ നൽകിയതോടെ കേരളത്തിനു ഉറങ്ങാനാകാത്ത സാഹചര്യമായി. ഈ അവസ്ഥ തട്ടിപ്പുകാരെയും വിഷമത്തിലാക്കി.
എന്നാൽ മാധ്യമ വാർത്തകൾ നൽകിയ രീതിയുടെ ചുവടു പിടിച്ചു സൈബർ ലോകത്തു മാധ്യമ പ്രവർത്തകർ കനത്ത ആക്ഷേപം നേരിടുമ്പോഴും മാധ്യമ ജാഗ്രത മാത്രമാണ് തട്ടിപ്പുകാരുടെ പദ്ധതികൾ ഓരോന്നായി ഇപ്പോൾ പുറത്തു വരാൻ കാരണമായത് എന്നതും മലയാളി തിരിച്ചറിയുകയാണ്. ഒരു പക്ഷെ മുൻ സംഭവങ്ങളെ പോലെ കനത്ത തുക വാങ്ങി ഒത്തു തീരേണ്ട ഒരു തട്ടിപ്പ് നാടകമാണ് ഇപ്പോൾ മറനീക്കി പുറത്തു വരുന്നതും, അതിനും കാരണം മാധ്യമ വാർത്ത ബാഹുല്യം തന്നെയാണ്.
ബ്രിട്ടീഷുകാരറിഞ്ഞാൽ കളി മാറും, മലയാളികളുടെ അവസാന ബോട്ടിലും വെള്ളം കയറും
ഒഇടി പരീക്ഷ നടത്തിപ്പിൽ തട്ടിപ്പ് നടക്കുന്നു എന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ അറിഞ്ഞാൽ സമാനമായ തട്ടിപ്പ് നടന്ന നൈജീരിയക്കാർ നേരിടുന്ന ദുരിതം മലയാളികളെയും തേടിയെത്തും എന്നുറപ്പാണ്. പരീക്ഷകളിൽ വ്യാജ സ്കോർ നേടി യുകെയിൽ എത്തിയ നൈജീരിയക്കാരെ തേടി നടപടി ഉണ്ടാകുക മാത്രമല്ല അവിടെ നിന്നുള്ള റിക്രൂട്ടിനു പോലും തടസം നേരിടുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. ഒഇടി സ്കോർ പല രാജ്യങ്ങളിലും പ്രവേശന മാനദണ്ഡം ആയതിനാൽ ഈ തട്ടിപ്പ് വിവരം വിദേശ മാധ്യമങ്ങൾ അറിയുന്നതോടെ വിദേശത്തു എത്താനുള്ള മലയാളി നഴ്സുമാരുടെ മോഹങ്ങൾക്കും കനത്ത തിരിച്ചടിയായി മാറും. രക്ഷപ്പെടാനുള്ള അവസാന ബോട്ടിലും വെള്ളം കയറുന്ന സ്ഥിതിയാണ് മലയാളികളെ കാത്തിരിക്കുന്നത്.
നൈജീരിയൻ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കഴിഞ്ഞ അനേകം വർഷങ്ങളിലെ റിക്രൂട്ട്മെന്റുകൾ പരിശോധിച്ച് യോഗ്യത ഇല്ലാത്തവർ യുകെയിൽ എത്തിയിട്ടുണ്ടോ എന്ന പരിശോധനയാണ് എൻഎച്ച്എസ് നടത്തിയത്. തുടർന്ന് നൂറുകണക്കിന് നഴ്സുമാരാണ് നടപടികൾ നേരിട്ടത്. സമാനമായ സാഹചര്യം മലയാളികളും നേരിടേണ്ടി വരുമോ എന്ന ഭയമാണ് ഇപ്പോൾ സംജാതമാകുന്നത്. ഈ തട്ടിപ്പ് സംഘം കേരളത്തിൽ സജീവമായിരുന്നു എന്ന് വെളിപ്പെടുത്തൽ ഉണ്ടായതോടെ യോഗ്യതയില്ലാത്ത അനേകം പേർ തട്ടിപ്പുകാരുടെ സഹായം തേടിയിരിക്കും എന്ന് ഉറപ്പാണ്. തട്ടിപ്പുകാർ അറസ്റ്റിൽ ആകുന്നതോടെ ഇത്തരം വിവരങ്ങൾ പുറത്തായാൽ കേരളത്തിൽ നിന്നും ഉള്ള വിദേശ റിക്രൂട്ട്മെന്റിനും അത് കനത്ത തിരിച്ചടി ആയി മാറും.
ഐഇഎൽടിഎസ് പലവട്ടം എഴുതി പാസാകാതെ വന്നവരാണ് കൂടുതൽ ലളിതമായ ഒഇടിയുടെ വഴിയേ പോയത്. ഒഇടിയിൽ വിശ്വാസം ഇല്ലാത്തതു കൊണ്ട് തന്നെയാണ് യുകെ യൂണിവേഴ്സിറ്റികൾ ഇപ്പോഴും ഐഇഎൽടിഎസ് തന്നെ മാനദണ്ഡമാക്കുന്നതും. സാധാരണ ഇംഗ്ലീഷ് പ്രാവീണ്യം ഉള്ളവർക്കും ഒഇടി പാസാകാം എന്നിരിക്കെ അതിലും വളഞ്ഞ വഴി തേടുന്നവർ നിശ്ചയമായും ഇംഗ്ലീഷിൽ അമ്പേ പിന്നിൽ ആയിരിക്കും എന്ന വസ്തുത കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഒന്നും അറിഞ്ഞില്ലെന്ന് കേരള പൊലീസ്, എല്ലാം എല്ലാവർക്കും അറിയാമായിരുന്നെന്നു ഫെബിൻ പോലെയുള്ള യുകെ മലയാളികൾ
ഒഇടി പരീക്ഷാ തട്ടിപ്പും മാഫിയ കുടിപ്പകയും ഒക്കെ തങ്ങൾ ഇപ്പോൾ ആദ്യമായി കേൾക്കുകയാണ് എന്ന മട്ടിലാണ് കേരള പൊലീസിന്റെ ഭാഷ്യം. തങ്ങൾക്ക് മുന്നിൽ കാലങ്ങളായി ഇത്തരം തട്ടിപ്പുകൾ അരങ്ങേറുക ആയിരുന്നു എന്ന് തുറന്നു സമ്മതിക്കാനുള്ള ജാള്യത മാത്രമാണ് ഈ നിഷ്കളങ്ക നിലപാടിന്റെ പിന്നിൽ. അറിഞ്ഞിട്ടും നടപടികൾ ഉണ്ടായില്ല എന്ന് പറയേണ്ടി വരുമ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വന്തം കസേരയോട് നീതി കാട്ടിയില്ല എന്നും സമ്മതിക്കേണ്ടി വരും. മാത്രമല്ല കേരളത്തിൽ അത്ര പരിചിതം അല്ലാതിരുന്ന വഴികളിൽ കൂടിയൊക്കെ ഇപ്പോൾ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നു എന്ന് പറയേണ്ടി വരുന്നത് ആഭ്യന്തര വകുപ്പിന്റെ കഴിവ് കേടു തുറന്നു കാട്ടുന്നതിൽ എത്തിക്കും.
എന്തുകൊണ്ട് ഇത്തരം കാര്യങ്ങൾ മുന്നേ അറിഞ്ഞില്ല എന്ന ചോദ്യത്തിനും പൊലീസിന് തൊണ്ട തൊടാതെ വിഴുങ്ങാനാകില്ല. എന്നാൽ ഇക്കാര്യങ്ങൾ ഒക്കെ എത്രയോ മുൻപേ പരസ്യമായി വെളിപ്പെടുത്തിയതാണ് എന്ന് എൻഎച്ച്എസ് റിക്രൂട്ടിങ് രംഗത്ത് പ്രവർത്തിക്കുന്ന ഫെബിൻ സിറിയക് അടക്കമുള്ള യുകെ മലയാളികൾ വെളിപ്പെടുത്തുമ്പോൾ മുൻപ് പൊലീസ് പറഞ്ഞ നിഷ്കളങ്ക നിലപാടിൽ കരി പുരളുകയാണ്. താൻ സമൂഹ മാധ്യമത്തിൽ മുൻപേ എഴുതിയ കുറിപ്പിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ഇപ്പോൾ ഫെബിൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.