- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്താരകത്തിന്റെ ചിത്രവും ചെങ്കൊടിയുമായി കലശമെഴുന്നെള്ളിപ്പ്; കതിരൂരിലെ കുരുംബ ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് പ്രവർത്തകർ കാഴ്ച വരവിന് എത്തിയത് പാർട്ടികൊടിയും ഉന്നത നേതാവിന്റെ ചിത്രവുമായി; വീണ്ടും വ്യക്തി പൂജാവിവാദത്തിൽ പി ജയരാജൻ; കണ്ണൂരിൽ വീണ്ടും പിജെ തരംഗമോ?
കണ്ണൂർ: കണ്ണൂരിൽ വ്യക്തിപൂജാവിവാദത്തിൽ വീണ്ടും പി.ജയരാജൻ. നേരത്തെ പാർട്ടി നേതൃത്വം കർശനനടപടിയെടുത്ത വ്യക്തിപൂജയാണ് അതിശക്തമായി വീണ്ടും തിരിച്ചുവന്നിരിക്കുന്നത്. ഇതോടെ കണ്ണൂരിലെ ചെഞ്ചോര താരകമായ പി.ജയരാജൻ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. പി.ജയരാജന്റെ നാടായി കതിരൂരിലെ പാർട്ടി ഗ്രാമത്തിലെ കുരുംബ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിനിടെയാണ് പ്രവർത്തകർ പാർട്ടികൊടിയും ഉന്നത നേതാവിന്റെ ചിത്രവുമായി കാഴ്‌ച്ചവരവിന്റെ ഭാഗമായി ക്ഷേത്രത്തിലേക്ക് കലശമെഴുന്നെള്ളിച്ചത്.
പാർട്ടി ചുവന്ന ഗ്രാമമായ കതിരൂർ പുല്യോട് കൂരുംബക്കാവിലാണ് സംഭവം. പാർട്ടി ശക്തി കേന്ദ്രമായ പാട്യം നഗറിലെ സഖാക്കാളാണ് സി.പി. എം സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന്റെ ചിത്രവും ചെങ്കൊടിയുമായി കലശമെഴുന്നെള്ളിപ്പ് നടത്തിയത്. കഴിഞ്ഞ മാർച്ച് 12,13,14തീയ്യതികളിലാണ് പുല്യോട് കുരുംബക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നടന്നത്. ഇതിൽ പതിമൂന്നാം തീയ്യതി രാത്രിയാണ് വിവിധ ദേശങ്ങളിൽ നിന്നുള്ള കലശമെഴുന്നെള്ളിപ്പും കാഴ്‌ച്ചവരവും കാവിലേക്ക് നടന്നത്. ഇതിൽ പാട്യം നഗറിൽ നിന്നെടുത്ത കലശത്തിലാണ് സി.പി. എം കൊടിയൊടൊപ്പം പി.ജയരാജന്റെ കറങ്ങുന്ന ചിത്രവും വെച്ചുള്ള കലശമെടുത്തത്. സംഭവം വിവാദമായതിനെ തുടർന്ന് സി.പി. എം കണ്ണൂർ ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വിശ്വാസം രാഷ്ട്രീയ വൽക്കരിക്കുന്നതിനോട് പാർട്ടി യോജിക്കുന്നില്ലെന്നു സി.പി. എംകണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു. സംഭവത്തെ പരസ്യമായി തള്ളിപ്പറഞ്ഞപാർട്ടി ജില്ലാനേതൃത്വം ഏരിയാ, ലോക്കൽ കമ്മിറ്റികളോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയെടുക്കാനാണ് നിർദ്ദേശം.
പാർട്ടിയിലെ ചെന്താരകമെന്ന് വേേിശഷിപ്പിക്കുന്ന പി.ജയരാജനെ ആരാധിക്കുന്ന പി.ജെ. ആർമിയുമയി ബന്ധമുള്ള പ്രവർത്തകരാണ് കലശമെഴുന്നെള്ളിപ്പിന് പിന്നിലെന്നാണ് സൂചന. നേരത്തെ വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.ജയരാജനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതും ഇവർ തന്നെയാണ്.
കണ്ണൂരിലെ തെയ്യം ഉത്സവ സ്ഥലങ്ങളിൽ ഇപ്പോഴും വ്യാപകമായി പി. ജയരാജന്റെ ചിത്രമുള്ള ബോർഡുകൾ ഉയർത്തുന്നുണ്ട്. കുരുംബഭഗവതി ക്ഷേത്രങ്ങളിലെ കാഴ്‌ച്ചവരവിൽ പാർട്ടിക്കൊടിയും ചിഹ്നവും ഉപയോഗിച്ചുള്ള കലശങ്ങൾ എഴുന്നെള്ളിക്കുന്നത് സി.പി. എം നേതൃത്വം വിലക്കിയിരുന്നുവെങ്കിലും അതനുസരിക്കാതെ ഇത്തവണയും ഇതിനു സമാനമായ കലശങ്ങൾ പ്രവർത്തകർ എഴുന്നെള്ളിച്ചിരുന്നു. മുഴപ്പിലങ്ങാട് കുരുംബഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ കാഴ്ച കലശം വരവിൽ സി.പി. എമ്മിനെ കൂടാതെ കോൺഗ്രസ്, ബിജെപി പാർട്ടികലശങ്ങളുമുണ്ടായിരുന്നു.
നേരത്തെ വ്യക്തിപൂജയുടെ പേരിൽ പാർട്ടി നടപടി നേരിട്ട നേതാവാണ് പി.ജയരാജൻ. മയ്യിൽ കലാകൂട്ടായ്മയുടെ കണ്ണൂരിൻ ചെന്താരകമല്ലോയെന്നു തുടങ്ങുന്ന പി.ജയരാജന്റെ അപദാനങ്ങൾ വാഴ്‌ത്തിപ്പാടുന്ന സംഗീത ആൽബമാണ് വിവാദമായത്. ഇതേ തുടർന്ന് ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും പി.ജയരാജനെ മാറ്റിയിരുന്നു. ഇപ്പോൾ നടന്ന സംഭവത്തിൽ പാർട്ടി കണ്ണൂർജില്ലാ സെക്രട്ടറി എം.വി ജയരാജനുൾപ്പെടെയുള്ളവർക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. എം.വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെ്ക്രട്ടറിയായതിനു ശേഷം മുഖ്യധാരയിലേക്ക് ഇടം പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പി.ജയരാജന് സ്വന്തം ആരാധകർ തന്നെ വിനയായിരിക്കുന്നത്.
നേരത്തെ തന്റെ പേരിൽ പി.ജെ ആർമിയെന്ന ബാനറിൽ പ്രവർത്തിക്കുന്ന സൈബർ സംഘത്തെ പി.ജയരാജൻ തള്ളിപ്പറഞ്ഞിരുന്നു. പി.ജയരാജന്റെ കടുത്ത ആരാധകരായ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയുമൊക്കെ ഇപ്പോൾ പാർട്ടി എതിരാളികളായിരിക്കുകയാണ്. തില്ലങ്കേരിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ ആകാശല്ല പാർട്ടിയെന്നു പറഞ്ഞു പി.ജയരാജൻ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം പ്രസംഗിച്ചിരുന്നു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും പി.ജയരാജനെ മത്സരിപ്പിക്കണമെന്നു അദ്ദേഹത്തെ ആരാധിക്കുന്നവർ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തെയ്യം, തിറ മഹോത്സവങ്ങളിൽ പാർട്ടി കൊടിയോടൊപ്പം ഒരേയൊരു നേതാവെന്ന മട്ടിൽ പി.ജയരാജനെ ഉയർത്തിക്കാട്ടുന്നത്.




