തിരുവനന്തപുരം: തുടര്‍ച്ചയായി മുഖ്യമന്ത്രിയ്ക്ക് എതിരേയും പാര്‍ട്ടിക്കെതിരേയും ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്ന അന്‍വറിനെ പിന്തുണയ്ക്കാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ ആരും ഉണ്ടായില്ല. മലപ്പുറം വിവാദത്തില്‍ പിണറായിയോട് ചില ചോദ്യങ്ങള്‍ സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു. പതിവില്ലാത്ത രീതിയായിരുന്നു ഇത്. എന്നിട്ടു പോലും അന്‍വറിന്റെ ആരോപണങ്ങളെ ആരും പിന്തുണച്ചില്ല. പി ശശിക്കെതിരെ സംസ്ഥാന സമിതിയില്‍ ആരും പ്രതികരിച്ചതുമില്ല. കണ്ണൂരിലെ 'ഉന്നതന്‍' തനിക്കൊപ്പമുണ്ടെന്ന് നിരന്തരം പറയുന്ന അന്‍വറിന് വലിയ തിരിച്ചടിയാണ് സംസ്ഥാന സമിതിയിലെ സംഭവ വികാസങ്ങള്‍. കണ്ണൂരിലെ ചെന്താരകമായ പി ജയരാജനും അന്‍വറിന്റെ ആരോപണം ഏറ്റെടുത്തില്ലെന്ന് മാത്രമല്ല വിവാദങ്ങളില്‍ പിണറായി വിജയന് പിന്തുണ നല്‍കുന്ന ഇടപെടലാണ് നടത്തിയത്. ശശിക്കെതിരായ വിവാദങ്ങളിലും അന്‍വറിനെ പി ജയരാജന്‍ തുണച്ചില്ല.

കണ്ണൂരില്‍ ഇപി ജയരാജന്‍ അടക്കമുളളവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചര്‍ച്ചകള്‍ പി ജയരാജനാണ് സിപിഎം സംസ്ഥാന സമിതിയില്‍ അടുത്ത കാലത്ത് ഉയര്‍ത്തിയത്. അതുകൊണ്ട് തന്നെ ശശിക്കെതിരെ അന്‍വര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങളില്‍ ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ എന്ത് നിലപാട് എടുക്കുമെന്ന ആകാംഷ രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ടായി. എന്നാല്‍ ശശിക്കെതിരെ പോലും പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ സംസാരിച്ചില്ല. നേരത്തെ അന്‍വറുമായി പിജെയെ കൂട്ടിക്കെട്ടുന്ന ചില വാര്‍ത്തകളും വന്നിരുന്നു. ഇതെല്ലാം അന്നു തന്നെ പരസ്യമായി തള്ളിയ പി ജയരാജന്‍ സംസ്ഥാന സമിതിയിലും പിണറായിക്ക് അനുകൂലമായ നിശബ്ദതയാണ് എടുത്തത്. ഇത് അന്‍വറിന് വലിയ തിരിച്ചടിയാണ്. കണ്ണൂരിലെ പാര്‍ട്ടി അണികളുമായി വലിയ അടുപ്പമുള്ള പി ജയരാജന്റെ നിലപാട് പിണറായിക്കും ആശ്വാസമാണ്.

മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്ന പി വി അന്‍വര്‍ എംഎല്‍എയുടെ പിറകെ പോകേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതി തീരുമാനം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. അന്‍വറിന്റെ ശ്രമം മുസ്ലിം കേന്ദ്രീകരണത്തിനാണ്. മുസ്ലിം കേന്ദ്രീകരണം ആഗ്രഹിക്കുന്നവര്‍ അന്‍വറിനെ വിലയ്ക്കെടുത്തു എന്നും സിപിഐഎം സംസ്ഥാന സമിതി വിലയിരുത്തി. അന്‍വറിനെതിരെ കടുത്ത വിമര്‍ശനമാണ് സിപിഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്. ഇതിനൊപ്പമാണ് പിജെയും നിലകൊള്ളുന്നത്. അന്‍വറിനെ ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് പിജെ.

പി.ശശിക്കെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച പി.വി അന്‍വര്‍ പുറത്തുപോയ സാഹചര്യത്തില്‍ അതിലുള്ള അന്വേഷണവും പാര്‍ട്ടി അവസാനിപ്പിച്ചുവെന്നതാണ് വസ്തുത. ഇത്തരമൊരു ചര്‍ച്ച സംസ്ഥാന സമിതിയില്‍ വന്നാല്‍ പിജെയെ പോലുള്ള നേതാക്കള്‍ ആഞ്ഞടിക്കുമെന്നായിരുന്നു അന്‍വറിന്റെ പ്രതീക്ഷ. എന്നാല്‍ ശശിക്കെതിരായ അന്‍വറിന്റെ പരാതിയില്‍ യാതൊരു തെളിവുമില്ലെന്ന തിരിച്ചറിഞ്ഞ പിജെ ഈ വിഷയത്തിലും മൗനം പുലര്‍ത്തി. ഇതോടെ ശശിക്കെതിരെ അന്വേഷണം വേണ്ടെന്ന നിലപാട് എടുക്കാനും കഴിഞ്ഞു. പിണറായിയ്ക്ക് നേരെ മലപ്പുറം വിവാദത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴും തീരുമാനമെല്ലാം പിണറായിയുടെ ആഗ്രഹം പോലെ തന്നെ നടന്നു.

പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും ഒരുപോലെ പ്രതിരോധത്തിലാക്കുന്ന പ്രതികരണങ്ങളാണ് അന്‍വര്‍ നടത്തുന്നത്. മഞ്ചേരിയില്‍ വിശദീകരണ യോഗത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് അന്‍വറിന്റെ തീരുമാനം. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ട്രീയപാര്‍ട്ടിയായിരിക്കും രൂപീകരിക്കുകയെന്ന് അന്‍വര്‍ നേരത്തേ പ്രഖ്യാപിച്ചതാണ്. പുതിയ പാര്‍ട്ടി രൂപീകരിച്ച് സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കൂടുതല്‍ ആഞ്ഞടിക്കാനാണ് അന്‍വറിന്റെ തീരുമാനം. ഇതിനിടെയാണ് അന്‍വറിന് പിന്നാലെ ഇനി പോകേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സമിതി നിലപാട് സ്വീകരിച്ചത്.

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കാനും സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനമായി. പ്രഖ്യാപനം അടുത്തയാഴ്ച നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് നടത്താന്‍ ജില്ലാ കമ്മിറ്റികളോട് സിപിഐഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ചേലക്കരയില്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ യു ആര്‍ പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത. മണ്ഡലത്തിലെ സിപിഎം, ഡിവൈഎഫ്‌ഐ പരിപാടികളിലും എല്‍ ഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പരിപാടികളിലും പ്രദീപ് കഴിഞ്ഞ കുറച്ചു ദിവസമായി സജീവമാണ്.

പി.ആര്‍ വിവാദത്തിലും എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് കൂടിക്കാഴ്ചയിലുമടക്കം മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് പിന്തുണ നല്‍കിയും പ്രതിരോധിക്കാന്‍ പാര്‍ട്ടി രേഖ തയാറാക്കി സി.പി.എം നല്‍കുന്നത് വിവാദങ്ങള്‍ക്ക് അപ്പുറത്തുള്ള സന്ദേശമാണ്. മുന്നണിക്കും സര്‍ക്കാറിനുമെതിരെ അതിരൂക്ഷ പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ നിലപാട് വിശദമാക്കി 'വര്‍ത്തമാനകാല രാഷ്ട്രീയവും പാര്‍ട്ടി സമീപന'വുമെന്ന പേരില്‍ രേഖ തയാറാക്കി തഴേത്തട്ടു വരെ റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന സമിതി തീരുമാനിച്ചു. ചര്‍ച്ചകള്‍ പിണറായിയ്ക്ക് അനുകൂലമാക്കാനുള്ള രാഷ്ട്രീയ തന്ത്രവും ഇതിലുണ്ട.

മത-വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം മുഖ്യമന്ത്രി സ്വീകരിക്കുന്നതാണ് മുന്നണിക്കും സര്‍ക്കാറിനുമെതിരായ കടന്നാക്രമണത്തിന് കാരണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഭൂരിപക്ഷ -ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ ഇക്കാര്യത്തില്‍ ഒരുപോലെ ആവേശം കാട്ടുകയാണ്. കോര്‍പറേറ്റ് താല്‍പര്യം കൂടി ചേരുന്നതോടെ ഒന്നാം കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെ ഉണ്ടായതിന് സമാന രീതിയാണ് സര്‍ക്കാറിനെതിരെയുള്ള കടന്നാക്രമണങ്ങള്‍. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതിന് നേതൃത്വത്തെ കടന്നാക്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെ ഉന്നം വെക്കുന്നത്.

മതരാഷ്ട്രവാദത്തിനെതിരെ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഈ സമീപനങ്ങള്‍ മതനിരപേക്ഷ കക്ഷികളിലും ന്യൂനപക്ഷങ്ങളിലും വലിയ പിന്തുണ നേടിക്കൊടുത്തു. ഇത് തകര്‍ക്കുകയാണ് ആര്‍.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ചയുടെ പേരില്‍ മുഖ്യമന്ത്രിക്കും ആര്‍.എസ്.എസ് ബന്ധം ആരോപിക്കുന്നതിലൂടെ ഉന്നംവെക്കുന്നതെന്നു രേഖ വ്യക്തമാക്കും.

മുസ്‌ലിംലീഗിനെ ഒപ്പം കൂട്ടാനുളള മോഹം ഇടക്കാലത്ത് സി.പി.എമ്മിനുണ്ടായിരുന്നുവെങ്കിലും അത് ഉപേക്ഷിച്ചുവെന്നാണ് പുതിയ നീക്കങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. മലപ്പുറത്ത് ഇടം നേടണമെങ്കില്‍ ലീഗിനെ രാഷ്ട്രീയമായി തകര്‍ക്കണമെന്ന കാര്‍ക്കശ്യമേറിയ സമീപനത്തിലാണ് പാര്‍ട്ടി ഇപ്പോള്‍. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിംലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും ചേര്‍ത്തുകെട്ടി ആക്രമിക്കാനാണ് ശ്രമം.

തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ ആര്‍.എസ്.എസ് ഇടപെടലുണ്ടായി എന്ന കാര്യം സി.പി.എം സ്ഥിരീകരിക്കുന്നു. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ താല്‍പര്യമാണ് ഇതിലേക്ക് എത്തിച്ചതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.