തിരുവനന്തപുരം : അമൂല്യ നിധിശേഖരം കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രസുരക്ഷയുടെ ഭാഗമായി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ഥാപിച്ച ഇലക്ട്രോ ഹൈഡ്രോളിക് ബൊള്ളാഡുകളും ഷോർട്ട് വെർട്ടിക്കൽ പോസ്റ്റുകൾ, റോഡ് ബ്ളോക്കറുകൾ എന്നിവ തകരാറിൽ. ക്ഷേത്രത്തിന്റെ നാല് നടകളിൽ നിന്നുള്ള പ്രധാനറോഡുകളിലാണ് ബൊള്ളാഡുകളും ബ്ളോക്കറുകളും സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ സെക്യൂരിറ്റി കൺട്രോൾ റൂമിൽ സ്ഥാപിച്ചിട്ടുള്ള സ്വിച്ചിലാണ് ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. സ്വിച്ച് ഓണാക്കിയാലുടൻ തറനിരപ്പിൽ നിന്ന് മുകളിലേക്ക് പൊന്തിവരുന്ന ഇവയ്ക്ക് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ പാഞ്ഞുവരുന്ന വാഹനം തടഞ്ഞുനിറുത്താനും 1000 കിലോ വരെ ഭാരം വഹിക്കാനും ശേഷിയുണ്ട്. സ്‌ഫോടക വസ്തുക്കൾ നിറച്ചതോ അല്ലാത്തതോ ആയ വാഹനങ്ങളുടെ കടന്നുവരവ് തടയുകയായിരുന്നു ലക്ഷ്യം.

ബൊള്ളാഡുകൾക്കും ബ്ളോക്കറുകൾക്കുമായി കോടികളാണ് ചെലവഴിച്ചത്. മൂന്ന് വർഷത്തെ ഗാരന്റി കാലാവധിക്ക് ശേഷവും അവ ഏറെക്കാലം പ്രവർത്തിച്ചെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവ ഒന്നൊന്നായി പ്രവർത്തന രഹിതമാകുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകൾ ബാരിക്കേഡുകൾ സ്ഥാപിച്ച് ടെമ്പിൾ പൊലീസ് ബദൽ സുരക്ഷാ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെങ്കിലും അവ അത്ര ശക്തമല്ല. ഗാരന്റി കാലാവധി അവസാനിച്ചതിനാൽ കമ്പനികൾക്ക് ഇവയുടെ തകരാർ സൗജന്യമായി പരിഹരിച്ച് നൽകാൻ കഴിയില്ല. ഇതോടെ അറ്റകുറ്റപ്പണി നടത്താൻ ടെൻഡർ ക്ഷണിച്ച് കാത്തിരിക്കുകയാണ് ടെമ്പിൾ പൊലീസ്. 2015ലാണ് രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇവ സ്ഥാപിച്ചത്. ഇതോടൊപ്പം ക്ഷേത്രത്തിനുള്ളിലും കവർച്ചയും അതിക്രമിച്ച് കടക്കലും തടയുന്നതിനായി കവാടങ്ങളിൽ സ്ഥാപിച്ച സ്പീഡ് ഫോൾഡിങ് ഡോറുകളും തകരാറിലാണ്. സ്വിച്ചിടുമ്പോൾ മിന്നൽ വേഗത്തിൽ അടയുന്ന ലോഹ കതകുകളാണ് ഇടയ്ക്കിടെ തകരാറിലാകുന്നത്. പ്രമുഖ കമ്പനി സ്ഥാപിച്ച ഡോറുകൾ ഇതിനകം നിരവധി തവണ വിധേയമാക്കിയിട്ടുണ്ട്.

ക്ഷേത്രത്തിൽ സുരക്ഷാ നടപടികളുടെ ഭാഗമായി ആദ്യഘട്ടത്തിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച 65 കാമറകൾ പ്രവർത്തന രഹിതമാണ്. കാമറകളും നിരീക്ഷണത്തിനായുള്ള സ്‌ക്രീനുകൾക്കുമാണ് തകരാർ. സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 90ഓളം കാമറകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.ടൂറിസ്റ്റ് സീസൺ ആരംഭിക്കുകയും മണ്ഡലകാലം വരാനിരിക്കുകയും ചെയ്യുന്നതോടെ വരും മാസങ്ങളിൽ ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്കുണ്ടാകും. ഈ സമയത്ത് സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ പോരായ്മകൾ പൊലീസിന് കടുത്ത വെല്ലുവിളിയാകും. ബൊള്ളാഡുകളുടെയും ബ്ളോക്കറുകളുടെയും തകരാർ പരിഹരിക്കാൻ പൊലീസ് ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും ഇനി എത്ര നാൾ കാത്തിരിക്കേണ്ടിവരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. വിദഗ്ദ്ധരായ കമ്പനികളുടെ സേവനം ലഭ്യമായാൽ പ്രശ്‌നം ഉടൻ പരിഹരിക്കാൻ കഴിയും. യന്ത്ര സംവിധാനങ്ങളുടെ പോരായ്മ കണക്കിലെടുത്ത് ക്ഷേത്രത്തിലും പരിസരത്തും പൊലീസിന്റെ നിരീക്ഷണവും സുരക്ഷാനടപടികളും ശക്തമാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ അവകാശവാദം.

ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നായ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം അത്ഭുതങ്ങളുടെ ഒരു കലവറയാണ്. ക്ഷേത്രത്തിനുള്ളിലെ ആറ് നിലവറകളിലായി ആയിരക്കണക്കിന് കോടി വിലവരുന്ന അമൂല്യനിധിശേഖരമുണ്ടെന്ന കണ്ടെത്തലാണ് ക്ഷേത്രത്തെ രാജ്യശ്രദ്ധയിലേക്ക് ഉയർത്തിയത്. നൂറ്റാണ്ടുകളായി അടഞ്ഞ് കിടന്ന ക്ഷേത്ര നിലവറകളിൽ ഒന്നൊഴികെയുള്ളവ ഇതിനകം തുറന്നിട്ടുണ്ട്. നിധിശേഖരം എണ്ണിത്തിട്ടപ്പെടുത്തുകയുമുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസുകൾ കോടതി കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു. അതിനിടെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂർവ്വ നിധി ശേഖരം പുറത്തേക്ക് എത്തിക്കാനുള്ള നീക്കവും നടക്കുന്നു.

ഈജിപ്തിലെ ഫറവോമാരുടെ ശവകുടീരങ്ങളായ പിരമിഡുകളിലും മാന്ത്രിക കഥകളിലുമൊക്കെ കുന്നുകൂടിക്കിടക്കുന്ന സ്വർണ നാണയങ്ങളുടേയും രത്‌നശേഖരത്തിന്റെയും കഥകൾ നമ്മളൊരുപാട് കേട്ടിരിക്കും. എന്നാലിതൊന്നും വെറും കഥയല്ലെന്നതിന് തെളിവാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി. പഴയ രാജാക്കന്മാരുടെ കാലത്ത് കാണിക്കയായും മറ്റും സമർപ്പിക്കപ്പെട്ട സ്വർണവും രത്‌നവുമൊക്കെയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറ് നിലവറകളിൽ സൂക്ഷിച്ചിരിക്കുന്നത്. സുപ്രീം കോടതി നിർദേശ പ്രകാരം 2011ൽ ഇവ തുറക്കുകയുണ്ടായി. നിധിശേഖരം പരിശോധിച്ച് കണക്കെടുക്കുന്നതിന് വേണ്ടിയാണ് ഒന്നൊഴികെയുള്ള അറകൾ തുറന്നത്. സ്വപ്നത്തിൽ പോലും കാണാൻ സാധിക്കാത്ത അത്രയും സ്വർണവും രത്‌നങ്ങളുമാണ് ഈ അറകളിൽ സൂക്ഷിച്ചിരിക്കുന്നത്.

ഇന്നത്തെ വില ലക്ഷം കോടികൾ വരും. പന്ത്രണ്ടാം നൂറ്റാണ്ട് മുതലുള്ളതാണ് ഈ നിധിശേഖരമെന്നാണ് വിവരം. ബി നിലവറ ഒഴികെ ഉള്ളവയിൽ നിന്നാണ് ഞെട്ടിക്കുന്ന നിധിശേഖരം കണ്ടെത്തിയത്. ഏറ്റവും പ്രധാനപ്പെട്ട അറയായ ബി നിലവറ ഇതുവരെ തുറന്നിട്ടില്ല. മറ്റ് അറകളിൽ ഉള്ളതിനേക്കാൾ അമൂല്യമായ നിധിയാണ് ഈ അറയിലെന്നാണ് സൂചന. ഇത് തുറന്നാൽ തിരുവനന്തപുരം നഗരം വെള്ളപ്പൊക്കത്തിലമരുമെന്നും ഈ നിധിക്ക് നാഗങ്ങളുടെ കാവലുണ്ടെന്നും അടക്കമുള്ള പല കഥകൾ പ്രചരിക്കുന്നുണ്ട്. തിരുവിതാംകൂർ രാജകുടുംബവും ഈ നിലവറ തുറക്കുന്നതിന് എതിരാണ്. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ കേസ് നടക്കുകയാണ്.

750 കിലോ സ്വർണനാണയങ്ങൾ, ആയിരക്കണക്കിന് സ്വർണമാലകൾ, ആയിരക്കണക്കിന് അമൂല്യ രത്‌നങ്ങൾ, രത്‌നങ്ങൾ പതിപ്പിച്ച കിരീടം, രത്‌നം പൊതിഞ്ഞ ചതുർബാഹു അങ്കി, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 സ്വർണ കലശക്കുടങ്ങൾ, സ്വർണ മണികൾ, സ്വർണ ദണ്ഡുകൾ ഇവ കൂടാതെ 42,000 വിശുദ്ധ വസ്തുക്കൾ എന്നിവയാണ് നിലവറകളിൽ നിന്നും കണ്ടെത്തിയത്. ലക്ഷം കോടി രൂപ വിലവരുന്ന നിധി കണ്ടെത്തിയതോടെ ക്ഷേത്രത്തിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.

്300 കോടി രൂപ മുതൽമുടക്കിൽ ക്ഷേത്രത്തിലെ നിധിയുടെ പ്രദർശന ശാലയൊരുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ക്ഷേത്രത്തിലെ അമൂല്യ സ്വത്ത് സംരക്ഷിക്കുന്നതിന് വേണ്ടി സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയാണ് മ്യൂസിയം എന്ന ആശയം മുന്നോട്ട് വെച്ചത്. ലണ്ടൻ മ്യൂസിയത്തിന്റെ മാതൃകയിൽ നിധി പ്രദർശിപ്പിക്കാനാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇവിടെ സർക്കാരിന് വെല്ലുവിളിയാവുക സുരക്ഷയാണ്. ക്ഷേത്രത്തിനകത്ത് എവിടെയാണ് നിധിയുള്ള നിലവറകളെന്ന് പുറത്തുള്ള ആർക്കും അറിയില്ല. എന്നാൽ നിധി പുറത്ത് എത്തുമ്പോൾ അതിന് സുരക്ഷ ഒരുക്കുക എളുപ്പമല്ല.

ലോകത്ത് ഇതുവരെ ലഭ്യമായിട്ടുള്ള ഏറ്റവും ശാസ്ത്രീയമായ സുരക്ഷ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത്തരമൊരു മ്യൂസിയം വന്നാൽ അത് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് വൻ കുതിപ്പാണ് നൽകുക. സന്ദർശകരിൽ നിന്ന് മാത്രം വർഷത്തിൽ കുറഞ്ഞത് 50 കോടിയെങ്കിലും സർക്കാരിന് വരുമാനം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ.