- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബെൽറ്റിട്ടാലും തൈലം തേച്ചാലും വയർ കുറയും: ക്യാപ്സ്യൂൾ കഴിച്ചാൽ മുട്ടുവേദന പമ്പ കടക്കും: ഗുളിക കഴിച്ചാൽ ലൈംഗിക ബന്ധത്തിന് എക്സ്ട്രാപവർ: മൂന്നുവർഷം മുൻപ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് പണി വാങ്ങിയവരിൽ മുസ്ലിപവറും ഇൻഷേപ്പും പങ്കജകസ്തൂരിയും: വിവരാവകാശ അപേക്ഷയിൽ ഇപ്പോൾ ഒളിച്ചു കളിച്ച് ഡ്രഗ് ഇൻസ്പെക്ടറുടെ കാര്യാലയം
കൊച്ചി: പത്തനംതിട്ടയിലെ വിവരാവാകാശ പ്രവർത്തകൻ കല്ലറക്കടവ് കാർത്തികയിൽ ബി. മനോജ് 2019 മെയ് ഏഴിന് എറണാകുളം ഡ്രഗ്സ് ഇൻസ്പെക്ടറുടെ ഓഫീസിലേക്ക് വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ നൽകി. ഡ്രഗസ് ആൻഡ് മാജിക് റെമഡീസ് ഓബ്ജക്ഷനബിൾ അഡ്വെർടൈസ്മെന്റ് ആക്ട് പ്രകാരം ആയുർവേദ ഡ്രഗ് കൺട്രോളറുടെ പരിശോധനയിൽ ഇല്ലാത്ത കാര്യങ്ങൾ നിരത്തി പരസ്യങ്ങൾ നൽകി ജനങ്ങളെ പറ്റിച്ച കമ്പനികൾ ഏതൊക്കെയാണെന്നായിരുന്നു മനോജിന്റെ അപേക്ഷയിലെ ചോദ്യം.
ഇവരുടെ മരുന്നുകൾക്കെതിരേ എന്തു നടപടി സ്വീകരിച്ചുവെന്നും ചോദിച്ചിരുന്നു. ഇതിൻ പ്രകാരം ലഭിച്ച മറുപടിയിൽ ഡ്രഗ്സ് ഇൻസ്പെക്ടർ കേസ് എടുത്ത കമ്പനികൾ താഴെ പറയുന്നു.
കുന്നത്ത് ഫാർമസ്യൂട്ടിക്കൽസിന്റെ മുസ്ലി പവർ എക്സ്ട്രാ, ഹെർബോ കെയറിന്റെ മേഘാസ് ഉത്തരായണി, പാണ്ഡവ ആയുർ റെമഡീസിന്റെ ദേവദാസി മദനശക്തി ഓയിൽ, കെ-ലിങ്ക് ഹെൽത്ത് കെയറിന്റെ കെ-വിഗോ, ഓർത്തോ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഇൻഷേപ്പ് അബ്ഡൊമിനൽ ബൈൻഡർ, ഉർജ പ്ലസ് ബയോസയൻസസിന്റെ ബാലോവിറ്റ, ഫ്രാൻസിസ് വൈദ്യൻ ആയുർവേദ വൈദ്യശാലയുടെ മെഹ്യോഗ്,കണ്ടൻകുളത്തി കെ.പി പത്രോസ് വൈദ്യന്റെ ഡയാലിവ് ഫോർട്ടി, പങ്കജകസ്തൂരിയുടെ ഓർത്തോ ഹെർബ് ടാബ്ലെറ്റ്സ്, ബയോവേദിക്സിന്റെ ഫീലൈറ്റ് ക്യാപ്സ്യൂൾസ്, ലിബിഡ് മസാജ് ഓയിൽ, ശംഖിനി തൈലം.
കേസ് എടുത്തുവെന്ന് പറഞ്ഞ ഈ കമ്പനികൾ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം തുടരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മനോജ് 2019 ലെ അതേ ചോദ്യം ആവർത്തിച്ച് കഴിഞ്ഞ ജൂൺ 16 ന് വീണ്ടും എറണാകുളം ഡ്രഗ്സ് ഇൻസ്പെക്ടറുടെ ഓഫീസിലേക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. 2020,21 വർഷങ്ങളിലായി രണ്ടു കമ്പനികൾക്കെതിരേ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് കേസെടുത്തിരുന്നുവെന്നും വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ വിവരാവകാശ സെക്ഷൻ 8 (ഐ)(എച്ച്) പ്രകാരം മറ്റു വിവരങ്ങൾ നൽകാൻ സാധിക്കില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്.
നേരത്തേ ഇതേ രീതിയിലുള്ള വിവരങ്ങൾ പങ്കു വച്ച അതേ ഓഫീസാണ് ഇപ്പോൾ വിവരങ്ങൾ നൽകാതെ ഉരുണ്ടു കളിക്കുന്നതെന്ന് മനോജ് പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം കണ്ട് വയാഗ്ര പോലെയുള്ള ഗുളികകൾ വാങ്ങി കഴിക്കുന്നവരുടെ ആരോഗ്യം തകരാറിലാകും. മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
ഗുളിക കഴിച്ച് മുട്ടുവേദന മാറ്റാമെന്നും ബെൽറ്റ് വച്ചാൽ വയറു കുറയുമെന്നുമുള്ള പരസ്യം കണ്ട് നിരവധി ഉപയോക്താക്കൾ വഞ്ചിതരാകുന്നുണ്ട്. ഇത്തരക്കാരെ തുറന്നു കാണിക്കുന്നതിന് പകരം സംരക്ഷിക്കുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുള്ളതെന്ന് മനോജ് പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്