- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ത്രണ്ട് വയസ്സ്കാരന്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് ആരോപണം; മരണക്കുറിപ്പിലെ കയ്യക്ഷരം മകന്റെയല്ലെന്ന് വീട്ടുകാരുടെ വാദം; മരണത്തിൽ ബന്ധുവിന്റെ പങ്ക് പുറത്ത് കൊണ്ട് വരണമെന്നും ആവശ്യം; നീതി തേടി ഷോണിന്റെ കുടുംബം
കൊടുങ്ങല്ലൂർ: പന്ത്രണ്ട് വയസ്സ്കാരന്റെ മരണത്തിൽ ദുരൂഹതയെന്ന് വീട്ടുകാർ. മകൻ മരിച്ച് ഒൻപത് മാസത്തോളമായിട്ടും പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്നും ആക്ഷേപമുണ്ട്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ജാക്‌സന്റെ മകൻ ഷോൺ ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടിൽ നിന്നും പൊലീസ് മരണക്കുറിപ്പ് കണ്ടെടുത്തു. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുവിന് മകന്റെ മരണവുമായി പങ്കുണ്ടെന്നുമാണ് പിതാവ് ആരോപിക്കുന്നത്. അന്വേഷണത്തിൽ തൃപ്തരല്ലെന്നും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ടെന്നും ചൂണ്ടിക്കാട്ടി വീട്ടുകാർ പരാതിയുമായി വീണ്ടും പൊലീസിനെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മെയ് 27ന് പുലർച്ചെയാണ് ഷോണിനെ വീട്ടിൽ നിന്നും കാണാതാവുന്നത്. ഉറങ്ങാൻ കിടന്ന മകനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ കൊടുങ്ങല്ലൂർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷോണിന്റെ മൃതദേഹം വീട്ടിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരത്തിൽ ഉണ്ടെക്കടവ് ഭാഗത്ത് പുഴയിൽ നിന്നും കണ്ടെടുത്തു. മെയ് 28 നാണ് മൃതദേഹം കണ്ടെടുക്കുന്നത്. പിന്നീട് പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ഷോണിന്റെ മരണക്കുറിപ്പും ലഭിച്ചിരുന്നു. മലയാളത്തിലും ഇംഗ്ളീഷിലുമാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
അടിവശത്തായി ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള വാക്കുകൾ ഷോണിന്റെ കയ്യക്ഷരം അല്ലെന്നും അത് എഴുതിയിരിക്കുന്നത് മറ്റൊരു മഷിയിലുള്ള പേന കൊണ്ടാണെന്നുമാണ് വീട്ടുകാർ ആരോപിക്കുന്നത്. മാത്രമല്ല കുറിപ്പിൽ പറയുന്ന വ്യക്തിയുടെ പേരിൽ നടന്ന അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. കത്തിൽ തന്നെ ആദ്യം പരാമർശിച്ച പേര് വെട്ടി തിരുത്തിയതായി വീട്ടുകാർ ആരോപിക്കുന്നുണ്ട്. അതേസമയം, ഷോണിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ ഷോണിന്റെ മരണത്തിൽ പങ്കുള്ള ബന്ധുവിനെതിരെ അന്വേഷണം നടത്തണമെന്നും, സംഭവവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരൂഹതകൾ പുറത്ത് കൊണ്ട് വരണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം.