- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യ വിവാഹം ഡിവോഴ്സ്; രണ്ടാം ഭർത്താവ് ദുബായിലും; അരുണിനൊപ്പം ജീവിക്കണം; അതിന് അയാളെ ഇമ്പ്രസ് ചെയ്യിക്കണം; ശ്രമിച്ചതുകൊല്ലാനല്ല, ഭയപ്പെടുത്താനെന്ന് അനുഷ: പരാതി ഒത്തു തീർപ്പാക്കാനുള്ള ശ്രമം അതിജീവിച്ച് പൊലീസ് കേസെടുത്തത് അർധരാത്രിയോടെ; കിട്ടിയ വാട്സാപ്പ് ചാറ്റുകളിൽ അസ്വാഭാവികതയില്ല; ബാഹ്യ ഇടപെടൽ വ്യക്തം; പരുമലയിൽ ദുരൂഹത തുടരുമ്പോൾ
തിരുവല്ല: കാമുകനായ അരുണിനൊപ്പം ജീവിക്കാനും അയാളോട് തന്റെ സ്നേഹം എത്രത്തോളമുണ്ടെന്ന് കാണിക്കാനും വേണ്ടിയാണ് ഭാര്യ സ്നേഹയെ കൊല്ലാനുള്ള ശ്രമം നടത്തിയതെന്ന വധശ്രമക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അനുഷയുടെ മൊഴി. സ്നേഹയെ കൊല്ലുകയല്ല ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതിലൂടെ താൻ എത്രമാത്രം അയാളെ സ്നേഹിക്കുവെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്നുമാണ് അനുഷ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിന്റെ വേഷം ധരിച്ച് എത്തിയ കായംകുളം കരിയിലക്കുളങ്ങര സ്വദേശി അനുഷ(25) കാമുകനായ പുല്ലുകുളങ്ങര സ്വദേശി അരുണിന്റെ ഭാര്യ സ്നേഹ(24)യെ ധമനിയിലൂടെ സിറിഞ്ച് ഉപയോഗിച്ച് വായു കടത്തി വിട്ട് കൊല്ലാൻ ശ്രമിച്ചത്. ആശുപത്രി ജീവനക്കാരും സ്നേഹയുടെ അമ്മയും ചേർന്ന് ഇവരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
അതിന് ശേഷമുള്ള നടപടികൾ പുളിക്കീഴ് പൊലീസിനെ വലയ്ക്കുകയും ചെയ്തു. പരാതി ഒത്തു തീർപ്പാക്കാനുള്ള ശ്രമം നടന്നുവെന്ന് പറയുന്നു. എന്നാൽ, ഗുരുതരമായ കുറ്റകൃത്യം ചെയ്ത യുവതിയെ കേസെടുക്കാതെ വിടുന്നതിൽ അപായം മണത്ത പൊലീസ് അവസാനം ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് വധശ്രമത്തിന് അനുഷയെ അറസ്റ്റ് ചെയ്തപ്പോൾ അർധരാത്രിയായി.
കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയിരുന്നു അനുഷ. അരുണുമായി വർഷങ്ങളുടെ പരിചയമുണ്ട്. അനുഷയുടെ ആദ്യ വിവാഹം വേർപെട്ടതാണ്. ഇപ്പോഴുള്ള ഭർത്താവ് വിദേശത്താണ്. നാട്ടിൽ അരുണുമായുള്ള ബന്ധം തുടർന്നിരുന്നുവെന്നാണ് അനുഷയുടെ മൊഴി. ഇരുവരും നിരന്തരം നേരിലും ഫോണിലും ബന്ധപ്പെട്ടിരുന്നു. അരുണുമായുള്ള വാട്സാപ്പ് ചാറ്റുകളും അനുഷയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതിൽ അസ്വാഭാവികതയില്ലെന്നാണ് വിവരം. ആദ്യ വിവാഹം വേർപെട്ടപ്പോൾ തന്നെ അരുണുമായി ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് അനുഷയുടെ മൊഴി. തന്റെ സ്നേഹം അരുണിനെ അറിയിക്കുന്നതിന് വേണ്ടി മാത്രമാണ് ഇത്തരമൊരു നാടകം കളിച്ചത് എന്നും പറയുന്നു.
അതേസമയം, അനുഷയുടെ പ്രവൃത്തിയിൽ ബാഹ്യഇടപെടൽ സംശയിക്കുന്നു. എയർ എംബോളിസം വഴി ആളെ കൊല്ലാൻ കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് അനുഷയുടെ മൊഴി. പക്ഷേ, ഇത് വിശ്വസനീയമല്ല. ഫാർമസിസ്റ്റിന് മനുഷ്യ ശരീത്തിലെ ഞരമ്പുകളുടെ പ്രവർത്തനവും ഹൃദയത്തിലേക്കുള്ള ധമനികളും തിരിച്ചറിയാൻ കഴിയില്ല. അതു മാത്രമല്ല, ഇഞ്ചക്ഷൻ എടുക്കുന്നതിന് പരിശീലനവും കിട്ടിയിട്ടില്ല.
ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് മാത്രമാണ് ഈ മേഖലയിൽ പരിശീലനം ഉള്ളത്. ഞരമ്പിൽ നിന്ന് രക്തം എടുക്കാൻ അറിയാവുന്നവർക്ക് മാത്രമാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ സാധിക്കുക. ഇൻജക്ഷൻ എടുക്കാനും സൂചി ഉപയോഗിക്കാനുമൊക്കെ അനുഷയ്ക്ക് ആരെങ്കിലും പറഞ്ഞു കൊടുത്തതാകുമോ എന്ന് സംശയിക്കുന്നുണ്ട്. യുവതിക്ക് ക്രിമിനൽ പശ്ചാത്തലമൊന്നും തന്നെയില്ലെന്നും പൊലീസ് പറയുന്നു.
അനുഷ രണ്ട് വിവാഹം കഴിച്ചതാണ്. നിലവിലെ ഭർത്താവ് വിദേശത്താണ്. ഇതിനിടയിലാണ് അരുണുമായുള്ള ബന്ധം. സ്നേഹ ഈ അടുപ്പത്തെ എതിർത്തിരുന്നു. എയർ എംബോളിസം മാർഗത്തിലൂടെ (വായു ഞരമ്പിൽ കയറ്റുക) സ്നേഹയ്ക്ക് ഹൃദയാഘാതംവരുത്തുകയും സ്വാഭാവികമരണമെന്ന് വരുത്തി തീർക്കുകയുമായിരുന്നു അനുഷയുടെ ലക്ഷ്യമെന്നാണ് പൊലീസ് നൽകുന്ന വിവരം.
സ്നേഹ ആശുപത്രിയിൽ പ്രസവിച്ചുകിടക്കുന്ന വിവരമുൾപ്പെടെ അരുൺ വാട്സാപ്പ് ചാറ്റിങ്ങിലൂടെ അനുഷയെ അറിയിച്ചിരുന്നതായും ഇരുവരും നിരന്തരം ഫോണിലൂെട ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനുഷയുടെ പേരിൽ വധശ്രമത്തിന് കേസെടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്