പത്തനംതിട്ട: പൊലീസുകാർക്കിടയിൽ ആത്മഹത്യ കൂടി വരികയും പലരും സ്വയം വിരമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവരുടെ മാനസിക സമ്മർദം അകറ്റുന്നതിന് വേണ്ടി ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗം വിവാദത്തിൽ. ജില്ലയിലെ 34 പൊലീസുകാരുടെ പട്ടികയാണ് ഇതിനായി തയാറാക്കിയത്.

ഗ്രേഡ് എഎസ്ഐ മുതൽ താഴേക്ക് 34 പൊലീസുകാരുടെ പേരാണ് പട്ടികയിലുണ്ടായിരുന്നത്. ഇവർ സ്ഥിരം മദ്യപാനികളാണെന്ന് മുദ്ര കുത്തിയെന്ന് ആരോപിച്ച് പൊലീസ് സേനയിൽ അമർഷം പടർന്നു. എസ്‌പി ഓഫീസിൽ നിന്ന് വിവിധ സ്റ്റേഷനുകളിലേക്ക് അയച്ച പട്ടികയിൽ പക്ഷേ, മദ്യപാനമോ മറ്റു കാര്യങ്ങളോ പ്രതിപാദിച്ചിരുന്നില്ല.

പട്ടികയിൽ പറയുന്ന ഉദ്യോഗസ്ഥരെ നവംബർ ആറിന് വൈകിട്ട് ആറിന് ജില്ലാ പൊലീസ് മേധാവിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു വിടണമെന്ന് മാത്രമായിരുന്നു നിർദ്ദേശം. ഇതിനായി തയാറാക്കിയ പട്ടികയിൽ ഒരിടത്തും ഇവരെ മദ്യപാനികളെന്ന് വിശേഷിപ്പിച്ചിരുന്നുമില്ല. അതേ സമയം, ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നവരെയും അതിന് നടപടി നേരിട്ടവരെയുമാണ് എസ്‌പി വിളിപ്പിച്ചത് എന്നാണ് പൊലീസുകാർ പറയുന്നത്.

തങ്ങളെ മദ്യപാനികളായി മുദ്രകുത്തിയെന്നതാണ് ഇവരുടെ അമർഷം. പൊലീസ് അസോസിയേഷൻ അടക്കം വിഷയത്തിൽ ഇടപെട്ടതോടെ എസ്‌പിയും ബാക്ഫുട്ടിലായി. ഒരിടത്തും മദ്യപാനികളെയാണ് വിളിപ്പിക്കുന്നത് എന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരണവും വന്നു. പത്തനംതിട്ട സ്റ്റേഷനിലെ ഒരു ഗ്രേഡ് എഎസ്ഐ ഇതിന്റെ പേരിൽ സ്റ്റേഷനിൽ ബഹളം കൂട്ടി. കേസെഴുതുന്നതിൽ സമർഥനായ ഇദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുടെ കണ്ണിലുണ്ണി കൂടിയാണ്.

'ഉന്നതങ്ങളിൽ പിടിപാടുള്ള' തന്നെ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് ബഹളത്തിന് കാരണമായത്. വിവരമറിഞ്ഞ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെ ഗ്രേഡ് എ.എസ്്.ഐയെ എസ്‌പിക്ക് മുന്നിൽ ഹാജരാകുന്നതിൽ നിന്ന് വാക്കാൽ ഒഴിവാക്കി. ശേഷിച്ചവർ എസ്‌പിക്ക് മുൻപാകെ ഹാജരായി. അദ്ദേഹമാകട്ടെ മാനസിക സമ്മർദം ഒഴിവാക്കണമെന്നും അങ്ങനെയുള്ള സാഹചര്യമുണ്ടായാൽ തന്നെ അറിയിക്കണമെന്നുമൊക്കെ മയത്തിൽ ഒരു ക്ലാസെടുത്ത് പറഞ്ഞു വിട്ടു.

ഉദ്യോഗസ്ഥരുടെ പട്ടിക എസ്‌പിക്ക് കൊടുത്ത ഡിവൈ.എസ്‌പിക്ക് തന്റെ ഇഷ്ടക്കാരായ പലരെയും ഒഴിവാക്കി എന്നാണ് മറ്റുള്ളവരുടെ ആക്ഷേപം. മാനസിക സമ്മർദം പൊലീസുകാർക്ക് മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥർക്കും ഉണ്ടെന്നും ഇവരെ ഒന്നും എന്തു കൊണ്ട് പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് ഇവരുടെ ചോദ്യം.

ഏതായാലും സ്ട്രെസ് മാനേജ്മെന്റ് ക്ലാസിൽ മറ്റൊന്നും പറയാതിരുന്നതുകൊണ്ട് പൊലീസ് അസോസിയേഷനും വിഷയം വിട്ടുവെന്നാണ് അറിയുന്നത്.