തിരുവനന്തപുരം: തിരുവനന്തപുരത്ത് ആകാശത്ത് അജ്ഞാത വസ്തു. പട്ടത്താണ് ആകാശത്ത് അജ്ഞാത വസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരന്‍ അത് ക്യാമറയില്‍ പകര്‍ത്തി. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും ഡ്രോണ്‍ നിര്‍വ്വീര്യമാക്കലുമെല്ലാം നടന്ന സാഹചര്യത്തിലാണ് പട്ടത്തെ ആകാശത്തെ അപൂര്‍വ്വ വസ്തുക്കളും സംശയത്തിലാകുന്നത്. രണ്ട് വെള്ള ഡോട്ടുകളാണ് പ്രദേശ വാസി എടുത്ത ഫോട്ടോയിലുള്ളത്. പോലീസിനേയും വിവരം അറിയിച്ചു. സ്ഥലത്ത് പോലീസ് എത്തുകയും ചെയ്തു. എന്നാല്‍ ആരോടും ഒന്നും പറയരുതെന്ന നിര്‍ദ്ദേശമാണ് പോലീസ് വീട്ടുടമയ്ക്ക് നല്‍കിയത്. അതുകൊണ്ട് തന്നെ വിവരമൊന്നും അദ്ദേഹം പുറത്തു പറയുന്നുമില്ല. മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി. വിവരങ്ങള്‍ ഉന്നത കേന്ദ്രങ്ങളെ അറിയിക്കും. അസ്വാഭവികമായതെന്തെങ്കിലുമാണോ അതെന്നും പോലീസ് തിരക്കും. തിരുവനന്തപുരത്ത് നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളുണ്ട്. അതുകൊണ്ട് തന്നെ ആകാശത്തെ അസ്വാഭാവികതയെ ഗൗരവത്തില്‍ തന്നെ എടുക്കും. വരും ദിവസങ്ങളില്‍ പോലീസും ആകാശ നിരീക്ഷണം ശക്തമാക്കും. പത്ത് ഇരുപത് വസ്തുക്കള്‍ തന്റെ വീടിന് മുകളിലൂടെ പോയി എന്ന് ഇയാള്‍ പോലീസിനെ അറിയിച്ചതായും സൂചനയുണ്ട്.

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തീരദേശം അതിര്‍ത്തിയായുള്ള സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായ വിവരം കേന്ദ്രസസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്തതോടെ തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്. ഇതിനൊപ്പം വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമുണ്ട്. കൊച്ചിയിലും അതി നിര്‍ണ്ണായക സുരക്ഷാ കേന്ദ്രങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് കേരളവും കരുതല്‍ ശക്തമാക്കുന്നത്. ഇതിനിടെയാണ് തിരുവനന്തപുരത്ത് നിന്നും ആകാശ വസ്തുക്കളുടെ വിവരം എത്തുന്നത്. അതീവ രഹസ്യമായി ഇതില്‍ പോലീസ് അന്വേഷണം നടത്തും.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാര്‍ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം. വിഴിഞ്ഞത്തെ പുറംകടലില്‍ ചരക്ക് കപ്പല്‍ നങ്കൂരമിട്ടതിനെ തുടര്‍ന്ന് തീരസംരക്ഷണ സേന പരിശോധന നടത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര ചെയ്യാനാകാതെയാണ് കപ്പല്‍ പുറംകടലില്‍ തുടരുന്നതെന്നാണ് വിവരം. പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിനും സിന്ദൂര്‍ ഓപറേഷനും ഇടയിലുള്ള ദിനങ്ങളില്‍ തീര സുരക്ഷ അടക്കം സേനാ വിഭാഗങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മന്ത്രിമാരുടെ സഞ്ചാരത്തിനിടെ പോലീസ് നിര്‍ദേശിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാന്‍ പലരും തയാറാകുന്നില്ല. മന്ത്രിമാര്‍ പോലീസ് നിര്‍ദേശിക്കുന്ന തരത്തിലുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നു മുഖ്യമന്ത്രി തന്നെ അവരെ അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ യാത്രകളും പരിപാടികളും അതീവ സുരക്ഷ പാലിച്ചു മാത്രമായിരിക്കും നടപ്പാക്കുക. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഭക്ഷ്യധാനങ്ങളുടെ ശേഖരണം അടക്കം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാകണം. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ടു കേന്ദ്രത്തില്‍ നിന്നും സൈനീക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ചീഫ് സെക്രട്ടറി സെക്രട്ടറിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും യോഗം വിളിച്ചു നിര്‍ദേശിക്കും.

കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടില്ല. സുരക്ഷാ പരിശോധന ശക്തമാക്കിയതിനാല്‍ ആഭ്യന്തരയാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍മുമ്പും അന്താരാഷ്ട്ര യാത്രക്കാര്‍ അഞ്ചു മണിക്കൂര്‍മുമ്പും എത്തണമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.