കൊച്ചി: ഗവണ്‍മെന്റ് മുന്‍ പ്ലീഡര്‍ പി.ജി. മനു ജീവനൊടുക്കുന്നതിന് കാരണമായത് ജോണ്‍സന്‍ ജോയിയുടെ കുതന്ത്രം തന്നെ. അഞ്ചുമാസമായി മനുവിനെ അതിക്രൂരമായി ജോണ്‍സന്‍ വേട്ടയാടി. മാപ്പ് വിഡിയോ ചിത്രീകരിച്ച് അതുവച്ച് ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നും ഭാര്യയുടെയും സഹോദരിയുടെയും മുന്നിലിട്ട് മനുവിനെ തല്ലിച്ചതച്ചു. പിറവം അഞ്ചല്‍പ്പെട്ടി പ്ലാന്തോട്ടത്തില്‍ വീട്ടില്‍ ജോണ്‍സണ്‍ ജോയ് (40) ഒരു കൊലപാതക ശ്രമകേസിലെ പ്രതിയാണ്. 2024 ഒക്ടോബര്‍ മാസത്തില്‍ ജോണ്‍സണ്‍ ജയിലില്‍ ആയിരുന്നു. കേസ് നടത്തുന്നതിന് വേണ്ടിയാണ് ജോണ്‍സന്റെ ഭാര്യ അഭിഭാഷകനായ മനുവിനെ സമീപിക്കുന്നത്. നവംബര്‍ മാസത്തില്‍ ജോണ്‍സണ്‍ ജയിലില്‍ നിന്ന് ഇറങ്ങി. ഇതിന് ശേഷമാണ് പീഡനാരോപണം എത്തിയത്. എന്നാല്‍ പോലീസില്‍ കേസ് കൊടുത്തതുമില്ല. അതുകൊണ്ട് തന്നെ അതും ചതിയായിരുന്നോ എന്ന് സംശയമുണ്ട്. ജോണ്‍സണ്‍ മനുവിനെ വിളിച്ച് നിരവധി തവണ കേസ് കൊടുക്കുമെന്ന് ഫോണ്‍ മുഖേനയും നേരിട്ടും ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.

കോതമംഗലത്ത് ബാറില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിാണ് പാലം ജംഗ്ഷന്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍ ജോയ്. തങ്കളത്തിലുള്ള ബാറിലാണ് സംഭവം ഉണ്ടായത്. മദ്യപിച്ചതിന്റെ പണത്തെ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ മൊഴി എടുത്തായിരുന്നു അറസ്റ്റ്. കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഭാഗത്ത് നിന്നും ജോണ്‍സണേയും കൂട്ടു പ്രതികളേയും ഒക്ടോബര്‍ 27ന് രാത്രി പതിനൊന്ന് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. സംശയാസ്പദ സാഹചര്യത്തിലെ അറസ്റ്റിന് ശേഷമാണ് ബാറിലെ പ്രശ്‌നം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. അന്ന് രാത്രി പത്ത് മണിയ്ക്കാണ് അടിപടിയുണ്ടായത്. ക്ലൗഡ് 9 എന്ന ബാറിന് സമീപമുള്ള പെട്രോള്‍ പമ്പിന് സമീപത്തു വച്ച് തെറിവിളിച്ചായിരുന്നു ആക്രമണം. മൂന്ന് പല്ലുകള്‍ അടിച്ചു തെറിപ്പിക്കുകയും ചെയ്തു. ഈ കേസിലാണ് ജോണ്‍സണേയും കൂട്ടരേയും റിമാന്‍ഡ് ചെയ്തത്. ജാമ്യം എടുക്കാന്‍ വേണ്ടിയായിരുന്നു പിജി മനുവിനെ സമീപിച്ചത്. ഇതേ ഒക്ടോബറിലാണ് മനുവിനെതിരെ പീഡന പരാതി ആദ്യമായി ചര്‍ച്ചകളിലെത്തിയത്. ഈ സാധ്യത കൂടി തിരിച്ചറിഞ്ഞായിരുന്നു ജോണ്‍സണിന്റെ ഭീഷണി. രജിസ്റ്റര്‍ ചെയ്ത കേസിനിടെ മറ്റൊരു പുലിവാലുണ്ടാകാതിരിക്കാനാണ് ജോണ്‍സണിന്റെ വീട്ടിലെത്തിയ പിജി മനു മാപ്പു പറഞ്ഞത്. പീഡനക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷവും പിജി മനുവിനെതിരെ ഭീഷണി ജോണ്‍സണ്‍ തുടര്‍ന്നു. പുതിയ കേസ് വന്നാല്‍ അത് ജാമ്യ വ്യവസ്ഥയുടെ ലംഘനമായി മാറുമെന്നും അഴിക്കുള്ളില്‍ കിടക്കേണ്ടി വരുമെന്നും ജോണ്‍സണ്‍ ഭീഷണിപ്പെടുത്തി.

മനു അറിയാതെയാണ് വീഡിയോ ചിത്രീകരിച്ചത്. 2024 നവംബര്‍ മാസം പരാതി ഒത്തു തീര്‍പ്പാക്കാമെന്ന് പറഞ്ഞ് ജോണ്‍സന്റെ എറണാകുളം പുതുശേരിപ്പടി കുരിശുപള്ളിക്ക് സമീപമുള്ള വാടക വീട്ടിലേക്ക് മനുവിനെയും മനുവിന്റെ ഭാര്യയേയും സഹോദരിയേയും വിളിച്ചു വരുത്തി. ഇവിടെ വച്ചാണ് മനുവും കുടുംബാംഗങ്ങളും അറിയാതെ ജോണ്‍സണ്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തത്. ജോണ്‍സണ്‍ വളരെ മോശമായ രീതിയില്‍ മനുവിനെ സഹോദരിയുടേയും ഭാര്യയുടേയും മുമ്പില്‍ വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചു. അസഭ്യം പറഞ്ഞത് അപമാനിക്കുകയും ചെയ്തു. ഈ ദൃശ്യമാണ് മനുവിനെ ജീവനൊടുക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.റെക്കോര്‍ഡ് ചെയ്ത വിഡിയോ ഉപയോഗിച്ചായിരുന്നു ജോണ്‍സന്റെ തുടര്‍ന്നുള്ള ബ്ലാക്ക്‌മെയില്‍ . മനു പോകുന്ന വഴികളില്‍ പലയിടത്തും ജോണ്‍സണ്‍ പിന്‍തുടര്‍ന്ന് ഇക്കാര്യം പറഞ്ഞ് അപമാനിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഈ വര്‍ഷം മാര്‍ച്ച് വരെ ഇത്തരത്തിലുള്ള ബ്ലാക്ക്‌മെയിലിന് മനു വിധേയനായി. പണം തന്നാല്‍ പ്രശ്‌നം തീര്‍ക്കാം എന്നായിരുന്നു ജോണ്‍സണ്‍ പറഞ്ഞത്. ഇതിന് മനു വഴങ്ങാത്തതിനാല്‍ വീണ്ടും പലരീതിയിലുള്ള സമ്മര്‍ദങ്ങള്‍ക്ക് ജോണ്‍സണ്‍ തുടക്കമിട്ടു.

ഏപ്രില്‍ ആദ്യം ജോണ്‍സന്‍ സമൂഹമാധ്യമങ്ങളിലൂടെ മനുവിന്റെ വിഡിയോപങ്കുവച്ചു. ഇതോടെ ഒരു വിഭാഗം ആളുകള്‍ മനുവിനെ ആക്ഷേപിച്ചും പരിഹസിച്ചും വിഡിയോ പങ്കുവച്ചു. മനുവിന് നാട്ടിലും വീട്ടിലും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. നാണക്കേടില്‍ കോടതികളില്‍ ജോലിക്ക് പോകാനും പറ്റാതെയായി. പ്രചരിച്ച വിഡിയോ കണ്ടിട്ട് പലരും ഫോണില്‍ വിളിച്ചതോടെ മനു കൂടുതല്‍ സമ്മര്‍ദത്തിലായി. ഇതിനിടെ ജോണ്‍സണ്‍ ചില സുഹൃത്തുക്കള്‍ വഴിയും ഓണ്‍ലൈന്‍ ചാനല്‍ വഴിയും മറ്റും മനുവിനെ വീണ്ടും സമ്മര്‍ദത്തിലാക്കിയെന്നും പൊലീസ് പറയുന്നു. ചില ഓണ്‍ലൈനുകാരും ഭീഷണിയില്‍ പങ്കാളിയായിട്ടുണ്ട്. മുന്‍പ് ആരോപണമായി പറഞ്ഞത് പരാതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുമെന്നും അങ്ങനെ വന്നാല്‍ നേരത്തെയുള്ള പീഡന കേസിലെ ജാമ്യം റദ്ദാക്കുമെന്നും അനിശ്ചിത കാലം ജയിലില്‍ പോകേണ്ടി വരുമെന്നും ജോണ്‍സണ്‍ ഭീഷണിപ്പെടുത്തി. ഇതിനിടെ വിഡിയോ പ്രകാരം ഒരു ന്യൂസ് ചാനലില്‍ വാര്‍ത്ത വരികയും ചെയ്തു. ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന ആ ചാനല്‍ മരണ ശേഷം വാര്‍ത്ത പിന്‍വലിച്ചു. ഗൂഗിള്‍ സെര്‍ച്ചില്‍ പഴയ വാര്‍ത്തയുടെ ലിങ്ക് ഇപ്പോഴും കാണാം. എന്നാല്‍ പേജുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലാണ്.

ജോണ്‍സന്റെ പലതരത്തിലുള്ള ഭീഷണിയും , അപമാനവും, ജോണ്‍സന്റെ സുഹൃത്തുക്കളുടേയും ഓണ്‍ലൈന്‍ ചാനലിന്റെയും ഭീഷണിയും മനുവിനെ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആക്കിയെന്ന് പൊലീസ് പറയുന്നു. സമൂഹത്തിലെ പല തലങ്ങളില്‍ നിന്ന് നേരിട്ടു കൊണ്ടിരുന്ന അപമാനം മനുവിനെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍. മരിക്കുന്നതിന് തൊട്ട് മുമ്പും തലേ ദിവസവും മനു വാട്‌സാപ്പില്‍ കുറിച്ച വിവരങ്ങളൊക്കെ പൊലീസ് കണ്ടെടുത്തു. ആത്മഹത്യക്ക് ഉത്തരവാദികളായ വ്യക്തികളുടെ വിവരങ്ങളും തനിക്കെതിരെയുള്ള ആരോപണത്തിലെ നിരപരാധിത്തവും ടൈപ്പ് ചെയ്തിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ചില പൊലീസ് ഉദ്ദ്യേഗസ്ഥര്‍ക്കും ചില ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും മനു ഇക്കാര്യങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ നെറ്റ് ഓണ്‍ ആകാത്തതിനാല്‍ ഈ സന്ദേശം ആര്‍ക്കും എത്തിയിരുന്നില്ല.

മനുവിന്റെ മൊബൈല്‍ ഫോണിലെ ചാറ്റുകളും ഫോണ്‍വിളിയുടെ വിശദാംശങ്ങളും പൊലീസ് പരിശോധിച്ചു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാക്ഷി മൊഴികള്‍ പ്രകാരമാണ് ജോണ്‍സന് എതിരെ ആത്മഹത്യ പ്രേരണ, ഭീഷണിപ്പെടുത്തി പണം അപഹരിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പട്ടികജാതിപട്ടിക വര്‍ഗ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജോണ്‍സണ്‍ ആരോപണമായി ഉന്നയിച്ച പീഡനത്തെക്കുറിച്ച് നിലവില്‍ ഒരിടത്തുപോലും ജോണ്‍സനോ മറ്റാരെങ്കിലുമോ പരാതി കൊടുത്തിട്ടില്ലെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.


കഴിഞ്ഞ ഞായറാഴ്ചയാണ് പി.ജി. മനുവിനെ കൊല്ലത്തെ ആനന്ദവല്ലീശ്വരത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ.വന്ദനാദാസ് കൊലക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നത് പി.ജി. മനുവായിരുന്നു. ഈ കേസിന്റെ ഭാഗമായാണ് പി.ജി. മനു കൊല്ലത്തെത്തി വാടകവീട്ടില്‍ താമസം ആരംഭിച്ചത്. ജൂനിയര്‍ അഭിഭാഷകര്‍ മനുവിനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ അഭിഭാഷകര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)