- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മറ്റേ മോന് എന്ന് വിളിച്ചോട്ടെ, അതൊക്കെ വെറും തമാശ! സുരേഷ് ഗോപിക്ക് ദേഷ്യം വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇളക്കും; പണ്ട് ചായ പോലും വാങ്ങിത്തരാത്ത പിശുക്കന്‍; വിശന്നപ്പോള്‍ ഞങ്ങളുടെ പഴംപൊരി തട്ടിയെടുത്തു; സുരേഷ് ഗോപിയോട് ഉടക്കല്ല, വെറും ഇളക്കല്‍! മറുനാടന്‍ പോഡ്കാസ്റ്റില്‍ സൗഹൃദത്തിന്റെ കഥകള്‍ പറഞ്ഞ് ചിരിപ്പിച്ച് ഗണേഷ് കുമാര്‍
മറുനാടന്‍ പോഡ്കാസ്റ്റില്‍ സൗഹൃദത്തിന്റെ കഥകള്‍ പറഞ്ഞ് ചിരിപ്പിച്ച് ഗണേഷ് കുമാര്‍

തിരുവനന്തപുരം: എയിംസ് വിഷയത്തില്‍ തന്നെ പരിഹസിച്ച മന്ത്രി കെ.ബി. ഗണേഷ് കുമാറിന് എറണാകുളം തൃപ്പൂണിത്തുറയില്‍ വെച്ച് കടുത്ത ഭാഷയില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മറുപടി നല്‍കിയിരുന്നു. 'എയിംസ് വരും മറ്റേ... മോനേ' എന്ന സുരേഷ് ഗോപിയുടെ പ്രയോഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കേരളത്തില്‍ എയിംസ് വരുന്നതിനെക്കുറിച്ച് സുരേഷ് ഗോപി നടത്തിയ പ്രസ്താവനകളെ ഗണേഷ് കുമാര്‍ നേരത്തെ കണക്കറ്റ് പരിഹസിച്ചിരുന്നു. 'ഇപ്പോള്‍ ഒരാള്‍ ഇറങ്ങിയിട്ടുണ്ട്. എയിംസ് വരുമത്രേ! തൃശൂരില്‍ വരുമോ ആലപ്പുഴയില്‍ വരുമോ എന്നറിയില്ല. എംപിയുടെ അമ്മയുടെ വീട് ആലപ്പുഴയായത് കൊണ്ട് അവിടെ മതിയെന്നാണ് ആദ്യം പറഞ്ഞത്. ഒടുവില്‍ തെങ്കാശിയിലായാലും മതി എന്നായി. അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്...' എന്നായിരുന്നു ഗണേഷ് കുമാറിന്റെ വാക്കുകള്‍. ഇതിന്റെ വീഡിയോ അന്ന് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.
സുരേഷ് ഗോപിയും കെ.ബി. ഗണേഷ് കുമാറും തമ്മിലുള്ള 'വാക്‌പോര്' രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാകുമ്പോള്‍, ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ചും തമാശകളെക്കുറിച്ചും വെളിപ്പെടുത്തി ഗണേഷ് കുമാര്‍ രംഗത്ത്. മറുനാടന്‍ സ്‌പെഷ്യല്‍ പോഡ്കാ്‌സ്റ്റിലാണ് ഗണേഷ് കുമാര്‍ തന്റെ സിനിമാകാലം മുതലുള്ള സുഹൃത്തിനെക്കുറിച്ച് രസകരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
ഉടക്കല്ല, വെറും ഇളക്കല്‍!
ഷാജന്‍ സ്‌കറിയ: പിന്നെ എങ്ങനെയാ സുരേഷ് ഗോപി ആയിട്ട് ഉടക്കായി പോയത്?
ഗണേഷ് കുമാര്‍: ഉടക്കൊന്നുമില്ല. ഒരുപാട് വിഷയങ്ങളാണ്. ഇങ്ങനെ എന്തെങ്കിലും തമാശയ്ക്ക് പറയും. അവന് ദേഷ്യം വരും, അവന്‍ എന്തെങ്കിലും ഒക്കെ പറയും. ഞാന്‍ എന്തെങ്കിലും അവനെ ഇളക്കാന്‍ വേണ്ടി പറയും. പണ്ടും പറയും, 'അല്ല എസ്പിയുടെ തൊപ്പി വെച്ചട...' അതൊക്കെ തമാശയാണ്. നടന്ന സംഭവങ്ങളൊക്കെ തന്നെയാണ്. വെറുതെ ഇവനെ ഇളക്കാന്‍ വേണ്ടി പറയുന്നതാണ്. അവന്‍ പണ്ട് നല്ല ചീത്ത പറയും. ഇപ്പോള്‍ രാഷ്ട്രീയം എന്നൊക്കെ മറന്ന് ചില സമയത്ത് ഇടയ്ക്ക് എന്നെ എന്തോ പറഞ്ഞു. അത് എനിക്ക് തമാശയായിട്ടേ തോന്നിയുള്ളൂ. അവന് ചിലപ്പോള്‍ ദേഷ്യം വന്നാല്‍ ചീത്ത പറയും, പക്ഷേ എനിക്ക് അതില്‍ പിണക്കമൊന്നുമില്ല.
എയിംസിന്റെ കാര്യത്തില്‍ പരിഹസിക്കാന്‍ പോയത് എന്തിനാ?
ഗണേഷ് കുമാര്‍: എയിംസിന്റെ കാര്യം, തെങ്കാശിയില്‍ എയിംസ് ഉണ്ടാക്കും എന്നൊക്കെ പറയുന്നത് രാഷ്ട്രീയമല്ലേ? രാഷ്ട്രീയം കഴിഞ്ഞാല്‍ വൈകിട്ട് സ്വിച്ച് അണച്ചാല്‍ പിന്നെ എന്ത് വിരോധം? എന്റെ മക്കളും സുരേഷ് ഗോപിയുടെ മക്കളും വലിയ സൗഹൃദമാണ്. സുരേഷ് ഗോപിയുടെ മകന്‍ (ഗോകുല്‍ സുരേഷ്) എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. അവന് എന്നെ ഭയങ്കര ഇഷ്ടമാണ്. 'ഗണേഷ് മാമന്‍' എന്ന് പറഞ്ഞാല്‍ അവന് ജീവനാണ്
പക്ഷേ ഈ ദിവസങ്ങളില്‍ പല വിഷയങ്ങളിലും ഉടക്കുണ്ടായിരുന്നല്ലോ?
ഗണേഷ് കുമാര്‍: തമാശകള്‍ കാണുമ്പോള്‍ പറയാതിരിക്കുന്നത് എങ്ങനെയാ? ഈ പപ്പടം എടുത്തിട്ട് അതിന്റെ ഒരു ഭാഗം മുറിച്ചു കളയുന്നത് കാണുമ്പോള്‍ ചിരിക്കുകയല്ലേ ചെയ്യുന്നത്? ഒരാള്‍ തൊട്ടതുകൊണ്ട് കയ്യില്‍ സാനിറ്റൈസര്‍ അടിക്കുന്നു. പാവപ്പെട്ട മനുഷ്യനെ തൊടാനാണല്ലോ ഈ കൈകള്‍. പിന്നെ ഈ കയ്യില്‍ പിടിച്ചാല്‍ ഐശ്വര്യം പോകുമെന്ന അന്ധവിശ്വാസമൊക്കെ പുള്ളി ഉണ്ടാക്കുന്നതല്ലേ? [
ഈ കഴിഞ്ഞ ദിവസം തെങ്കാശി എയിംസിന്റെ കാര്യത്തില്‍ 'ടാ വാടാ' എന്നൊക്കെ വിളിച്ചത് സുരേഷ് ഗോപിക്ക് പിണക്കമാകില്ലേ?
ഗണേഷ് കുമാര്‍: കണ്ടാല്‍ ചിലപ്പോള്‍ അങ്ങോട്ട് തിരിഞ്ഞു നില്‍ക്കും. പിന്നെ ഞാന്‍ പോയി തോണ്ടി വിളിക്കണ്ട എന്ന് വിചാരിച്ചു. കാരണം 'പോടാ' എന്ന് പറയുന്ന ആളുകള്‍ ഇരിക്കുമ്പോള്‍ നമ്മള്‍ ചെന്നിട്ട് ചീത്ത കേള്‍ക്കണ്ടല്ലോ [ പഴയ സുഹൃത്തല്ലേ,'എടാ പോടാ' ടേംസ് അല്ലേ നമ്മള്‍. മന്ത്രിയെ ചീത്ത വിളിച്ചു എന്ന് നാളെ പേപ്പറില്‍ വരും. അതുകൊണ്ട് ഓടിച്ചു ചെന്ന് മിണ്ടാന്‍ നില്‍ക്കില്ല. പുള്ളിയുടെ ഈ തമാശകളൊക്കെ ഞങ്ങള്‍ പണ്ടേ കണ്ടിട്ടുള്ളതാണ്. അതുകൊണ്ടാണ് ഈ കളിയാക്കുന്നത്. ഇളക്കി വിട്ടാല്‍ പുള്ളി കേറി കൊത്തും.
പഴയ 'പിശുക്കന്‍' സുരേഷ് ഗോപിയുടെ ഇന്നത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഗണേഷ് കുമാര്‍ അത്ഭുതത്തോടെയാണ് കാണുന്നത്. പണ്ട് ചായ പോലും വാങ്ങിച്ച് തരാത്ത ഒരാളായിരുന്നു സുരേഷെന്ന് ഗണേഷ് കളിയാക്കി
'പുള്ളി സഹായിക്കുന്ന കാര്യത്തിലൊക്കെ മിടുക്കനാണെന്ന് ആളുകള്‍ പറയുന്നുണ്ട്. അത് നല്ല കാര്യമാണ്. പക്ഷേ ഇതൊക്കെ ഇപ്പോള്‍ തുടങ്ങിയതാ. പണ്ടൊന്നും ആര്‍ക്കും ചായ പോലും വാങ്ങിച്ച് തരില്ലായിരുന്നു കാശ്മീരില്‍ വെച്ച് നടന്ന ഒരു തമാശയുണ്ട്. എനിക്കും മണിയന്‍പിള്ള രാജുവിനും വിജയരാഘവനും വിശന്നിട്ട് ഒരു കടയില്‍ കയറി പഴംപൊരി ഓര്‍ഡര്‍ ചെയ്തു. സുരേഷ് ഗോപിക്ക് വേണോ എന്ന് ചോദിച്ചപ്പോള്‍ 'വേണ്ട' എന്ന് പറഞ്ഞു.
പക്ഷേ സാധനം വന്നപ്പോള്‍ സുരേഷ് അതെടുത്ത് തിന്നു. ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും കൂടി രണ്ടെണ്ണമേ കിട്ടിയുള്ളൂ. ഇതൊക്കെ കേട്ടാല്‍ പുള്ളി എന്ത് പറയുമെന്ന് എനിക്കറിയില്ല. പുള്ളി ഇപ്പോള്‍ ചെയ്യുന്ന ഈ ദാനധര്‍മ്മങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിത്തരിച്ചിരിക്കുകയാണ്.


