തിരുവല്ല: വാഹനാപകടക്കേസിലെ പരാതിക്കാരിയോട് കുശലം ചോദിച്ച് വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും മെസേജ് അയച്ച പോലീസുകാരനെതിരേ കേസെടുത്തു. പിന്നാലെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഷനും. അടൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഓ സുനിലിനെതിരേയാണ് തിരുവല്ല പോലീസ് കേസെടുത്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.

സുനില്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ 2022 നവംബര്‍ മാസത്തിലാണ് സംഭവങ്ങളുടെ തുടക്കം. വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ വന്ന യുവതിക്ക് വാട്സാപ്പ് മുഖേനെ ഗുഡ്മോണിങ്, ഗുഡ്നൈറ്റ് സുഖമാണോ എന്നിങ്ങനെ മെനേജ് അയച്ചുവെന്നാണ് പരാതി. 2024 ഡിസംബര്‍ 31, 2025 ജനുവരി 6, 22 തീയതികളിലും മെസേജ് അയച്ചുവെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. പരാതിക്കാരി ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് ഡിജിപി, ഡിഐജി എന്നിവര്‍ക്ക് അയച്ചു കൊടുത്ത്. പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് എഎസ്ഐ മിത്ര മുരളി യുവതിയുടെ താമസ സ്ഥലത്ത് ചെന്ന് മൊഴി എടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സുനിലിനെ തിരുവല്ലയില്‍ നിന്ന് അടൂര്‍ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. പുതിയ സ്ഥലത്ത് ജോലിക്ക് ചേര്‍ന്നതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ ഉണ്ടായിരിക്കുന്നത്. സുനിലിന്റെ സസ്പെന്‍ഷനോടെ പോലീസിലെ ഇരട്ടനീതിയാണ് ചര്‍ച്ചയാകുന്നത്. സുനില്‍ യുവതിക്ക് മോശം സന്ദേശമൊമൊന്നും അയച്ചിട്ടില്ല.

ഗുഡ്മോണിങ്, ഗുഡ്നൈറ്റ് മെസേജുകള്‍ മാത്രമാണ് അയച്ചിട്ടുള്ളത്. പത്തനംതിട്ട മുന്‍ എസ്പിയും നിലവില്‍ ക്രമസമാധാന പാലന ചുമതലയുള്ള എഐജിയുമായ വി.ജി. വിനോദ്കുമാര്‍ സമാനമായ കുറ്റകൃത്യം ചെയ്തയാളാണ്. മാത്രവുമല്ല, മോശം ഉദ്ദേശത്തോടെയുള്ള സന്ദേശമാണ് വിനോദ്കുമാര്‍ രണ്ട് വനിതാ എസ്ഐമാര്‍ക്ക് അയച്ചത്. രാത്രി ഏറെ വൈകി അയക്കുന്ന സന്ദേശങ്ങള്‍ പ്ലീസ് കാള്‍ മി, എന്റെ ഇന്നത്തെ 'സാറ്റ' എങ്ങനെയുണ്ടായിരുന്നു എന്നൊക്കെയാണ് ഉണ്ടായിരുന്നത്.

വനിതാ എസ്ഐമാര്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം പരാതി നല്‍കുകയും വ്യക്തമായ മൊഴി കൊടുക്കുകയും ചെയ്തിട്ടും എഐജിക്കെതിരേ ഒരു നടപടിയും ഇതു വരെ ഉണ്ടായിട്ടില്ല. മാത്രവുമല്ല, എസ്ഐമാരുടെ മൊഴി ചോര്‍ത്തി ഇദ്ദേഹം തന്നെ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയെന്നും ആക്ഷേപം ഉയര്‍ന്നു. ഒരേ പരാതിക്ക് രണ്ടു തരം നീതി നടപ്പാക്കുന്നതില്‍ പോലീസിലും അതൃപ്തി ഏറെയാണ്.