തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിനു സമീപം പ്രവര്‍ത്തിക്കുന്ന ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയിലെ മോഷണത്തിന് പിന്നില്‍ കപ്പലിലെ കള്ളന്‍ എന്ന് സൂചന. കഫറ്റീരിയില്‍ നിന്നും നാലുലക്ഷം രൂപയാണ് കവര്‍ന്നത്. ട്രഷറിയില്‍ അടയ്ക്കാന്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സ്ഥലത്ത് സി.സി ടിവി ക്യാമറ പ്രവര്‍ത്തിക്കാത്തതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചില്ല. വലിയ സുരക്ഷാ വീഴ്ചകളും ജയിലില്‍ ഉണ്ടായിട്ടുണ്ട്. കഫറ്റീരിയയുടെയും പരിസരത്തെയും ക്യാമറ നിശ്ചലമാണ്. ജയില്‍ അധികൃതര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ജയില്‍ അന്തേവാസികള്‍ ജോലിചെയ്യുന്ന സ്ഥലത്ത് ക്യാമറ കേടായത് ഗുരുതര സുരക്ഷാവീഴ്ചയാണ്. സെന്‍ട്രല്‍ ജയിലിലെ മതിലിന്റെ ഇലക്ട്രിക്ക് ഫെന്‍സിംഗ് തകരാറിലായി രണ്ടുവര്‍ഷമായിട്ടും അതും ശരിയാക്കിയിട്ടില്ല.

ഞായറാഴ്ച രാത്രി മോഷണം നടന്നതായാണ് നിഗമനം. മൂന്നുദിവസത്തെ വരുമാനമാണ് നഷ്ടമായത്. 20ഓളം തടവുകാരും 15ഓളം താത്കാലിക ജീവനക്കാരുമാണ് ടേണ്‍ വ്യവസ്ഥയില്‍ കഫറ്റീരിയയില്‍ ജോലി ചെയ്യുന്നത്. ഭക്ഷണശാലയ്ക്ക് പിറകിലുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ കൈക്കലാക്കുകയും മുറിതുറന്ന് മേശയിലും അലമാരയിലുമുണ്ടായിരുന്ന പണം മോഷ്ടിക്കുകയുമായിരുന്നു. താക്കോലും പണവും എവിടെയാണുള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷ്ടാവെന്നാണ് പൊലീസിന്റെ നിഗമനം. ശാസ്ത്രീയ തെളിവുകളും മോഷണസ്ഥലത്തെ വിരലടയാളങ്ങളും പൊലീസ് ശേഖരിച്ചു. ലഭിച്ച വിരലടയാളങ്ങള്‍ വിശദമായി പരിശോധിക്കും. അതില്‍ ഒരണ്ണം മാസങ്ങള്‍ മുമ്പ് ജയില്‍ വിട്ടു പോയ തടവുകാരന്റേതാണ്. ജയില്‍ വകുപ്പിന്റെ അനുവാദത്തോടെ ജീവനക്കാരെയും അവിടെ ജോലി ചെയ്ത തടവുകാരെയും ചോദ്യം ചെയ്യും.

കഫറ്റീരിയയിലെ കണക്കും പരിശോധിക്കും. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ നഷ്ടമായതോ തിരിമറി നടത്തിയതോ ആയ തുക മറച്ചു പിടിക്കാനായി നടത്തിയ നാടകമാണോ മോഷണമെന്ന സംശയവും പോലീസിനുണ്ട്. കിട്ടിയ വിരലടയാളത്തിലെ മുന്‍ തടവുകാരനെ പോലീസ് അന്വേഷണ പരിധിയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. ഇയാളുടെ മൊബൈലും നിരീക്ഷണത്തിലാണ്. ഇയാള്‍ അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് എത്തിയോ എന്നും പരിശോധിക്കും. മോഷണ സ്ഥലത്തിന് പുറത്തു നിന്നൊരു ഷര്‍ട്ടും സംശയാസ്പദമായി കിട്ടിയിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ ഉയര്‍ത്തി വച്ച നിലയിലാണ്. അത് ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ ആണെന്നാണ് നിഗമനം. എന്നാല്‍ മറ്റ് ചില സംശയങ്ങളുമുണ്ട്. ഇതില്‍ നിന്നും വിരലടയാളങ്ങളും കിട്ടിയിട്ടില്ല.

സിസിടിവികള്‍ പ്രവര്‍ത്തന രഹിതമാണെന്ന് അറിയാത്ത ആരോ നടത്തിയ മോഷണമാണെന്ന പ്രതീതി സൃഷ്ടിക്കാനാണോ സിസിടിവി ഉയര്‍ത്തി വച്ചത് എന്നതടക്കമുള്ള സംശയം പോലീസിനുണ്ട്. കെട്ടിടത്തിന്റെ പിന്നിലെ ചില്ലുകള്‍ തകര്‍ത്ത് അകത്തുകയറി ഓഫീസിന്റെ വാതില്‍ തുറന്നാണ് മോഷണം. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് മോഷണവിവരം അറിയുന്നത്. കഫറ്റീരിയയെക്കുറിച്ച് അറിയാവുന്നവരാണ് മോഷണത്തിനു പിന്നിലെന്ന് വ്യക്തമാണ്. ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ സിസിടിവി ക്യാമറകള്‍ മുകളിലേക്ക് ഉയര്‍ത്തിവെച്ച നിലയിലാണ്. ഭക്ഷണശാലയിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുമില്ല. വെള്ളിയാഴ്ച മുതലുള്ള മൂന്നു ദിവസത്തെ പണമാണ് മോഷണംപോയത്. വെള്ളിയാഴ്ച അവധിയായതിനാല്‍ ബാങ്കില്‍ പണം അടച്ചിരുന്നില്ല. ആഴ്ചാവസാനമായതിനാല്‍ കൂടുതല്‍ പണം ഭക്ഷണശാലയില്‍ സൂക്ഷിച്ചിരിക്കും എന്നറിയാവുന്നയാളാണ് മോഷണത്തിനു പിന്നിലെന്നാണു കരുതുന്നത്.

ജയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം തടവുകാരും താത്കാലിക ജീവനക്കാരും കഫറ്റീരിയയില്‍ ജോലിചെയ്യുന്നുണ്ട്. ഭക്ഷണശാലയ്ക്ക് പിന്നിലായി മറ്റൊരു മുറിയുണ്ട്. ഭക്ഷണശാല പൂട്ടിയ ശേഷം താക്കോല്‍ ഒരു സ്ഥലത്തു വെച്ചിരുന്നു. ചില്ലുകള്‍ തകര്‍ത്ത് താക്കോലെടുത്ത് പിന്നിലെ മുറി തുറന്ന് മേശയ്ക്കുള്ളില്‍നിന്ന് പണം എടുത്തുകൊണ്ടുപോയെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. മേശയുടെയും അലമാരയുടെയും പൂട്ട് തല്ലിത്തകര്‍ത്തിരുന്നു. നിലവിലുള്ള തടവുകാരുടെ സഹായത്തോടെ മറ്റാരെങ്കിലും മോഷണം നടത്തിയിട്ടുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്.

കള്ളനോ കള്ളനെ സഹായിച്ചവരോ സ്ഥാപനത്തില്‍ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. നാല് ലക്ഷം രൂപ മോഷണം പോയതില്‍ ജയില്‍ വകുപ്പിന് ഗുരുതര വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. 15 ജയില്‍ അന്തേവാസികളും 10 താത്കാലിക ജീവനക്കാരുമാണ് കഫറ്റീരിയിലെ ജോലിക്കാര്‍. ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ഡ്യൂട്ടിയുണ്ടാകാറുണ്ട്. ജീവനക്കാരെയും തടവുകാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി കഫത്തേരിയിലെ എല്ലാ ജീവനക്കാരുടെയും വിരല്‍ അടയാളം ശേഖരിക്കും. ഒപ്പം ജീവനക്കാരുടെ ഫോണ്‍ വിശദാംശങ്ങളും ശേഖരിച്ചു. തടവുകാര്‍ താത്ക്കാലിക ജീവനക്കാരുടെ ഫോണ്‍ ഉപയോഗിച്ച് പുറത്തേക്ക് വിവരം കൈമാറിയെന്നാണ് സംശയം. തടവുകാരെ ചോദ്യം ചെയ്യണമെങ്കില്‍ സൂപ്രണ്ടിന്റെ അനുമതി ആവശ്യം ഉള്ളതിനാല്‍ അതിനായുള്ള അപേക്ഷ ഉടനെ പൊലീസ് നല്‍കും.

നാല് ദിവസത്തെ കളക്ഷന്‍ തുകയാണ് സുരക്ഷിതമല്ലാത്ത സ്ഥലത്ത് സൂക്ഷിച്ചിരുന്നത്. 14,15 തീയതികളിലെ വരുമാനം ശനിയാഴ്ച ട്രഷറിയില്‍ അടക്കാമായിരുന്നു. പക്ഷെ അടച്ചില്ല. ഞായറാഴ്ചയും നല്ല വരുമാനമുണ്ടായി. ആ പണവും ഉള്‍പ്പെടെയാണ് നാല് ലക്ഷം കഫത്തീരിയക്ക് പിന്നിലെ മുറിയില്‍ സൂക്ഷിച്ചിരുന്നത്. അതേസമയം, പൊലീസ് റിപ്പോര്‍ട്ട് വന്നതിന് ശേഷം വകുപ്പുതല നടപടിയെ കുറിച്ച് ആലോചിക്കാമെന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട്.