- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പടമ്പില്‍ നിന്നും പുറത്തിറങ്ങിയത് 'ഒളിത്താവളം' മറുനാടന്‍ പുറത്തു വിട്ടതിനാല്‍; 'രക്തസമ്മര്‍ദ്ദ നാടകം' വീണ്ടും അവതരിപ്പിച്ചത് പുതിയൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍; അറസ്റ്റിലായാല്‍ 'രോഗി' പരിരക്ഷയില്‍ ആശുപത്രിയില്‍ സുഖവാസവും ലക്ഷ്യം; ചെങ്ങളായി മാഫിയ നാടകം തുടരുന്നു; പിപി ദിവ്യ പുതിയ കോട്ടയ്ക്കുള്ളില്‍
കണ്ണൂര്‍: മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുമെന്ന് ഉറപ്പിച്ച പിപി ദിവ്യ പയ്യന്നൂരിലെ സഹകരണ ആശുപത്രിയില്‍ എത്തിയത് ഒളിയിടം മാറാന്‍. രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് പി.പി. ദിവ്യ രണ്ടു ദിവസം മുമ്പ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രഹസ്യ കേന്ദ്രത്തില്‍ തുടരുന്ന ഇവര്‍ അതീവ രഹസ്യമായാണ് ആശുപത്രിയിലെത്തിയത്. പയ്യന്നൂരിലെ ആലപ്പടമ്പയില്‍ ദിവ്യ അപ്പോള്‍ താമസിച്ചിരുന്നത്. അന്ന് ചികില്‍സ കഴിഞ്ഞ് പോയതും ആലപ്പടമ്പിലാണ്. ഇക്കാര്യം മറുനാടന്‍ മലയാളി വാര്‍ത്തയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാല്‍ ഇവിടെ എത്തി പോലീസിന് അറസ്റ്റു ചെയ്യേണ്ടി വരുമായിരുന്നു. ഇതൊഴിവാക്കാന്‍ ഇന്നലെ രാത്രിയും പയ്യന്നൂരിലെ സഹകരണ ആശുപത്രിയില്‍ ദിവ്യ എത്തി. ചികില്‍സയ്ക്ക് എന്ന രീതിയില്‍ ആലപ്പടമ്പില്‍ നിന്നും മാറുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. അങ്ങനെ വീണ്ടും മറ്റൊരു സുരക്ഷിത താവളത്തിലേക്ക് ദിവ്യ മാറിയെന്നാണ് സൂചന.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന പി.പി ദിവ്യ പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ തേടിയത് രണ്ടു ഉദ്ദേശത്തിലാണ്. കഴിഞ്ഞദിവസം രാത്രി രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ദിവ്യ ചികിത്സ തേടിയത്. അരമണിക്കൂറോളം ദിവ്യ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആശുപത്രിക്ക് സമീപം ചില പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്നാണ് വിവരം. ജാമ്യ ഹര്‍ജി തള്ളി അറസ്റ്റ് വരിക്കേണ്ടി വന്നാലും ജയിലില്‍ പോകാതെ ആശുപത്രിയില്‍ കഴിയുക എന്ന ലക്ഷ്യവും ദിവ്യയ്ക്കുണ്ട്. ഇതിനൊപ്പം ആലപ്പടമ്പില്‍ നിന്നും മാറുകയും. രണ്ടും ദിവ്യ സാധ്യമാക്കി. എങ്കിലും പോലീസിലെ ചില ഉന്നത കേന്ദ്രങ്ങള്‍ക്ക് ദിവ്യ എവിടെയെന്ന് ഇപ്പോഴും അറിയാം. ചെങ്ങളായിയിലെ ഭൂമാഫിയയുടെ സംരക്ഷണം അവര്‍ക്കുണ്ട്. ഇവിടെ നിന്നുള്ള പ്രമുഖനും ദിവ്യയ്‌ക്കെതിരെയുള്ള അന്വേഷണ സംഘത്തിലുണ്ട്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുന്നതോടെ പോലീസ് കടുത്ത സമ്മര്‍ദ്ദത്തിലാവുകയാണ്.
കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് സിപിഎം സ്വാധീന കേന്ദ്രമാണ്. ഈ പഞ്ചായത്തിലെ എല്ലാ വാര്‍ജഡുകളിലും സിപിഎം ഭരണമാണ്. ചില വാര്‍ഡുകളില്‍ എതിരാളികള്‍ പോലും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്താറില്ല. അത്തരമൊരു പാര്‍ട്ടി കോട്ടയിലാണ് ദിവ്യ ഒരാഴ്ച മുമ്പ് താമസത്തിന് എത്തിയത്. നേരത്തെ ഇരിണാവിലെ വീട്ടിലായിരുന്നു ദിവ്യ. ഒരാഴ്ച മുമ്പാണ് അവിടെ നിന്നും ആലപ്പടമ്പിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയത്. ഇത് മറുനാടനിലൂടെ പുറംലോകത്ത് എത്തി. അപ്പോഴും അവിടുത്തെ വീട്ടിനുള്ളില്‍ ദിവ്യ ഒളിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാല്‍ പോലീസില്‍ സമ്മര്‍ദ്ദമുണ്ടാകുമെന്ന് ദിവ്യയെ ചിലര്‍ അറിയിച്ചു. ഒളിയിടം മാറണമെന്നും പറഞ്ഞു. അങ്ങനെയാണ് വീണ്ടും 'രക്തസമ്മര്‍ദ്ദ നാടകം' അരങ്ങേറിയത്. ഇതോടെ ആലപ്പടമ്പില്‍ നിന്നും പുറത്തു വന്ന് മറ്റൊരിടത്ത് ദിവ്യ എത്തി. ഇനിയെല്ലാം സിപിഎം പറയും പോലെ ദിവ്യ കേള്‍ക്കുമെന്നാണ് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
ടിപി ചന്ദ്രശേഖരനെ കൊന്ന കൊടി സുനി അടക്കമുള്ളവര്‍ ഒളിവില്‍ കഴിഞ്ഞത് മുടക്കോഴിമലയിലാണ്. എന്നാല്‍ ആ അറസ്റ്റോടെ ക്രിമിനലുകള്‍ക്ക് ഇതൊരു സുരക്ഷിത ഒളിത്താവളമല്ലാതെയായി. മുടക്കോഴിമലയെ വെല്ലുന്ന സുരക്ഷിതത്വം ഉള്ള മേഖലയാണ് ആലപ്പടമ്പ് എന്ന് വിലയിരുത്തിയാണ് ദിവ്യ അവിടെ എത്തിയത്. പുതിയ ഒളിത്താവളവും പയ്യന്നൂരിന്റെ ചുറ്റുപാടില്‍ തന്നെയാണ്. കഴിഞ്ഞ ദിവസം രാത്രി പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലാണ് ദിവ്യ എത്തിയതെന്ന് മനോരമയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ ആശുപത്രി വരവ് ആരും അറിയാതെയായിരുന്നു. രണ്ടാം വരവ് എല്ലാവരും അറിയിച്ചത് ആലപ്പടമ്പില്‍ നിന്നും പുറത്തിറങ്ങിയെന്ന സന്ദേശം പുറംലോകത്തിന് നല്‍കാനാണ്. ഇതോടെ ആലപ്പടമ്പിലെ അറസ്റ്റ് ഒഴിവാക്കാനും പോലീസിനായി. അതീവ സുരക്ഷിതമെന്ന് വിലയിരുത്തുന്ന മറ്റൊരിടത്തേക്കാണ് ദിവ്യ മാറിയത്. അതിനിടെ ദിവ്യയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും സാധ്യതയുണ്ട്. ആശുപത്രിയില്‍ അറസ്റ്റ് സംഭവിച്ചാല്‍ രോഗിയെന്ന പരിഗണന ദിവ്യയ്ക്ക് കിട്ടും. ഇതിലൂടെ ജയില്‍ വാസം ഒഴിവാക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍.
അഡിഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് (എഡിഎം) കെ.നവീന്‍ബാബുവിന്റെ മരണത്തെത്തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേര്‍ക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത് കേസിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ്. വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നല്‍കാം. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഉടന്‍ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താല്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാല്‍, അറസ്റ്റിനു മുന്‍പ് ദിവ്യയ്ക്കു മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങുകയുമാകാം.
കെ.നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി. നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ അന്വേഷണ റിപ്പോര്‍ട്ട്. യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ പരസ്യവിമര്‍ശനം നടത്തിയതില്‍ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.
സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീന്‍ ബാബുവിന് കലക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പിലായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യയുടെ പരസ്യവിചാരണ. പി.പി.ദിവ്യ രാജിവച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നവംബര്‍ 14ന് തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.