കണ്ണൂര്‍: പിപി ദിവ്യ വീണ്ടും ജയലിന് പുറത്തെ വെളിച്ചം കണ്ടു. ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ദിവ്യയെ വിട്ടതോടെയാണ് ഇത്. വൈകിട്ട് വീണ്ടും ജയിലില്‍ എത്തേണ്ടതുമുണ്ട്. ജയിലിന് പുറത്ത് പോലും സിപിഎം വലിയ കരുതല്‍ ദിവ്യയ്ക്കായി ഏര്‍പ്പെടുത്തിയിരുന്നു. ദിവ്യയുടെ ആവശ്യവും ആഗ്രഹവും അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഡി വൈ എഫ് ഐക്കാരടക്കം ജയലിന് പുറത്തുണ്ടായിരുന്നു. ദിവ്യ എന്താവശ്യം ജയിലിനുള്ളില്‍ അറിയിച്ചാലും അത് ഉടന്‍ പുറത്തുള്ളവര്‍ക്ക് കൈമാറും. ഡിവൈഎഫ് ഐക്കാര്‍ അത് അപ്പോള്‍ തന്നെ നടത്തും. ഇതായിരുന്നു രീതി. ദിവ്യയ്ക്ക് ജയിലില്‍ നിന്ന് മണിക്കൂറുകള്‍ പുറത്തിറങ്ങാന്‍ അവസരമൊരുക്കുന്നതാണ് കസ്റ്റഡിയിലേക്കുള്ള മാറ്റം. ഈ കോടതി തീരുമാനത്തോടെ ജയിലിന് പുറത്ത് കാത്തു നിന്ന ഡിഫിക്കാര്‍ക്ക് താല്‍കാലിക ആശ്വാസമായി. അവരും ജയിലിന് മുന്നില്‍ നിന്നും പോയി. വീണ്ടും അവര്‍ ദിവ്യ ജയിലിലേക്ക് എത്തുമ്പോള്‍ വരും.

ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം ദിവ്യയെ കിടത്തിയില്ല. കട്ടില്‍ അടക്കം നല്‍കാത്തത് മാധ്യമങ്ങളില്‍ അത് വാര്‍ത്തയായോലോ എന്ന് കരുതിയാണ്. ശിക്ഷാ തടവുകാര്‍ക്കൊപ്പം പ്രത്യേക സംവിധാനത്തിലായിരുന്നു ദിവ്യയുടെ കിടത്തം. പായും തലയിണയും നല്‍കി. പരോള്‍ ആഗ്രഹമുള്ള ശിക്ഷാ തടവുകാര്‍ ദിവ്യയെ പൊന്നു പോലെയാണ് നോക്കുന്നത്. സര്‍ക്കാര്‍ ഇടഞ്ഞാല്‍ പരോള്‍ കിട്ടാന്‍ അത് തടസ്സമാകും. ഇതുകൊണ്ടാണ് അക്രമിക്കാന്‍ ഇടയുള്ള റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം കിടത്താതെ ശിക്ഷാ തടവുകാര്‍ക്കൊപ്പം വിട്ടത്. പല സ്വഭാവത്തില്‍ പെട്ടവര്‍ റിമാന്‍ഡ് തടവുകാരാകും. ചിലപ്പോള്‍ നിരപരാധികളും ഉണ്ടാകും. ഇവര്‍ ദിവ്യയോട് എങ്ങനെ പെരുമാറുമെന്ന് ജയിലിലുള്ളവര്‍ക്ക് മുന്‍കൂട്ടി ഉറപ്പിക്കാനാകില്ല. ഇത് മനസ്സിലാക്കിയാണ് ദിവ്യയുടെ ജയിലിലെ സെല്‍ പോലും നിശ്ചയിച്ചത്. മണിക്കൂറുകളുടെ പോലീസ് കസ്റ്റഡിയാണ് ദിവ്യയ്ക്കുള്ളത്. പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതോടെ ഭാവിയില്‍ ജാമ്യം കിട്ടാനുള്ള സാധ്യതയും കൂടി. മൊഴിയെടുപ്പും തെളിവ് ശേഖരിക്കലും പൂര്‍ത്തിയായാല്‍ പിന്നെ ആത്മഹത്യാ പ്രേരണാ കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം കൊടുക്കലാണ് സാധാരണ ഗതിയില്‍ സംഭവിക്കാറ്. ഇതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതെന്നും സൂചനയുണ്ട്.

പള്ളിക്കുന്നിലെ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ കമ്മിറ്റിയംഗം പി.പി ദിവ്യ യ്ക്ക് പിന്‍തുണയുമായി സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയെന്നതാണ് വസ്തുത. ദിവ്യ റിമാന്‍ഡില്‍ കഴിയുന്ന പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് കണ്ണൂര്‍ ജില്ലയിലെ ചില പ്രമുഖ നേതാക്കള്‍ രഹസ്യമായി സന്ദര്‍ശനം നടത്തിയത്. പാര്‍ട്ടി ഔദ്യോഗികമായി പിന്‍തുണയ്ക്കാതിരിക്കുമ്പോള്‍ നേതാക്കള്‍ ജയിലില്‍ എത്തിയത്. ഇവരില്‍ പലരും ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെന്ന വ്യാജേനെയാണ് എത്തിയത്. സി.പി.എം നേതാക്കളായ ജില്ലാ പഞ്ചായത്തംഗങ്ങളും ജയിലില്‍ എത്തി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായ പള്ളിക്കുന്ന് വനിതാ ജയിലില്‍ ദിവ്യയ്ക്ക് വി.ഐ.പി പരിഗണനയാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശത്താല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. പ്രത്യേക സെല്‍ ഇതിനായി സജ്ജീകരിച്ചു. ജയിലില്‍ ലഭ്യമാവുന്നതില്‍ ഏറ്റവും മികച്ച സെല്ലാണ് ഒരുക്കിയത്. കട്ടില്‍ ഇല്ലാതെ കിടക്കുന്നതില്‍ ദിവ്യയ്ക്ക് ചില പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ സഹ തടവുകാര്‍ പരമാവധി സൗകര്യം ദിവ്യയ്‌ക്കൊരുക്കി നല്‍കി.

ഭക്ഷണം ജയില്‍ മെനു അനുസരിച്ചിട്ടുള്ളതാണെങ്കിലും പ്രത്യേക ഭക്ഷണം എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ എത്തിച്ചു കൊടുക്കാനും സംവിധാനങ്ങളുണ്ട്. ദിവ്യ അചഞ്ചലമായ മനസോടെയാണ് ജയിലില്‍ രണ്ടു ദിവസവും കഴിഞ്ഞത്. മുഖഭാവങ്ങളിലൊന്നും മാറ്റവുമുണ്ടായില്ല. എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ ദിവ്യയെ കസ്റ്റഡിയില്‍ വിട്ടത് രാവിലായണ്. പ്രത്യേകാന്വേഷണ സംഘത്തിന്റെ ആവശ്യം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. വൈകിട്ട് അഞ്ച് മണി വരേയാണ് ദിവ്യയെ കസ്റ്റഡിയില്‍ വിട്ടത്. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ വൈകിട്ട് അഞ്ച് മണിവരെ കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ പിപി ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത ദിവസത്തേക്ക് മാത്രമേ പരിഗണിക്കപ്പെടൂ. ചൊവ്വാഴ്ച ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കും. അതുകൊണ്ട് ഇനിയും ദിവസങ്ങള്‍ ദിവ്യയ്ക്ക് ജയിലില്‍ കിടക്കേണ്ടി വരും.

ഇന്ന് അതീവ രഹസ്യമായാണ് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയത്. മാധ്യമങ്ങളോട് ദിവ്യ പ്രതികരിച്ചതുമില്ല. കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്ത ശേഷം ചിരിച്ച മുഖഭാവമായിരുന്നു ദിവ്യയ്ക്ക്. എന്നാല്‍ ഇന്ന് അത്രത്തോളം സന്തോഷം ആ മുഖത്ത് ഉണ്ടായിരുന്നില്ല. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യത്തെ എതിര്‍ത്ത് കക്ഷിചേരുമെന്ന് നവീന്‍ബാബുവിന്റെ കുടുംബവും അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചതില്‍നിന്ന് കൂടുതല്‍ വാദങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പി.പി. ദിവ്യ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. പോലീസിന്റെ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നാണ് ജാമ്യഹര്‍ജിയില്‍ പ്രധാനമായും ഉന്നയിക്കുകയെന്ന് പ്രതിഭാഗം അഭിഭാഷകനും നേരത്തെ വ്യക്തമാക്കിയിരുന്നു.


പോലീസ് അന്വേഷണത്തില്‍ കൃത്യതയും വ്യക്തതയും ഇല്ല. തെറ്റുപറ്റിയെന്ന് നവീന്‍ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി പോലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങളോ ഇത് എന്തിനെക്കുറിച്ചാണെന്നോ പോലീസ് അന്വേഷിച്ചില്ല. സംഭവത്തില്‍ അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മൊഴിയെടുക്കണം. പരാതിക്കാരനായ പ്രശാന്തന്‍ വിജിലന്‍സ് ഡിവൈ.എസ്.പി.ക്ക് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍, പോലീസ് റിപ്പോര്‍ട്ടില്‍ അതിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയില്ല. പ്രശാന്ത് എന്തിനാണ് ക്വാര്‍ട്ടേഴ്സിലേക്ക് പോയത് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നില്ലെന്നും പ്രതിഭാഗം വാദിക്കുന്നു.

എ.ഡി.എം. നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ കഴിഞ്ഞദിവസമാണ് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ദിവ്യ പോലീസിന്റെ കസ്റ്റഡിയിലായത്. തുടര്‍ന്ന് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തതോടെ ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റുകയും ചെയ്തു.