- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവീന്‍ ബാബു വിവാദത്തില്‍ പിപി ദിവ്യയെ പുറത്താക്കും; പകരമെത്തുക അഴിക്കോട്ടെ പ്രതിനിധി ടി സരളയെന്ന് സൂചന; നിര്‍ണ്ണായക തീരുമാനങ്ങളെടുത്ത് സിപിഎം സംസ്ഥാന നേതൃത്വം; ഉപതിരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരിലെ 'താക്കോല്‍ സ്ഥാനത്ത്' മാറ്റം അനിവാര്യത
പി പി ദിവ്യക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
കണ്ണൂര്‍: യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കപ്പെടാതെ വന്നെത്തി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത വിവാദത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങളിലേക്ക് സിപിഎം. പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇക്കാര്യം ജില്ലാ നേതൃത്വത്തെ അറിയിക്കും. ദിവ്യക്ക് പകരക്കാരിയായി ടി സരളയെത്തുമെന്നാണ് സൂചന. അഴിക്കോട് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് ടി സരള. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കൂടിയാണ് അഡ്വ ടി.സരള.
പി പി ദിവ്യക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ദിവ്യയുടേത് അപക്വമായ നടപടിയാണെന്നും നവീന്റെ മരണത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കണ്ണൂരിലും ചര്‍ച്ചയാണ്. ഇതോടെയാണ് മാറ്റത്തിലേക്ക് സിപിഎം ചര്‍ച്ച എത്തുന്നത്. പലാക്കാട്ടേയും ചേലക്കരയിലേയും ഉപതിരഞ്ഞെടുപ്പുകളേയും ഈ വിഷയം ബാധിക്കും. ഇതുകൊണ്ട് തന്നെ ദിവ്യയെ മാറ്റാമെന്നതാണ് പൊതു ധാരണ. എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ കേസുമെടുത്തേക്കും. അതിനാല്‍ ജില്ലാ പഞ്ചായത്തില്‍ പുതിയ മുഖമായി ടി സരളയെ നിയോഗിക്കാനാണ് തീരുമാനം. ജില്ലയിലെ പ്രമുഖ അഭിഭാഷകായ സരള സിപിഎമ്മിലെ മികച്ച പ്രതിച്ഛായയുള്ള വനിതാ നേതാവാണ്.
കണ്ണൂര്‍ കോടതിയില്‍ അഭിഭാഷകയായ സരള ലോയേഴ്‌സ് യൂണിയനിലും സജീവമാണ്. കണ്ണൂര്‍ ബാര്‍ അസോസിയേഷനില്‍ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ചെല്‍ഡ് വെല്‍ഫയര്‍കമ്മറ്റി അംഗവുമായിരുന്നു. കമ്യൂണിസ്റ്റ് കുടുംബത്തിലാണ് ടി സരളയും വളര്‍ന്നത്. എസ് എഫ് ഐയിലൂടേയും ഡിവൈഎഫ് ഐയിലൂടേയും പാര്‍ട്ടിയില്‍ സജീവമായി. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി നടക്കുന്ന സരള അഴിക്കോട്ടെ സിപിഎം അണികള്‍ക്കിടയിലും പ്രിയങ്കരിയാണ്. ഈ സാഹചര്യത്തിലാണ് ജനകീയ മുഖത്തിലേക്ക് സിപിഎം നീങ്ങുന്നത്. അടുത്ത വര്‍ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കും. കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് നിലനിര്‍ത്തേണ്ടത് സിപിഎമ്മിന് അനിവാര്യതാണ്. ഈ സാഹചര്യത്തിലാണ് ദിവ്യയെ മാറ്റാനുള്ള തീരുമാനം.
കണ്ണൂര്‍ ചെങ്ങളായിയിലെ വിവാദ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനെ എതിര്‍ത്തത് പൊലീസ് എന്ന് വ്യക്തമായിട്ടുണ്ട്. പെട്രോള്‍ പമ്പിന് എഡിഎം നവീന്‍ ബാബു നല്‍കിയ എന്‍.ഒ.സിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. നിര്‍ദിഷ്ട സ്ഥലം വളവിലാണെന്നും അപകടസാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതോടെ അനുമതി നല്‍കിയത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണം ശക്തമാകുകയാണ്. അതേസമയം, ചെങ്ങളായി പെട്രോള്‍ പമ്പ് സംരംഭകന്‍ പ്രശാന്തനെതിരെ ഇമെയിലില്‍ ലഭിച്ച പരാതിയില്‍ പ്രാഥമിക പരിശോധന വിജിലന്‍സ് തുടങ്ങി. കൈക്കൂലി നല്‍കിയതിന് പ്രശാന്തനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. എഡിഎം കൈക്കൂലി വാങ്ങിയോ എന്നതും വിജിലന്‍സ് അന്വേഷിക്കും.
എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നൊരു പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ വ്യക്തമാക്കി. സംരംഭകന്‍ പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതി വിജിലന്‍സിനും ലഭിച്ചിട്ടില്ല. മരണം നടന്ന് രണ്ടുദിവസമായിട്ടും, നവീന്‍ ബാബുവിനെ പരസ്യമായി അപമാനിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. കുടുംബം നേരിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും ആത്മഹത്യാ പ്രേരണ കുറ്റം ദിവ്യക്കെതിരെ ചുമത്തിയിട്ടില്ല. അസ്വാഭാവിക മരണം എന്ന് മാത്രാണ് എഫ്.ഐ.ആറിലുള്ളത്. യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കപ്പെടാതെയെത്തി പരസ്യമായി അധിക്ഷേപിച്ചതില്‍ മനം നൊന്ത് കണ്ണൂര്‍ എ ഡി എം ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിപി ദിവ്യ രാജിവെക്കണമെന്ന ആവശ്യം മുറുകുകയാണ്.
അഴിമതി രഹിത ഓഫീസര്‍മാരില്‍ മുന്‍ നിരക്കാരനായ നവീന്‍ ബാബു കൈക്കൂലി വാങ്ങില്ല എന്നാണ് പൊതുവെ എല്ലാവരും വിശ്വസിക്കുന്നത്. സിപിഎം അനുഭാവ ഉദ്യോഗസ്ഥ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഈ വിഷയം ചര്‍ച്ചയാണ്. ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ സിപിഎം അനുകൂല സംഘടനകളില്‍ മാത്രം പ്രവര്‍ത്തിച്ച നവീന്‍ ബാബുവിനെ പിപി ദിവ്യ വേട്ടയാടുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശ്വാസം. ഇത് കൂടാതെ പിപി ദിവ്യയുടെയും ഭര്‍ത്താവിന്റെയും അഴിമതികളും ബിനാമി ഇടപാടുകളും ചര്‍ച്ചയാകുന്നുണ്ട്. പെട്രോള്‍ പമ്പിന് അപേക്ഷിച്ച പ്രശാന്തന്‍ പിപി ദിവ്യയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണെന്ന് ഇതിനകം തന്നെ തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ അവരുടെ ബിനാമിയാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധിപേരാണ് ആരോപിക്കുന്നത്. അങ്ങനെയാകുമ്പോള്‍ ദിവ്യ നടത്തിയ ഇടപെടല്‍ അഴിമതിക്ക് പ്രേരിപ്പിക്കുന്ന ഒന്നാണെന്ന് സിപി എമ്മുകാര്‍ തന്നെ പറയുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് മാറ്റം അനിവാര്യമാകുന്നത്.
സി.പി.എമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുടുംബമാണ് നവീന്‍ബാബുവിന്റെത്. അങ്ങിനെയുളള ഒരു സഖാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ അദ്ദേഹത്തിന്റെ സ്വദേശമായ പത്തനംതിട്ടയിലെ പാര്‍ട്ടിഘടകത്തിനും കടുത്ത പ്രതിഷേധമുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പി.പി.ദിവ്യയെ തള്ളിപ്പറഞ്ഞു രംഗത്തെത്തി. നവീന്‍ ബാബു അഴിമതിക്കാരനല്ലെന്നു മന്ത്രി വീണാ ജോര്‍ജും യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയും പറഞ്ഞു കഴിഞ്ഞു.