- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോട്ടോർ വാഹന വകുപ്പ് ക്ലീൻ ചിറ്റ് നൽകിയ സ്കൂൾ ബസ് പൊലീസ് പിടിച്ചു; ഇൻഷുറൻസില്ല... നികുതിയടച്ചിട്ടില്ല.... ഫിറ്റ്നസും റൂട്ട് പെർമിറ്റുമില്ല; താമരാക്ഷൻ പിള്ള നിരത്തിൽ പാഞ്ഞത് കുരുന്നു കുഞ്ഞുങ്ങളുടെ ജീവൻ പന്താടിക്കൊണ്ട്; നിയമലംഘനം നടത്തിയത് പ്രമാടം പ്രഗതി സ്കൂളിലെ ബസ്; ന്യായീകരിച്ച് ആർടിഒയും; ആ ഒകെ സ്റ്റിക്കർ എങ്ങനെ ബസിലെത്തി?
കോന്നി: മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തിയെന്ന് അവകാശപ്പെട്ട് ക്ലീൻ ചിറ്റ് പതിച്ച സ്കൂൾ ബസ് അപകടകരമായ രീതിയിൽ പാഞ്ഞതിന് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയിൽ ബസിന് ആകെ മൊത്തം നിയമലംഘനം. തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് സ്കൂൾ മാനേജ്മെന്റിന് നോട്ടീസ് നൽകി. ബസ് ഏറ്റെടുക്കാതെ അധികൃതർ. മൂന്നാഴ്ചയായി ബസ് പൊലീസ് സ്റ്റേഷന് മുന്നിൽ. പ്രതികരിക്കാൻ വിസമ്മതിച്ച് സ്കൂൾ മാനേജ്മെന്റ്. തങ്ങൾക്കൊന്നുമറിയില്ലെന്ന് ആർ.ടി.ഒ.
പ്രമാടം പ്രഗതി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് ഡിസംബർ 19 ന് രാവിലെ അമിത വേഗതയിൽ പാഞ്ഞതിന് കോന്നി പൊലീസ് തടഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ പിന്തുടർന്ന് ബസ് പിടികൂടുകയായിരുന്നു. കുട്ടികളുമായി അമിതവേഗതയിലായിരുന്നു ബസിന്റെ ഓട്ടം. താൻ പുതിയ ആളാണെന്നും പകരം വന്നതാണെന്നും ബസ് ഓടിച്ചിരുന്നയാൾ പറഞ്ഞു. സ്ഥിരമായി പോകുന്ന ഡ്രൈവർ അപകടത്തിൽപ്പെട്ട് കിടപ്പാണെന്നും അറിയിച്ചു. തുടർന്ന് എസ്ഐ ബസിന്റെ രേഖകൾ ആവശ്യപ്പെട്ടു. അപ്പോഴാണ് ഞെട്ടിപ്പോയത്.
പുതുക്കാത്ത ഇൻഷുറൻസ്, വാഹന നികുതിയടച്ചിട്ടില്ല, ഫിറ്റ്നസ് ഇല്ല, റോഡിൽ ഓടാനുള്ള പെർമിറ്റ് ഇല്ല. സർവോപരി എല്ലാം നിയമലംഘനം. ഇതിനെയൊക്കെ നിസാരവൽക്കരിക്കുന്ന വിധത്തിൽ ബസിന്റെ മുൻഗ്ലാസിൽ ആർ.ടി.ഒ ചെക്ക് ചെയ്ത് ഓ.കെ അടിച്ചിരിക്കുന്നതിന്റെ സ്റ്റിക്കറും. 2022 വർഷം സ്കൂൾ തുറപ്പിന് മുന്നോടിയായി ആർ.ടി.ഒ പരിശോധിച്ച് ചാർത്തിക്കൊടുത്ത ചാപ്പയാണിത്.
ബസ് പൊലീസ് പിടികൂടി നിയമലംഘനം കണ്ടെത്തിയതിന് പിന്നാലെ ഉന്നത കേന്ദ്രങ്ങളിൽ നിന്ന് വിളി വന്നു തുടങ്ങി. ബസ് വിട്ടയയ്ക്കണം. കുട്ടികൾക്ക് സ്കൂളിൽ എത്താനുള്ളതാണ്. യാതൊരു നിയമപരമായ രേഖകളുമില്ലാത്ത ബസിന് നിരത്തിൽ ഇറങ്ങാൻ പോലും അർഹതയില്ലാത്തതാണ്. പോരാത്തതിന് കാലപ്പഴക്കം ഏറെയുണ്ട്. ഒടുവിൽ കുട്ടികളെ സ്കൂളിൽ വിട്ടതിന് ശേഷം പൊലീസ് ബസ് പിടിച്ചെടുത്ത് സ്റ്റേഷനിൽ എത്തിച്ചു.
നിലവിൽ സ്റ്റേഷന് മുന്നിലെ റോഡിൽ കിടപ്പുണ്ട്. നിലവിലുള്ള നിയമലംഘനങ്ങൾ മുഴുവൻ അക്കമിട്ട് നിരത്തി സ്കൂൾ മാനേജ്മെന്റിന് നോട്ടീസ് കൊടുത്തു. ബസിന്റെ ഫിറ്റ്നസും മറ്റ് പേപ്പറുകളും ശരിയാക്കി കൊണ്ടുവരാനായിരുന്നു പൊലീസിന്റെ നിർദ്ദേശം. എന്നാൽ ഇതു വരെ ബസ് ഇവിടെ നിന്നും നീക്കിയിട്ടില്ല. സ്കൂൾ മാനേജ്മെന്റ് ബസ് ഏതാണ്ട് ഉപേക്ഷിച്ച പോലെയാണ്. സ്കൂളിലെ ബന്ധപ്പെട്ടവരുടെ നമ്പരിൽ വിളിച്ചു നോക്കിയപ്പോൾ പ്രതികരമില്ല. ഒരാൾ എടുത്ത ശേഷം താനിവിടുത്തെ സ്റ്റാഫ് ആണെന്നും ഇതേപ്പറ്റി ഒന്നും അറിയില്ലെന്നും പറയുന്നു.
ഇത്തരമൊരു താമരാക്ഷപിള്ളയ്ക്ക് എങ്ങനെ ഫിറ്റ്നസ് കിട്ടിയെന്ന് അറിയാൻ പത്തനംതിട്ട ആർ.ടി.ഓയെ വിളിച്ചു. ആദ്യം അദ്ദേഹത്തിന്റെ ചോദ്യം അതിന് ഞങ്ങൾ എന്തു ചെയ്യാനാണ് എന്നാണ്. മുൻവശത്തെ ചില്ലിൽ അടിച്ചിട്ടുള്ള ആർ.ടി.ഓ ഓ.കെ സ്റ്റിക്കറിന്റെ കാര്യം സൂചിപ്പിച്ചു. അത് പണ്ട് അടിച്ചതായിരിക്കുമെന്ന് മറുപടി. ഇത്തരമൊരു ബസ് നിരത്തിൽ കിടന്ന് ഓടിയിട്ട് എന്തേ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചില്ല എന്ന ചോദ്യത്തിന് പരിശോധിക്കാമെന്ന് മറുപടി. നിലവിലെ ഭക്ഷ്യവിഷബാധ പോലെ ബസ് എന്തെങ്കിലും അപകടം വരുത്തി വച്ചിട്ട് പരിശോധിക്കാൻ ഇരിക്കുകയാണോ എന്ന ചോദ്യത്തിനും മൗനം. വളരെ നിരുത്തരവാദപരമായ സമീപനമാണ് ആർടിഓ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന തരത്തിലുള്ള ബസ് റോഡിൽ ഇറക്കാൻ പാടില്ലാത്തതാണെന്ന് പൊലീസ് പറയുന്നു. ഈ ബസിലാണ് കുട്ടികളെ കുത്തിനിറച്ച് അമിത വേഗതയിൽ പാഞ്ഞു കൊണ്ടിരുന്നത്. ഇത്രയും നാളും അപകടം ഉണ്ടാകാതിരുന്നത് ആരുടെയോ ഭാഗ്യം കൊണ്ടായിരുന്നു. അപകടമുണ്ടായിരുന്നെങ്കിൽ മാത്രമേ ബസിന്റെ നിയമലംഘനം പുറത്തു വരുമായിരുന്നുള്ളൂ.
സ്കൂൾ അധികൃതരും ആർടിഓയും ഇവിടെ പ്രതിക്കൂട്ടിലാണ്. തങ്ങളുടെ വകുപ്പിനെ സഹായിക്കുന്ന തരത്തിലുള്ള ആർടിഓയുടെ പ്രതികരണം പോലും നിയമലംഘകരെ സഹായിക്കുന്ന തരത്തിലുള്ളതാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്