- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസ് ഫ്‌ളാറ്റിലേക്ക് കയറിയപ്പോൾ മറ്റൊരു ലിഫ്റ്റ് വഴി പ്രവീൺ രക്ഷപെട്ടു; പൊലീസിലെ ചാരനെ കണ്ടു പിടിച്ചത് നിർണ്ണായകമായി; പൊള്ളാച്ചിയിലെ പാറമടക്കാര്യം അന്വേഷണ സംഘത്തിലെ പ്രധാനിയെ അറിയിച്ചില്ല; 'സേഫ് ആൻഡ് സ്ട്രോങ്ങ് നിധി'യെ അഴിക്കുള്ളിലാക്കിയത് കമ്മീഷണർ അങ്കിത് അശോകന്റെ കരുതൽ; പ്രവീൺ റാണയുടെ കള്ള മൊഴികളും പൊളിയുമോ?
തൃശൂർ: സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രവീൺ റാണ പൊലീസ് പിടിയിലാകാൻ കാരണം തൃശൂർ സിറ്റി പൊലീസ് കമ്മീഷ്ണറുടെ കരുതൽ. പൊലീസിൽ തന്നെയുള്ള ചില ഒറ്റുകാരെ ഒഴിവാക്കിയതിനാലാണ് ഇയാളെ വേഗത്തിൽ പിടികൂടാനായത് എന്നാണ് മറുനാടന് ലഭിച്ച വിവരം. സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ ഐ.പി.എസിന് ലഭിച്ച ചില രഹസ്യ വിവരങ്ങളെ തുടർന്നാണ് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന ഒരു പ്രധാന പൊലീസുദ്യോഗസ്ഥനെ മാറ്റി നിർത്തിയത്. ഇതോടെയാണ് പ്രവീൺ റാണ അറസ്റ്റിലാകുന്നത്.
കഴിഞ്ഞ 9 ന് പ്രവീൺ റാണ കൊച്ചിയിലെ ഫ്ളാറ്റിൽ ഉണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതോടെ അന്വേഷണ സംഘം അവിടേക്ക് കുതിച്ചു. പൊലീസ് ഫ്ളാറ്റിലേക്ക് കയറയപ്പോൾ മറ്റൊരു ലിഫ്റ്റ് വഴി പ്രവീൺ അവിടെ നിന്നും രക്ഷപെടുകയായിരുന്നു. പൊലീസ് ഫ്ളാറ്റിലെത്തും എന്ന വിവരം അന്വേഷണ സംഘത്തിലുണ്ടായിരുന്ന ആരോ ഒരാൾ പ്രവീൺ റാണയെ വിളിച്ചറിയിച്ചിരുന്നു. ഇതോടെയാണ് ഇയാൾ അവിടെ നിന്നും രക്ഷപെട്ടത്. അതീവ രഹസ്യമായി നടത്തിയ നീക്കം എങ്ങനെ റാണ അറിഞ്ഞു എന്ന് സിറ്റി പൊലീസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിലുള്ള ഒരു ഉദ്യോഗസ്ഥന് ഇയാളുമായി ബന്ധമുണ്ടെന്ന് മനസ്സിലായത്. ഈ ഉദ്യോഗസ്ഥനാണ് പ്രവീണിനെ രക്ഷപെടാൻ സഹായിച്ചത് എന്ന് മനസ്സിലായതോടെ അന്വേഷണ സംഘത്തിൽ നിന്നും ഇയാളെ മാറ്റി നിർത്തി.
പ്രവീണിനോട് അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനെ മാറ്റി വിശ്വാസമുള്ള ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തിയായിരുന്നു പിന്നീടുള്ള കമ്മീഷണറുടെ അന്വേഷണം. അങ്ങനെയാണ് റാണ പൊള്ളാച്ചിയിലെ പാറമടയിൽ ഒളിച്ചു താമസിക്കുന്നു എന്ന വിവരം ലഭിക്കുന്നതും ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുന്നതും. മാറ്റി നിർത്തിയ ഉദ്യോഗസ്ഥന് റാണയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ ഉദ്യോഗസ്ഥനെതിരെ മുൻപും പല പരാതികളുണ്ടായിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് പരാതികളിൽ പണം വാങ്ങി പ്രതിയെ സംരക്ഷിക്കുന്ന പതിവുണ്ടെന്നാണ് ഉയർന്നിരുന്ന ആരോപണം. ഈ ഉദ്യോഗസ്ഥൻ പൊള്ളാച്ചിയൽ പ്രവീൺ റാണയെ പിടകൂടാനായി പോയിരുന്നെങ്കിൽ ഇപ്പോഴും അറസ്റ്റ് ചെയ്യാൻ കഴിയില്ലായിരുന്നു എന്ന് പൊലീസിനുള്ളിൽ തന്നെ സംസാരമുണ്ട്.
പ്രവീൺ റാണ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും പൊലീസുകാർ പ്രവീൺ റാണയെ സഹായിക്കുന്നുണ്ടോ എന്ന് അറിയാൻ പ്രത്യേക സംവിധാനം തന്നെ കമ്മീഷണർ ഒരുക്കിയിട്ടുണ്ട്. കള്ളക്കളികൾ നടക്കുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. ചോദ്യം ചെയ്യലിലൂടെ പ്രവീൺ റാണയുടെ ആസ്തിയിലെ വസ്തുത കണ്ടെത്താനാകും ശ്രമം. നിലവിൽ കൈയിൽ ഒന്നുമില്ലെന്ന പ്രവീൺ റാണയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.
പ്രവീൺ റാണയെന്ന പ്രവീൺ കെപി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. 'സേഫ് ആൻഡ് സ്ട്രോങ്ങ് നിധി' എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളിൽ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയിൽ ചേർന്നാൽ നാൽപ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോൾ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകർ വീണത്.
അതിശയിക്കുന്ന വേഗത്തിൽ വളർന്ന തട്ടിപ്പുകാരനാണ് പ്രവീൺ. തൃശൂരിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജിൽ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം പത്തുകൊല്ലം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ് തുടങ്ങുന്നത്. പിന്നീട് സേഫ് ആൻഡ് സ്ട്രോങ്ങ് നിധിയെന്ന സാമ്പത്തിക സ്ഥാപനമായി രൂപം മാറി. തൃശൂർ, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. നൂറിലേറെ ജീവനക്കാരാണ് അവിടെ പ്രവർത്തിക്കുന്നത്. ഹോട്ടൽ ആൻഡ് ടൂറിസം മേഖലയിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചത്. നിധിയിലെ നിക്ഷേപത്തിന് പലിശ പന്ത്രണ്ട് ശതമാനമായിരുന്നു.
എന്നാൽ നിക്ഷേപകർക്കായി ഫ്രാഞ്ചൈസി എന്ന മറ്റൊരു തേൻ കെണി റാണ ഒരുക്കിയിരുന്നു. കമ്പനിയുടെ ഫ്രാഞ്ചൈസിയിൽ അംഗമാകാം. നാൽപ്പത്തിയെട്ട് ശതമാനം വരെ പലിശ നൽകുമെന്നായിരുന്നു വാഗ്ധാനം. കാലാവധി തീര്ന്നാൽ മുതലും മടക്കി നൽകും. തുടക്കത്തിൽ പലിശ മുടക്കമില്ലാതെ കിട്ടിയതോടെ നിക്ഷേപകരും ജീവനക്കാരും പരിചയത്തിലുള്ളവരെയെല്ലാം റാണയുടെ ഫ്രാഞ്ചൈസിയിൽ നിക്ഷേപകരാക്കി. ഇതോടെ വമ്പൻ പ്രചരണങ്ങളും പരസ്യങ്ങളുമായി റാണ അരങ്ങ് കൊഴുപ്പിച്ചു. പൂണെയിലും കൊച്ചിയിലും ഡാൻസ് ബാറുകളും തുടങ്ങി. കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നവർക്ക് വമ്പൻ സമ്മാനങ്ങളും നൽകി.
പൊലീസുകാരുമായും ഉന്നത രാഷ്ട്രീയക്കാരുമായും ബന്ധങ്ങളുണ്ടാക്കി. റാണയുടെ പരിപാടികൾക്കായി ഉന്നത സ്ഥാനത്തിരിക്കുന്നവർ നിരന്നെത്തി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സ്വതന്ത്രനായി മത്സരിച്ച റാണ ആയിരം വോട്ടും നേടി. സിനിമയിലും ഒരു കൈ നോക്കി. ചോരൻ എന്ന പേരിൽ പുറത്തിറങ്ങിയ സിനിമയിലെ നായകനും റാണയായിരുന്നു. ഈ സിനിമ സംവിധാനം ചെയ്ത പൊലീസുദ്യോഗസ്ഥൻ ഇപ്പോൾ സസ്പെൻഷനിലുമാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.