കണ്ണൂർ: കൊച്ചിയിലെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പു കേസിൽ പൊലിസ് തേടുന്ന പ്രതിയായ പ്രവീൺ റാണയ്ക്കായി കണ്ണൂർ ജില്ലയിലും പൊലിസ് തെരച്ചിൽ ഊർജ്ജിതമാക്കി. കൊച്ചിയിലെ ഫ്ളാറ്റിൽ നിന്നും രക്ഷപ്പെട്ട പ്രവീൺ റാണ കണ്ണൂരിലേക്കാണ് കടന്നതെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് തെരച്ചിൽ ആരംഭിച്ചത്. എന്നാൽ ഇയാളെ കുറിച്ചു കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പ്രവീൺ റാണ സുരക്ഷിതാനാകാനുള്ള സാധ്യത ഏറെയാണ്.

കണ്ണൂർ നഗരത്തിലും മറ്റിടങ്ങളിലും ഇയാളുമായി ബന്ധമുണ്ടായിരുന്നവരെ പൊലിസ് നിരീക്ഷിച്ചുവരികയാണ്. കണ്ണൂരിൽ നിന്നും നിരവധിയാളുകൾ സേഫ് ആൻഡ് സ്ട്രോങിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പൊലിസ് നൽകുന്ന വിവരം. പ്രവീൺ റാണയ്ക്കായി കണ്ണൂരിലും ഏജന്റുമാർ പ്രവർത്തിച്ചിരുന്നു. എന്നാൽ പ്രവീൺ റാണയുടെ കമ്പിനി പൊട്ടിയതോടെ ഇവരിൽ പലരും ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കും രാഷ്ട്രീയ സ്വാധീനങ്ങളുണ്ട്. മുടക്കോഴിമലയിൽ പ്രവീൺ റാണ അഭയം തേടാനും സാധ്യത ഏറെയാണ്.

കണ്ണൂരിലുള്ള ബന്ധങ്ങൾ ഉപയോഗിച്ചു പ്രവീൺ റാണ ഇവിടെ ഒളിവിൽ കഴിയാൻ സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് പൊലിസ് കണ്ണൂരിലെ വിവിധ ഭാഗങ്ങളിൽ രഹസ്യനിരീക്ഷണം നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി തൃശൂരിൽ നിന്നെത്തിയ സംഘം കഴിഞ്ഞ ദിവസം പ്രവീൺ റാണയുടെ കണ്ണൂരിലുള്ള ബ്രാഞ്ച് ഓഫീസിൽ റെയ്ഡു നടത്തിയിരുന്നു. ഇവിടെ നിന്നും കംപ്യൂട്ടറുകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ഇതിനു ശേഷമാണ് കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ലോഡ്ജുകളിലും റിസോർട്ടുകളിലും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രവീൺ റാണയ്ക്കു കണ്ണൂരിൽ വിപുലമായ ബന്ധങ്ങളുള്ളതിനാലാണ് ഇയാൾ ഇങ്ങോട്ടെക്കു കടന്നതായി പൊലിസ് സംശയിക്കുന്നത്. ചില രാഷ്ട്രീയക്കാരുമായും പ്രവീൺ റാണയ്ക്ക് ബന്ധമുണ്ട്. ആരോഗ്യ സർവ്വകാലാശാലയ്ക്കും മറ്റും ശ്രമിച്ചത് ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.

കൊച്ചി നഗരത്തിൽ എം.ജി റോഡിലെ ഹോട്ടൽ ബിസിനസുകാരനുമായി പ്രവീണിനു പണമിടപാടുകളുമുണ്ട്. ഇദ്ദേഹത്തിനു ചിലവന്നൂർ റോഡിലുള്ള ഫ്ളാറ്റിലാണ് പ്രവീൺ ഒളിവിൽ തങ്ങിയിരുന്നത്. റാണയുടെ ഹോട്ടൽ ബിസിനസ് പങ്കാളിയെ ചിലവന്നൂരിലെ ഫ്ളാറ്റിൽ പൊലിസ് ചോദ്യം ചെയ്തുകൊണ്ടിരുന്ന സമയത്ത് മുകളിലെ ഫ്ളാറ്റിൽ റാണയുണ്ടായിരുന്നുവെന്നാണ് സൂചന.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തൃശൂരിൽ നിന്നുള്ള പൊലിസ് ഇവിടെയെത്തിയെങ്കിലും റെയ്ഡുവിവരം ചോർന്നതിനാൽ പ്രവീൺ റാണ അവിടെ നിന്നും മുങ്ങുകയായിരുന്നു. അവിടെയുണ്ടായിരുന്ന പ്രവീണിന്റെ രണ്ടു വാഹനങ്ങൾ അടക്കം നാല് ആഡംബര വാഹനങ്ങൾ പൊലിസ് കസ്്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിപ്പ് നടത്തി സ്വരൂപിച്ച പണം ബാറുകളിലും സിനിമയിലുമാണ് പ്രവീൺ റാണ നിക്ഷേപിച്ചത്. നിരവധി ആഡംബര കാറുകളും ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്.

തൃശ്ശൂരിലെ സേഫ് ആൻഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയ്ക്കായുള്ള പൊലീസ് അന്വേഷണം തുടരുന്നതിനിടെ ഇയാൾ റിസോർട്ടിന്റെ പേരിലും നിക്ഷേപ തട്ടിപ്പ് നടത്തിയതായി വിവരങ്ങൾ പുറത്തു വന്നു. തൃശ്ശൂർ അരിമ്പൂരിലെ റാണാസ് റിസോർട്ടിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിസോർട്ട് പൂട്ടി കൊടികുത്തി. അതിനിടെ തട്ടിപ്പിന് ഇരകളായ നൂറോളം നിക്ഷേപകർ ഇന്നലെ തൃശൂരിൽ യോഗം ചേർന്ന് സമരസമിക്ക് രൂപം നൽകി. മുഖ്യമന്ത്രി, ഡിജിപി പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്ക് കൂട്ടപ്പരാതി നൽകാനും യോഗം തീരുമാനിച്ചു.

തൃശൂർ ഒളരി സ്വദേശികളായ നാല് പേരുടെ ഉടമസ്ഥതയിലുള്ള റിസോർട്ട് 15 മാസം മുൻപാണ് പ്രവീൺ റാണ വാടകക്കെടുക്കുന്നത്. പ്രതി മാസം ഒരു ലക്ഷത്തിപതിനയ്യായിരം രൂപ നിരക്കിലാണ് വാടകയ്‌ക്കെടുത്തത്. ആറരക്കോടി രൂപയ്ക്ക് റിസോർട്ട് വിലക്കെടുക്കാനായിരുന്നു റാണയുടെ ആദ്യ ശ്രമം. പക്ഷേ ഈ തുക തിരികെ തന്റെ സ്ഥാപനമായ സേഫ് ആൻഡ് സ്‌ട്രോങ്ങിൽ നിക്ഷേപിക്കണമെന്ന റാണയുടെ ആവശ്യം ഉടമകൾ തള്ളി. ഇതോടെയാണ് റിസോർട്ട് വാടകയ്‌ക്കെടുത്തത്.

ഇതിനിടെ റിസോർട്ട് തന്റേതാണെന്ന് വരുത്താനായി പേര് റാണാസ് റിസോർട്ട് എന്നാക്കുകയും ചെയ്തു. തുടർന്ന് റിസോർട്ട് തന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് നിക്ഷേപകർക്കിടയിലും നാട്ടിലും പറഞ്ഞ് പ്രചരിപ്പിച്ചാണ് ഇയാൾ നിക്ഷേപം സ്വീകരിച്ചത്. ആദ്യ മാസത്തെ വാടക മാത്രം നൽകി പ്രവീൺ റിസോർട് ഉടമകളേയും കബളിപ്പിച്ചു. അതേസമയം തട്ടിപ്പിന് ഇരകളായ നൂറോളം നിക്ഷേപകർ തൃശൂർ ഇൻഡോർ സ്റ്റേഡിയം ഹാളിൽ ചേർന്ന യോഗത്തിൽ സമരസമിതിക്ക് രൂപം നൽകി. യോഗത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവും നിക്ഷേപകരുന്നയിച്ചു.

കയ്യിൽ കിട്ടിയിട്ടും പിടികൂടാനാവാതിരുന്നത് പൊലീസിന്റെ പിടിപ്പുകേടാണെന്നും പ്രവീൺ റാണയെ സഹായിക്കുകയായിരുന്നുവെന്നും നിക്ഷേപകർ ആരോപിച്ചു. തുടർനടപടികൾ സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാനും നിക്ഷേപകർ തീരുമാനിച്ചു. വിവിധ ജില്ലകളിൽ നിന്നായി പ്രവീൺ റാണ കോടികൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് നിലവിലെ വിലയിരുത്തൽ.