തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയുടെ ഭാര്യ വയനാ ചന്ദ്രനെ അറസ്റ്റ് ചെയ്യാതെ പൊലീസ്. നിക്ഷേപതട്ടിപ്പ് നടത്തുമ്പോൾ വയനാ ചന്ദ്രനും കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. കേസ് വന്നതിന് പിന്നാലെ ഇവരെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റുകയായിരുന്നു. വയനാ ചന്ദ്രൻ പ്രവീൺ റാണയുടെ അമ്മാവന്റെ മകളാണ്. മുംബൈയിൽ സ്ഥിര താമസമായിരുന്ന വയനാ ചന്ദ്രനെ 2021 ജാനുവരി 1 നാണ് പ്രവീൺ വിവാഹം കഴിക്കുന്നത്.

സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പിന് മുൻപ് പ്രവീൺ റാണ ആദ്യമായി തട്ടിപ്പിന് തുടക്കമിട്ടത്. സിനിമ മോഹികളെ ലക്ഷ്യമിട്ടുകൊണ്ടാണ്. 2014ൽ ആണ് ഇതിന്റെയൊക്കെ തുടക്കം. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ളവർക്കായി ഒരു പത്രപരസ്യം നൽകി. ഈ ചിത്രത്തിന് ആയിരം നായകന്മാരും 1001 നായികമാരും എന്നാണ് പേരിട്ടത്. ചിത്രത്തിന്റെ ഓഡിഷന് വേണ്ടി നിരവധി പേർ അഭിനയിക്കാൻ വേണ്ടി എത്തി.

അന്ന് വന്നവർക്കെല്ലാം അഭിനയിക്കാൻ അവസരം നൽകുമെന്ന് പ്രവീൺ റാണ ഉറപ്പ് നൽകികൊണ്ടായിരുന്നു പരസ്യം നൽകിയത്. സിനിമയിൽ അഭിനയിക്കാൻ എത്തിയവരിൽ നിന്ന് എല്ലാം 20000 രൂപ വരെയാണ് വാങ്ങിയത്. ഇതുവഴി മാത്രം ലക്ഷക്കണക്കിന് രൂപയാണ് പ്രവീൺ റാണ അന്ന് തട്ടിയെടുത്തത്. കേസായപ്പോൾ മുംബൈയിലെ അമ്മാവന്റെ അടുത്തേക്ക് മുങ്ങി. അവിടെ വച്ചാണ് വയനാ ചന്ദ്രനുമായി അടുപ്പത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

സിനിമകളിൽ കാണുന്ന പോലെയുള്ള പ്രവീൺ റാണയുടെ ജീവിതം കണ്ടാണ് അമ്മാവൻ മകളെ കൈപിടിച്ച കൊടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. രാജകീയ വേഷത്തിൽ റോൾസ് റോയിസ് കാറിലാണ് ഇയാൾ എത്തിയത്. അന്ന് 50,000 രൂപയ്ക്ക് കാർ വാടകയ്ക്കെടുക്കുകയായിരുന്നു. വിവാഹത്തിന് വരുന്ന സേഫ് ആൻഡ് സ്ട്രോങ്ങിലെ മുഴുവൻ ജീവനക്കാരോട് ഫെയ്സ് ബുക്ക് ലൈവ് ചെയ്യണമെന്ന് ഇയാൾ നിർദ്ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും അന്ന് സോഷ്യൽ മീഡിയകളിൽ ഈ വിവാഹത്തിന്റെ വീഡിയോകൾ ഷെയർ ചെയ്തിരുന്നു. പിന്നീട് റിസപ്ഷൻ നടത്തിയത് തൃശൂരിൽ തന്നെയുള്ള റാണ റിസോർട്ടിലായിരുന്നു. പ്രവീൺ വാടകയ്ക്ക് എടുത്ത് നടത്തിയിരുന്ന റിസോർട്ടായിരുന്നു. ഇത് സ്വന്തമാണ് എന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. ഇതിന്റെ പേരിലും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു.

അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് അന്ന് വിവാഹ റിസപ്ഷൻ നടത്തിയത്. പിന്നീട് 2022 ഏപ്രിലിൽ ലുലു ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഗംഭീര വിവാഹ റിസപ്ഷൻ നടത്തി. സയനോരയുടെ ഗാനമേളയാണ് ഉണ്ടായിരുന്നത്. എറണാകുളം എംപി ഹൈബി ഈഡൻ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉണ്ട്.

വയനാ ചന്ദ്രനെ കസ്റ്റഡിയെലെടുത്ത് ചോദ്യം ചെയ്താൽ റാണ പണം എവിടേക്കൊക്കെ മാറ്റി എന്ന് അറിയാൻ കഴിയും. വയനയുടെ ബന്ധുക്കളുടെ പേരിലും മറ്റും സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. അതേ സമയം വയനാ ചന്ദ്രൻ ഒളിവിലാണെന്നും സൂചനയുണ്ട്.