കൊല്ലം: പിഞ്ചു കുഞ്ഞിനെ മടിയിലിരുത്തി സ്റ്റിയറിങ്ങിൽ കൈപിടിപ്പിച്ചു സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് തെറിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കരുനാഗപ്പള്ളി - പന്തളം റൂട്ടിലോടുന്ന ലീനാമോൾ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ മണപ്പള്ളി സ്വദേശി അൻസലിന്റെ ലൈസൻസാണ് കരുനാഗപ്പള്ളി ജോയിന്റ് ആർ.ടി.ഓ എം.അനിൽകുമാർ ആറുമാസത്തേക്ക് റദ്ദ് ചെയ്തത്.

കഴിഞ്ഞ ദിവസം ജോയിന്റ് ആർ.ടി.ഓയ്ക്ക് വാട്ട്സാപ്പ് വഴി ലഭിച്ച വീഡിയോയിലാണ് സ്വകാര്യ ബസ് ഡ്രൈവർ രണ്ടു വയസോളം പ്രായം തോന്നിക്കുന്ന കുട്ടിയെ മടിയിലിരുത്തി ബസ് ഓടിക്കുന്നതായി ശ്രദ്ധയിൽപെട്ടത്. ബസിന്റെ നമ്പർ അടക്കമാണ് സന്ദേശം ലഭിച്ചിരുന്നത്. ചക്കുവള്ളി പുതിയകാവ് റോഡിൽ തഴവാ കുറ്റിപ്പുറം ഭാഗത്തു വച്ചാണ് ഇയാൾ കുട്ടിയെ മടിയിലിരുത്തി ബസ് ഓടിക്കുന്നതെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ബസ് കസ്റ്റഡിയിലെടുക്കാൻ വെഹിക്കിൽ ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകി. എന്നാൽ ബസിലുണ്ടായിരുന്നത് മറ്റൊരു ഡ്രൈവറായിരുന്നതിനാൽ കസ്റ്റഡിയിലെടുത്തില്ല. തുടർന്ന് ബസ് ഉടമയെ ഫോണിൽ വിളിച്ച് ഡ്രൈവറെ ഹാജരാക്കാൻ നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ബസ് ഡ്രൈവർ അൻസിൽ കരുനാഗപ്പള്ളി ജോയിന്റ് ആർ.ടി.ഓയുടെ മുന്നിൽ ഹാജരാകുകയായിരുന്നു.

അൻസിലിന്റെ ലൈസൻസ് പരിശോധിച്ച ശേഷം വിശദീകരണം എഴുതിവാങ്ങി. സുഹൃത്തിന്റെ കുട്ടിയാണെന്നും കരച്ചിൽ മാറ്റാൻ മടിയിലിരുത്തിയിരുന്നതാണ് എന്നുമാണ് ഇയാൾ വിശദീകരണം നൽകിയത്. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു. മനഃപൂർവ്വം കുട്ടിയെ മടിയിലിരുത്തി വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായാരുന്നു എന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

അപകടകരമായ ഡ്രൈവിങ്ങാണ് ഡ്രൈവർ നടത്തിയതെന്ന് കരുനാഗപ്പള്ളി ജോയിന്റ് ആർ.ടി.ഓ എം.അനിൽകുമാർ മറുനാടനോട് പറഞ്ഞു. കുട്ടിയെ മടിയിലിരുത്തുക മാത്രമല്ല, സ്റ്റിയറിങ്ങിൽ കൈ പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ഡ്രൈവിങ് എന്ന് കണക്കാക്കിയാണ് ആറുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി.