- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിക്കും പ്രൈവറ്റ് സെക്രട്ടറി രാഗേഷിനോടുമുള്ള എതിർപ്പ് രഹസ്യം ചോർത്തലായി; നിർണ്ണായക വിവരങ്ങൾ ഗവർണ്ണർക്ക് ഇമെയിലായി കിട്ടിയെന്നും സംശയം; പാർട്ടി കോട്ടയായ കണ്ണൂർ സർവകലാശാലയിൽ നിന്നും അന്ത:പ്പുര രഹസ്യങ്ങൾ പോലും ചോരുന്നു: കപ്പലിലെ കള്ളനെ കണ്ടെത്താൻ പാർട്ടി അന്വേഷണം; പ്രിയാ വർഗ്ഗീസ് കേസിലെ തിരിച്ചടിയിൽ ഞെട്ടി നേതൃത്വം
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അന്തപ്പുര രഹസ്യങ്ങൾ ചോരുന്നതിനു പിന്നിൽ കണ്ണൂർ സി.പി. എമ്മിലെ വിഭാഗീയതയാണന്ന് സൂചന. ആരാണ് കണ്ണൂർ സർവകലാശാലയിലെ സുപ്രധാന ഫയലുകളും നിയമന നീക്കങ്ങളിലെ ഓർഡറുകളും അണിയറരഹസ്യങ്ങളും ചോർത്തിക്കൊടുക്കുന്നത് എന്നതിനെ കുറിച്ചു സി.പി. എം കണ്ണൂർ ജില്ലാകമ്മിറ്റി രഹസ്യ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പൂർണമായും സി.പി. എം നിയന്ത്രണത്തിലുള്ള കോട്ടയാണ് കണ്ണൂർസർവകലാശാല. പാർട്ടി ഗ്രാമത്തിലെ സഹകരണബാങ്കുകൾക്ക് സമാനമാണ് അതിന്റെ പ്രവർത്തന രീതി. എന്നാൽ ഇവിടെ നിന്നും ഓരോ പാർട്ടി രഹസ്യങ്ങളും ചോരുന്നതാണ് സി.പി. എമ്മിന് തലവേദനയാകുന്നത്. കണ്ണൂർ സർവകലാശാലയിലെ പാർട്ടി ലോക്കൽ സെക്രട്ടറിയുടെ റോളാണ് ഇവിടുത്തെ പ്രധാനിക്കുള്ളത്. പാർട്ടി ജില്ലാസെക്രട്ടറി എം.വി ജയരാജനറിയാതെയും അഴീക്കോടന്മന്ദിരത്തിൽ നിന്നും കൂടിക്കാഴ്ച നടത്താതെയോ ഒരു സ്വീപ്പർ താൽക്കാലിക നിയമനം പോലും കണ്ണൂർ സർവകലാശാലയിൽ നടക്കാറില്ല.
എന്നാൽ ഈ വിവരങ്ങളൊക്കെ അന്നേ ദിവസം ചോരുന്നതാണ് ഇപ്പോൾ സി.പി. എമ്മിന് തലവേദനയായിരിക്കുന്നത്. കണ്ണൂർ സർവകലാശാല മലയാളപഠനവിഭാഗം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിനുള്ള ചുരുക്കപട്ടികയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി. എം സംസ്ഥാനകമ്മിറ്റിയംഗവുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാവർഗീസിന്റെ പേര് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടതുമുതലുള്ള വിവരങ്ങൾ അതിവേഗം ചോർന്നു പ്രതിപക്ഷത്തിന്റെയും സംഘടനകളുടെയും കെ. എസ്.യുവിന്റെയും ഭാരാവാഹികളുടെ കൈയിലെത്തിയിരുന്നു.
പൂർണമായും സി.പി. എമ്മുമായി ബന്ധമുള്ളവരും അതീവവിശ്വസ്തരുമാണ് സർവകലാശാലയുടെ താക്കോൽ സ്ഥാനങ്ങളിലുള്ളവരെല്ലാം. ഇവിടെ നിന്നും വാർത്തകൾ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും വാർത്തകൾ ചോർത്തികിട്ടുക അത്ര എളുപ്പമല്ല. പക്ഷെ പ്രിയാവർഗീസിന്റെ നിയമനം, പഠനബോർഡുകൾ, വി സി നിയമനങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള ഫയലുകൾ, ഇന്റർവ്യൂ വിവരങ്ങൾ എന്നിവയെല്ലാം മാധ്യമങ്ങൾക്കും പ്രതിപക്ഷ സംഘടനകൾക്കും അപ്പപ്പോൾ തന്നെ ലഭിച്ചിരുന്നു. പ്രതിപക്ഷ ആരോപണങ്ങൾക്കു മുൻപിൽ പാർട്ടി പ്രതിരോധങ്ങൾ പാളുന്നത് പലപ്പോഴും വസ്തുതാപരമായ വിമർശനങ്ങൾക്കു മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോഴാണ്.
പാർട്ടി ബന്ധമുള്ളവർ തന്നെയാണ് അണിയറയ്ക്കുള്ളിൽ നിന്നും കളിക്കുന്നതെന്ന വിലയിരുത്തൽ സി.പി. എം ജില്ലാ നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതു ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല, ചില നിർണായ വിവരങ്ങൾ ഗവർണറുടെ ഓഫീസിലേക്കും ഇ മെയിലായി അയച്ചിട്ടുണ്ടെന്ന സംശയവും പാർട്ടിക്കുണ്ട്. ചരിത്രകോൺഗ്രസിനിടെ തന്നെ അപമാനിച്ചു ഇറക്കി വിട്ടതിനു ശേഷം സർവകലാശാല വിസിയോടും സിൻഡിക്കേറ്റിനോടും കട്ടക്കലിപ്പിലാണ് ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാൻ.
പ്രിയാവർഗീസിനോടുള്ള വൈരാഗ്യമല്ല മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനോടുമുള്ള എതിർപ്പാണ്രഹസ്യങ്ങൾ ചോർത്തലിനു പിന്നിലെന്നാണ് സൂചന. ഇങ്ങനെ പ്രതിപക്ഷത്തിനും സേവ് യൂനിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി, കെ.പി. എസ്. ടി. എ, കെ. എസ്.യു സംഘടനകൾക്കു ചോർത്തിക്കിട്ടുന്ന വിവരങ്ങൾ അവർ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. കഴിഞ്ഞ ഒരുവർഷമായി നിരന്തര സമരങ്ങളുടെയും ഉപരോധങ്ങളുടെയും കൂത്തരങ്ങായി കണ്ണൂർ സർവകലാശാല മാറിയിരിക്കുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്