തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ 'ആരോപണങ്ങള്‍'ക്ക് പിന്നില്‍ ആര്? കേരളാ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് ഈ കാര്യമാണ്. മുഖ്യമന്ത്രി പദ മോഹികള്‍ ഇതിന് പിന്നില്‍ കാര്യമായി കളിച്ചുവെന്നാണ് സൂചന. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിലെ ശക്തനായി വിഡി സതീശന്‍ മാറി. പിവി അന്‍വറിനെ അടുപ്പിക്കാതെ ജയിച്ച് നിലമ്പൂരിലെ വിജയം സതീശന്‍ തന്റേതാക്കി. ഇതോടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ചര്‍ച്ചയില്‍ സതീശന് മുന്‍തൂക്കം കിട്ടി. ഈ മുന്‍തൂക്കം തകര്‍ക്കാനായിരുന്നു മാങ്കൂട്ടം കഥകള്‍ പുറത്തു വന്നത്. ഇത് മനസ്സിലാക്കി സതീശനും ചുവടുമാറ്റികളിച്ചു. സതീശന്‍ ആരേക്കാള്‍ വലിയ മാങ്കൂട്ടത്തില്‍ വിരുദ്ധനായി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മാത്രമല്ല എംഎല്‍എ പദവിയും രാജിവയ്ക്കണമെന്ന് സതീശന്‍ പറഞ്ഞു. ഹൈക്കമാണ്ടില്‍ സമ്മര്‍ദ്ദം ചെലുത്തി. അങ്ങനെ തനിക്കെതിരെ വന്ന ആയുധം എടുത്ത് മാങ്കുട്ടത്തിലിനെ വെട്ടി വീഴ്ത്തിയെന്നാണ് കോണ്‍ഗ്രസിലെ ചര്‍ച്ച.

മാങ്കൂട്ടത്തില്‍ വിവാദം ആദ്യം അറിഞ്ഞത് പിവി അന്‍വറായിരുന്നു. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കാലത്ത് അത് ഒതുക്കി തീര്‍ത്തു. ഇത് മനസ്സിലാക്കി രമേശ് ചെന്നിത്തല കരുക്കള്‍ നീക്കിയെന്നാണ് പ്രചരണം. അങ്ങനെയാണ് മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നത്. മാങ്കൂട്ടത്തില്‍ പിന്നില്‍ വിഡി സതീശനായിരുന്നു.

ഷാഫി പറമ്പില്‍ ഗ്രൂപ്പുമായി വിഡിക്ക് അഭേദ്യമായ അടുപ്പമുണ്ടായിരുന്നു. മാങ്കൂട്ടത്തിലിനെ വെട്ടിയാല്‍ സതീശന് ഇടതു കൈ പോകുമെന്നും ദുര്‍ബ്ബലനാകുമെന്നും കരുതിയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഇതിനു പിന്നില്‍ ചെന്നിത്തലയാണെന്നാണ് പലരും പറയുന്നത്. മുമ്പ് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ സമാനമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ചെന്നിത്തല നടത്തിയെന്ന ആരോപണമുണ്ടായിരുന്നു. സോളാര്‍ കേസ് അടക്കം അത്തരത്തില്‍ ചില കോണുകളില്‍ നിന്നും ചര്‍ച്ചയായതും ചരിത്രം. തന്ത്രപരമായി രാഹുല്‍ മാങ്കുട്ടത്തിലിനേയും ഷാഫിയേയും ദുര്‍ബ്ബലമാക്കി സതീശന്റെ ഇമേജ് തകര്‍ക്കുകയായിരുന്നേ്രത ചെന്നിത്തലയുടെ ലക്ഷ്യം.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കെസി വേണുഗോപാലും ചെന്നിത്തലയും വിഡിയും ശശി തരൂരും കെ സുധാകരനുമായി മുഖ്യമന്ത്രി പദ സാധ്യതാ പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ തരൂരും സുധാകരനും പുറത്തായി. കെപിസിസി അധ്യക്ഷ സ്ഥാനം പോയ സുധാകരന്‍ നിശബ്ദനാണ്. നിലമ്പൂരില്‍ അന്‍വറിന് വേണ്ടി സുധാകരന്‍ വാദിച്ചതും വിനയായി. തരൂരാകട്ടെ ബിജെപി അനുകൂല നിലപാട് കാരണം കോണ്‍ഗ്രസില്‍ നിന്നും അകന്നു. പിന്നെ കെസിയും വിഡിയും ആര്‍സിയും മാത്രം. ഇതില്‍ വിഡിക്ക് മുകളില്‍ സാധ്യത ഉയര്‍ത്താനുള്ള ചെന്നിത്തലയുടെ നീക്കമായി പലും ഈ വിവാദങ്ങളെ കാണുന്നുണ്ട്. മുഖ്യമന്ത്രി പദമോഹമാണ് ഇതിന് പിന്നിലെന്ന് മനസ്സിലാക്കിയാണ് തന്റെ വിശ്വസ്തനായ രാഹുലിനെതിരെ ഉയര്‍ത്തിയ ആയുധം വിഡി തന്നെ പിടിച്ചെടുത്തത്. തനിക്ക് നേരെ വരാനിരുന്ന ആയുധം എടുത്ത് രാഹുലിനെ വെട്ടി വീഴ്ത്തുകയായിരുന്നു സതീശന്‍. ഏതായാലും സതീശന്റെ ഈ നിലപാട് വീണ്ടും ചര്‍ച്ചകളില്‍ എത്തുന്നു. സാഹചര്യം അനുസരിച്ച് പൊതു സമൂഹത്തിന് വേണ്ടി നിലപാട് എടുക്കുന്ന നേതാവായി സതീശന്‍ മാറുകയാണ്.

ഈ രാഷ്ട്രീയ നീക്കങ്ങളുടെ വിശദമായ വിഡിയോ സ്‌റ്റോറി ചുവടെ


യുവതികളുടെ വെളിപ്പെടുത്തലുകളില്‍ പ്രതിരോധം ദുര്‍ബലമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഞായറാഴ്ച എംഎല്‍എ പദം രാജിവെച്ചേക്കും എന്നും സൂചനയുണ്ട്. രാജി വൈകീട്ടോടെ തന്നെ ഉണ്ടാകുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, ഉമ തോമസ് എം.എല്‍.എ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ അടക്കം പാര്‍ട്ടി ഒറ്റക്കെട്ടായി രാഹുലിനെതിരേ നിലകൊണ്ടതോടെയാണ് രാജിക്ക് വഴിയൊരുങ്ങുന്നത്. പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായം രൂപപ്പെട്ടുകഴിഞ്ഞതായാണ് സൂചന. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തിക്കഴിഞ്ഞു. അതായത് രമേശിന്റെ ആയുധം എല്ലാവരും ആയുധമാക്കി.

രാഹുലിനെ എത്രയും പെട്ടെന്ന് രാജിവെപ്പിക്കണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ തുടങ്ങി പാര്‍ട്ടി വനിതാ പ്രമുഖരും ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തതോടെ കോണ്‍ഗ്രസിന് രാഹുലി രാജി വാങ്ങിക്കുകയെല്ലാതെ നിവൃത്തിയില്ലെന്നായി. പാര്‍ട്ടിക്കകത്ത് ഷാഫി പറമ്പില്‍ മാത്രമാണ് രാഹുലിന് രാഷ്ട്രീയ സംരക്ഷണവുമായി രംഗത്തുള്ളത്. പരാതിയില്ല എന്ന സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. രാഹുലിനെതിരേ ഇനിയും ആരോപണങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതയും അവ പാര്‍ട്ടിക്കുണ്ടാക്കുന്ന അവമതിയും മുന്നില്‍ക്കണ്ടാണ് രാജിക്കായി സമ്മര്‍ദമുയര്‍ത്തുന്നത്.

വെളിപ്പെടുത്തലുകളും ശബ്ദസന്ദേശങ്ങളും വലിയ കുരുക്കായതോടെ മൂന്നുദിവസമായി അടൂരിലെ നെല്ലിമൂടുള്ള വീട്ടില്‍ കഴിയുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞ ദിവസം തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ രാഹുല്‍ മാധ്യമങ്ങളെ ഒരുമണിക്ക് വീട്ടിലേക്ക് ക്ഷണിച്ച് കസേര നിരത്തി കാത്തിരുന്നെങ്കിലും, പാര്‍ട്ടി നേതൃത്വം ഇടപെട്ട് വിലക്കി. എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെയാണ് എംഎല്‍എ വാര്‍ത്താസമ്മേളനം വിളിച്ചത്. രാജിവെക്കുമെന്നുവരെ അഭ്യൂഹവുമുണ്ടായി. എന്നാല്‍ രാജിയെപ്പറ്റി ആലോചിക്കുന്നുപോലുമില്ലെന്ന് പിന്നീട് രാഹുല്‍ അറിയിച്ചു. രാഹുലിനെതിരേ വനിതാ കമ്മിഷന്‍ കേസെടുത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. നേരത്തേ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ രാഹുലിന് താങ്ങായി നില്‍ക്കാന്‍പോലും പറ്റാത്തവിധത്തില്‍ ആരോപണങ്ങള്‍ വര്‍ധിക്കുകയായിരുന്നു. പാലക്കാട് ഡിസിസിയും രാഹുലിനെ തള്ളി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഗോഡ്ഫാദറായ സതീശനും പൂര്‍ണ്ണമായും തള്ളി പറഞ്ഞത്.