പത്തനംതിട്ട: ചൈനയിൽ നിന്ന് അനധികൃതമായി പണം സ്വീകരിച്ചുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്ക് ജീവനക്കാരിയുടെ കൊടുമണിലെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തി. മൊബൈൽ ഫോണും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു. ന്യൂസ് ക്ലിക്കിൽ വീഡിയോഗ്രാഫറായ അനുഷയുടെ കൊടുമൺ ഐക്കാട്ടുള്ള അമ്മയുടെ വീട്ടിൽ ഇന്ന് വൈകിട്ടാണ് ഡൽഹി പൊലീസ് സംഘം പരിശോധനയ്ക്ക് വന്നത്.

ജില്ലാ പൊലീസ് മേധാവിയെയും കൊടുമൺ പൊലീസിനെയും അറിയിച്ച ശേഷമാണ് ഇൻസ്പെക്ടർ അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥർ വന്നത്. അനുഷ വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന്നയാളാണ്. ജനിച്ചതും വളർന്നതും ജോലി ചെയ്യുന്നതും അവിടെയാണ്. മാതാപിതാക്കളും വർഷങ്ങളായി അവിടെ ജോലിക്കാരായിരുന്നു. ഒരാഴ്ച മുമ്പാണ് അമ്മ വീട്ടിലെത്തിയത്.

റെയ്ഡിന്റെ വിശദാംശങ്ങൾ പങ്കു വയ്ക്കാൻ ഡൽഹി പൊലീസ് തയാറായിട്ടില്ല. വീട്ടിലെത്തി അനുഷയുടെ മൊഴി എടുത്ത ശേഷം ലാപ്ടോപ്പും മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്ത് മടങ്ങുകയായിരുന്നു.

അതേസമയം, വൻകിട ചൈനീസ് ടെലികോം കമ്പനികളായ ഷവോമിയും വിവോയും ആയിരക്കണക്കിന് ഷെൽ കമ്പനികൾ വഴി ഇന്ത്യയിലേക്ക് അനധികൃതമായി ഫണ്ട് എത്തിച്ചെന്ന് ഡൽഹി പൊലീസ് സ്‌പെഷൽ സെൽ. ചൈനീസ് അനുകൂല പ്രചാരണത്തിനു വിദേശസഹായം കൈപ്പറ്റിയെന്ന കേസിൽ അറസ്റ്റിലായ ന്യൂസ്‌ക്ലിക്ക് പോർട്ടൽ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥയ്ക്കും മറ്റുള്ളവർക്കുമെതിരായ എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനീസ് ടെലികോം കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങൾക്ക് പകരമായി അവർക്കെതിരെയുള്ള കേസുകളിൽ പ്രതിരോധം തീർക്കുന്നതിന് പ്രബിർ പുർകയസ്ഥ, നെവിൽ റോയ് സിംഘം, ഗീത ഹരിഹരൻ, ഗൗതം ഭാട്ടിയ എന്നിവർ ഇന്ത്യയിൽ ഒരു 'ലീഗൽ കമ്യൂണിറ്റി നെറ്റ്‌വർക്ക്' സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.

അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട വാർത്ത പോർട്ടലായ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകൻ പ്രബീർ പുരകായസ്ത കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതായും എഫ്ഐആറിൽ പറയുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുരകായസ്ത അട്ടിമറിക്കാൻ ശ്രമിച്ചതായാണ് എഫ്ഐആറിലുള്ളത്. നിയമവിരുദ്ധമായ ഫണ്ടുകൾ അഞ്ച് വർഷം സ്വീകരിച്ചതായും എഫ്ഐആറിൽ ഉന്നയിക്കുന്നുണ്ട്.

ന്യൂസ് ക്ലിക്കിന്റെ ഓഹരി ഉടമയായ ഗൗതം നവ്ലാഖയ്ക്ക് പാക്കിസ്ഥാൻ ചാര സംഘടനയുടെ ഏജന്റ് ഗുലാം നബി ഫായിയുമായി ബന്ധമുണ്ടെന്നും ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്ത ഉൾപ്പെടെയുള്ളവർക്കെതിരെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്കുലറിസം എന്ന സംഘടനയുമായി ചേർന്ന് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പ്രബീർ പുരകായസ്ത ശ്രമിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നത്. ജമ്മു കശ്മീരും അരുണാചൽ പ്രദേശും ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്താൻ ന്യൂസ് ക്ലിക് സ്ഥാപകനും കൂട്ടാളികളും ശ്രമിച്ചു. ഈ രണ്ട് പ്രദേശങ്ങളും തർക്കഭൂമി ആണെന്ന് ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും വരുത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായി. ഇത് ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയക്കുമെതിരായ പ്രവർത്തനമാണെന്നും സ്‌പെഷ്യൽ സെൽ ചൂണ്ടിക്കാട്ടുന്നു.

വിദേശത്ത് നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് കർഷക സമരത്തെ പിന്തുണച്ച് അവശ്യ സാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇതിനായി വിദേശ ശക്തികളുമായി സഖ്യത്തിൽ പ്രവർത്തിച്ചു. രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുകയും കോടികളുടെ നഷ്ടമുണ്ടാക്കുകയുമായിരുന്നു സഖ്യത്തിന്റെ ലക്ഷ്യം.സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു. രാജ്യതാത്പര്യത്തിന് വിരുദ്ധമായി ഇന്ത്യൻ വാക്സിൻ നിർമ്മാണ കമ്പനികൾക്കെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. രാജ്യവിരുദ്ധ ശക്തികളുമായി ചേർന്നാണ് ഈ പ്രവർത്തനമെന്നും എഫ്.ഐ.ആറിൽ വിശദീകരിക്കുന്നു.

ചൈനയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് സർക്കാരിന്റെ നയങ്ങൾക്കും വികസന പദ്ധതികൾക്കുമെതിരെ വാർത്തകൾ സൃഷ്ടിച്ചു. ചൈനീസ് സർക്കാരിന്റെ നയങ്ങളെയും പദ്ധതികളെയും പ്രതിരോധിക്കാനും ശ്രമിച്ചു. ചൈനീസ് ടെലികോം കമ്പനികൾക്കെതിരായ കേസുകളിൽ നിയമ സഹായം നൽകാൻ പ്രത്യേക സംഘം പ്രവർത്തിച്ചു. ഇവർക്ക് ടെലികോം കമ്പനികളുടെ സഹായം ലഭിച്ചുവെന്നും സ്‌പെഷ്യൽ സെൽ ചൂണ്ടിക്കാട്ടുന്നു.

2018 മുതൽ ന്യൂസ് ക്ലിക്കിന് കോടിക്കണക്കിന് രൂപ ലഭിക്കുന്നു. പണം നൽകിയ അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണ വിഭാഗത്തിലെ അംഗമാണെന്നും എഫ്.ഐ.ആറിൽ പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ കോടികണക്കിന് വിദേശ പണം ഇന്ത്യയിലേക്ക് എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബീർ പുരകായസ്ത നൽകിയ ഹർജി വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കും. അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പെടെയുള്ള കേസുമായി ബന്ധപ്പെട്ട് പ്രബീർ പുരകായസ്ത, സ്ഥാപനത്തിന്റെ എച്ച്ആർ മേധാവി അമിത് ചക്രവർത്തി എന്നിവരാണ് അറസ്റ്റിലായത്.

ചൈനയിൽനിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധനയ്ക്ക് ശേഷമാണ് ഇരുവരും അറസ്റ്റിലായത്. ചൈനയുമായി ബന്ധപ്പെട്ട സ്രോതസ്സുകളിൽനിന്ന് 38 ലക്ഷത്തോളം രൂപ ന്യസ്‌ക്ലിക്കിനും ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി വിലയിരുത്തുന്നത്.