കണ്ണൂർ: ബംഗ്ളൂരിൽ നിന്നും തോക്കുപിടിച്ചെടുത്ത കേസിൽ ടി.കെ ടി.പി വധക്കേസിലെ നാലാം പ്രതി ടി.കെ രജീഷിനെ കബൺപാർക്ക് പൊലിസ് കസ്റ്റഡിയിലെടുത്തതോടെ ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ വീണ്ടും കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് തലവേദനയാകുന്നു. ടി.കെ രജീഷിന്റെ നിർദ്ദേശപ്രകാരമാണ് കേരളത്തിലേക്ക് തോക്കുകടത്തുന്നതെന്നു തോക്കുകേസിൽ പിടിയിലായ നീരജ് ജോസഫ് മൊഴി നൽകിയിട്ടുണ്ട്. ഒരു പ്രമുഖ രാഷ്ട്രീയ ശത്രുവിനെ വധിക്കാനുള്ള ഗൂഢാലോചനയാണ് കണ്ണൂർ ജയിലിൽ നടന്നതെന്നും സൂചനയുണ്ട്. ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്നും സൂചനകളുണ്ട്. മാധ്യമ പ്രവർത്തകർ അടക്കം ഈ നേതാവിന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്.

എന്നാൽ നീരജിന്റെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയല്ല മൊബൈൽ ഫോൺ രേഖകൾ അടക്കമുള്ള തെളിവുകൾ വച്ചാണ് ബംഗ്ളൂര് പൊലിസിന്റെ നീക്കമെന്നു സൂചനയുണ്ട്. ജയിലിൽ വച്ചാണോ പരോളിലിറങ്ങിയപ്പോഴാണോ രജീഷ് ഫോൺ ഉപയോഗിച്ചതെന്നു ചോദ്യം ചെയ്യലിൽ വ്യക്തമാവുമെന്നാണ് സൂചന. എന്നാൽ ടി.പി വധക്കേസിലെ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിനകത്തു നിന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നത് രഹസ്യമല്ല. സ്വർണക്കടത്ത് പൊട്ടിക്കലിനടക്കമുള്ള നീക്കങ്ങൾ ജയിലിനകത്തിരുന്നു മൊബൈൽ ഫോൺ വഴിയാണ് ടി.പി കേസ് പ്രതികൾ നടത്തുന്നതെന്നു വ്യക്തമായിരുന്നു.

കഴിഞ്ഞ വർഷം ഓട്ടോറിക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൂന്ന് കിലോഗ്രാം കഞ്ചാവ് കടത്തിയ സംഭവം പുറത്തായതിനെ തുടർന്ന് തുടർച്ചയായ പരിശോധനകൾ നടന്നിരുന്നുവെങ്കിലും നാലുമാസമായി ഇത്തരം പരിശോധനകളൊന്നും നടന്നുവരുന്നില്ല. തടവുകാർ തമ്മിൽ സംഘർഷമുണ്ടാകുമ്പോൾ പരിശോധന നടക്കുന്നതല്ലാതെ തുടർച്ചയായ പരിശോധനകൾ നിലച്ചിരിക്കുകയാണ്. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരുടെ അപേക്ഷയെ തുടർന്ന് വിയ്യൂരിലേക്ക് മാറ്റിയ ടി.പി വധക്കേസിലെ പ്രതികൾ ഒറ്റയ്ക്കും കൂട്ടത്തോടെയും പലസമയത്തായി കണ്ണൂരിലേക്ക് തന്നെ ഭരണസ്വാധീനം കാരണം തിരിച്ചെത്തുകയായിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിലെ നാലാം ബളോക്കിലാണ് ടി.പി വധക്കേസിലെ എട്ടുപ്രതികളെ പാർപ്പിച്ചിരിക്കുന്നത്. ജയിൽ ഉദ്യോഗസ്ഥർക്ക് കാര്യമായ സ്വാധീനമോ അധികാരമോയില്ലാത്ത സ്വതന്ത്ര റിപ്പബ്ളിക്കാണ് നാലാം ബ്ളോക്ക്. പേരിന് മാത്രമാണ് ഇവിടെ പരിശോധനകൾ നടക്കുന്നത്. ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ടി.പി കേസിലെ പ്രതികൾ മാത്രമാണ്. മറ്റുതടവുകാരുണ്ടെങ്കിലും അവരെല്ലാം ടി.പി വധക്കേസിലെ പ്രതികളുടെ നിയന്ത്രണത്തിലാണ്. ഉദ്യോഗസ്ഥരെ അധികമൊന്നും ഇവിടേക്ക് കടത്തിവിടാറില്ല. ജയിലിലെ മറ്റിടങ്ങളിൽ മൊബൈൽ ഫോൺ, ലഹരിവസ്തുക്കൾ എന്നിവയ്ക്കായി പരിശോധന നടുക്കുമ്പോഴും നാലാംബ്ളോക്കിൽ ഇതൊന്നും ബാധകമാകാറില്ല.

ഇതിനിടെ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ രജീഷിന് തോക്കുകേസിലെ പ്രതികളുമായുള്ള ബന്ധത്തെ കുറിച്ചു കർണാടക പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ജൂൺ 21-വരെയാണ് ബംഗ്ളൂരു കോടതി രജീഷിനെ കർണാടക പൊലിസിന്റെ കസ്റ്റഡിയിൽ വിട്ടത്. ബംഗ്ളൂരിലെ കബൺ പാർക്ക് പൊലിസ് സ്റ്റേഷനിൽ രജീഷിനെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്‌ച്ച വൈകുന്നേരം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയാണ് കർണാടക പൊലിസ് രജീഷിനെകസ്റ്റഡിയിലെടുത്തത്. നാലുദിവസം മുൻപ് പൊലിസ് വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു മലയാളികളെ ബംഗ്ളൂര് പൊലിസ്പിടികൂടിയിരുന്നു.

മയക്കുമരുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ദേഹപരിശോധന നടത്തുന്നതിനിടെയാണ് അരയിലെ ബെൽറ്റിനുള്ളിൽ സൂക്ഷിച്ച തോക്കു താഴെ വീണത്. തുടർന്ന് പൊലിസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ടി.പി വധക്കേസിലെ പ്രതി ടി.കെ രജീഷിനു വേണ്ടിയാണ് കേരളത്തിലേക്കാണ് തോക്കുകൊണ്ടു പോകുന്നതെന്ന് ഇവർ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് കർണാടക പൊലിസ് കോടതി മുഖേനെ ഹരജി നൽകിയ രജീഷിനെ കണ്ണൂർ ജയിലിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയത്.

കണ്ണൂർ പൊലിസിനെ വിവരമറിയിക്കാതെയാണ് കബൺ പാർക്ക് പൊലിസ് അതീവരഹസ്യമായി രജീഷിനെ കൊണ്ടു പോയത്. രഹസ്യാന്വേഷണവിഭാഗത്തിനും വിവരമൊന്നും ലഭിച്ചിട്ടില്ല. ടി.പി വധക്കേസിലെ നാലാം പ്രതിയാണ് രജീഷ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിലെ നാലാം ബ്ളോക്കിലെ തടവുകാരനാണ്. പരോളിൽ ജയിലിന്പുറത്തായിരുന്ന സമയത്ത് പ്രതികളുമായി രജീഷ് ബന്ധപ്പെട്ടിരിക്കാമെന്നാണ് കർണാടക പൊലിസ് സംശയിക്കുന്നത്.

കോവിഡ് അവധി കൂടാതെ 160-ദിവസത്തെ പരോൾ ദിനങ്ങൾ ഇയാൾക്ക് ലഭിച്ചിട്ടുണ്ട്. തടവിലായിട്ടും ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ വിവിധ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നതായി നേരത്തെയും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്തുതന്നെയായാലും തോക്കുകൾ കണ്ണൂർ സെൻട്രൽ ജയിലിലേക്കോ അതു പുറത്തെ പാർട്ടി ഗ്രാമങ്ങളിലേക്കോ കടത്തിയിട്ടുണ്ടോയെന്ന വിവരമാണ് രജീഷിനെ ചോദ്യം ചെയ്യുന്നതിലൂടെ പുറത്തുവരിക. ചില പ്രമുഖരെ വകവരുത്താനുള്ള ഗൂഢാലോചന നടക്കുന്നുവെന്നും സൂചനകളുണ്ട്.